'രാജ്യം അതിന്റെ വിധിയോട് പൊരുതുന്നു'

പി.ടി കുഞ്ഞാലി No image

'ജനിച്ച നാടുവിട്ടകലെ ആസ്സാമില്‍ പണിക്കു പോയ്‌വരും പരിഷകള്‍ ഞങ്ങള്‍
കുതിച്ചു തീവണ്ടി കിതച്ചു പായുന്നു കുതുകാല്‍ ചിന്തകള്‍ കുതിക്കുന്നു മുമ്പേ'
മലയാളത്തിലെ പ്രിയകവി വൈലോപ്പിള്ളി എഴുതിയ 'ആസാം പണിക്കാര്‍' എന്ന വിശ്രുതമായ കവിതയിലെ വരികളാണിത്. കൊളോണിയല്‍ ഇന്ത്യയില്‍ ഉപജീവനത്തിനായി ദേശഭാഷകളുടെ അതിരടയാളങ്ങള്‍ മുറിച്ച് സാധാരണ മനുഷ്യര്‍ നടത്തിയ ക്ലേശസഞ്ചാരങ്ങളാണീ കവിത. ഇന്ന് ആസാമില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കുരുക്കില്‍നിന്ന് ആലോചിക്കുമ്പോള്‍ ഈ കവിത അറംപറ്റുന്നതായി നമുക്ക് തോന്നും. ഉപജീവനം തന്നെയായിരുന്നു അന്നത്തെ ദേശയാത്രകളുടെ നിഷ്‌കളങ്കമായ ഉന്നം. ഇങ്ങനെ കൂടിയും കലര്‍ന്നും സങ്കരപ്പെട്ടും വളര്‍ന്നതാണ് ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി മനുഷ്യര്‍.
എന്നിട്ട് കാലങ്ങളായി ഇവിടെ ജീവിച്ചുതീര്‍ക്കുന്ന മനുഷ്യരിലേക്കാണ് രാഷ്ട്രാതിര്‍ത്തികളും പൗരത്വവും പൊടുന്നനെ പ്രതിസന്ധികളാവുന്നത്. അന്നം തേടി സഞ്ചാരം പോയ മനുഷ്യരറിയുന്നില്ല അവരുടെ നിര്‍ദോഷികളായ വംശപരമ്പര രാഷ്ട്രീയ കുടിലതകളില്‍ തട്ടി ഉന്മൂലനത്തിനടിപ്പെടുമെന്ന്. ജര്‍മനിയിലും ഫലസ്ത്വീനിലും ബോസ്‌നിയയിലും മ്യാന്മറിലും നാം അറിഞ്ഞിട്ടുള്ള ഈ ഉന്മൂലനശാഠ്യം ഇന്ന് പൗരത്വ നിയമഭേദഗതിയായും ദേശീയ പൗരത്വരേഖയായും ഇന്ത്യയിലും സംഭവിക്കാന്‍ പോകുന്നു. അധികാരം പേറുന്ന ഫാഷിസ്റ്റ് ഭരണകൂടം അതാരംഭിച്ചുകഴിഞ്ഞു. ഭരണാധികാരം ജനതയെ ഭയപ്പെടുത്തുക ആയുധം കൊണ്ടു മാത്രമല്ല ഉത്തരവുകള്‍ കൊണ്ടുകൂടിയായിരിക്കും. ഇന്ത്യ കടന്നുപോകുന്ന നാനാതരം രാഷ്ട്രീയ സന്ദിഗ്ധതകളെപ്പറ്റി വളരെ മൗലികമായി മലയാളത്തില്‍ ആലോചിക്കുന്ന പുസ്തകമാണ് പ്രതാപന്‍ തായാട്ട് എഡിറ്റ് ചെയ്ത രാജ്യം അതിന്റെ വിധിയോട് പൊരുതുന്നു എന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചത് ഹൈദറാബാദിലെ കേന്ദ്ര സര്‍വകലാശാലയിലെ അനന്തു എഴുതിയ 'പ്രതിപക്ഷമായി വിദ്യാര്‍ഥികള്‍' എന്ന പ്രബന്ധമാണ്. രാജ്യത്തെ ജനാധിപത്യത്തില്‍ നിന്നും ഭരണഘടനാ വിരുദ്ധമായ വംശീയതയിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ദേശീയ പൗരത്വ പട്ടിക പൂര്‍ത്തിയാകുന്നതോടെ തന്റെ പൗരത്വത്തിന് പ്രമാണമായി ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ സ്വരാജ്യത്തില്‍നിന്ന് പുറത്താവും. അതില്‍ മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി മറ്റുള്ളവര്‍ക്ക് പൗരത്വം പുനഃസ്ഥാപിക്കാന്‍ പൗരത്വ ഭേദഗതി നിയമം മാത്രം മതിയാകും. ഈ കുടിലതക്കെതിരെ  അപ്രതീക്ഷിതവും അപ്രതിരോധ്യവുമായ ചെറുത്തുനില്‍പ്പ് നടത്തുന്ന സര്‍വകലാശാലാ വിദ്യാര്‍ഥികളാണ് ഇന്നത്തെ ഇന്ത്യന്‍ പ്രതിപക്ഷമെന്നാണ് അനന്തു നിരീക്ഷിക്കുന്നത്.
മറ്റൊരു ശ്രദ്ധേയ നിരീക്ഷണം സാംസ്‌കാരിക പ്രഭാഷകനായ സുനില്‍ പി. ഇളയിടത്തിന്റേതാണ്. ഏറ്റവും ലളിതമായി കണ്ടാല്‍ ഇന്ത്യ പൊടുന്നനെ തന്നെ ഒരു ഹിന്ദുരാജ്യമാകാന്‍ പോകുന്നു എന്നതാണ്. അതോടെ ഈ ദേശത്തില്‍ അഭിമാനിയായ പൗരനായി ജീവിക്കാന്‍ തലമുറകളായി രാജ്യത്ത് കഴിയുന്ന മുസ്‌ലിം ജനസാമാന്യത്തിന് സാധിക്കാതെ വരും. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയവും മൂല്യവും സത്യത്തില്‍ ഇതല്ല. ജാതിയും മതവും ലിംഗഭേദങ്ങളും പരിഗണിക്കാതെ സര്‍വ മനുഷ്യര്‍ക്കും ഒരുപോലെ ലഭ്യമാകേണ്ട നീതിയും സമത്വവുമാണ് നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ രാഷ്ട്രനായകന്മാര്‍ ഭരണഘടനയുടെ ആധാരമായി അന്ന് ഉയര്‍ത്തി നിര്‍ത്തിയത്. അതാണ് പുതിയ തരാതരം കണക്കെടുപ്പിലൂടെയും നിയമ നിര്‍മാണത്തിലൂടെയും ഇന്ന് ഭരണകൂടം അട്ടിമറിക്കുന്നത്. ഏത് മനുഷ്യനും ലഭിക്കേണ്ട മാന്യതയെ ഉയര്‍ത്തി നിര്‍ത്തിയ ഭരണഘടനയെ പക്ഷേ സംഘികള്‍ ആദ്യംതൊട്ടേ എതിര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രാചീനമായ മൂല്യബോധങ്ങളെ ഒട്ടുമേ പരിഗണിക്കാത്ത, വൈദേശികമായ ഒരു ഭരണഘടനയാണ് ഇപ്പോള്‍ ഭരണഘടനാ നിര്‍മാണസഭ അംഗീകരിച്ചതെന്ന് അവര്‍ ആക്ഷേപിച്ചിട്ടുണ്ട്. 
അവര്‍ മുന്നോട്ടുവെക്കുന്ന ഭാരതീയ മൂല്യബോധം എന്നത് വര്‍ണധര്‍മങ്ങളും ജാതിസങ്കല്‍പ്പങ്ങളും തിമിര്‍ത്താടുന്ന മനുസ്മൃതി തന്നെയാണ്. അത്തരം വ്യവസ്ഥയെ റദ്ദാക്കുന്നതായിരുന്നു അന്ന് സമര്‍പ്പിക്കപ്പെട്ട ഭരണഘടനയുടെ നക്കല്‍. അത്യന്തം മാനവികവും സംസ്‌കൃതവുമായിരുന്ന ആ ഭരണഘടനയെ അതേ ഭരണഘടന ഉപയോഗിച്ചുകൊണ്ട് ഹിന്ദുത്വം തകര്‍ക്കുന്നത് ഭീതിയോടെ നാം കണ്ടുനില്‍ക്കുന്നു. ഇന്ന് ഇന്ത്യന്‍ ഭരണഘടന ഒരു സാങ്കേതിക രേഖയാണ്. ഇന്നലെവരെ മുന്നോട്ടുവെച്ചിരുന്ന ആശയങ്ങള്‍ അത്രയും കൊള്ളയടിക്കപ്പെട്ട വെറും അക്ഷരരേഖ. അതോടെ ഇവര്‍ക്ക് എളുപ്പത്തില്‍ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാന്‍ സാധിച്ചുകഴിഞ്ഞു. നാം ഇന്ത്യക്കാര്‍ എന്നു പറയുന്നതിനേക്കാള്‍ ഇന്ന് മുഴങ്ങിനില്‍ക്കുന്നത് നാം ഹിന്ദുക്കള്‍ എന്ന പ്രഖ്യാപനമാണ്. ഇതോടെ ഇന്ത്യയുടെ സ്വാഭാവിക അവകാശികള്‍ ഹിന്ദുക്കള്‍ ആണെന്നും മുസ്‌ലിംകള്‍ രാഷ്ട്രത്തിന്റെ സ്വാഭാവിക അവകാശികള്‍ എന്നതില്‍ നിന്നും നിര്‍ദയം പുറത്താണെന്നും വന്നുകഴിഞ്ഞു. വേണമെങ്കില്‍ സവര്‍ക്കര്‍ പ്രഖ്യാപിച്ചപോലെ മുസ്‌ലിംകള്‍ക്ക് ഭാരതത്തിന്റെ ദേശീയ സംസ്‌കാരത്തിനു കീഴില്‍ പൗരാവകാശങ്ങള്‍ ഏതുമില്ലാതെ  ജീവിക്കാം എന്നിടത്തേക്ക് സംഗതികള്‍ മാറിക്കഴിഞ്ഞു. ഇതിനുവേണ്ടി തന്നെയാണ് പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും തുടങ്ങി സര്‍വ കരിനിയമങ്ങളും പ്രമാണങ്ങളും.
അങ്ങനെ വളരെ പൊടുന്നനെ ഇന്ത്യയിലെ മഹല്‍ പാരമ്പര്യമുള്ള ഒരു വന്‍സമൂഹം അപരാനുഭവത്തിലേക്കുള്ള ഏറ്റവും ക്രുദ്ധമായ തള്ളിമാറ്റല്‍ അഭിമുഖീകരിക്കുകയാണ്. അപമാനിക്കപ്പെട്ട ഒരു സമൂഹം പ്രതിഷേധിക്കുമ്പോള്‍ അവരെ വസ്ത്രം നോക്കി പരിഹസിക്കുന്ന ഒരു ഭരണാധിപന്‍ രാഷ്ട്രത്തിന് അപമാനം തന്നെയാകുന്നു. അവരുടെ ഉടുപടകള്‍ കണ്ടില്ലേ, അതാണ് കുറ്റവാളികള്‍. അല്ലെങ്കില്‍ ഈ ഉടുപടകളാണ് അവരെ കുറ്റവാളികളാക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്നാണ്. ഇതു പറയുന്നവര്‍ക്കറിയാം. കുറ്റം കേവല വസ്ത്രമല്ലെന്നും ആ വസ്ത്രത്തെ നിര്‍ണയിക്കുന്ന ആശയധാരയാണെന്നും. ഇത് നിര്‍ദോഷമായ ഒരു ഗ്രാമ്യപ്രയോഗമല്ല.
ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന ഒരു രാജ്യത്താണ് കഴിക്കുന്ന ആഹാരം അപരവല്‍ക്കരണത്തിന്റെ അടയാളമാകുന്നത്.  ഇത്രയും അസഹിഷ്ണുത പേറുന്നവര്‍ക്ക് പേരും പ്രശ്‌നമാകും. എത്ര വേഗത്തിലാണീ നാടും മനുഷ്യരും പാരസ്പര്യത്തിന്റെ നനുപ്പുകള്‍ കുടഞ്ഞ് പുറത്താക്കലിന്റെ ശകുനി മന്ത്രങ്ങള്‍ ചുരത്തിത്തുടങ്ങുന്നത്! ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ മുസ്‌ലിംകളല്ല, മറിച്ച് അവര്‍ക്കു വേണ്ടി മറ്റുള്ളവരാണ് ഏറ്റെടുക്കേണ്ടതെന്നാണ് സുനില്‍ നിരീക്ഷിക്കുന്നത്. 
മുസ്‌ലിംലീഗ് നേതാവും പാര്‍ലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീറിന്റെ നിരീക്ഷണം ഏറെ വികാരസാന്ദ്രത മുറ്റിയതാണ്. വളരെ കൃത്യമായി രാജ്യത്ത് വിഭജനരേഖ പണിയുന്നതാണ് എന്‍.ആര്‍.സിയും സി.എ.എയുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യ ആസകലം നടപ്പാക്കുമെന്ന് അമിത്ഷാ പറയുന്ന എന്‍.ആര്‍.സി ആസാമില്‍ നടപ്പാക്കിയപ്പോഴുള്ള ഭീകരതയാണ് നാം അവിടെ കണ്ടത്. അത് ഇന്ത്യയില്‍ മൊത്തം നടപ്പാക്കിയാല്‍ എങ്ങനെയുണ്ടാവും എന്ന് അദ്ദേഹം  ചോദിക്കുന്നു.
ഇതില്‍ വളരെ ശ്രദ്ധേയമായ മറ്റൊരു പ്രബന്ധം ധന്യ ഇന്ദുവിന്റേതാണ്. നാമൊരു തോറ്റ ജനതയല്ല, ഭരണകൂടം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണെന്നാണ് അവര്‍ എഴുതുന്നത്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ പറഞ്ഞതൊന്നും നടപ്പാക്കാതെ ഇത്തരം  ക്ഷുദ്രനിയമങ്ങള്‍ ധാര്‍ഷ്ട്യത്തോടെ ചുട്ടെടുക്കുന്ന  കുതറുന്ന ദുഷ്ടതയെ അവര്‍ നിശിതമായി വിചാരണ ചെയ്യുന്നുണ്ട്.  സര്‍ക്കാരിന്റെ  ദുര്‍നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന ബഹുജനങ്ങളെ ദേശസ്‌നേഹമെന്ന ആള്‍ക്കൂട്ട ആരവങ്ങളില്‍ മുക്കി നിശ്ശബ്ദമാക്കുന്നതിനെ അവര്‍ തുറന്നു കാട്ടുന്നുണ്ട്.
ഒരാള്‍ ഇന്ത്യന്‍ പൗരനാകണമെങ്കില്‍ തലമുറകളായി ഇവിടെ ജീവിച്ചു കഴിഞ്ഞാല്‍ പോരാ. ഒരാള്‍ ഇവിടെ ഉണ്ട് എന്നതിന് അയാള്‍ ഉണ്ടായാല്‍ പോരാ. പകരം വേണ്ടത് രേഖകളാണ്. രേഖകള്‍ നിര്‍ണയിക്കുന്നതും തീര്‍പ്പാക്കുന്നതും തെറ്റായ മുന്‍വിധികള്‍ മാത്രം പുലര്‍ത്തുന്ന ഭരണകൂടവും. ഈ രേഖകള്‍ എളുപ്പത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ആധാറും പാസ്‌പോര്‍ട്ടും പാന്‍കാര്‍ഡും റേഷന്‍ കാര്‍ഡ്‌പോലും പൗരത്വ സ്ഥാപനത്തിനുള്ള രേഖകളല്ലെന്ന് മുംബൈ കോടതി ഉത്തരവിറക്കിയത് ഈയിടെ മാത്രമാണ്. ഏകാധിപത്യത്തെ നിര്‍ണയിക്കുന്നത് ആയുധങ്ങള്‍ മാത്രമല്ല, ഉത്തരവുകള്‍ കൂടിയാണ്. സ്വാഭാവികമായും രേഖകളില്ലാത്തവര്‍ പൗരത്വത്തില്‍നിന്നും പുറത്ത്. പുറത്തുള്ളതില്‍ മുസ്‌ലിംകള്‍ അല്ലാത്ത എല്ലാവര്‍ക്കും ഉദാരമായ പൗരത്വം. ശിഷ്ടമാകുന്നത് നോട്ടമിടപ്പെട്ട മുസ്‌ലിം സമുദായവും. അവര്‍ക്ക് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ എന്ന അരക്കില്ലവും. ഇപ്പോള്‍തന്നെ ഒരുതരം ഭീതിയുടെ കമ്പളം മുസ്‌ലിം സമൂഹത്തെ ആവരണം ചെയ്തുതുടങ്ങി. പൂര്‍വകാല ജനനരേഖകള്‍ തേടി സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കെത്തുന്ന അപേക്ഷകരുടെ എണ്ണപ്പെരുപ്പവും പ്രാഥമിക പള്ളിക്കൂടങ്ങളില്‍നിന്നും തിരിച്ചു വീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉമ്മമാരോട് പങ്കുവെക്കുന്ന വിഹ്വലതകളും ഈ ഭീതിയുടെ ഭാഗം തന്നെയാണ്.  
കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണങ്ങള്‍  ലേഖനങ്ങളായി പുസ്തകത്തിലുണ്ട്. കൂടാതെ അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, ടി.ടി. കൃഷ്ണകുമാര്‍, ഫസല്‍ ഗഫൂര്‍ എന്നിവരും പുതുകാല ഇന്ത്യയെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നു. 'പൊരുതുന്ന വിദ്യാര്‍ഥി സമൂഹത്തിന്' എന്ന പേരില്‍  റഫീഖ് അഹ്മദിന്റെ  മനോഹരമായൊരു കവിതയും പുസ്തകത്തിലുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top