''ഞാന്‍ അങ്ങയുടെ കൂടെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇവിടം വിട്ട് എവിടെയും പോകാനാഗ്രഹിക്കുന്നില്ല.'' സൈദ് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പിതാവ് ഹാരിസതുബ്‌നു ശദാഹീലും അയാളുടെ സഹോദരനും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അതിനാലവര്‍ ചോദിച്ചു: ''സൈദേ; ഇതെന്താണ്? നീ സ്വാതന്ത്ര്യത്തെക്കാള്‍ അടിമത്തമാണോ
''ഞാന്‍ അങ്ങയുടെ കൂടെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇവിടം വിട്ട് എവിടെയും പോകാനാഗ്രഹിക്കുന്നില്ല.'' സൈദ് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പിതാവ് ഹാരിസതുബ്‌നു ശദാഹീലും അയാളുടെ സഹോദരനും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അതിനാലവര്‍ ചോദിച്ചു: ''സൈദേ; ഇതെന്താണ്? നീ സ്വാതന്ത്ര്യത്തെക്കാള്‍ അടിമത്തമാണോ ഇഷ്ടപ്പെടുന്നത്? മാതാപിതാക്കളെയും ബന്ധുക്കളെയും വിട്ട് അവരോടാണോ സ്‌നേഹം? നാടും വീടും വിട്ട് ഇവിടെ കഴിയാനാണോ ആഗ്രഹിക്കുന്നത്?''
''ഇദ്ദേഹത്തെപ്പോലെ മഹാനായി ലോകത്ത് മറ്റാരുമില്ല. സദ്ഗുണങ്ങളുടെ ഉടമയും. ഇദ്ദേഹത്തെ അനുഭവിച്ചറിഞ്ഞ ഞാന്‍ മറ്റാരുടെ കൂടെയും പോകില്ല. ഇദ്ദേഹത്തെക്കാള്‍ മറ്റാര്‍ക്കും പ്രാധാന്യം കല്‍പിക്കുകയുമില്ല.'' സൈദ് തറപ്പിച്ചുപറഞ്ഞു.
സൈദ് കല്‍ബ് ഗോത്രക്കാരനാണ്. പിതാവ് ഹാരിസതുബ്‌നു ശദാഹീലാണ്. മാതാവ് ത്വയ്യ് ഗോത്രക്കാരിയും സഅലബയുടെ മകളുമായ സുഅദ.
സൈദിന് എട്ടുവയസ്സുള്ളപ്പോള്‍ മാതാവ് അവനെ പിതാവിന്റെ വീട്ടില്‍ വിട്ടേച്ചുപോയി. ജസര്‍ ഗോത്രക്കാര്‍ ആ വീട് ആക്രമിച്ചു. അവിടെയുള്ളതെല്ലാം കൊള്ളയടിച്ചു. കൂട്ടത്തില്‍ സൈദിനെയും പിടികൂടി. അവരവനെ അടിമയാക്കി. ഉക്കാള് ചന്തയില്‍ കൊണ്ടുവന്നു വിറ്റു. സൈദിനെ വാങ്ങിയത് ഹകീമുബ്‌നു ഹിസാമാണ്. ഖദീജാബീവിയുടെ അടുത്ത ബന്ധു. അദ്ദേഹം സൈദിനെ ഖദീജക്കു സമ്മാനിച്ചു. നബിതിരുമേനി ഖദീജാബീവിയെ വിവാഹം കഴിച്ചപ്പോള്‍ അവരോടൊപ്പം സൈദുമുണ്ടായിരുന്നു. മുഹമ്മദ് നബിക്ക് സൈദിന്റെ സ്വഭാവവും സമീപനവും സേവനവൃത്തികളും ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തനിക്ക് വിട്ടുകിട്ടിയാല്‍ കൊള്ളാമെന്ന് കൊതിച്ചു. തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പ്രിയപത്‌നി സൈദിനെ നബിതിരുമേനിക്കു നല്‍കി.
അല്‍പകാലം കഴിഞ്ഞ് സൈദ്, മുഹമ്മദ് നബിയോടൊപ്പം കഴിയവെ പിതാവും പിതൃവ്യനും അവനെത്തേടിയെത്തി. അവര്‍ പ്രവാചകനോട് പറഞ്ഞു. ''കുട്ടിയെ താങ്കള്‍ ഞങ്ങള്‍ക്കു വിട്ടുതരണം പ്രതിഫലമായി എന്തും തരാന്‍ തയ്യാറാണ്.''
''ഞാന്‍ സൈദിനോട് ചോദിക്കാം. അവന്റെ ഇഷ്ടംപോലെ ചെയ്യാം. എന്റെ കൂടെ നില്‍ക്കാനാണ് അവനാഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെചെയ്യട്ടെ. നിങ്ങളുടെ കൂടെ വരാനാണ് താല്‍പര്യമെങ്കില്‍ അവനങ്ങനെ ചെയ്യാം. എനിക്കു നഷ്ടപരിഹാരമൊന്നും വേണ്ട. അവനെ നിങ്ങള്‍ക്കു വിട്ടുതരാം. അഥവാ, എന്റെ കൂടെ നില്‍ക്കാനാണ് അവനിഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ അവനെ കൂടെ കൂട്ടാന്‍ നിര്‍ബന്ധിക്കരുത്.'' നബിതിരുമേനി തന്റെ നിലപാട് വ്യക്തമാക്കി.
ഇതുകേട്ട് വിസ്മയഭരിതരായ പിതാവും പിതൃവ്യനും പറഞ്ഞു. ''താങ്കളുടെ നിലപാട് ന്യായവും മഹത്തരവുമാണ്. അതിനാലവനെ വിളിച്ചു ചോദിച്ചാലും.''
നബിതിരുമേനി സൈദിനെ വിളിച്ചുവരുത്തി. പിതാവിനെയും പിതൃവ്യനെയും കാണിച്ചുകൊടുത്തു. അവിടന്ന് ചോദിച്ചു: ''നീ ഇവരെ അറിയുമോ?''
''തീര്‍ച്ചയായും. ഇതെന്റെ പിതാവാണ്. മറ്റേത് പിതൃവ്യനും.'' സൈദ് അറിയിച്ചു. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: ''നിനക്കു ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. നിനക്ക് വേണമെങ്കില്‍ ഇവരുടെ കൂടെ പോകാം. എന്റെ കൂടെ നില്‍ക്കുകയും ചെയ്യാം. എല്ലാം നിന്റെ ഇഷ്ടംപോലെ.''
സൈദിന്റെ മറുപടി നബിതിരുമേനിയെ അത്യധികം സംതൃപ്തനാക്കി. അപ്പോള്‍ തന്നെ അവനെ സ്വതന്ത്രനാക്കി. തുടര്‍ന്ന് അവനെയും കൂട്ടി കഅ്ബയുടെ അടുത്തെത്തി. അവിടെയുണ്ടായിരുന്നവര്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു: ''ഇനിമുതല്‍ സൈദ് എന്റെ മകനാണ്. അവന്‍ എന്നില്‍നിന്ന് അനന്തരമെടുക്കും. ഞാന്‍ അവനില്‍നിന്നും.''
അതോടെ സൈദ് മുഹമ്മദിന്റെ മകനായി അറിയപ്പെടാന്‍ തുടങ്ങി. മുഹമ്മദ് ദിവ്യബോധനം ലഭിച്ച് പ്രവാചകനായതോടെ സൈദ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ആദ്യത്തെ നാലുവിശ്വാസികളിലൊരാളാണ് സൈദ്. അതുകൊണ്ടുതന്നെ നബിതിരുമേനി അദ്ദേഹത്തെ അതിയായി സ്‌നേഹിച്ചു. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ സൈദിന്റെ പ്രായം മുപ്പത് വയസ്സായിരുന്നു.
പ്രവാചകന്‍ തന്റെ വളര്‍ത്തുപുത്രനായ സൈദിന് സ്വന്തം പിതൃവ്യപുത്രി സൈനബയെ വിവാഹം ചെയ്തുകൊടുക്കാനാഗ്രഹിച്ചു. എന്നാല്‍, സൈനബും കുടുംബവും അതിഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ''ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ കുലീനയാണ്. ഖുറൈശി വനിതയാണ്.''
സൈനബിന്റെ ഈ പ്രതികരണം വളരെ സ്വാഭാവികമായിരുന്നു. സൈദ് ഒരു വിമോചിത അടിമയായിരുന്നുവല്ലോ. അവരുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശും തന്റെ അതൃപ്തി അറിയിച്ചു. അതോടെ വിശുദ്ധഖുര്‍ആന്‍ ഈ പ്രശ്‌നത്തിലിടപെട്ടു. അല്ലാഹു അറിയിച്ചു: ''അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.'' (33: 36)
ഈ ഖുര്‍ആന്‍സൂക്തം അവതീര്‍ണമായതോടെ സൈനബും അവരുടെ ബന്ധുക്കളും ഒട്ടും മടിച്ചുനില്‍ക്കാതെ വിവാഹത്തിന് സന്നദ്ധരായി. പ്രവാചകന്‍ (സ) തന്നെ വിവാഹം നടത്തിക്കൊടുത്തു. വിവാഹമൂല്യമായി അറുപത് ദിര്‍ഹമും വിവാഹവസ്ത്രങ്ങളും അവിടന്ന് തന്നെ സമ്മാനമായി നല്‍കി.
എങ്കിലും സൈദിന്റെയും സൈനബിന്റെയും ദാമ്പത്യം ഭദ്രമോ വിജയകരമോ ആയിരുന്നില്ല. സ്വരച്ചേര്‍ച്ചയില്ലാത്ത സ്ഥിതിയുണ്ടായി. അതിനാല്‍ സൈദ് (റ) വിവാഹബന്ധം വേര്‍പ്പെടുത്താനാഗ്രഹിച്ചു. അദ്ദേഹം പ്രവാചകനോട് പലതവണ പരാതി പറഞ്ഞു. അപ്പോഴൊക്കെയും അവിടുന്ന് വിവാഹബന്ധവും ദാമ്പത്യവും തുടരാനാവശ്യപ്പെട്ടു. ഇക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു. ''അല്ലാഹുവേ, നീ ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം. നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക. അല്ലാഹുവെ സൂക്ഷിക്കുക. (33:37)
സൈദ് (റ) സൈനബി(റ)നെ വിവാഹമോചനം ചെയ്യുമെന്നുറപ്പായിരുന്നു. ആ ദാമ്പത്യം അത്രമാത്രം പരാജയമായിരുന്നു. അങ്ങനെ വിവാഹമോചനം നടന്നാല്‍ നബിതിരുമേനി അവരെ കല്യാണം കഴിക്കണമെന്ന് അല്ലാഹു കല്‍പിച്ചിരുന്നു. എന്നാലിത് പ്രവാചകന് ഏറെ പ്രയാസകരമായി തോന്നി. ദത്തുപുത്രന്റെ ഭാര്യയെ മരുമകളായാണ് അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. അതിനാല്‍, വിവാഹമോചനം നടത്തിയാലും അവരെ കല്യാണം കഴിക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ നിയമം. ഭര്‍തൃപിതാവിന്റെ സ്ഥാനത്താണല്ലോ അദ്ദേഹമുണ്ടാവുക. എന്നാല്‍, ഇസ്‌ലാം ദത്ത് സമ്പ്രദായം തന്നെ ഇല്ലാതാക്കി. ദത്തുപുത്രന്‍ സ്വന്തം പുത്രനെപ്പോലെയാണെന്ന നിയമം പൂര്‍ണമായും ദുര്‍ബലപ്പെടുത്തി. അങ്ങനെ ദത്തുപുത്രന്റെ വിവാഹമോചിതയായ ഭാര്യയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ദുര്‍ബലപ്പെടുത്തി. പൊതുവെ അറേബ്യന്‍ സമൂഹത്തിന് അസ്വീകാര്യമായ ഇക്കാര്യം പ്രവാചകനിലൂടെത്തന്നെ പ്രായോഗവല്‍ക്കരിക്കപ്പെടണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. എന്നാല്‍, പ്രവാചകന് ഇത് വല്ലാതെ അസഹ്യമായിത്തോന്നി. ഒട്ടേറെ ദുരാരോപണങ്ങള്‍ക്കിടവരുത്തുമെന്ന് ഭയന്നു. അതിനാല്‍ ദൈവിക നിര്‍ദേശം വെളിപ്പെടുത്തിയില്ല. ഇതേക്കുറിച്ച് അല്ലാഹു പറയുന്നു:
''അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരുകാര്യം നീ മനസ്സിലൊളിപ്പിച്ചുവെക്കുകയായിരുന്നു. ജനങ്ങളെ ഭയപ്പെടുകയും. എന്നാല്‍ നീ ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്.'' പിന്നീട് സൈദ് അവളില്‍നിന്ന് തന്റെ ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍, ''നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാകാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുകതന്നെ ചെയ്യും. അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്.'' (33:37,38)
അങ്ങനെ സൈനബ്(റ) സൃഷ്ടികളില്‍ ശ്രേഷ്ഠനായ നബിതിരുമേനിയുടെ സഹധര്‍മിണിയായി. അവരനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കുള്ള അതിമഹത്തായ പരിഹാരം കൂടിയായിരുന്നു അത്.
മനുഷ്യചരിത്രത്തിലെ വിസ്മയകരവും വിശിഷ്ടവുമായ പദവികൊണ്ട് അനുഗ്രഹീത വനിതയാണ് സൈനബ്(റ). അവരുടെ രണ്ടു വിവാഹവും പ്രപഞ്ചനാഥനായ അല്ലാഹു നേരിട്ട് നിശ്ചയിച്ചതും നിര്‍ദേശിച്ചതും നടത്തിച്ചതുമാണ്. ഇത്തരമൊരു മഹാഭാഗ്യം മനുഷ്യസമൂഹത്തില്‍ മറ്റാര്‍ക്കുമുണ്ടായിട്ടില്ല. പ്രവാചക പത്‌നിയെന്ന നിലയില്‍ ലോകമെങ്ങുമുള്ള എക്കാലത്തെയും വിശ്വാസികളുടെ മാതാവാകാനും അവര്‍ക്ക് സൗഭാഗ്യമുണ്ടായി.