മുമ്പൊരിക്കലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ പ്രതിഷേധവുമായി തെരുവിലിറങ്ങുകയോ ചെയ്യാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്ന് തെരുവിലാണ്; ഇന്ത്യന്‍ ഭരണഘടനയുടെ മതേതരമൂല്യം ഫാഷിസ്റ്റ്
മുമ്പൊരിക്കലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ പ്രതിഷേധവുമായി തെരുവിലിറങ്ങുകയോ ചെയ്യാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്ന് തെരുവിലാണ്; ഇന്ത്യന്‍ ഭരണഘടനയുടെ മതേതരമൂല്യം ഫാഷിസ്റ്റ് ഭരണാധികാരികളാല്‍ വികൃതമാക്കപ്പെടാന്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞയെടുത്ത്.
നാളെ, ഞങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് മകന്‍ ചോദിക്കുമ്പോള്‍, അതിനുള്ള ഉത്തരവുമായി നാലു ദിവസം പ്രായമുള്ള കുഞ്ഞുമായെത്തിയ യുവതി മുതല്‍ ഞാനൊരു രേഖയും കാണിക്കില്ലെന്ന് സധൈര്യം പ്രഖ്യാപിച്ച എണ്‍പതു പിന്നിട്ട വൃദ്ധ വരെ കാവലിരിക്കുകയാണ്; മതേതര ഇന്ത്യക്കായി....
ദുരൂഹമായ തീവെപ്പിനും രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനും ശേഷം ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആദിത്യനാഥ് സര്‍ക്കാറിന് കീഴിലുള്ള പോലീസ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിനിറങ്ങിയവരെ വേട്ടയാടാനിറങ്ങിയതായിരുന്നു. മുസ്‌ലിം വീടുകളിലെല്ലാം കയറിയിറങ്ങി കാണുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി മേലില്‍ ഒരു പൗരത്വ പ്രക്ഷോഭം ഉത്തര്‍പ്രദേശില്‍ നടക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് നടത്തി. ഇതിനിടയിലാണ് 5000-ത്തിലധികം വരുന്ന സ്ത്രീകള്‍ വലിയ പ്രതിഷേധ റാലിയുമായി പട്ടണത്തിലിറങ്ങിയത്. ആരെങ്കിലും സമരത്തിന് ആഹ്വാനം നടത്തിയതിന്റെ പേരിലായിരുന്നില്ല അത്.
തീവെപ്പും അക്രമവും നടത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തുക ഈടാക്കാന്‍ സമരക്കാരായ 26 പേര്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞ ശേഷമായിരുന്നു രാജ്യം ഇന്നുവരെ കാണാത്ത സ്ത്രീ കൂട്ടായ്മ അവിടെ രൂപപ്പെട്ടത്. ജീവിതത്തിലിന്നുവരെ സമരത്തിനിറങ്ങിയിട്ടില്ലാത്ത സ്ത്രീകള്‍ നിര്‍ഭയരായി ഉത്തര്‍പ്രദേശിന്റെ തെരുവിലിറങ്ങി. സ്ത്രീകള്‍ കൂടി തെരുവിലിറങ്ങിയപ്പോഴാണ് വ്യാപകമായ വേട്ടയില്‍ പോലീസ് പിടികൂടിയ 205 പേരില്‍ 155 പേരെയും വിട്ടയക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. കശ്മീരികളും ബംഗ്ലാദേശികളുമാണ് സമരത്തിന് പിന്നിലെന്ന് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ശേഷമായിരുന്നു ഇത്. തുടര്‍ച്ചയായി രണ്ട് ദിവസം നടന്ന റാലിക്ക് പിന്നിലും ആസൂത്രിതമായ തരത്തില്‍ പ്രവര്‍ത്തിച്ച ഏതൊക്കെയോ സംഘടനകളുണ്ടെന്നായിരുന്നു യു.പി പോലീസിന്റെ വാദം.
ഇത് കേവലം സംഭാലില്‍നിന്നുള്ള വാര്‍ത്തയല്ല. ദല്‍ഹി ശാഹീന്‍ ബാഗിലേതു പോലെ സ്ത്രീകള്‍ സ്വമേധയാ സമരവുമായി മുന്നോട്ടുവരികയായിരുന്നു എല്ലായിടങ്ങളിലും. മാലേഗാവിലും താനെയിലും ബംഗളൂരുവുമടക്കം രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സ്ത്രീകള്‍ തന്നെ സ്വമേധയാ മുന്നിട്ടിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാം കണ്ടു. അങ്ങനെ പൗരത്വ സമരമെന്നത് സ്ത്രീകളുടെ പോരാട്ടവീര്യം കൂടി തെളിയിക്കുന്നതായി മാറുകയും ചെയ്തു.
ശാഹീന്‍ ബാഗ് ഏറ്റെടുത്ത സമരജ്വാല
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ കാമ്പസിലെ പോലീസ് നടപടിയാണ് ശാഹീന്‍ ബാഗിലെ സ്ത്രീകളെ നടുറോഡിലെ സമരമുഖത്തെത്തിച്ചത്. ഡിസംബര്‍ 15-ന് കാമ്പസില്‍ അതിക്രമിച്ചുകയറിയ പോലീസ് അവിടെ നിന്ന് ഇറങ്ങിപ്പോകാനാണ് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍ ദല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നോയ്ഡയിലേക്കുള്ള പ്രധാന ഹൈവേയായ കാളിന്ദികുഞ്ചിന് തൊട്ടു മുമ്പായി ഉപരോധിക്കുന്നത്. അതിഭീകരമായ തേര്‍വാഴ്ചക്കൊടുവില്‍ പോലീസ് കാമ്പസില്‍നിന്നിറങ്ങിയിട്ടും ആ രാത്രി റോഡില്‍നിന്ന് എഴുന്നേറ്റുപോകാന്‍ ആ സ്ത്രീകള്‍ തയാറായില്ല. അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അതിനെല്ലാം കാരണമായ പൗരത്വ നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമരം പൂര്‍വാധികം ശക്തിപ്പെടുന്നതാണ് പിന്നീട് രാജ്യം കണ്ടത്.
ശാഹീന്‍ ബാഗിന് പിന്തുണയുമായി കാമ്പസുകളില്‍നിന്നും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേരെത്തി. ഒരു നാളെങ്കിലും ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമിരിക്കണമെന്നത് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ഓരോ ദല്‍ഹിക്കാരന്റെയും അനിവാര്യതയായി. ജാമിഅക്ക് മുന്നിലെ സമരപ്പന്തല്‍ പോലെ ശാഹീന്‍ ബാഗിലെ സമരപ്പന്തലും ലോകശ്രദ്ധയാകര്‍ഷിക്കാന്‍ അധികം നാള്‍ വേണ്ടിവന്നില്ല. സാധാരണ ഗതിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങാത്ത ഒരു പ്രദേശത്ത് നാളിതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം പോലും നടത്തി നോക്കിയിട്ടില്ലാത്ത വീട്ടമ്മമാരുടെ സമരം പൗരത്വപ്രക്ഷോഭത്തിന്റെ പര്യായപദമായി മാറുന്നത് അങ്ങനെയാണ്. എന്നാല്‍ സ്ത്രീകളെന്ന് കരുതി അതിക്രമങ്ങളില്‍ ഒരു ദാക്ഷിണ്യവും പോലീസ് വരുത്തിയില്ല.
വനിതാ സമരക്കാരെ പോലീസ് നേരിട്ട വിധം
ജാമിഅ മില്ലിയ്യയിലെ ആഇശ റെന്നയുടെ ചൂണ്ടുവിരലിന് മുമ്പില്‍ ചൂളിപ്പോയ പുരുഷ പോലീസിന്റെ ചിത്രവും വീഡിയോയും പൗരത്വ പ്രക്ഷോഭകരിലുണ്ടാക്കിയ ആത്മവിശ്വാസത്തെ കുറിച്ച് പറഞ്ഞത് മുസഫര്‍ നഗറില്‍ സമരത്തിനിറങ്ങിയതിന്റെ പേരില്‍ കവര്‍ച്ചക്കിരയായ ഷോപ്പുടമയാണ്. ആ ചിത്രവും വീഡിയോയും മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയ സമരബോധത്തിന് മലയാളിയെന്ന നിലയില്‍ അഭിനന്ദനമേറ്റുവാങ്ങിയ ശേഷമാണ് കാണ്‍പൂരിലും സംഭാലിലും വാരാണസിയിലുമെല്ലാം സമരം ചെയ്യുന്നവരെ കണ്ടത്. പോലീസിന്റെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ശേഷവും ഇത്രയും കാലം പൊതുരംഗത്തിറങ്ങാത്ത മുസ്‌ലിം സ്ത്രീകള്‍ വര്‍ധിതവീര്യത്തില്‍ സമര രംഗത്തിറങ്ങിയതിന്റെ ദൃശ്യങ്ങളാണ് എവിടെയും കാണാനായത്.
രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭാലില്‍ അക്രമത്തിന്റെ രണ്ടാം നാള്‍ തെരുവിലേക്കിറങ്ങിയ സ്ത്രീകളെ പോലെ തന്നെ ഉത്തര്‍പ്രദേശിലെ മിക്ക നഗരങ്ങളിലും സ്ത്രീകള്‍ സമരസജ്ജരായത് തങ്ങളുടെ പുരുഷന്മാര്‍ അതിക്രമത്തിനിരയായ ശേഷമായിരുന്നു. അവര്‍ക്ക് ആരെയും കാത്തുനില്‍ക്കാനുണ്ടായിരുന്നില്ല. എന്നാല്‍ സമരത്തിനിറങ്ങിയ സ്ത്രീകളെയും യോഗിയുടെ പോലീസ് വെറുതെ വിട്ടില്ല. നിഖാബണിഞ്ഞ് സമരത്തില്‍ പങ്കെടുത്ത 29-കാരിയായ സല്‍മ ഹുസൈനെ കസ്റ്റഡിയിലെടുത്തപ്പോള്‍ അവള്‍ പുരുഷനാണോ എന്നായിരുന്നു പോലീസിന്റെ സംശയം. ആ സംശയം തീര്‍ക്കാന്‍ സല്‍മയുടെ മുഖത്തെ നിഖാബ് അഴിച്ചുമാറ്റി. അവളെ അപമാനിക്കാന്‍ നിഖാബ് വലിച്ചൂരിയതിനു ശേഷം കേട്ടാലറക്കുന്ന തെറിയഭിഷേകത്തോടെയായിരുന്നു മര്‍ദനം. വീടുവീടാന്തരം കയറിയിറങ്ങിയ പോലീസ് ആരെയും വെറുതെ വിട്ടിരുന്നില്ല. മുസഫര്‍ നഗറിലെ വിവാഹ വീടുകളില്‍ കവര്‍ച്ച നടത്തിയ പോലീസ് ഒരു വീട്ടില്‍ പ്രതിശ്രുത വധുവിനെ അക്രമിച്ചപ്പോള്‍ മറ്റൊരിടത്ത് ബലാത്സംഗത്തിന് മുതിര്‍ന്നു. ഒടുവില്‍ നാലാംനിലയുടെ മുകളില്‍നിന്ന് താഴോട്ടു ചാടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് നീക്കമുപേക്ഷിക്കാന്‍ പോലീസ് തയാറായതെന്ന് പിതാവ് പറഞ്ഞു. പോലീസ് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നു പോലീസിന്റെ തേര്‍വാഴ്ച. വനിതാ പോലീസിനെ പോലും കൂട്ടാതെ വീടുകളില്‍ കയറിയാണ് രാത്രി 11 മണി തൊട്ട് പുലരുന്നതു വരെ സ്ത്രീകളുടെ കിടപ്പുമുറികളില്‍ കയറിയിറങ്ങി ഉത്തര്‍പ്രദേശ് പോലീസ് തേര്‍വാഴ്ച നടത്തിയത്.
സദഫ് സഫറിന്റെ പീഡനപര്‍വം
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ സമരക്കാര്‍ക്കു നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ അതത് നിമിഷം ഒപ്പിയെടുത്ത് ഫേസ്ബുക്ക് ലൈവിലിട്ട് അറിയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സദഫ് സഫര്‍ എന്ന അധ്യാപികയെ പോലീസ് പിടികൂടുന്നത്. പൗരത്വ സമരം ഫേസ്ബുക്കില്‍ ലൈവായി കൊടുക്കാനിറങ്ങിയ അവര്‍ സമരത്തെ പോലീസ് അക്രമിക്കുന്നതും ലൈവായി കൊടുത്തതായിരുന്നു ചെയ്ത തെറ്റ്. പിടികൂടിയ സദഫിന് ഒരു സ്ത്രീ എന്ന പരിഗണന നല്‍കാന്‍ പുരുഷ പോലീസുകാര്‍ തയാറായില്ല. പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാക്കിയ ശേഷം അവര്‍ക്കെതിരെ കലാപമുണ്ടാക്കിയതിനുള്ള കുറ്റവും ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിനുള്ള പഴുതടച്ചാണ് ജയിലിലിട്ടത്. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിട്ടും അവരെ വിട്ടയക്കാന്‍ തയാറാകാതെ കോടതിയില്‍ ഹാജരാക്കി തങ്ങളുടെ അറസ്റ്റിന് നിയമപരമായ സുരക്ഷയും പോലീസ് നേടിയെടുത്തു. ഒടുവില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തുവന്ന സദഫിനെ പോലീസ് അതിക്രമങ്ങളിലേറ്റ പരിക്കിന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരു സ്ത്രീ എന്ന പരിഗണന നല്‍കാതെയാണ് സദഫിന്റെ കേസ് കോടതി പോലും പരിഗണിച്ചത്. സഹായിക്കാന്‍ വന്ന അഭിഭാഷകരെയും മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടാറുള്ള റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസര്‍ ധാരാപുരിയെയും അവര്‍ വെറുതെ വിട്ടില്ല.