രാവിലെ എട്ട് മണിക്കുതന്നെ അന്‍സാര്‍ വണ്ടിയുമായി വന്നു.
''എന്താണുപ്പാ പ്രശ്‌നം?''
നിക്കറീല്ല മോനേ. ഏതായാലും ഒന്ന് പോയി അന്വേഷിക്കാം.'' സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ എസ്.ഐ. ഏതോ ആവശ്യത്തിന്
രാവിലെ എട്ട് മണിക്കുതന്നെ അന്‍സാര്‍ വണ്ടിയുമായി വന്നു.
''എന്താണുപ്പാ പ്രശ്‌നം?''
നിക്കറീല്ല മോനേ. ഏതായാലും ഒന്ന് പോയി അന്വേഷിക്കാം.'' സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ എസ്.ഐ. ഏതോ ആവശ്യത്തിന് പോയിരിക്കുകയാണ്. പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു.
പത്തു പതിനഞ്ച് മിനിട്ടുകള്‍ക്കകം പോലീസ് ജീപ്പ് ഇരമ്പിക്കൊണ്ടുവന്നു. അതില്‍ കൈയാമം വെക്കപ്പെട്ട പ്രതിയുണ്ടായിരുന്നു. കൂസലില്ലാത്ത മുഖവുമായി ഒരു ചെറുപ്പക്കാരന്‍...
പിറകിലെ ഡോര്‍ തുറന്നതും സ്വന്തം വീട്ടിലേക്ക് കയറുന്ന ലാഘവത്വത്തോടെ ചെറുപ്പക്കാരന്‍ സ്റ്റേഷനകത്തേക്ക് കടന്നു. കുറെ ലാപ്‌ടോപ്പുകളും മൊബൈലുകളും തൊണ്ടി മുതലായി പിടിച്ചിട്ടുണ്ടായിരുന്നു. ഒരു പോലീസുകാരന്‍ അത് മേശപ്പുറത്ത് ഭംഗിയായി നിരത്തിവെച്ചു.
പത്രത്തില്‍ പ്രതിയുടെ കൂടെ നിന്നുള്ള ഫോട്ടോ എടുത്തുചേര്‍ക്കാനുള്ള ബദ്ധപ്പാടാണ്.
എസ്.ഐ. വിളിപ്പിച്ചു.
ഫ്‌ളഷ് ഡോര്‍ തള്ളിത്തുറന്ന് അന്‍സാര്‍ മുമ്പിലായി നടന്നു. ''ഇരിക്കൂ...''
''സര്‍... അന്വേഷിച്ചിരുന്നു.''
''ങ്.ആ.. നിങ്ങളുടെ പേര് ജമാല്‍ മുഹമ്മദ്'' എന്നാണല്ലേ.
''അതെ...'' അന്‍സാറാണ് വെപ്രാളത്തോടെ പറഞ്ഞത്.
ഇന്‍സ്‌പെക്ടര്‍ പരിഹാസത്തോടെ അവനെ നോക്കി.
''രണ്ടുപേര്‍ക്കും ഒരു പേരാണോ''
''അല്ല സര്‍... ഇതാണ് ജമാല്‍ മുഹമ്മദ്. ഞാന്‍ അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ്.''
''നിങ്ങള്‍ പുറത്തു വെയ്റ്റ് ചെയ്യൂ.''
അന്‍സാര്‍ പുറത്തേക്ക് പോയതും ഹൃദയം പടപടാ മിടിച്ചു. ഇനി വല്ല ദേഹോപദ്രവമോ മറ്റോ ഉണ്ടാകുമോ?
ഇന്‍സ്‌പെക്ടര്‍ മേശവലിപ്പില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഏതാനും ചിത്രങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ വലിയ ഭാവമാറ്റമൊന്നുമില്ലാതെ ഒരു ഫോട്ടോ ഉയര്‍ത്തികാണിച്ചു.
''ഇയാളെ നിങ്ങള്‍ക്കറിയാമോ''
മുഖം തീരെ വ്യക്തമായില്ല. എങ്കിലും ഉടനെ മറുപടി പറഞ്ഞു. ''എനിക്കറിയില്ല സര്‍.''
''ഹ! ഹ! ഹ!'' ഇന്‍സ്‌പെക്ടര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
''സ്വന്തം മകനെ അറിയില്ലെന്നോ.. നല്ല തമാശ...''
അതുകേട്ട് ഞെട്ടലോടെ വീണ്ടും ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി.
''പടച്ച തമ്പുരാനേ.. ബാരിമോനാണല്ലോ ഇത്.''
''നേരത്തെ വ്യക്തമാകാഞ്ഞിട്ടാണ് സര്‍... അതെ ഇത് എന്റെ മകന്‍ തന്നെയാ...''
''നിരോധിക്കപ്പെട്ട ഏതെങ്കിലും സംഘടനയില്‍ അംഗമായിരുന്നോ മകന്‍..''
''ങ് ഹേ.. ഇല്ല സര്‍..'' വിറയലോടെയാണ് മറുപടി പറഞ്ഞത്.
''ഇല്ല... അവന്‍ മൈസൂരില്‍ പഠിക്കുകയാണ്.''
''അതെ.. മൈസൂരില്‍ വെച്ചാണ് അവനെ പോലീസ് കസ്റ്റഡിയിലെടുത്തത്.'' ഇന്‍സ്‌പെക്ടര്‍ പിറുപിറുത്തു.
''സര്‍... എനിക്ക്... എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒരു സംഘടനയിലും ഇന്നോളം പ്രവര്‍ത്തിച്ചിട്ടില്ല അവന്‍. എനിക്കൊറപ്പാ...''
''ഇതൊക്കെ എന്നോട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ അവിടത്തെ സ്റ്റേഷനുമായി ഉടനെ ബന്ധപ്പെടണം. ഇവിടെ ഇവന്‍ നല്ല കുട്ടിയായിരുന്നുവെന്ന് ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കാം.''
''സര്‍.. ഞാന്‍ എന്റെ മരുമകനെ ഒന്നുകാണട്ടെ.'' ഇന്‍സ്‌പെക്ടര്‍ ബെല്ലടിച്ചതും പോലീസുകാരന്‍ അന്‍സാറിനെയും കൂട്ടിവന്നു.
''മോനേ.. ഇവര്‍ പറയുന്നത് നമ്മുടെ ബാരിമോന്‍...'' അതു പറഞ്ഞപ്പോഴേക്കും വാക്കുകള്‍ പുറത്തേക്ക് വരാതായി. അന്‍സാര്‍ പെട്ടെന്നു വന്ന് താങ്ങി.
''സര്‍... കുറച്ചു വെള്ളം കിട്ടുമോ?''
പോലീസുകാരന്‍ ഉടന്‍ തന്നെ ഒരു കുപ്പി വെള്ളവുമായി വന്നു.
നല്ല സുഖമില്ലാത്ത ആളാണ്. അന്‍സാര്‍ പതുക്കെ നെഞ്ച് തടവിത്തന്നു. ഉപ്പ സമാധാനിക്ക്. ധൈര്യം കൈവിടരുത്. അല്ലാഹു നമ്മെ സഹായിക്കും. എന്നൊക്കെ പിറുപിറുത്തു.
ഒരുവിധം നിവര്‍ന്നിരുന്നു.
അന്‍സാര്‍ ശാന്തനായി ഇന്‍സ്‌പെക്ടര്‍ക്ക് നേരെ തിരിഞ്ഞു.
''സംഭവമെന്താണെന്നു പറയുമോ സര്‍...''
കഴിഞ്ഞ മൂന്നാലുമാസമായി നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയുമായി നിങ്ങളുടെ മകന് അടുത്ത ബന്ധമുണ്ടെന്ന്. മൈസൂര്‍ പോലീസ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള രേഖയാണിത്.''
അന്‍സാര്‍ അതില്‍ രേഖപ്പെടുത്തിയത് വായിച്ചുനോക്കി.
വിദേശബന്ധമുള്ള ഏതോ തീവ്രവാദിസംഘടനയെന്നാണ് അവരുടെ നിഗമനം. ആഴ്ചയിലൊരിക്കല്‍ ഏതോ വനപ്രദേശത്ത് വെച്ച് അവര്‍ സമ്മേളിക്കാറുണ്ടത്രെ. ബാരി അവരുടെ കൂട്ടത്തില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നും ഒരു ആശ്വാസവചനം അന്‍സാര്‍ ശ്രദ്ധിച്ചു.
''സര്‍.... നമുക്കെന്താണ് ചെയ്യാന്‍ കഴിയുക...''
''അവനെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ ഇവിടെനിന്നും അയക്കും. അതിനനുസരിച്ചായിരിക്കും മേല്‍ നടപടികള്‍. നിങ്ങള്‍ ഒരു വക്കീലുമായി പോയി അവനെ ജാമ്യത്തിലെടുക്കാന്‍ വേണ്ട ശ്രമം നടത്തുക. ഇവിടെനിന്നും അവന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്യാം. പക്ഷേ....''
ആ പക്ഷേക്ക് ഒരു വിശദീകരണവും വേണ്ടായിരുന്നു. തിരിച്ചുപോകുമ്പോള്‍ പോലീസുകാരന്‍ തുക പറഞ്ഞ0ുതന്നു. ഒരു കൈപ്പത്തി അഥവാ അന്‍പതിനായിരം രൂപ.
പണത്തിന്റെ കാര്യമൊന്നും മനസ്സിലേക്ക് കടന്നതുപോലുമില്ല. അവന്റെ സുരക്ഷയാണ് പ്രധാനം. അതും ഇക്കാലത്ത്, നിരപരാധികള്‍ നിരന്തരം വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം കേള്‍ക്കുന്നതാണ്.
വീട്ടിലെത്തി, ഭാര്യയോട് എന്തോ അപ്രധാന സംഭവമാണെന്ന് പറഞ്ഞൊഴിഞ്ഞു.
പക്ഷേ, അന്‍സാര്‍ അവന്റെ പരിചയക്കാരനായ ഒരു വക്കീലുമായി കാറില്‍ വന്നപ്പോള്‍ അവള്‍ക്ക് വീണ്ടും സംശയമായി.
ഗൂഢല്ലൂര്‍ ഒരു സ്ഥലക്കച്ചവടത്തിന് പോവുകയാണെന്ന് അവളെ ധരിപ്പിച്ചത് അന്‍സാറാണ്. സുഹൃത്തായ വക്കീലിനുവേണ്ടിയാണ് സ്ഥലമെന്നും ഉപ്പയെ വെറുതെ കൂട്ടുകയാണെന്നുമാണ് അവന്‍ പറഞ്ഞത്.
വൈകുന്നേരം നാലരയാകുമ്പോഴേക്കും മൈസൂരിലെത്തിച്ചേര്‍ന്നു.
പൊടിപടലങ്ങള്‍ നിറഞ്ഞ വൃത്തിഹീനമായ റോഡ്. വാഹനങ്ങളുടെ പെരുക്കം. ഇടതടവില്ലാതെ പാഞ്ഞുപോകുന്ന കുതിരവണ്ടികളും ടൂറിസ്റ്റ് ബസ്സുകളും.
പോലീസ് സ്‌റ്റേഷനിലെത്തിയതും നിയന്ത്രണം കിട്ടാതെ കരഞ്ഞുപോയി.
അന്‍സാര്‍ ഗൗരവത്തോടെ പറഞ്ഞു.
ഉപ്പാ... നമ്മള്‍ വളരെ സുപ്രധാനമായ ഒരു പ്രശ്‌നത്തിനെ അഭിമുഖീകരിക്കുകയാണ്. ഇവിടെ കരച്ചിലിനോ മറ്റു സെന്റിമെന്റ്‌സുകള്‍ക്കോ പ്രാധാന്യമില്ല. എത്രമാത്രം ബുദ്ധിപരമായി നമ്മള്‍ സമീപിക്കുന്നോ അത്രയും വിജയ സാധ്യതയുണ്ടാകും. ഉപ്പ കുറച്ചുകൂടി പ്രാക്ടിക്കലാകണം.
അവന്‍ അല്‍പം കടുപ്പിച്ചാണ് പറഞ്ഞത്. ആത്മനിയന്ത്രണം നഷ്ടപ്പെടരുതേ എന്ന് പ്രാര്‍ഥിച്ചു.
ഭാഗ്യത്തിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകുന്ന ഒരാളായിരുന്നു ഇന്‍സ്‌പെക്ടര്‍.
അയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വരാന്‍ പറഞ്ഞു. തമ്മില്‍ കണ്ടതും ഒരു ഭീകരമായ നിലവിളിയോടെ ബാരി ഉപ്പയെ കെട്ടിപ്പിടിച്ചു. ആ പിടുത്തത്തില്‍ നിന്നും ഒരിക്കലും മുക്തനാകരുതേ എന്ന് തോന്നിപ്പിക്കും മട്ടില്‍.
ഇന്‍സ്‌പെക്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
''വിദേശ തീവ്രവാദസംഘടനകള്‍ ചെറുപ്പക്കാരായ കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന ഐ.ബിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മകനടക്കം മൂന്നുപേരുടെ പേരിലുള്ള കേസ് ഗൗരവസ്വഭാവമുള്ളതല്ല. ചോദ്യം ചെയ്യലില്‍ അവര്‍ നിരപരാധികളാണെന്ന വസ്തുത ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. ജാമ്യം അനുവദിക്കാം. പക്ഷേ, കോടതി നടപടികളുണ്ടാകും. മാത്രമല്ല, സ്റ്റേഷന്റെ പരിധിവിട്ടുപോകാനും കഴിയില്ല. ഇതിനെല്ലാം പുറമേ നിങ്ങളുടെ നാട്ടില്‍നിന്നും വരാനിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പരമപ്രധാനവുമാണ്.''
''ഹാവൂ...'' മണിക്കൂറുകളായി അനുഭവിച്ചുകൊണ്ടിരുന്ന പിരിമുറുക്കത്തിന് അല്‍പം ആശ്വാസമായത് ഇപ്പോഴാണ്.
കാറില്‍ വെച്ച് അവന്‍ തനിക്ക് പറ്റിയ അമളിയെക്കുറിച്ച് പറഞ്ഞു. ''ക്ലാസ്സില്‍ കൂടെ പഠിക്കുന്ന സുഹൃത്തിന്റെ പെങ്ങളുടെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോവുകയായിരുന്നു ഞങ്ങള്‍. വഴിക്ക് വെച്ച് കാര്‍ കേടായി. അപ്പോഴാണ് അവര്‍ മൂന്നു നാലുപേര്‍ ഞങ്ങളുടെ സഹായത്തിനെത്തിയത്. അവരുടെ കൈയില്‍ കാര്‍ നന്നാക്കാനുള്ള എല്ലാ ഉപകരണങ്ങളുമുണ്ടായിരുന്നു. കാര്‍ നന്നാക്കിയ ശേഷം അവരും ഞങ്ങളും സുഹൃത്തുക്കളായി. നല്ല മനുഷ്യര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അവരോട് മതിപ്പുതോന്നിയത് സ്വാഭാവികം മാത്രം.
പിന്നീട് എന്റെ കൂട്ടുകാരന്‍ ഇവരുമായി കൂട്ടുകൂടാം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ കുറേപേരെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ചുട്ട മാനിന്റെ ഇറച്ചിതിന്നാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചപ്പോഴാണ് ഒടുവില്‍ ഞങ്ങള്‍ വീണത്.
ഭക്ഷണം കഴിക്കുക, സൗഹൃദം പുതുക്കുക എന്നല്ലാതെ ഞങ്ങള്‍ വിശദമായി അവരോട് സംസാരിക്കല്‍ പതിവില്ലായിരുന്നു. മാത്രമല്ല അവര്‍ക്ക് ഹിന്ദി മാത്രമേ വശമുള്ളൂ. ഇംഗ്ലീഷ് പോലുമറിയില്ല.
പിന്നീടാണ് അവരെ പോലീസ് പിടിച്ച വാര്‍ത്ത കണ്ടത്. ആദ്യം മയക്കുമരുന്നുകേസില്‍ എന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് ഞങ്ങള്‍ മനസ്സാ വാചാ അറിയാത്ത തീവ്രവാദകഥ.''
''ഏതായാലും വലിയ ഒരാപത്തില്‍ത്തന്നെയാണ് നീ കുടുങ്ങിയിരിക്കുന്നത്. ഇതില്‍നിന്ന് ഊരാനുള്ള മാര്‍ഗം കണ്ടെത്തണം. സമാധാനമായിരിക്കൂ.''
വക്കീലിന്റെ ഒരു സുഹൃത്ത് ഏര്‍പാടാക്കിത്തന്ന ഒരു അപ്പാര്‍ട്ട്‌മെന്റിലായി ഞങ്ങളുടെ താമസം. രണ്ടുദിവസങ്ങള്‍ക്കകം വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് ഞങ്ങള്‍ തിരിച്ചുവരാം എന്ന ഉറപ്പോടെ നാട്ടിലേക്കു പോന്നു.
പോരാന്‍ നേരം മകന്‍ ഒരുപാടു കരഞ്ഞു. ''സുഖമില്ലാത്ത സമയത്ത് ഉപ്പാനെ ബുദ്ധിമുട്ടിക്കേണ്ടിവന്നതില്‍ സങ്കടം ഉണ്ട്. ഉപ്പ പൊറുക്കണം.''
അവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ''സാരമില്ല. ഞങ്ങള്‍ മറ്റന്നാള്‍ തിരിച്ചുവരും. നീ പഠനകാര്യത്തില്‍ ശ്രദ്ധിക്ക്. അത് നഷ്ടപ്പെടുത്തരുത്.''
ഒന്ന് രണ്ട് പഴയ ആഭരണങ്ങള്‍ സാബിറ ഉപയോഗിക്കാത്തതായി കിടപ്പുണ്ടായിരുന്നു. അവളോട് മരുമകന്‍ സ്ഥലക്കച്ചവടത്തിന്റെ പേരുപറഞ്ഞ് അത് വാങ്ങിത്തന്നു. ഒന്നും നോക്കിയില്ല. കൊണ്ടുപോയി വിറ്റു.
പണം ഇനിയും പലവഴിക്ക് വേണ്ടിവരും ഉപ്പാ. അന്‍സാര്‍ പറഞ്ഞു. കുറച്ച് എന്റെ കൈയിലും കരുതാം.
മൂന്നു മാസത്തെ പ്രശ്‌നഭരിതമായ അലച്ചിലിനൊടുക്കം അവന്‍ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ബാക്കിയുള്ള ഉദ്യോഗസ്ഥരെയൊക്കെ ബോധ്യപ്പെടുത്താന്‍ പണം വെള്ളംപോലെ ഒഴിക്കേണ്ടിവന്നു എന്നത് വേറെ കാര്യം.
പഴയ സുഹൃത്തുക്കളുടെ സാമീപ്യത്തില്‍ നിന്നും അവനെ തല്‍ക്കാലം മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചു.
അവന്‍, ഏത് തീരുമാനത്തിനും അനുകൂലമായിരുന്നു. അത്രക്കധികം ഭയപ്പെട്ടുപോയിരുന്നു അവന്റെ മനസ്സ്.
പക്ഷേ, ആര് സംരക്ഷണം നല്‍കും?
വിശ്വസ്തതയോടെ ഏല്‍പിച്ചു പോകാന്‍ പറ്റിയ ആരാണുള്ളത്.
അപ്പോഴാണ് മകന്‍ അക്കാര്യം പറഞ്ഞത്. ടൗണില്‍ പഴക്കച്ചവടം നടത്തുന്ന ഒരാള്‍ ഉപ്പയുടെ പേര് ചൊല്ലി ഒന്ന് രണ്ട് പ്രാവശ്യം എന്നെ വിളിപ്പിച്ചു. കഴിഞ്ഞയാഴ്ച ഞാന്‍ അയാളുടെ കടയില്‍ നിന്ന് ആപ്പിള്‍ വാങ്ങുമ്പോള്‍ അയാള്‍ എന്റെ കൈക്ക് കയറിപ്പിടിച്ചു. ''നീ ജമാലിന്റെ മോനല്ലേ'' എന്നു ചോദിച്ചു. ഞാന്‍ ''അതെ''യെന്ന് ആശ്ചര്യത്തോടെ പറഞ്ഞപ്പോള്‍ ''ജമാല്‍ എന്റെ സ്വന്തം ജ്യേഷ്ഠനാണ് മോനേ.... പേര് പറഞ്ഞാല്‍ അവനറിയും നാദാപുരത്ത്കാരന്‍ മുസ്തഫ എന്ന് പറഞ്ഞാല്‍ മതി.''
പെട്ടെന്ന് മനസ്സ് ഗള്‍ഫുജീവിതകാലത്തേക്ക് പറന്നുയര്‍ന്നു.
ഒരുപാട് മലയാളികളെ സമാധാനിപ്പിക്കുകയും, ജോലി ശരിയാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജോലിയും കിട്ടാതെ വലഞ്ഞ എത്രയോ ആളുകള്‍ക്ക് ചോറും കറിയും അന്തിയുറങ്ങാന്‍ ഇടവും കൊടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നാദാപുരത്തുകാരന്‍ മുസ്തഫ. സംസാരിക്കുമ്പോള്‍ അല്‍പം വിക്കുണ്ടായത് കാരണം അറബിവീട്ടില്‍ നിന്നും അവനെ പുറത്താക്കി.
ഒരു നോമ്പുകാലത്ത് ഏതാണ്ട് അസറിനോടടുത്ത സമയം. റൂമിന്റെ വാതിലില്‍ പതിയെ മുട്ടുന്നത് കേട്ടപ്പോള്‍ എഴുന്നേറ്റു. ഖുര്‍ആന്‍ പാരായണം ചെയ്ത് ഉറങ്ങിപ്പോയതായിരുന്നു. (അസര്‍ ബാങ്ക് കേട്ടുണരാം എന്ന് കരുതി)
ക്ഷീണത്തോടെ വാതില്‍ തുറന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുന്നില്‍ നിന്നു പുഞ്ചിരിക്കുന്നു. അഴുക്കുപുരണ്ട വസ്ത്രങ്ങള്‍, മുടി ആകെ അലങ്കോലപ്പെട്ടുകിടക്കുന്നു. കണ്ണുകളില്‍ അയാളനുഭവിക്കുന്ന യാതന നിഴലിക്കുന്നുണ്ട്.
''ങ് ഉം.. ആരാ...'' നീരസത്തോടെയാണ് ചോദിച്ചത്. ''ഞാന്‍ മുസ്തഫ... നാദാപുരം സ്വദേശിയാ...''
പെട്ടെന്ന് അയാള്‍ കൈക്ക് കയറിപ്പിടിച്ചു. ''ഇന്ന് ഉറങ്ങാന്‍ ഒരിടം തരണം... അല്ലാനെ ഓര്‍ത്ത് പറ്റില്ലാന്ന് പറയരുത്.''
അയാളെ അകത്തേക്ക് വിളിച്ചു.
ഒന്നും ചോദിച്ചില്ല.
അസര്‍ നമസ്‌കാരത്തിനായി പള്ളിയിലേക്ക് അയാള്‍ കൂടെ പോന്നു. അപ്പോഴാണ് അയാള്‍ തന്റെ ദുഃഖങ്ങള്‍ അവതരിപ്പിച്ചത്.
മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. അതിനിടയിലാണ് സ്‌പോണ്‍സറായ അറബി ജോലിചെയ്ത ശമ്പളക്കുടിശ്ശിക തരാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സംസാരത്തില്‍ വിക്കുണ്ടത്രെ. ഈ വിക്കുമായിട്ടാണ് പത്തുമാസം അയാളുടെ വീട്ടില്‍ താന്‍ ജോലിചെയ്തത്. പിന്നീട് സുഹൃത്തുക്കളാണ് പറഞ്ഞത് ഇതയാളുടെ സ്ഥിരം പരിപാടിയാണത്രെ.
നാട്ടിലേക്കയക്കാനുള്ള പരിപാടിയാണെന്നറിഞ്ഞപ്പോള്‍ ഇരുചെവിയറിയാതെ ഞാനവിടെ നിന്നും രക്ഷപ്പെട്ടു. പോലീസിന്റെ കണ്ണില്‍പ്പെട്ടാല്‍ ജയിലിലാകും. അറബിയുടെ കണ്ണില്‍പെട്ടാല്‍ വല്ല മോഷണക്കുറ്റമോ മറ്റോ ചുമത്തി ശിക്ഷിക്കും. നാട്ടില്‍പോയിട്ട് കാര്യമില്ല. എല്ലാവര്‍ക്കും വിഷം കൊടുത്ത് കൊല്ലേണ്ടിവരും.
അയാളുടെ കദനകഥ കേട്ട് അത്ഭുതപ്പെട്ടില്ല. ഇതൊക്കെ ഗള്‍ഫ് നാട്ടിലെ നിസ്സാരമായ കേസുകളാണ്. ഇതിലും ഭീകരമാണ് പലകഥകളും.
ആ മുസ്തഫയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു മാസത്തിനകം പരിഹാരമുണ്ടാക്കിക്കൊടുത്തത് താനാണ്. ശമ്പളക്കുടിശ്ശിക അറബിയോട് വാങ്ങിക്കൊടുക്കാന്‍ ഒരുപാട് പ്രയാസപ്പെടേണ്ടിവന്നു. ഗള്‍ഫ് മലയാളികളുടെ സംഘടനയില്‍ നിന്ന് മകളുടെ കല്യാണത്തിനായി മോശമല്ലാത്ത ഒരു തുക പിരിച്ച് നല്‍കുകയും ചെയ്തു.
ഏതായാലും മുസ്തഫ ദൈവം മുന്നിലെത്തിച്ച ഒരു സഹായമാണ്. അയാളെ കാണുക തന്നെ.
(തുടരും)