മധ്യവേനലവധി അവസാനിക്കുകയാണ്. ഒഴിവുകാലത്തിന്റെ മാധുര്യവും നെഞ്ചിലേറ്റി ഞാന്‍ സ്കൂള്‍ പടവുകള്‍ കയറി. കുട്ടികളുടെ അഡ്മിഷന് ഡ്യൂട്ടി ഇന്നെനിക്കാണ്. അമ്മമാരുടെ കൈകളില്‍ തൂങ്ങി സ്കൂളിലെത്തുന്ന കുരുന്നുകളുടെ പരിഭ്രമവും കൗതുകവും നിറഞ്ഞ നോട്ടം കാണാന്‍ നല്ല രസം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉമ്മ ടീച്ചറുടെ കൈപിടിച്ച് ഇതേസ്കൂളില്‍ ചേരാനെത്തിയ
മധ്യവേനലവധി അവസാനിക്കുകയാണ്. ഒഴിവുകാലത്തിന്റെ മാധുര്യവും നെഞ്ചിലേറ്റി ഞാന്‍ സ്കൂള്‍ പടവുകള്‍ കയറി. കുട്ടികളുടെ അഡ്മിഷന് ഡ്യൂട്ടി ഇന്നെനിക്കാണ്. അമ്മമാരുടെ കൈകളില്‍ തൂങ്ങി സ്കൂളിലെത്തുന്ന കുരുന്നുകളുടെ പരിഭ്രമവും കൗതുകവും നിറഞ്ഞ നോട്ടം കാണാന്‍ നല്ല രസം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉമ്മ ടീച്ചറുടെ കൈപിടിച്ച് ഇതേസ്കൂളില്‍ ചേരാനെത്തിയ ഒരൊന്നാം ക്ലാസുകാരിയുടെ ഓര്‍മച്ചിത്രം മനസ്സില്‍ തെളിഞ്ഞു. ഒരു നിമിഷം ആദ്യാക്ഷരത്തിന്റെ മധുരംനുകര്‍ന്ന അതേ ക്ലാസ്സ് റൂമില്‍, കുരുന്നുകള്‍ക്ക് അറിവിന്റെ പാനപാത്രം പകര്‍ന്നു നല്കുന്നു ഇന്ന് ഞാന്‍. ദൈവത്തിന് സ്തുതി.
ക്യൂവിലുള്ളവര്‍ ഓരോരുത്തരായി വന്ന് ചേര്‍ന്നുപോകുന്നു. ''ടീച്ചറേ എന്നെ മറന്നോ''. നല്ല പരിചയമുള്ള ശബ്ദം. എഴുത്തുനിര്‍ത്തി ഞാന്‍ നോക്കി. കരിനീലക്കണ്ണുകളും തുടുത്ത കവിളുകളുമുള്ള ആ സുന്ദരിക്കുട്ടി. ഞാനവളെ കരിങ്കുഴലീന്നാ വിളിച്ചിരുന്നത്. രണ്ടുമക്കളുടെ അമ്മയാണെന്നതിന്റെ ചെറിയ അടയാളങ്ങളൊഴിച്ചാല്‍ വല്യമാറ്റമൊന്നുമില്ല. അവസാനമായി ഞാനവളെ കണ്ടതെന്നാണെന്നോര്‍മയില്ല. അല്ലെങ്കിലും ക്ലാസിലെ വിരുന്നുകാരിയായിരുന്നു അവള്.
ആരാകണം എന്ന തലക്കെട്ടില്‍ എഴുതാനാവശ്യപ്പെട്ട കുറിപ്പുകളുടെ ശേഖരം, ലീഡര്‍ മേശപ്പുറത്ത് അടുക്കിവെച്ചിട്ടുണ്ട്. ഞാന്‍ ക്ലാസില്‍ ചെല്ലുമ്പോള്‍ വൃത്തിയും വലിപ്പവുമുള്ള കടലാസുകളില്‍ കുന്നോളം ഉയര്‍ന്നുപൊങ്ങുന്ന കുട്ടിസ്വപ്നങ്ങള്‍. മുഷിഞ്ഞ പകുതി കീറിയൊരു കടലാസ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. നിറഞ്ഞ അക്ഷരത്തെറ്റോടെ അതില്‍ എഴുതിയിരിക്കുന്നു. ''ഇനിക്കും ഒരു ടീച്ചറാകണം. നല്ലോണം പഠിപ്പിക്ക്ണ. പാട്ടുപാട്ണ ടീച്ചര്‍..'' 'ലക്ഷ്മ്യേ..' നിറഞ്ഞ സന്തോഷത്തോടെ ഞാനവളെ വിളിച്ചു. ''ഓളിനി വരൂല്ല സേര്‍. ഓളെ വീട് ആള്ക്കാര് തല്ലിപ്പൊളിച്ചു. ഓളേം അമ്മേനേം ഈ നാട്ടിന്ന് തന്നെ ആട്ടിവിട്ടു''. കുട്ടികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതുതന്നെ. അല്ലേലും ഇതാദ്യത്തെ സംഭവമല്ലല്ലൊ. ദുര്‍നടപ്പിന്റെ പേരില്‍ ഇതെത്ര തവണ... അച്ഛനാരെന്നറിയാത്ത ലക്ഷ്മിയുടെ കുഞ്ഞുസ്വപ്നത്തില്‍ എന്റെ കണ്ണുനീര്തുള്ളികള് മഷി പടര്‍ത്തി.
''സര് ഇങ്ങളെന്താ ഓര്‍ക്കണേ... ഞാന്‍ ലക്ഷ്മ്യാ..'' അവളെന്നെ ഓര്‍മയില്‍ നിന്നുണര്‍ത്തി. ഞാനും അമ്മേം അന്ന് തമിഴ്നാട്ടിക്കാ പോയേ. അവിടെ കൂലിപ്പണിട്ത്ത് കഴിയ്യാര്‍ന്നു.'' അവള് പറഞ്ഞു തുടങ്ങി. ''ഇതെന്റെ കുട്ട്യോള്ടെ അച്ഛനാ.. മുത്തു ചാമി.'' തൊട്ടടുത്തു നില്ക്കുന്ന തമിഴനെ ചൂണ്ടി അവള് പറഞ്ഞു. ദൃഢവും കരുത്തുറ്റതുമായ വാക്കുകള്‍.
''ന്റെ ഒരാഗ്രഹാര്‍ന്നു ഇവളെ ഈ സ്കൂളില്‍ തന്നെ ചേര്‍ത്തണന്നും, പഠിപ്പിച്ച് ഒരു ടീച്ചറാക്കണന്നും. ഓള് നല്ലോണം പാട്ടും പാടും സേര്‍'' ലക്ഷ്മിയുടെ ചിരിയില്‍ നിറയെ വെറ്റിലക്കറ. മോളുടെ പേരെന്താ...? പൂരിപ്പിക്കാനെടുത്ത അപേക്ഷാ ഫോറത്തില്‍ നോക്കി ഞാന്‍ ചോദിച്ചു. ''പാര്‍വതീന്നാ ന്റെ അമ്മേടെ പേര്. അമ്മപോയി ടീച്ചറെ... ഒരു പനി. അത്രേള്ളൂ...'' അവളുടെ വാക്കുകള്‍ക്ക് നോവിന്റെ ചുവ.
അറിയാതെയെന്റെ കണ്ണില്‍നിന്നുതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ മനോഹരമായൊരു മഴവില്ല് വിരിഞ്ഞു. ലക്ഷ്മിയുടെ സഫലീകരിക്കപ്പെട്ട കുഞ്ഞുസ്വപ്നം ഞാനതില്‍ തെളിഞ്ഞു കണ്ടു.