അതെന്റെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു

കാര്‍ത്തിക No image

മതേതരത്വം വളര്‍ത്തിയെടുത്ത ഇന്ത്യയില്‍നിന്നും ഭരണാധികാരികള്‍ വ്യതിചലിക്കുമ്പോള്‍ അതിനെ തിരുത്തുന്ന ആര്‍ജവമുള്ള വിദ്യാര്‍ഥി യുവത്വം. പൗരത്വ ഭേദഗതി നിയമം, ജെ.എന്‍.യു കാമ്പസ് വിഷയം എന്നിവയെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കുന്നു. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രപതിയില്‍നിന്നും അവാര്‍ഡ് സ്വീകരിക്കാതെ പ്രതിഷേധിച്ച 
പോിച്ചേരി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനി കാര്‍ത്തിക. തയാറാക്കിയത്:
ഫെബിന്‍ ഫാത്വിമ


ഞാന്‍ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലെ 2016-'18 കാലയളവിലെ എം.എസ്.സി ഇലക്‌ട്രോണിക് മീഡിയ വിദ്യാര്‍ഥിയായിരുന്നു. പഠനം കഴിഞ്ഞ് 4 സെമസ്റ്ററിലും നല്ല മാര്‍ക്കുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് ലഭിക്കുകയും ഗോള്‍ഡ് മെഡല്‍ അനൗണ്‍സ് ചെയ്യുകയും ചെയ്തത്. 23 ഡിസംബര്‍ 2019-ലാണ് ഗോള്‍ഡ് മെഡലും ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കുന്ന കോണ്‍വൊക്കേഷന്‍ ചടങ്ങ് നിശ്ചയിച്ചിരുന്നത്. രാഷ്ട്രപതിയാണ് അവാര്‍ഡ് നല്‍കുന്നത്. പക്ഷേ, അതിനിടയിലാണ് സി.എ.എ  (പൗരത്വ ഭേദഗതി നിയമം) വരുന്നത്. എന്റെ കോണ്‍വൊക്കേഷനില്‍ ഞാന്‍ ആദ്യം ഇങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. അതിനിടയില്‍ ഈ നിയമം വരികയും അതിനെതിരെ പ്രതികരിച്ച നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ ഒന്നടങ്കം ജാമിഅയിലെയും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെയും അടക്കം വിദ്യാര്‍ഥികളെ ആക്രമിക്കുകയും സ്വേഛാധിപത്യ സ്വഭാവത്തോടുകൂടി പെരുമാറുകയും ചെയ്യുമ്പോള്‍ ഒരു സെന്‍ട്രല്‍ യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി എന്ന നിലയിലും അടിസ്ഥാന ഇന്ത്യന്‍ പൗര എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിച്ചു.   പ്രസിഡന്റിന്റെ കൈയില്‍നിന്ന് മെഡല്‍ വാങ്ങുന്നില്ല എന്നത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ ലിംഗത്തിന്റെയോ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാരെയും തുല്യതയോടെ കാണുന്ന ഭരണഘടനയാണ് നമ്മുടേത്. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍ ആരായിരിക്കണം എന്ന് ഭരണകൂടം നിശ്ചയിക്കുന്നത്  ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.  ഇത്രയധികം ആളുകള്‍ തെരുവിലിറങ്ങിയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധിക്കുകയും വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുകയും നമ്മളെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രധാനമുള്ള രാഷ്ട്രപതിയുടെ കൈയില്‍നിന്നും മെഡല്‍ സ്വീകരിക്കുക എന്നത് നിരാകരിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ഭരണകൂടം അത് കണ്ടില്ലെന്നു നടിക്കുന്നത്?  എന്തുകൊണ്ടാണ് പുനരാലോചനക്ക് വിധേയമാകാത്തത്? എന്തുകൊണ്ടാണ് ഒരു ചര്‍ച്ചക്കുപോലും വിളിക്കാത്തത്? അതല്ലേ ജനാധിപത്യ മര്യാദ?  ഇത് കാണിക്കുന്നത് ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന സ്വേഛാധിപത്യപരമായ നയങ്ങള്‍ ജനങ്ങള്‍ അനുസരിക്കണം എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നയമാണ് എന്നതാണ്. ഒരു മാസത്തോളമായി ഈ സമരങ്ങള്‍ തുടങ്ങിയിട്ട്. ആരെയും സര്‍ക്കാര്‍ ചര്‍ച്ചക്കു പോലും വിളിച്ചിട്ടില്ല. 
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്തുകൊണ്ട് മുസ്‌ലിംകളെ മാറ്റിനിര്‍ത്തുന്നു? അവരും പീഡനം അനുഭവിക്കുന്നില്ലേ? അവരാരും മനുഷ്യരല്ലേ? എന്തുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്നു? വ്യക്തിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു പൗര എന്ന നിലയിലും നമ്മള്‍ ഇതുവരെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിക്കുന്ന തരത്തിലുള്ള വിവേചനമാണ് പൗരത്വ ബില്ലിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. അതിനെതിരെയുള്ള എന്റെ പ്രതിഷേധമാണ് മെഡല്‍ നിരാകരിക്കുന്നതിലൂടെ ചെയ്തത്. എന്നെ പോലെ തന്നെ കുറച്ചു കുട്ടികളും ഇതേ സമീപനം തന്നെ സ്വീകരിച്ചച്ചു. ഞാനടക്കം അഞ്ചു പേരാണ്  മെഡല്‍ വാങ്ങുന്നത് വേണ്ടാ എന്ന് ആദ്യമേ തീരുമാനിച്ചത്.  ഒരു കുട്ടി സ്റ്റേജില്‍ കയറിയതിനു ശേഷം വേണ്ടാ എന്ന് പറഞ്ഞു.
ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യരുത്. കേന്ദ്ര ഗവണ്‍മെന്റിന്റെ രാജ്യവിരുദ്ധമായ പല തെറ്റായ തീരുമാനങ്ങളെയും മറച്ചുവെക്കാന്‍ ഇത്തരമൊരു വര്‍ഗീയ ധ്രുവീകരണത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതും ഇതിനു പിന്നിലുണ്ട്. ഇന്ത്യ അതിഭീകരമായി നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യരുത് എന്നത് അവരുടെ അജണ്ടയുടെ ഭാഗമായിരിക്കണം. ബി.ജെ.പി ഗവണ്‍മെന്റിന് സഭയില്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ട് ഏതു തരത്തിലുള്ള ഭരണഘടനാ ലംഘനവും അടിച്ചേല്‍പിക്കാം എന്നാണ് ധാരണയെങ്കില്‍ അങ്ങനെയല്ല. ഇത് യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയ പ്രശ്നമേ അല്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയോടുള്ള കൂറ് എന്ന നിലയിലാണ് ഈ വിഷയത്തെ കാണേണ്ടത്. കേരളത്തില്‍നിന്നും കേന്ദ്ര ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നതോ അനുകൂലിക്കുന്നതോ ആയ ആരും ഇല്ല. എന്നിട്ടും ഇത്രയും കടുത്ത ഭാഷയില്‍ ഈ ബില്ലിനെ എതിര്‍ത്തുകൊണ്ട് ഒറ്റക്കെട്ടായി നമ്മുടെ സംസ്ഥാനം നില്‍ക്കുന്നത് ഇത് രാഷ്ട്രീയം എന്നതിനപ്പുറത്തേക്ക് ഭരണഘടനാ അവകാശ ലംഘനം എന്ന നിലക്കാണ്. രാജ്യം ഉണ്ടെങ്കിലേ രാഷ്ട്രീയം ഉണ്ടാവൂ. നൂറ് കോടി ജനങ്ങളില്‍ വലിയൊരു ജനവിഭാഗം ഇതിനെതിരെ നീങ്ങുമ്പോള്‍ ഭരണകൂടം മൃഗീയ ആക്രമണത്തിലൂടെയാണ് അതിനെ നേരിടാന്‍ ശ്രമിക്കുന്നത്. അവര്‍ക്കൊരു വര്‍ഗീയ ആക്രമണം ഉണ്ടാക്കണം. രാജ്യം നേരിടുന്ന വലിയ വലിയ പ്രശ്നങ്ങളെ മറച്ചുപിടിക്കാനാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നതും അക്രമം അഴിച്ചുവിടുന്നതും. ലോക സാമ്പത്തിക ഫോറങ്ങള്‍ ഇന്ത്യ കടന്നുപോകുന്ന സാമ്പത്തിക പ്രയാസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. ഇതൊന്നും നാം കാണാതെ പോകരുത്. 
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിലെ സമീപനം ഒരേ രീതിയില്‍ ആയിരിക്കണം. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിലല്ല നമ്മുടെ ഭരണഘടന ഇന്നേവരെ ഒരു കാര്യത്തെയും സമീപിച്ചിട്ടുള്ളത്.  അതുകൊണ്ടു തന്നെ ഇത്തരമൊരു ആചാരം ഇവിടെ അനുവദിക്കരുത്. അതിനെ ഞാനൊരിക്കലും അംഗീകരിക്കില്ല. ഞാന്‍ മാത്രമല്ല ഭരണഘടനയെക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഒരു കൊച്ചു കുട്ടിപോലും അതംഗീകരിക്കില്ല.
കേരളത്തിലടക്കം സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള സ്ത്രീപുരുഷന്മാര്‍ ഇതിനെതിരെ വിവിധ തരത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ മുന്നിട്ടിറങ്ങി വന്നതായിരിക്കില്ലെങ്കിലും സ്ത്രീകള്‍ക്ക് ഇതിനെ എതിര്‍ക്കാനും നേതൃത്വം നല്‍കാനും ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമല്ല, ഭരണകൂടത്തോട് വിരല്‍ചൂണ്ടി സംസാരിക്കുന്ന പെണ്‍കുട്ടികള്‍. ജെ.എന്‍.യുവിലെ ഐഷി ഘോഷ്, അവിടത്തെ അധ്യാപിക. ഇവരെയൊക്കെ ഭരണകൂടം നേരിടുന്ന രീതി നാം കാണുന്നുണ്ട്. 
പൗരത്വ ഭേദഗതിക്കെതിരെയുള്ള സ്ത്രീകളുടെ മുന്നേറ്റത്തെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്. സ്ത്രീകളും കൂടി മുന്നിട്ടിറങ്ങിയാലേ അതിന്റെ വ്യാപ്തി സമൂഹത്തില്‍ വ്യാപിക്കുകയുള്ളൂ. ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും അംഗീകരിക്കുന്ന നിയമമായിരിക്കണം വരേണ്ടത്. നമ്മുടെ കൂടെയുള്ളവര്‍ ഏതു മതത്തിലായാലും ജാതിയിലായാലും അവരെ സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top