നാട്ടുമണ്ണില്‍ നിന്നുയര്‍ന്നതാണീ  പെണ്‍ ശബ്ദം

സമീല്‍ ഇല്ലിക്കല്‍ No image

''അടുത്തിടെയുണ്ടായ യുദ്ധത്തില്‍ 100-ഓളം വരുന്ന ഗൂര്‍ഖാ സൈന്യത്തെ രണ്ടായിരത്തോളം വരുന്ന മാപ്പിളമാര്‍ ആക്രമിച്ചു. മികച്ച യുദ്ധോപകരണങ്ങളുടെ പിന്‍ബലത്തില്‍ കലാപകാരികളെ തുരത്താന്‍ ഗുര്‍ഖാ സൈന്യത്തിന് കഴിഞ്ഞു. നാലു ഗൂര്‍ഖാ സൈനികര്‍ മരിച്ചപ്പോള്‍ 250 മാപ്പിളമാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വടിയെടുത്ത് വയോധികനായ മാപ്പിളയാണ് അവരുടെ പോരാട്ടം നയിച്ചത്. ഒട്ടും ഭയമില്ലാതെ സ്ത്രീകളും അവരോടൊപ്പം രംഗത്തെത്തി. ലൂയിസ് മെഷീന്‍ ഗണ്ണില്‍നിന്ന് തുരുതുരാ വെടിയുതിര്‍ത്തിട്ടും തങ്ങളുടെ ബന്ധുക്കളുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ ചുണയോടെയാണ് ആ സ്ത്രീകള്‍ രംഗത്തിറങ്ങിയത്'' (ന്യൂയോര്‍ക്ക് ടൈംസ്, 1921 നവംബര്‍ 22).


ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യന്‍ പോരാട്ട ചരിതത്തിന് പുതിയ അധ്യായങ്ങള്‍ രചിച്ചുകൊണ്ട് ദല്‍ഹിയില്‍ തുടക്കം കുറിച്ച പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജമാകുന്ന പെണ്‍കരുത്തില്‍ വിസ്മയിക്കുകയാണ് രാജ്യവും ലോകവും. സവിശേഷമായി മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തില്‍ കത്തിപ്പടര്‍ന്ന സമരം രാജ്യമൊട്ടാകെ കലാലയങ്ങളെയും തെരുവുകളെയും ചൂടുപിടിപ്പിക്കുമ്പോള്‍ 'മഫ്തയിട്ടവരുടെ സമര'മാണ് ചര്‍ച്ചയെങ്ങും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറില്‍ കത്തിപ്പടര്‍ന്ന ഐതിഹാസിക സമരത്തിന് ഒരു നൂറ്റാണ്ടാകാറാകുമ്പോഴാണ് അതേ മലബാറില്‍നിന്നുള്ള രണ്ട് പെണ്‍കരുത്തിന്റെ കൂടി മുന്‍കൈയില്‍ രാജ്യതലസ്ഥാനത്ത് പൗരത്വസമരം ലോകശ്രദ്ധയിലേക്ക് വന്നതെന്ന് ചരിത്രത്തിന്റെ വിസ്മയകരമായ സന്ധിപ്പാണ്. 
മുസ്‌ലിം സ്ത്രീയുടെ രക്ഷാകര്‍തൃ സ്ഥാനത്തുണ്ടായിരുന്ന മതേതര പൊതുബോധത്തെ ഒറ്റയിരുപ്പില്‍ പൊളിച്ചടുക്കുകയായിരുന്നു ജാമിഅ സമരം. പൊതുബോധ നിര്‍മിതികളെ പൊളിച്ചുകളഞ്ഞുകൊണ്ടേയിരിക്കുന്ന ദല്‍ഹി ശാഹീന്‍ ബാഗ് സമരവും കേരളവും തമിഴ്‌നാടും കര്‍ണാടകയും ബിഹാറും യു.പിയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ സജീവ സാന്നിധ്യത്തില്‍ അരങ്ങേറുന്ന സമരങ്ങളുമെല്ലാം പുത്തന്‍ കാലത്തിന്റെ സവിശേഷതയെന്ന നിലയിലാണ് പൊതുസമൂഹവും മാധ്യമങ്ങളും ഇപ്പോഴും പരിഗണിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ രാജ്യവും സമൂഹവും അപകടത്തില്‍പ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം മുസ്‌ലിം സ്ത്രീകള്‍ സജീവമായി രംഗത്തിറങ്ങിയെന്നതിന് ചരിത്രം സാക്ഷിയാണ്. മുഖ്യധാരാ ചരിത്രാഖ്യാനങ്ങളും അതിന്റെ ചുവടുപിടിച്ച ചരിത്ര പാഠപുസ്തകങ്ങളുമെല്ലാം ഇത്തരം പോരാട്ടങ്ങളെ മറച്ചുപിടിച്ചതിനാലാണ് പൊതുസമൂഹത്തിന് ഇതൊരു പുതിയ പ്രവണത മാത്രമായി തോന്നുന്നത്. 
1921-ലെ മഹത്തായ ആംഗ്ലോ-മാപ്പിള യുദ്ധകാലത്ത് ഇത്തരത്തില്‍ മുസ്‌ലിം സ്ത്രീകളുടെ സമരവീര്യത്തിന് ബ്രിട്ടീഷ് സൈന്യം സാക്ഷിയായതിന്റെ ഒരൊറ്റ ഉദാഹരണം മാത്രമാണ് മുകളില്‍ സൂചിപ്പിച്ച ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത. ഒരുപക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അത്യപൂര്‍വമായ ഒരു സന്ദര്‍ഭം കൂടിയാണത്. നമ്മുടെ മുഖ്യധാരാ ചരിത്രം കാണാതെപോയ മുസ്‌ലിം പെണ്‍കരുത്തിന്റെ അനേകം സന്ദര്‍ഭങ്ങളിലൊന്ന്. വാര്‍ത്തയില്‍ സംഭവം നടന്ന സ്ഥലവും കൃത്യമായ തീയതിയും പറയുന്നില്ലെങ്കിലും അതില്‍നിന്നുള്ള സൂചനകള്‍ പ്രകാരം അത് 1921 ആഗസ്റ്റ് 26-ന് അരങ്ങേറിയ പൂക്കോട്ടൂര്‍ യുദ്ധമാണെന്ന് അനുമാനിക്കാം. രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുകയും 370-ഓളം പേര്‍ രക്തസാക്ഷികളാവുകയും (250 എന്നത് വാര്‍ത്തയിലുള്ള കണക്ക്) ബ്രിട്ടീഷ് പോലീസ് ഓഫീസറായിരുന്ന കത്ബര്‍ട്ട് ബക്സ്റ്റണ്‍ ലാങ്കസ്റ്ററടക്കം നാല് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ആധുനിക മലയാള ചരിത്രത്തിലെ ഏക യുദ്ധമാണിത്. 
പക്ഷേ, പൂക്കോട്ടുര്‍ യുദ്ധത്തെ കുറിച്ച് മുഖ്യ ചരിത്ര പഠനങ്ങളില്‍ പരാമര്‍ശങ്ങളുള്ളപ്പോഴും യുദ്ധത്തില്‍ മാപ്പിള സ്ത്രീകളുടെ ധീരോദാത്തമായ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശമില്ല എന്നത് മലബാര്‍ വിപ്ലവത്തെ കുറിച്ച മുഖ്യധാരാ നോട്ടത്തിന്റെ കൂടി പ്രശ്‌നമാണ്. കേരളത്തിനകത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ സൈനിക നീക്കം സംബന്ധിച്ച് ഭൂപടരേഖ പ്രസിദ്ധീകരിച്ച ഏക സംഭവം ഒരുപക്ഷേ പൂക്കോട്ടൂര്‍ യുദ്ധമായിരിക്കും. ബ്രിട്ടീഷുകാര്‍ ഇത്രയേറെ പ്രാമുഖ്യം നല്‍കിയിട്ടും ദേശീയവാദ ചരിത്ര രചനകള്‍ അവഗണിച്ചത് കാരണമാണ് മാപ്പിള യുദ്ധവീറിനൊപ്പം മാപ്പിള സ്ത്രീകളുടെ ധീരോജ്ജ്വലമായൊരു ഏടിനെ നാം കാണാതെ പോയത്. കോഴിക്കോട്ടു നിന്ന് മലപ്പുറത്തേക്ക് 22 സൈനിക ലോറികളിലും 25 മോട്ടോര്‍ സൈക്കിളുകളിലുമായി വന്ന ബ്രിട്ടീഷ് സൈനിക സംഘത്തെ പൂക്കോട്ടൂര്‍ അങ്ങാടിക്കും പിലാക്കലിനുമിടയില്‍ വെച്ചാണ് മാപ്പിള യോദ്ധാക്കള്‍ നേരിട്ടത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ഈ പ്രദേശത്തെ നെല്‍പാടത്താണ് ഗറില്ലാ യുദ്ധരീതിയില്‍ മാപ്പിളമാര്‍ പതുങ്ങിയിരുന്നത്. അവര്‍ക്ക് ആവശ്യമായ സേവനങ്ങളും ശുശ്രൂഷകളുമായാണ് സ്ത്രീകളുമെത്തിയത്. എന്നാല്‍ അന്ന് ലോകത്ത് നിലവിലുണ്ടായിരുന്ന ഏറ്റവും മികച്ച യുദ്ധോപകരണങ്ങളിലുള്‍പ്പെട്ട വിക്കേഴ്‌സ് ഗണ്‍, ലൂയിസ് ഗണ്‍ എന്നീ യന്ത്രത്തോക്കുകളും സ്റ്റോക്‌സ് മോര്‍ട്ടാറുമെല്ലാം ഉപയോഗിച്ച് മൂന്നു മണിക്കൂറോളം നീണ്ട നരനായാട്ടിലാണ് ഇത്രയധികം പേര്‍ രക്തസാക്ഷികളായത്. 
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം യന്ത്രത്തോക്കില്‍നിന്നുള്ള വെടിയേറ്റ് ഓരോ മാപ്പിള യോദ്ധാവ് വീഴുമ്പോഴും കുടുംബത്തിലെ സ്ത്രീകള്‍ യുദ്ധക്കളത്തിലേക്ക് ഓടിയെത്തിയതായി മനസ്സിലാക്കാം. മലയാള ചരിത്രം സാക്ഷിയായ എല്ലാ വീരേതിഹാസങ്ങളെയും വെല്ലുംവിധം, ഗര്‍ജിച്ചുകൊണ്ടേയിരുന്ന യന്ത്രത്തോക്കിനു മുന്നില്‍ നിന്നാണ് മാപ്പിളപ്പെണ്ണുങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരങ്ങള്‍ (ജീവനോടെയും അല്ലാതെയും) യുദ്ധക്കളമായി മാറിയ പൂക്കോട്ടൂരിലെ നെല്‍പാടത്തുനിന്ന് എടുത്തുകൊണ്ടുപോയത്. മലയാളിപ്പെണ്ണിന്റെ എഴുതപ്പെട്ട ഒരു ചരിത്രത്തിനും അവകാശപ്പെടാനാകാത്ത ഒന്നിനാണ് അന്ന് പൂക്കോട്ടൂരിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്. 
മാപ്പിള പെണ്‍കരുത്തിന്റെ മലബാര്‍സമര ചരിത്രം പൂക്കോട്ടൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. പൂക്കോട്ടൂര്‍ യുദ്ധം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ഒക്‌ടോബര്‍ 25-ന് നടന്ന മേല്‍മുറി-അധികാരിത്തൊടി കൂട്ടക്കൊലയില്‍ രക്തസാക്ഷികളായ രണ്ടു സ്ത്രീകളുടെ ചരിത്രം മറ്റൊരു ഉദാഹരണമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷികളായ അപൂര്‍വം മലയാളി സ്ത്രീകളാണിവര്‍. ബ്രിട്ടീഷ് സൈനിക വിഭാഗമായ ഡോര്‍സെറ്റ് റെജിമെന്റ് നടത്തിയ വെടിവെപ്പിലാണ് 11 വയസ്സുകാരിയായ അധികാരിത്തൊടിയിലെ കീടക്കാട്ട് ഫാത്വിമയും കോണോംപാറ ചീരങ്ങന്‍തൊടിയിലെ അരീപ്പുറം പാറക്കല്‍ കദിയാമുവും രക്തസാക്ഷികളായത്. ആധുനിക മലയാള വനിതാ മുന്നേറ്റത്തിലും സ്വാതന്ത്ര്യസമരത്തിലും രക്തം കൊണ്ടെഴുതിയ ഏടായിട്ടും മലയാളിയുടെ കണ്‍വെട്ടത്ത് ഫാത്വിമ എന്ന പതിനൊന്നുകാരിയും കദിയാമു എന്ന വീട്ടമ്മയും ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ല. 
പിതാവിനൊപ്പം വിരുന്നെത്തിയ ഫാത്വിമ, ബാപ്പയെ ബ്രിട്ടീഷ് പട്ടാളം പിടിച്ചുകൊണ്ടുപോകുന്നതു കണ്ട് കാലില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. തോക്കിന്റെ പാത്തികൊണ്ട് കുത്തിയിട്ടും പിന്മാറാതെ വന്നതോടെ ബാപ്പയോടൊപ്പം അവളെയും ബ്രിട്ടീഷുകാര്‍ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. കദിയാമുവാകട്ടെ, വാര്‍ധക്യവും അസുഖവും ബാധിച്ച പിതാവിനെ നിര്‍ദാക്ഷിണ്യം ബ്രിട്ടീഷ് സൈന്യം വീട്ടിനകത്തുനിന്ന് വലിച്ച് പുറത്തേക്കു കൊണ്ടുപോയി വെടിവെക്കാനാഞ്ഞപ്പോള്‍, നിലത്ത് വീണുകിടക്കുന്ന പിതാവിന് വെടിയേല്‍ക്കാതിരിക്കാന്‍ മനുഷ്യപരിചയായി മാറുകയായിരുന്നു. എന്നാല്‍ പരിചയായി നിന്ന കദിയാമുവിനൊപ്പം പിതാവും വെടിയേറ്റ് രക്തസാക്ഷിയായി. മലയാളിയുടെ മുഖ്യധാരാ 'ധീരോദാത്ത വനിത'യെ കുറിച്ച ആഖ്യാനങ്ങളില്‍ ഇനിയും ഇടംപിടിക്കാത്ത ഈ രണ്ടു രക്തസാക്ഷിനികളില്‍ ഒതുങ്ങുന്നതല്ല, മലബാര്‍ സമരത്തിലെ വനിതകളുടെ പാരമ്പര്യം. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യമാരിലൊരാളായ മാളു ഹജ്ജുമ്മയുടെയും, പൂക്കോട്ടൂര്‍ യുദ്ധത്തിനയച്ച മക്കളിലൊരാള്‍ 'ശഹീദാ'കാതെ മടങ്ങിയെത്തിയതില്‍ വേദനിച്ച പാപ്പാട്ടുങ്ങല്‍ മറിയുമ്മയുടെയുമെല്ലാം 'അറിയാക്കഥ'കളില്‍ ഈ പരമ്പര തുടര്‍ന്നുകിടക്കുകയാണ്. 
1921-ന് ഒരു നൂറ്റാണ്ട് പിന്നിടാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയൊട്ടാകെ വീശിയ പോരാട്ടത്തിന്റെ പെണ്‍വസന്തകാലം, നാട്ടുമണ്ണില്‍നിന്നുയര്‍ന്ന ആ പെണ്‍കരുത്തിനെക്കൂടി ഓര്‍ത്തെടുക്കുന്നതായിത്തീരട്ടെ. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top