മുഹമ്മദ് അസദ് വീട്ടില്‍ വിരുന്ന് വന്നപ്പോള്‍

സയ്യിദ ഹുമൈറാ മൗദൂദി

(പിതാവിന്റെ തണലില്‍ - 3)

ഞങ്ങളുടെ അമ്മാ ജാന്‍ (മഹ്മൂദ ബീഗം മര്‍ഹൂമ) ഏതാണ്ട് പന്ത്രണ്ട് വയസ്സായപ്പോള്‍ ഒരു സ്വപ്‌നം കണ്ടു. കാലുകൊണ്ട് മണ്ണ് കുഴച്ചു ഒരു മണ്‍കളിവീട് കെട്ടിപ്പൊക്കുന്നു. മണ്ണില്‍നിന്ന് കാല് വലിച്ചെടുത്ത് ആ കളിവീടു തൊട്ടപ്പോള്‍ തിളങ്ങുന്ന ഒരു രത്‌നം കൈയില്‍ വന്നു. കണ്ണഞ്ചിക്കുന്ന ഒരു രത്‌നം. അപ്പോഴേക്ക് നാനാഭാഗത്തുനിന്നും ആളുകള്‍ ഓടി വന്ന് പറയാന്‍ തുടങ്ങി; ഇതൊരു അമൂല്യ രത്‌നമാണ്. എവിടന്ന് കിട്ടി നിനക്കിത്? ഒരാള്‍ ഓര്‍മപ്പെടുത്തി: 'ഇത് ആരും തട്ടിയെടുക്കാതെ, കളയാതെ സൂക്ഷിക്കണേ.'
നേരം പുലര്‍ന്നപ്പോള്‍ അമ്മാ ജാന്‍ ഈ കിനാവിന്റെ കാര്യം സ്വന്തം ഉമ്മാന്റെ ഉപ്പ സയ്യിദ് നസീറുദ്ദീന്‍ ശംസിയോടു പറഞ്ഞു. അദ്ദേഹം ഇത് ആരോടും പറയരുതെന്ന് ഉപദേശിച്ചു. അതിന്റെ വ്യാഖ്യാനം തേടി ദല്‍ഹിയിലെ ഒരു നല്ല മതപണ്ഡിതനെ സമീപിച്ചു. ദിഗന്തങ്ങളില്‍ മുഴുക്കെ പ്രശസ്തനായ വലിയൊരു മതപണ്ഡിതനുമായി ഈ പെണ്‍കുട്ടിയുടെ കല്യാണം നടക്കുമെന്നായിരുന്നു അദ്ദേഹം സ്വപ്‌ന വ്യാഖ്യാനം നടത്തിയത്.
ഉമ്മൂമയുടെ ഉപ്പ ദല്‍ഹിയിലെ ഉന്നതസ്ഥാനീയരില്‍ എണ്ണപ്പെടുന്ന ഒരു സമ്പന്നനായിരുന്നു. ആ പരിഗണനയില്‍ എന്റെ ഉമ്മാക്ക് ദല്‍ഹിയിലെ ഉന്നതകുലജാതരായ കുടുംബങ്ങളില്‍നിന്ന് പല വിവാഹാലോചനകളും വന്നുകൊണ്ടിരുന്നു. അതൊന്നും ഉമ്മുപ്പാന്റെ കണ്ണില്‍ പിടിച്ചില്ല. എന്നാല്‍ ഉപ്പൂമ്മ അബ്ബാ ജാന്റെ വിവാഹാലോചനയുമായി വന്നപ്പോള്‍ ഉമ്മയുടെ വല്യുപ്പാക്ക് മനം തേടിയത് മടിയില്‍ വീണതായി തോന്നി.
അബ്ബാ ജാന്റെ ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം നിരന്തര യാത്രയും സ്ഥലമാറ്റവുമായി അസ്ഥിരമായാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അദ്ദേഹം എല്ലാം തുറന്നു പറയുന്ന മനഃസ്ഥിതിക്കാരനായിരുന്നു. അതിനാല്‍, അദ്ദേഹം യാതൊരു വളച്ചുകെട്ടുമില്ലാതെ വിവാഹത്തിന്റെ മുമ്പ് തന്നെ ഉമ്മാന്റെ വല്യുപ്പാനോടു മുന്നറിയിപ്പെന്നോണം കാര്യം തുറന്നു പറഞ്ഞു: 'എനിക്ക് ഒരു വിധത്തിലും രാജിയാവാന്‍ കഴിയാത്ത ഒരു ലക്ഷ്യമുണ്ട്. ഇനി അല്ലാഹു തൗഫീഖ് ചെയ്യുകയാണെങ്കില്‍ നല്ലൊരു വീടു കൂടി ഞാന്‍ ഇവിടെ നിര്‍മിച്ചേക്കാം. കാരണം എന്ത് സംഭവിച്ചാലും ദാരുണാവസ്ഥയില്‍ തന്നെ കഴിഞ്ഞുകൂടണമെന്ന ആശയക്കാരനൊന്നുമല്ല ഞാന്‍. ഇനി അല്ലാഹു എനിക്ക് സാമ്പത്തിക സുസ്ഥിതി വിധിച്ചിട്ടില്ലെങ്കില്‍ തന്നെയും ഈ ദൗത്യം ഞാന്‍ ഉപേക്ഷിക്കുന്നതുമല്ല.' ഇപ്പറഞ്ഞതിന് മറുപടി ഞങ്ങളുടെ ഉമ്മയുടെ പിതാമഹന്‍ ലിഖിത രൂപത്തിലാണ് നല്‍കിയത്. അബ്ബാ ജാനെ യാത്രയയക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഉമ്മയെയും ഉമ്മയുടെ ഉപ്പയെയും ഉമ്മയെയുമൊക്കെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മാ ജാന്‍ പറഞ്ഞതനുസരിച്ച് ആ കത്തില്‍ എഴുതിയിട്ടുള്ളത് ഇതായിരുന്നു: 'ഞങ്ങളുടെ മകള്‍ നിങ്ങളുടെ കൂടെത്തന്നെ താമസിക്കും; മണിമാളികയിലായാലും ചെറ്റക്കുടിലിലായാലും ശരി.' വല്യുപ്പയുടെ ഈ വാചകം ജീവിതത്തിലുടനീളം തന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയും തന്റെ നിശ്ചയദാര്‍ഢ്യത്തിന് കരുത്ത് പകരുകയും ചെയ്യുകയുണ്ടായി എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.
1935 മാര്‍ച്ച് 15-ന് അമ്മാ ജാനും അബ്ബാ ജാനും തമ്മിലുള്ള വിവാഹം ദല്‍ഹിയില്‍ വെച്ചു നടന്നു. രണ്ടായിരം രൂപയായിരുന്നു മഹ്ര്‍. 'നല്‍കാനുള്ള മഹ്‌റാണിത്. അതിനാല്‍ നിശ്ചിത മഹ്‌റിലധികം നല്‍കുന്ന അവസ്ഥ ഇതിനുണ്ടാവുകയില്ല.' അബ്ബാ ജാന്‍ അപ്പോള്‍ തന്നെ കാര്യം വ്യക്തമാക്കി. വിവാഹസമ്മാനമായി ഒരു സാരിയും ഒരു മോതിരവും കൂടി നല്‍കപ്പെട്ടു. അരലക്ഷം വെള്ളിനാണയങ്ങള്‍ മഹ്‌റായി എഴുതുകയും ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന സമ്പ്രദായം ദല്‍ഹിയിലെ കുലീന കുടുംബങ്ങളില്‍ നടപ്പിലുണ്ടായിരുന്ന കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം.

ദാറുല്‍ ഇസ്‌ലാം

സആബ് വ ഗില്‍ ഖുദാ ഖുശ് പേകറെ സാഖ്ത് 
ജാഹനെ ഇസ് ഇറം സേബാ തെരെ 
സാഖ്ത് ദിലേ സാഖീ ബആന്‍ ആരാശ് കെ. ദാരിദ് 
സിഖാകെ മന്‍ ജഹാനെ ദീഗറെ സാഖ്ത്
(ദൈവം വെള്ളത്തില്‍നിന്നും മണ്ണില്‍നിന്നും ഒരു സുന്ദരരൂപം (മനുഷ്യന്‍) സൃഷ്ടിച്ചു. സ്വര്‍ഗത്തേക്കാള്‍ സുന്ദരമായൊരിടവും സൃഷ്ടിച്ചു. എന്നാല്‍ തന്റെ വശമുള്ള അഗ്നിയാല്‍ അവന്‍ എന്റെ മണ്ണില്‍ മറ്റൊരു ലോകവും സൃഷ്ടിച്ചു).
ജമൂന്‍ പര്‍വതനിരകളുടെ അറ്റത്ത് പഠാന്‍കോട് എന്ന നഗരം സ്ഥിതിചെയ്യുന്നു. പഠാന്‍കോടിന്റെ പ്രാന്തത്തില്‍ 'സര്‍നാ' എന്നൊരു ഗ്രാമമുണ്ട്. അതിനടുത്താണ് ചൗധരി നിയാസ് അലി ഖാന്റെ (ചരമം 1976 ഫെബ്രുവരി 24, ജൗഹറാബാദ്) വിശാലമായ ഭൂസ്ഥലമുള്ളത്. അല്ലാമാ ഇഖ്ബാലിന്റെ നിര്‍ദേശ പ്രകാരം ഇവിടെയാണ് അദ്ദേഹം ഒരു ട്രസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്. അബ്ബാജാന്‍ ഈ ട്രസ്റ്റിന് 'ദാറുല്‍ ഇസ്‌ലാം' എന്ന പേര് നിര്‍ദേശിച്ചു.
ഈ 'ദാറുല്‍ ഇസ്‌ലാമി' ലാണ് എന്റെ ബോധം കണ്ണ് തുറന്നത്. എന്റെ ബാല്യത്തിലെ ഏതാനും വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത് ഇവിടെയായിരുന്നു. സസ്യശ്യാമളമായ ഒരു മനോഹര ദേശം. ഞങ്ങളുടെ വീട്ടില്‍നിന്ന് അല്‍പമകലെയാണ് മാധവ്പൂര്‍ അണക്കെട്ട്. മുന്നില്‍ പര്‍വതപംക്തികളില്‍ പതിക്കുന്ന മഞ്ഞ് ദൃശ്യം. സൂര്യന്‍ ഉദിച്ചുയരുന്നതിനനുസരിച്ച് മഞ്ഞുകണങ്ങളുടെ നിറം മാറുന്നതു കാണാം. സൂര്യോദയം പൂര്‍ണത പ്രാപിക്കുന്നതോടെ വെള്ള പാല്‍നിറം ക്രമേണ ഓറഞ്ച് വര്‍ണമായിത്തീരുന്നു. സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാലും കടും ചുവപ്പുനിറത്തിന്റെ മായാജാലം നിലനില്‍ക്കും. ചുരുക്കത്തില്‍, ദിവ്യപ്രഭാവത്തിന്റെ വര്‍ണ വിസ്മയ വിലാസങ്ങള്‍ പൂര്‍ണമായും അവിടെ ദൃശ്യമായിരുന്നു. പട്ടണങ്ങളിലെ ഒരു സൗകര്യവും അവിടെ ഉണ്ടായിരുന്നില്ല. വൈദ്യുതി വിളക്കുകളോ ജലവിതരണത്തിന്റെ ടാപ്പുകളോ അവിടെ സങ്കല്‍പിക്കാനേ കഴിയുമായിരുന്നില്ല. വീടും അത്യന്തം അനാര്‍ഭാട ലളിതമായിരുന്നു. അതോടൊപ്പം തന്നെ അബ്ബാ ജാന്‍ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് സൗകര്യങ്ങള്‍ ഒരുക്കി ഞങ്ങളുടെ ഉമ്മയെ തൃപ്തിപ്പെടുത്തി. ദല്‍ഹിയിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു ഞങ്ങളുടെ ഉമ്മ. എങ്കിലും ക്ഷമയോടും മനക്കരുത്തോടും കൂടി അബ്ബാ ജാനോടൊപ്പം സന്തോഷപൂര്‍വം അവര്‍ കഴിഞ്ഞുകൂടി. യാത്രക്ക് വേണ്ടി അബ്ബാ ജാന്‍ ഒരു കുതിരവണ്ടി വാങ്ങിയിരുന്നു. തുഖ്‌തെ ബേഗ് എന്ന ഒരു തുര്‍ക്കിസ്താന്‍കാരനായിരുന്നു വണ്ടിക്കാരന്‍. ദല്‍ഹിയില്‍നിന്ന് മിടുക്കനായ ഒരു ബട്ട്‌ളറെയും കൊണ്ടുവരികയുണ്ടായി. ഒരു ആയ കുട്ടികളെ പരിപാലിക്കാന്‍ അമ്മാ ജാനെ സഹായിച്ചു. അങ്ങേയറ്റം കൂറും ഗുണകാംക്ഷയുമുള്ളവരായിരുന്നു ഈ മൂന്ന് ജോലിക്കാരും. മഖ്ബൂല്‍ എന്നായിരുന്നു ബട്ടഌറുടെ പേര്. അമ്മാജാന്‍ എന്നും രാവിലെ എന്തൊക്കെയാണ് അന്ന് പാചകം ചെയ്യേണ്ടതെന്ന് ആയക്ക് നിര്‍ദേശം നല്‍കും. ബട്ടഌറെ വിളിച്ച് ആയ അതൊക്കെ അയാള്‍ക്ക് പറഞ്ഞുകൊടുത്ത് കലവറ സാധനങ്ങള്‍ എടുത്തു കൊടുക്കും. ഉച്ചക്കും രാത്രിയും ബട്ടഌ പാകം ചെയ്ത വിഭവങ്ങള്‍ ഭക്ഷണ ഹാളിനോട് ചേര്‍ന്ന മുറിയില്‍ കൊണ്ടു വെക്കും. ആയ വന്ന് അവയെടുത്ത് അമ്മാ ജാനെ ഏല്‍പിക്കും. വീട്ടിന് പുറത്തായിരുന്നു അടുക്കള. അതിനാല്‍ പാചകക്കാരന്‍ മഖ്ബൂലിന് ഒരിക്കലും വീട്ടിനകത്ത് കടക്കേണ്ടി വന്നിരുന്നില്ല. തുഖ്‌തെ ബേഗും ഒരിക്കലും വീട്ടിനകത്ത് പ്രവേശിച്ചിരുന്നില്ല. അതിനാല്‍ അന്യ പുരുഷന്മാര്‍ വീട്ടിനകത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് അസദിന്റെ സന്ദര്‍ശനം

'റോഡ് റ്റു മെക്ക' എഴുതിയ ഗ്രന്ഥകര്‍ത്താവ് മുഹമ്മദ് അസദ് (ചരമം 1992 ഫെബ്രുവരി) ഭാര്യ മുനീറയോടും ചെറിയ കുട്ടിയായ തലാലിനോടുമൊപ്പം ഒരിക്കല്‍ ദാറുല്‍ ഇസ്‌ലാമില്‍ വന്നു. ചില്ല് ഗ്ലാസുകള്‍ വൃത്തിയായി സൂക്ഷിക്കാനായി വലക്കണ്ണികളുള്ള കൈലേസില്‍ പൊതിഞ്ഞു വെക്കുന്ന പതിവുള്ള കാലമായിരുന്നു അത്. ഉറുമാലുകള്‍ തെന്നിവീഴാതെ സന്തുലിതമായി നില്‍ക്കാന്‍ അവയില്‍ വലിയ കൃത്രിമ മുത്തുകള്‍ പതിപ്പിച്ചിട്ടുണ്ടാകും. ഗ്ലാസിനകത്ത് ഈച്ചകള്‍ വീഴാതിരിക്കാനുള്ള ശ്രദ്ധയുടെ ഭാഗമായിരുന്നു അത്. അതിഥികള്‍ക്കായി മഖ്ബൂല്‍ വളരെ രുചികരമായ വിഭവങ്ങള്‍ പാകം ചെയ്തു. അമ്മാ ജാന്‍ ചന്തത്തില്‍ അതൊക്കെ വിരുന്നു മേശയില്‍ വിളമ്പിവെച്ചു. വിരുന്നില്‍ അങ്ങേയറ്റം സന്തുഷ്ടരായ അസദ് ദമ്പതിമാര്‍ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു.

നെഹ്‌റുവിന്റെ സെക്രട്ടറി

ഈ ദിനങ്ങളില്‍ തന്നെയാണ് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് നേതാവായ ജവഹര്‍ലാല്‍ നെഹ്‌റു (ചരമം 1964 മെയ്)വിന്റെ പ്രൈവറ്റ് സെക്രട്ടറി രോഗബാധിതനായി വിശ്രമത്തിന് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. സര്‍നക്ക് സമീപമായിരുന്നു അദ്ദേഹത്തിന്റെ ഗ്രാമം. അയല്‍ക്കാരുടെ സംസാരത്തില്‍നിന്ന് അബ്ബാ ജാനെ കുറിച്ച് കേട്ട അദ്ദേഹം ഏതാനും ഹിന്ദു സുഹൃത്തുക്കളോടൊപ്പം ദാറുല്‍ ഇസ്‌ലാമില്‍ വന്നു. അബ്ബാ ജാനുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പല ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ചിലതൊക്കെ പ്രകോപനപരമായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും അബ്ബാ ജാന്‍ ശാന്തമായി മറുപടി നല്‍കി. അത് അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിക്കുകയുണ്ടായി. മുസ്‌ലിംകളില്‍ ഇത്രയും അറിവും വിവേകവുമുള്ളവര്‍ ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല എന്ന് ആ ബ്രാഹ്മണ കോണ്‍ഗ്രസ് നേതാവ് തന്റെ സുഹൃത്തുക്കളോടു പറഞ്ഞതായി പിന്നീടറിയാന്‍ കഴിഞ്ഞു.*

മൗലാനമാര്‍ക്ക് വിരുന്ന് നല്‍കിയതിന്റെ വിന

ഈ സംഭവം നടന്ന് കുറച്ചു കാലത്തിനു ശേഷം ദാറുല്‍ ഇസ്‌ലാമില്‍ ചേര്‍ന്ന ഒരു യോഗത്തിന് മൗലാനാ മന്‍സൂര്‍ നുഅ്മാനി (ചരമം 1997), മൗലാനാ ജഅ്ഫര്‍ ഷാഹ് ഫല്‍വാറവി (ച. 1982 ഏപ്രില്‍ 1) എന്നിവരോടൊപ്പം ഏതാനും മതപണ്ഡിതന്മാര്‍ വന്നു. ദാറുല്‍ ഇസ്‌ലാമില്‍ അവര്‍ ഒന്നര ആഴ്ചയോളം താമസിക്കുകയുണ്ടായി. അബ്ബാ ജാന്‍ അവരെ വീട്ടില്‍ ഭക്ഷണത്തിന് ക്ഷണിച്ചു. നമ്മള്‍ സാധാരണ ഭക്ഷണം കഴിക്കാറുള്ള ചെമ്പ് പ്ലേറ്റുകളില്‍ തന്നെ അതിഥികള്‍ക്കും വിളമ്പിയാല്‍ മതിയെന്ന് കരുതലെന്നോണം അമ്മാ ജാന്ന് അബ്ബാ ജാന്‍ നിര്‍ദേശം നല്‍കി. വിവാഹനാളിലെ ഡിന്നര്‍ സെറ്റൊന്നും പുറത്തെടുക്കരുതെന്നും മുത്ത് പതിച്ച ഉറുമാല്‍ കൊണ്ട് ചില്ല് ഗ്ലാസുകള്‍ പൊതിഞ്ഞിടരുതെന്നും അമ്മാ ജാനെ പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്തു. ഇത്രയും വലിയ പണ്ഡിതന്മാര്‍ എന്റെ വീട്ടില്‍ വിരുന്നു വരിക, എന്നിട്ട് വിശിഷ്ടമായ പാത്രങ്ങള്‍ പുറത്തെടുത്ത് അവരെ ആദരിക്കാതെ വെറും ചെമ്പ് പാത്രത്തില്‍ അവര്‍ക്ക് ഭക്ഷണം വിളമ്പുക - ഇതെങ്ങനെ ശരിയാകും? അമ്മാ ജാന്റെ മനസ്സു പോയത് ആ വഴിക്കാണ്.
അത്ര മുന്തിയ ഭോജ്യങ്ങളൊന്നും പാചകം ചെയ്യേണ്ട എന്നും അബ്ബാ ജാന്‍ നിര്‍ദേശിച്ചിരുന്നു. സാധാരണ നമ്മള്‍ കഴിക്കാറുള്ള പരിപ്പ് കറി മതിയാകുമെന്നും പറഞ്ഞു. മതനേതാക്കളെ നമ്മള്‍ ബഹുമാനത്തോടെ സ്വീകരിക്കാത്ത പക്ഷം പൊതുജനങ്ങളില്‍നിന്ന് അതെങ്ങനെ പ്രതീക്ഷിക്കാനാകും എന്നാണ് അമ്മാ ജാന്‍ ചിന്തിച്ചത്.
ചുരുക്കത്തില്‍, മഖ്ബൂല്‍ നല്ല ഒന്നാംതരം വിഭവങ്ങള്‍ തന്നെ പാകം ചെയ്തു. അമ്മാ ജാന്‍ ചന്തമേറിയ മുന്തിയ പ്ലേറ്റുകളില്‍ അതൊക്കെ വിളമ്പി നിരത്തുകയും ചെയ്തു. അതിഥികള്‍ വന്ന് ഭക്ഷണം കഴിച്ചു പോയി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില കിംവദന്തികള്‍ കേള്‍ക്കാന്‍ തുടങ്ങി. ആ പണ്ഡിതന്മാര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് രാജിവെച്ചു എന്നതായിരുന്നു അതിന്റെ പര്യവസാനം. ബഹുമാന്യ പണ്ഡിതന്മാര്‍ കണ്ടവരോടൊക്കെ പറഞ്ഞുവത്രെ: 'മൗലാനാ മൗദൂദി മതത്തിന്റെ വേഷം കെട്ടിയ ഒരു ഭൗതികനാണ്. പുരുഷ പാചകക്കാരനാണ് മൗലാനയുടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത്. കുട്ടികളെ വളര്‍ത്തുന്നത് ആയയാണ്. ഈ ബീവി പിന്നെ ഏത് രോഗത്തിനുള്ള മരുന്നാണാവോ? ചിലപ്പോള്‍ അവര്‍ സാരിയും ചിലപ്പോള്‍ പാജാമയുമാണ് ധരിക്കാറെന്ന് കേള്‍ക്കുന്നു. മൗലാനയുടെ വെറ്റില ചെല്ലവും അടക്കാ ചെപ്പുമൊക്കെ വെള്ളിയില്‍ നിര്‍മിച്ചതുമാണ്. മൗലാനയുടെ കുട്ടികളെ ആയ വണ്ടിയിലിരുത്തി സവാരിക്ക് കൊണ്ടുപോകാറ് പതിവാണ്. ഇതൊക്കെ ദീനിന്റെ പേരിലുള്ള തട്ടിപ്പല്ലെങ്കില്‍ മറ്റെന്താണ്?'
മുറുക്കാന്‍ ചെല്ലവും അടക്കാ ചെപ്പും സത്യത്തില്‍ ടിന്നിന്റേതും ചെമ്പിന്റേതുമായിരുന്നു. ഉപ്പൂമ (അബ്ബാ ജാന്റെ ഉമ്മ റുഖിയ്യ ബീഗം 1873-1957) ഇതൊക്കെ കേട്ടപ്പോള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞു: 'അല്ലാഹുവും ആകാരം നോക്കിയിട്ടാണ് ഓരോരുത്തര്‍ക്കും ഉടുപ്പു നല്‍കുന്നത്.'
ഈ സംഭവത്തിനു ശേഷം അമ്മാ ജാന്‍ ഒരിക്കലും അബ്ബാ ജാന്റെ നിര്‍ദേശത്തിന് വിപരീതമായി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചിട്ടില്ല. ആ ചെയ്തിയില്‍ എപ്പോഴും അവര്‍ക്ക് പശ്ചാത്താപമായിരുന്നു. ഭര്‍ത്താവ് പറഞ്ഞ പ്രകാരം സാധാരണ ആഹാരം പാകം ചെയ്യുകയും ചെമ്പ് പാത്രത്തില്‍ വിളമ്പുകയും ചെയ്തിരുന്നെങ്കില്‍ ജമാഅത്തില്‍ ഇത്രയും വലിയൊരു ആഘാതമുണ്ടാകുമായിരുന്നില്ലല്ലോ എന്ന് അവര്‍ പരിതപിക്കുമായിരുന്നു. ഒരുപക്ഷേ, ഈ സംഭവം കാരണമാകാം, ഞങ്ങളുടെ മാതാപിതാക്കള്‍ തമ്മില്‍ ഒരിക്കല്‍ പോലും പരുഷവാക്കുകള്‍ കൈമാറുന്നത് ഞങ്ങള്‍ക്ക് കാണേണ്ടിവരാതിരുന്നത്. അമ്മാ ജാനും ഉപ്പൂമയും അബ്ബാ ജാനോട് കഠിനമായ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരു സംഭവം മാത്രമായിരുന്നു ഇതിനപവാദം. 

(തുടരും)

വിവ: വി.എ.കെ
* അക്കാലത്ത് നെഹ്‌റുവിന്റെ പി.എ ആയി അറിയപ്പെടുന്നത് എം.ഒ മത്തായി ആണ്. ഇങ്ങനെയൊരു ബ്രാഹ്മണ്‍ പി.എ ഉള്ളതായി അറിയില്ല. എഴുത്തുകാരിക്ക് ഓര്‍മപ്പിശക് സംഭവിച്ചതാകാം - വിവ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top