നമ്മുടെ രാജ്യം ഇന്നനുഭവിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമാണ് മാലിന്യ സംസ്‌കരണം. വീടുകളിലും കടകളിലും ജനവാസകേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഉപേക്ഷിക്കുന്ന മാലിന്യ വസ്തുക്കള്‍ പുഴകളിലും റോഡരികിലും കുന്നുകൂടിക്കിടന്ന്, വായുവും വെള്ളവും മലിനമായി ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ രാജ്യം ഇന്നനുഭവിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമാണ് മാലിന്യ സംസ്‌കരണം. വീടുകളിലും കടകളിലും ജനവാസകേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഉപേക്ഷിക്കുന്ന മാലിന്യ വസ്തുക്കള്‍ പുഴകളിലും റോഡരികിലും കുന്നുകൂടിക്കിടന്ന്, വായുവും വെള്ളവും മലിനമായി ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.
നമ്മള്‍ ഉപേക്ഷിക്കുന്ന പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വെയ്സ്റ്റുകള്‍, മത്സ്യം, മാംസ-ഭക്ഷണ പദാര്‍ഥങ്ങള്‍ മുതലായ നാം ഉപയോഗിച്ചു കഴിഞ്ഞ വെയ്സ്റ്റുകള്‍ (കോഴിപാട്‌സ്, മീന്‍ ചല്ലികള്‍, പഴകിയ ഭക്ഷണാവശിഷ്ടം), മരത്തിന് ചുവട്ടില്‍ ആവശ്യക്കാരില്ലാതെ കീടങ്ങള്‍ നിറഞ്ഞു കിടക്കുന്ന ചക്ക, മാങ്ങ, മുതലായവ നമുക്ക് ദുര്‍ഗന്ധമോ, അണുകീടശല്യങ്ങളോ ഇല്ലാതെ സസ്യലതാദികള്‍ക്കുള്ള ആഹാരമായ ജൈവ വളമാക്കി മാറ്റാന്‍ വെണ്ണീറുകൊണ്ട് സാധിക്കും. നമ്മുടെ വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമെല്ലാം ഗ്യാസിന്റെ ഉപയോഗം ഉള്ളതുകൊണ്ട് വിറക് ഉപയോഗിക്കുന്നവര്‍ തന്നെ വെണ്ണീറ് ദുരുപയോഗം ചെയ്യുകയാണ്.
ആവശ്യമായ സാധനങ്ങള്‍
ഓരോ ദിവസത്തെയും വെയ്സ്റ്റുകള്‍ നിക്ഷേപിക്കാന്‍ മൂന്ന് വേസ്റ്റ് ബാസ്‌കറ്റുകള്‍, അല്ലെങ്കില്‍ കട്ടിയുള്ള കവറുകള്‍ ശേഖരിക്കുക. പച്ചക്കറിയുടെയും പഴങ്ങളുടെയും വേസ്റ്റുകള്‍ ഒരു ബാസ്‌കറ്റിലും മറ്റൊന്നില്‍ പ്ലാസ്റ്റിക് കവറുകളും മൂന്നാമത്തേതില്‍ ദ്രവിച്ച ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുക. മത്സ്യം, മാംസം മുതലായ വസ്തുക്കള്‍ വാങ്ങിയ വീണ്ടും ഉപയോഗിക്കാന്‍ കൊള്ളാത്ത കവറുകള്‍ അപ്പപ്പോള്‍ തന്നെ അടുപ്പിലോ മറ്റോ കത്തിച്ച് നശിപ്പിക്കുക (നമ്മള്‍ തന്നെ അതിന്റെ ഉപഭോക്താക്കളായതുകൊണ്ട് അതുകൊണ്ടനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ നമ്മള്‍ അനുഭവിച്ചേ മതിയാകൂ, വേറെ മാര്‍ഗമില്ല). വൃത്തിയുള്ള കവറുകള്‍ നല്ല നിലയില്‍ സൂക്ഷിച്ച് വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുകയോ അല്ലെങ്കില്‍ പഞ്ചായത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാലിന്യ പദ്ധതി നിലവിലുള്ള പ്രദേശമാണെങ്കില്‍ അങ്ങനെയും ചെയ്യാം.
ഉപയോഗിക്കേണ്ട വിധം
നമ്മുടെ വീട്ടിലെ വിറക് പുരയിലോ, അടുക്കള ഭാഗത്തോ വെണ്ണീര്‍ നിക്ഷേപിക്കാന്‍ ഒരു കുഴി തയ്യാറാക്കുക. ചെറിയ കുടുംബമാണെങ്കില്‍ നല്ല കട്ടിയുള്ള പ്ലാസ്റ്റിക് ചാക്കുകള്‍ പ്ലാസ്റ്റിക് ബക്കറ്റ്, ഡ്രം മുതലായവ ഉപയോഗിക്കാം. ടൗണുകള്‍ കേന്ദ്രീകരിച്ച് ജനവാസ കേന്ദ്രങ്ങളിലും വലിയ ഫാം രൂപത്തിലും ചെയ്യാം.
വളം നിര്‍മാണം
അടുപ്പില്‍ നിന്നും ഒഴിവാക്കുന്ന വെണ്ണീര്‍, നമ്മുടെ പറമ്പുകളിലും മറ്റുമുള്ള കരിയിലകളിലും ചപ്പു ചവറുകളും മണ്ണ് ചേരാതെ കത്തിച്ച വെണ്ണീര്‍ എന്നിവ ശേഖരിച്ച് നേരത്തെ പറഞ്ഞ കുഴിയിലോ കവറിലോ മറ്റോ കുറച്ച് വിതറുക, അതിനുമുകളില്‍ ഓരോ ബാസ്‌കറ്റുകളിലെ വെയ്സ്റ്റുകള്‍ ഇടുക. പച്ചക്കറി വെയ്സ്റ്റിനു മുകളില്‍ അത് മൂടത്തക്കവിധം വിതറിയാല്‍ മതി. അതിനു മുകളില്‍ കോഴി പാട്‌സ്, മത്സ്യ വേസ്റ്റ് മുതലായവ ഇടുക. ഇവക്ക് നനവുള്ളത് കൊണ്ട് അല്‍പ്പം കനത്തില്‍ വെണ്ണീര്‍ വിതറണം. ദുര്‍ഗന്ധമോ അണുക്കളോ വരാതിരിക്കാനാണിത്. അതുപോലെ ദ്രവിച്ച ഭക്ഷണാവശിഷ്ടവും നിക്ഷേപിക്കാം. ഇങ്ങനെ ഓരോ ദിവസവും നമ്മുടെ നാട്ടിലും വീട്ടിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ സംസ്‌കരിച്ചുകൊണ്ട് വീടും പരിസരവും വഴിയോരങ്ങളും എല്ലാം വൃത്തിയായി ഉപയോഗിക്കാം.
ഓരോ പ്രദേശത്തെ തോടുകളും പുഴകളും കുളങ്ങളുമെല്ലാം ആ പ്രദേശവാസികളും മറ്റും ദുരുപയോഗം ചെയ്യുന്നത് കാണുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുടെ കൈക്ക് പിടിക്കുവാന്‍ ആരാണുള്ളതെന്ന് ചിന്തിച്ചു പോവാറുണ്ട് ഓരോ വീട്ടിലെയും വേസ്റ്റ് പൈപ്പുകളും മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഇടമായിട്ടാണ് ഇന്ന് അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ ജീവനും ആരോഗ്യവും നിലനിര്‍ത്താനുള്ള കുടിനീരും, ജല ജീവികള്‍ക്കുള്ള വാസസ്ഥലവും നശിപ്പിക്കുന്നത് നമ്മള്‍ തന്നെയെന്ന് ആരും ചിന്തിക്കുന്നില്ല.
വെയ്സ്റ്റ് വെള്ളം പാഴാക്കാതിരിക്കാന്‍
ഒരു കുടംബത്തിന് പത്ത് സെന്റ് ഭൂമിയുണ്ടെങ്കില്‍ അഞ്ചോ ആറോ തെങ്ങുകള്‍ക്കും , അത്യാവശ്യ വാഴകള്‍ മറ്റ് സസ്യലതാദികള്‍ക്കും നനക്കാനുള്ള വെള്ളം നമ്മള്‍ പാഴാക്കിക്കൊണ്ടിരിക്കുന്ന വെയ്സ്റ്റ് വെള്ളം കൊണ്ട് സാധിക്കും. ഒന്നോ ഒന്നരയോ ഇഞ്ച് വ്യാസമുള്ള പത്തോ പതിനഞ്ചോ മീറ്റര്‍ ഹോസ്‌പൈപ്പ് വാങ്ങി ഓരോ ബാത്ത് റൂമിലെ പൈപ്പിനോടും അടുക്കളയിലെ സിങ്ക് പൈപ്പിനോടും യോജിപ്പിച്ച് ഓരോ വൃക്ഷത്തിന്റെയും ചുവട്ടില്‍ മാറി മാറി തിരിച്ചു വിട്ടാല്‍ കാര്യമായ വളം ചേര്‍ത്തിയിട്ടില്ലെങ്കിലും നല്ല വിളവ് ലഭിക്കും. മാത്രമല്ല തീരെ കായ്ക്കാത്ത തെങ്ങാണെങ്കില്‍ തേങ്ങ കായ്ക്കുകയും ചെയ്യും. വെള്ളം കെട്ടി നില്‍ക്കാതെ കൊതുക് മുതലായ ക്ഷുദ്രജീവികളെ തടയുകയും ചെയ്യാം.
പ്ലാസ്റ്റിക് കവറുകള്‍ സാധനങ്ങള്‍ വാങ്ങുവാനും ഭക്ഷണം പാര്‍സല്‍ ചെയ്യാനും മറ്റും ഉപകാരപ്രദമാണെങ്കിലും പരിസര മലിനീകരണം എല്ലാവര്‍ക്കും തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. കാലങ്ങളോളം മണ്ണില്‍ കിടന്നാലും നശിക്കാന്‍ ഇടയില്ലാത്ത ഈ വസ്തു വേണ്ടെന്നു വെക്കാനും അതിന് ബദല്‍ സംവിധാനം കണ്ടെത്താനും നാമോരുരുത്തരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഭാവിതലമുറയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അതേ പോലെ ചെറിയ കുട്ടികളും കിടപ്പിലായ രോഗികളുമുള്ള വീടുകളില്‍ പമ്പേഴ്‌സിന്റെ ഉപയോഗം വളരെ കൂടുതലാണ്. ഉപയോഗിച്ച അതേപടി പുറം തള്ളുന്നത് പ്ലാസ്റ്റിക് കവറിനേക്കാള്‍ മാരകമാണ്. ഈര്‍പ്പം വലിച്ചെടുക്കാന്‍ പമ്പേഴിസില്‍ നിക്ഷേപിക്കുന്ന സോഡിയം പോളിക്രൈലേറ്റ് , ഡയോക്‌സിന്‍സ് മുതലായ പദാര്‍ത്ഥങ്ങളോടൊപ്പം കളറിനും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മാരകമായ രോഗങ്ങള്‍ വരാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഭക്ഷണം ആവശ്യത്തിലധികം പാകം ചെയ്ത് അനാവശ്യമാക്കി കളയുന്നതില്‍ നമുക്ക് യാതൊരു മന: പ്രയാസവും ഉണ്ടാവാറില്ല. ദൈവത്തിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ കൊണ്ടാണ് നമ്മള്‍ വിശപ്പടക്കുന്നതെന്ന ബോധവുമില്ല. വിവാഹം , സല്‍ക്കാരങ്ങള്‍, ഹോട്ടല്‍ വെയ്സ്റ്റുകള്‍ സ്‌കൂളിലെ ഉച്ചഭക്ഷണം മുതലായവയില്‍ നിന്നും പുറം തള്ളുന്ന ഭക്ഷണാവിശിഷ്ടങ്ങള്‍ പക്ഷി മൃഗാദികളുടെ വിശപ്പടക്കി കഴിഞ്ഞാലും ബാക്കി വരുന്നവ പുറം തള്ളിയാല്‍ ദുര്‍ഗന്ധവും കീടങ്ങളും പെരുകാന്‍ ഇടയാകുന്നതിനും കുഴിച്ചു മൂടുന്നതിനും പകരം വെണ്ണീര്‍ കൊണ്ട് സംസ്‌കരിച്ചെടുക്കാം.
ആ ജൈവ വസ്തുക്കള്‍ ആറ് മാസമോ ഒരു വര്‍ഷമോ ആവുമ്പോഴേക്ക് വെണ്ണീറില്‍ ലയിച്ച് ഒന്നാന്തരം വളമായിട്ടുണ്ടാവും. വെണ്ണീര്‍ നേരിട്ട് പച്ചക്കറികള്‍ക്കും മറ്റും ഉപയോഗിച്ചാല്‍ അവ നശിച്ചുപോവും. പക്ഷേ, ഈ വളം അതിന്റെ പോഷണം വര്‍ധിപ്പിക്കും.
മാലിന്യ സംസ്‌കരണം നടപ്പിലാക്കേണ്ട രീതി
നമ്മുടെ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍,പഞ്ചായത്തുകള്‍ തുടങ്ങിയവയിലെ ഓരോ വാര്‍ഡ് തോറും വെയ്സ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുക. ഇന്ന് ഓരോ വാര്‍ഡുകളിലും അയല്‍ സഭകളും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ജാഗ്രതാസമിതി എന്നിങ്ങനെ വ്യത്യസ്തമായ വകുപ്പുകളുമുണ്ട്.
തൊഴിലുറപ്പ് പദ്ധതി ഇതുമായി ബന്ധപ്പെടുത്തിയാല്‍ ഈ ജൈവവളം സര്‍ക്കാരിന് വരുമാനമായി മാറും. അത് പോലെ കുടുംബശ്രീയില്‍ ആരോഗ്യം എന്ന ഒരു വകുപ്പുണ്ട്. അതുപയോഗപ്പെടുത്തി ആരോഗ്യ ക്ലാസുകളും ബോധവത്കരണ സ്‌ക്വാഡുകളും സംഘടിപ്പിക്കാം.