സമരമുഖത്തെ സ്ത്രീ മുന്നേറ്റം

ശബ്‌ന സിയാദ്  No image

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ ചില ഐക്കണുകളുണ്ട്. തലമറച്ച് തലച്ചോറ് മറയ്ക്കാത്ത ചില പെണ്‍കുട്ടികളാണത്. ജെ.എന്‍.യു സമരത്തിന് മുന്നില്‍നിന്ന് ആയുധമേന്തിയ, പോലീസിനു നേരെ ചൂണ്ടുവിരലുയര്‍ത്തിയ മുസ്‌ലിം പെണ്‍കുട്ടി. ബിരുദദാന ചടങ്ങില്‍ പ്രതിഷേധിച്ചതിലും അവളു്. ഇവരുടെ പ്രതിഷേധത്തിനൊപ്പമാണ് കേരളം ഈയൊരു ബഹുജന സമരങ്ങളെ ഏറ്റെടുക്കുന്നത്. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളില്‍നിന്നുയരുന്ന പ്രതിഷേധവും ആര്‍ജവവും ഇതിന്റെ പ്രചോദനം കൂടിയാണ്. ഫാഷിസത്തിനെതിരെയുള്ള വമ്പന്‍ പ്രതിഷേധവും പ്രതിരോധവുമായി പൗരത്വ വിഷയം ഉയര്‍ന്നപ്പോള്‍ അതോടൊപ്പം തന്നെയാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സാമൂഹികപരമായ മുന്നേറ്റമായി ഇത് വളരുന്നത്.  തെരുവുകളില്‍ സ്ത്രീകള്‍ ആസാദി മുദ്രാവാക്യങ്ങള്‍ താളത്തില്‍ വിളിക്കുന്നു, കൈയുയര്‍ത്തി ഡൗണ്‍ ഡൗണ്‍ സി.എ.എ എന്നു പറയുന്നു,  നിലവിലെ അപകടകരമായ വസ്തുതകള്‍ മനസ്സിലാക്കി താരതമ്യേന വിദ്യാഭ്യാസത്തില്‍ പിന്നോട്ടുള്ള മുസ്‌ലിം സ്ത്രീകളും അവരുടേതായ പ്രതിഷേധമൊരുക്കുന്നു, ഓരോ പ്രതിഷേധ സമരങ്ങളിലും രോഗികളായവര്‍ പോലും ആവേശത്തോടെ പങ്കെടുക്കുന്നു. ഇതെല്ലാം മുന്നോട്ടു വെക്കുന്നത് പുതിയൊരു സ്ത്രീമുന്നേറ്റത്തെ തന്നെയാണ്. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റം.
കുറച്ച് വര്‍ഷങ്ങളായി സാമൂഹിക പരിഷ്‌കരണം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയിലാണെന്നത് വസ്തുതയാണ്. മുസ്‌ലിംസ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള  പുരോഗമനപരമായ കാര്യങ്ങളിലേക്ക് അത് എത്തിച്ചേര്‍ന്നുവെന്നതില്‍ സംശയമില്ല. സ്ത്രീയെ ചുമതലാബോധമുള്ളവരും വിവേകികളുമാക്കിത്തീര്‍ക്കേണ്ട ബാധ്യത നിങ്ങള്‍ക്കാണെന്ന് പുരുഷന്മാരോട് 1938-ല്‍ തന്നെ ആദ്യ വനിതാ പത്രാധിപയായിരുന്ന  ഹലീമാ ബീവി പറഞ്ഞിരുന്നു. നിരവധി പുരോഗമന പ്രസ്ഥാനക്കാര്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി മുന്നോട്ടു വരികയും പള്ളികളിലും പളളിക്കൂടങ്ങളിലുമൊക്കെ സത്രീ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്‌തെങ്കിലും എന്തുകൊണ്ടോ സ്ത്രീ സ്വാതന്ത്ര്യത്തില്‍നിന്ന് മുസ്‌ലിം സ്ത്രീകള്‍ അകന്നു നില്‍ക്കുന്നതായിട്ടാണ് ഇതുവരെ കണ്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം മുസ്‌ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നത് ഇക്കാലത്തു തന്നെയാണ്. മുസ്‌ലിം സ്ത്രീയെന്നല്ല പൊതുവെ സ്ത്രീകള്‍ മുന്നേറ്റം കുറിച്ചിരിക്കുന്ന ഒരു സമരമാണ് പൗരത്വവുമായി ബന്ധപ്പെട്ടുളളത്. പോലീസിനു നേരെ വിരല്‍ചൂണ്ടിയ ജാമിഅയിലെ ആഇശ റെന്ന, അമിത് ഷാക്ക് ഗോബാക്ക് വിളിച്ച സൂര്യ, ഹര്‍മിയ. പ്ലക്കാര്‍ഡേന്തി ഒറ്റക്ക് പ്രതിഷേധിച്ച സാലി ജോര്‍ജ്, ഗോള്‍ഡ് മെഡല്‍ നിരസിച്ച റബീഹ റഹീം, ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച കാര്‍ത്തിക, പോലീസിന് ചുവന്ന റോസാപുഷ്പം നല്‍കിയ ചരിത്ര വിദ്യാര്‍ഥിനി..... ഇവരൊക്കെയാണ് ഈ സമരത്തിന്റെ നായികമാര്‍.
ചുരുക്കം ചില സ്ത്രീകള്‍ മാത്രമാണ് പൊതുവെ ചില പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും പൊതുപരിപാടികളുടെ ഭാഗമാവുകയും ചെയ്തുവന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗ പ്രാതിനിധ്യം മുതല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മതചിഹ്നങ്ങള്‍ ഒഴിവാക്കണമെന്നുവരെയുള്ള പ്രശ്‌നങ്ങളില്‍ മുസ്‌ലിം വനിതകളില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും വീട്ടിലുള്ള പുരുഷന്മാര്‍ പ്രതിഷേധിച്ചുകൊള്ളുമെന്നും ഉള്ള നിലപാട് സ്വീകരിച്ചവരായിരുന്നു കേരളത്തിലെ മുസ്‌ലിം സ്ത്രീകളില്‍ ഏറെയും.
സ്ത്രീകള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യത്തെ ഉയര്‍ത്തിക്കാട്ടി നിരവധി പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ഇവിടെ നടന്നു. നിര്‍ഭയ വിഷയത്തില്‍ നീതിക്കായി പടപൊരുതുന്ന സ്ത്രീകളെ നാടുമുഴുവന്‍ കണ്ടു. എന്നാല്‍ സ്ത്രീകള്‍ പുറത്തിറങ്ങാതിരുന്നാല്‍ പ്രശ്‌നം തീരുമെന്ന് ആശ്വസിച്ച ധാരാളം സ്ത്രീകളുണ്ടായിരുന്നു. ഇവരും ഈ അടുത്തകാലത്തുണ്ടായ ചില വിഷയങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. 
അവരവരുടെ വിശ്വാസം സംരക്ഷിക്കാന്‍ ആവേശപൂര്‍വം നീണ്ട പ്രതിഷേധങ്ങളില്‍ അവര്‍ പങ്കെടുത്തു.  ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സമരവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരവും ഇത്തരത്തിലുള്ളതായിരുന്നു. പ്രത്യേകമായ ഒരു ആവശ്യത്തിന്മേലുള്ള സമരങ്ങളും പ്രതിഷേധവും ആയിരുന്നു അവയെല്ലാം.
ആ പ്രതിഷേധങ്ങളും സ്ത്രീകളുടെ ആര്‍ജവവും ആ വിഷയത്തോടൊപ്പം തീരുന്നതാണ് കണ്ടതും. എന്നാലിപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്നടങ്കം ആവേശത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്ന കാഴ്ച ഒരു പ്രത്യേക ആവശ്യത്തിനെതിരെയുള്ള പ്രതിഷേധമെന്ന് ചെറുതാക്കിക്കാണാന്‍ കഴിയുന്നതല്ല. ഫാഷിസം വരുന്ന വഴികളെ കുറിച്ച് ബോധവതികളായിട്ടാണ് ഓരോ സ്ത്രീയൂം ഈ പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബീഗം ഹസ്രത്ത് മഹലിനെയും അസീസത് ബീഗത്തെയും സൈറാ ബീഗത്തെയും ഖുര്‍ശിദാ ബീഗത്തെയും കുറിച്ച് അവര്‍ പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. 
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായ ഒരു സ്ഥലം എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ്. റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി ഇതില്‍ പങ്കാളിയായപ്പോഴെല്ലാം ചില സ്ത്രീകളുടെ ആവേശം കണ്ട് കോരിത്തരിച്ച് നിന്നുപോയിട്ടുണ്ട്. വളരെ പ്രായം ചെന്ന ഒരു സ്ത്രീ രോഗിയാണെങ്കിലും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവരോട് ലേശം കൗതുകത്തില്‍ തന്നെയാണ് ഇങ്ങനെ മുസ്‌ലിം പെണ്ണുങ്ങള്‍ റോഡിലൂടെ ഒക്കെ ഇറങ്ങി നടന്ന് മുദ്രാവാക്യം മുഴക്കിയാല്‍ പള്ളിയിലെ ഉസ്താദന്മാരൊക്കെ എന്ത് പറയൂന്ന് ചോദിച്ചത്. 'ഉസ്താദും കെട്ടിയോളും വീട്ടിലിരിക്കട്ടെ, എനിക്കേ ഈ നാട്ടീതന്നെ കിടന്ന് മരിക്കണം' എന്നു പറഞ്ഞ് ആവേശം കൊണ്ട ആ ഉമ്മയുണ്ടല്ലോ അതാണിപ്പോഴത്തെ മുസ്‌ലിം സ്ത്രീ.

സ്ത്രീകള്‍ പരിധി വിടരുതെന്ന ഫത്‌വ

മുസ്‌ലിം സ്ത്രീകള്‍ക്ക് ഇന്നോളം കിട്ടാത്ത ഒരു പൊതു ഇടം കിട്ടുകയും അവര്‍ ആസാദി മുദ്രാവാക്യങ്ങള്‍ ഉശിരോടെ മുഴക്കി തെരുവുകളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ്.
പ്രതിഷേധത്തിനിറങ്ങുന്ന സ്ത്രീകള്‍ പരിധി വിടരുതെന്ന ഫത്‌വാ വന്നത്. മുസ്‌ലിം സമുദായത്തില്‍ കടന്നുകൂടിയ സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ വിപാടനം ചെയ്യാന്‍ ഒന്നും ചെയ്യാത്തവരാണ് ഇതിന് പിന്നിലുമെന്ന ആശ്വാസമാണ് ഇതിലുള്ളത്.  
ഉഹുദ് യുദ്ധത്തില്‍ പ്രവാചകനെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ കവചം തീര്‍ത്ത് ആയുധമെടുത്ത് പോരാടിയ ഉമ്മു അമ്മാറയെ (നുസൈബ ബിന്‍ത് കഅബ്(റ)) കുറിച്ച് പഠിച്ചാല്‍ മനസ്സിലാകും മുസ്‌ലിം സ്ത്രീക്ക് പരിധി നിശ്ചയിക്കേണ്ടതെങ്ങനെയെന്ന്. പാതിരാ മതപ്രഭാഷണങ്ങളില്‍ ഉമറി(റ)ന്റെ ഭരണകാലത്തെ കുറിച്ചും ധീരതയെ കുറിച്ചും പറഞ്ഞുപോകുന്ന കൂട്ടത്തില്‍ കേട്ടിട്ടുണ്ട് മഹ്ര്‍ വിഷയത്തില്‍ ഇടപെട്ട മഹതിയെ കുറിച്ച്. മഹ്ര്‍ സ്ത്രീയുടെ അവകാശമായിരിക്കെ പുരുഷന്മാരോട് മഹ്ര്‍ ചോദിക്കുന്നതില്‍ പരിധി നിശ്ചയിക്കാനുള്ള നീക്കത്തെ പൊതു വേദിയില്‍  ധീരനായ ഭരണാധികാരിയായ ഉമറിനോട് ചോദ്യം ചെയ്ത സ്വഹാബി വനിത ഉമ്മു സുലൈമിന്റെ ചരിത്രവും ഈണത്തില്‍ പറഞ്ഞു പോയവരും സ്ത്രീക്ക് പരിധി നിശ്ചയിക്കുന്ന കൂട്ടത്തിലുണ്ട്.
അതോടൊപ്പം തന്നെ ചേര്‍ക്കേണ്ടതാണ്  ഉമറി(റ)ന്റെ ഭരണകാലത്ത് മാര്‍ക്കറ്റിന്റെ മേല്‍നോട്ടംവഹിച്ച ശിഫാ ബിന്‍ത് അബ്ദുല്ല എന്ന വനിതയുടെ ചരിത്രവും.  ഹുദൈബിയ സന്ധി സമയത്ത് അവസരോചിത ഇടപെടല്‍ നടത്തിയ ഉമ്മു സലമ, യര്‍മൂഖ് യുദ്ധത്തില്‍ പിന്തിരിഞ്ഞോടിയവരെ യുദ്ധത്തിലേക്ക് തന്നെ നയിച്ച ഹിന്ദ് ബിന്‍ത് ഉത്വ്ബ, ഉമറി(റ)ന്റെ ഇസ്‌ലാമാശ്ലേഷത്തിനു കാരണക്കാരിയായി മാറിയ അദ്ദേഹത്തിന്റെ സഹോദരി ഫാത്വിമ ബിന്‍ത് ഖത്ത്വാബ്(റ), ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന ളിഹാര്‍ എന്ന സമ്പ്രദായത്തെക്കുറിച്ച് തര്‍ക്കിച്ച ഖൗല ബിന്‍ത് സഅ്‌ലബ(റ), ഇവരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയായാണ് സൂറത്തുല്‍ മുജാദിലയിലെ ആദ്യ വചനങ്ങള്‍ അവതരിക്കപ്പെട്ടത്. ഈ ചരിത്ര വനിതകള്‍ മാത്രം മതി മുസ്‌ലിം സ്ത്രീകളുടെ പരിധി നിശ്ചയിക്കാന്‍. റുഫൈദാ അല്‍ അസ്ലമി എന്ന സ്വഹാബി വനിതയുടെ പേരില്‍ ബഹ്റൈന്‍ യൂനിവേഴ്സിറ്റിയുടെ റോയല്‍ കോളേജ് ഓഫ് അയര്‍ലാന്‍ഡ് അവാര്‍ഡ് ഏറ്റവും നല്ല നഴ്സിന് ഇപ്പോഴും നല്‍കിപ്പോരുന്നു. ഈ ചരിത്രങ്ങളെയൊക്കെ സൗകര്യപൂര്‍വം മറന്നാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ചിലരൊക്കെ ഇറങ്ങിയത്.
ഒരു മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും മുസ്‌ലിം സ്ത്രീയെന്ന നിലയിലും നേരിട്ടനുഭവിച്ച ചില അനുഭവക്കുറിപ്പുകളും ഈ ഘട്ടത്തില്‍ പ്രാധാന്യമുള്ളതാണ്. ജേര്‍ണലിസം ക്ലാസ്സിലെത്തിയ അധ്യാപകന്‍ അത്ഭുതത്തോടെ 'ആര്‍ യു എ മുസ്‌ലിം' എന്ന് ചോദിച്ചതില്‍നിന്ന് തുടങ്ങുന്നു അത്. അതു പക്ഷേ അമുസ്‌ലിമായ അധ്യാപകന്റെ അക്കാലത്തെ സ്വാഭാവിക സംശയമായി  മാത്രമേ കണക്കാക്കിയുള്ളൂ. പിന്നീടങ്ങോട്ട് നേരം മയങ്ങി വീട്ടിലെത്തുന്നതിന്റെ പേരില്‍ നാട്ടുകാരുടെ ആകുലതകള്‍ക്കൊപ്പം സഞ്ചരിച്ച ഒരുപാട് വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. പക്ഷേ ലക്ഷ്യബോധം കൈവിടാതായപ്പോള്‍ അതൊന്നും എന്റെ വഴികള്‍ക്ക് തടസ്സമായില്ല. എന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന അവസ്ഥയില്‍ അറുപഴഞ്ചന്‍ കാഴ്ചപ്പാടില്‍നിന്നൊക്കെ മാറി ച്ചിന്തിക്കാനുള്ള വിവേകം പലരിലുമുണ്ടായിട്ടുണ്ട്. 
മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലുണ്ടായ അനുഭവങ്ങളും കുറവല്ല. ഒരു മതപണ്ഡിതന്‍ പങ്കെടുക്കുന്ന പരിപാടി എറണാകുളം ടൗണ്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ സ്ത്രീകള്‍ക്ക് ഹാളിനകത്ത് പ്രവേശനമില്ലെന്നും പുറത്ത് വരാന്തയിലിരിക്കണമെന്നും നിര്‍ദേശിച്ച് സംഘാടകര്‍ രംഗത്തെത്തിയതാണ് ഇതില്‍ ഏറെ വേദനിപ്പിച്ചത്. എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലുള്ള എന്റെ ഉറച്ച നിലപാടുകള്‍ക്ക് മുന്നില്‍ ആ തീരുമാനം സംഘാടകര്‍ മാറ്റുക തന്നെ ചെയ്തു. ഇതിന് സമാനമാണ് സംവരണത്തെ കുറിച്ച് ആധികാരികമായി ഒരു ലേഖനമെഴുതേണ്ടി വന്ന സംഭവം. ഒരു മുസ്‌ലിം സംഘടനയുടെ സുവനീറിലേക്കെഴുതിയ ലേഖനത്തില്‍ ശബ്‌ന സിയാദ് എന്ന എന്റെ പേരിനെ എസ്. സിയാദ് എന്നാക്കിയ സ്ത്രീവിരുദ്ധതയുടെ മനശ്ശാസ്ത്രം ഇപ്പോഴും എനിക്ക് ശരിക്ക് മനസിലായിട്ടില്ല. ഇതുപോലെ നിരവധി സംഭവങ്ങള്‍ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. നിശ്ശബ്ദത കൊണ്ട് നമ്മള്‍ നഷ്ടപ്പെട്ടവരാകരുതെന്നും സമരങ്ങള്‍കൊണ്ട് ചരിത്രമാകേണ്ടവരാണെന്നും ഓര്‍മിപ്പിക്കുന്ന പുതിയ പെണ്‍കുട്ടികളാണ് എല്ലാവരിലും പ്രതീക്ഷ നല്‍കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top