ലൈംഗികരോഗമുള്ള വ്യക്തിയുമായി ശാരീരികബന്ധം പുലര്‍ത്തിയാല്‍ (ഏത് രീതിയിലായാലും) അത് പങ്കാളിയിലേക്കും രോഗം പകരാനിടയാകും. കൗമാരപ്രായത്തില്‍ ഇതു പകരാന്‍ സാധ്യത കൂടുതലാണ്. ആദ്യഘട്ടത്തില്‍ ചിലപ്പോള്‍ ലക്ഷണമൊന്നും ഇല്ലെങ്കിലും ലൈംഗികബന്ധം വഴി മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരാനിടയുണ്ട്. ചിലപ്പോള്‍ ലക്ഷണങ്ങള്‍
ലൈംഗികരോഗമുള്ള വ്യക്തിയുമായി ശാരീരികബന്ധം പുലര്‍ത്തിയാല്‍ (ഏത് രീതിയിലായാലും) അത് പങ്കാളിയിലേക്കും രോഗം പകരാനിടയാകും. കൗമാരപ്രായത്തില്‍ ഇതു പകരാന്‍ സാധ്യത കൂടുതലാണ്. ആദ്യഘട്ടത്തില്‍ ചിലപ്പോള്‍ ലക്ഷണമൊന്നും ഇല്ലെങ്കിലും ലൈംഗികബന്ധം വഴി മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരാനിടയുണ്ട്. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പൂപ്പല്‍ബാധയുടെയോ (ഫംഗസ്) യീസ്റ്റ് എന്ന അണുബാധയുടെയോ ലക്ഷണങ്ങള്‍ പോലെയായിരിക്കാം. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് അടിവയറ്റില്‍ അണുബാധ, വന്ധ്യത (കുട്ടികളുണ്ടാവാതിരിക്കുക) കാന്‍സര്‍ എന്നിവയും ചിലപ്പോള്‍ മരണവും ഉണ്ടാവാനിടയുണ്ട്. പലതരം ബാക്ടീരിയകളും വൈറസുകളും രോഗമുണ്ടാക്കുന്നു.
ലക്ഷണങ്ങള്‍
അടിവയറ്റില്‍ വേദന, പച്ചയോ മഞ്ഞയോ ചാരനിറമോ ഉള്ളതും ദുര്‍ഗന്ധമുള്ളതുമായ ദ്രാവകം യോനിയില്‍ നിന്നു പുറത്തേക്ക് വരിക, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. യോനിയുടെ പുറത്തുള്ള ഭാഗങ്ങളില്‍ പുണ്ണും ചൊറിച്ചിലും ഉണ്ടാവാം. ഹെപ്പറ്റൈറ്റിസ് ബി രോഗവും എയ്ഡ്‌സ് രോഗവും ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണ്.
ഹൈപ്പറ്റൈറ്റിസ് ബി രോഗലക്ഷണങ്ങള്‍
ക്ഷീണം, കണ്ണിനും ചര്‍മത്തിനും മൂത്രത്തിനും കടുത്ത മഞ്ഞനിറം, അടിവയറ്റില്‍ വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, സന്ധികളില്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഒരു ലക്ഷണവും ഉണ്ടാവാറുമില്ല.
എയ്ഡ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍
അതിയായ ക്ഷീണം, പെട്ടെന്ന് തൂക്കം കുറയുക, കഴലവീക്കം, നേരിയ പനി, വായിലോ യോനിയിലോ അണുബാധ, മറ്റു ലൈംഗിക രോഗങ്ങള്‍.
Human Papilloma വൈറസ് ജനനേന്ദ്രിയത്തില്‍ അരിമ്പാറപോലുള്ള മുഴകള്‍, ഗര്‍ഭാശയ ഗളാര്‍ബുദം എന്നിവ ഉണ്ടാക്കാനിടയുണ്ട്.
ചിലതരം ലൈംഗികരോഗങ്ങള്‍ക്ക് ലക്ഷണങ്ങളുണ്ടാവില്ല. അതുകൊണ്ട് പുരുഷ പങ്കാളിക്ക് ലൈംഗികരോഗമുള്ളത് മനസ്സിലാവില്ല. അറിയാതെ രോഗം പങ്കാളിയിലേക്കും പകരും.
ചിലതരം ലൈംഗിക രോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാവാത്തതുകൊണ്ട് അത്തരം രോഗം പിടിപെട്ടാല്‍ അതു പങ്കാളിക്കു പോലും മനസ്സിലാവില്ല. അത് പിന്നീട് സ്ത്രീകളില്‍ ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം.
ലൈംഗിക രോഗമുണ്ടെങ്കില്‍ എന്തുചെയ്യണം?
മേല്‍പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയോ ലൈംഗികരോഗമുണ്ടെന്നു സംശയം തോന്നുകയോ ചെയ്യുകയാണെങ്കില്‍ ഉടനെ വിശ്വാസമുള്ള ഏതെങ്കിലും മുതിര്‍ന്നയാളോട് പറയുക. ഉടനെത്തന്നെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
പങ്കാളിയോടും വിവരം പറയുക. പങ്കാളിയെയും ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുകയും രോഗമുണ്ടെങ്കില്‍ ചികിത്സ തുടങ്ങുകയും വേണം.
ചികിത്സ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി തുടരുക.
ചികിത്സ നടക്കുമ്പോള്‍ ലൈംഗികബന്ധം പാടില്ല.
രോഗം പൂര്‍ണമായി മാറിയിട്ടുണ്ടോ എന്നും ഡോക്ടര്‍ പരിശോധിച്ചു നോക്കണം.
ലൈംഗിക രോഗമുള്ളപ്പോള്‍ ഗര്‍ഭി ണിയാവുകയാണെങ്കില്‍ അത് ഡോക്ടറോട് പറയണം. ചില മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് അപകടമായിരിക്കും.
HIV, HPV വൈറസുകള്‍ മൂലം ഉണ്ടാവുന്ന ലൈംഗിക രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ വിഷമമാണ്. ലക്ഷണമൊന്നുമില്ലെങ്കിലും പങ്കാളിയിലേക്ക് ഈ രോഗങ്ങള്‍ പകരാനിടയുണ്ട്.
ചില ലൈംഗിക രോഗങ്ങള്‍ ചികിത്സിച്ചില്ലെങ്കില്‍ ജീവനുതന്നെ അപകടമായേക്കാം. (ഉദാ: എയ്ഡ്‌സ്)
ചില ലൈംഗികരോഗങ്ങള്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റിയാലും തുടര്‍ന്നും രോഗമുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വീണ്ടും രോഗമുണ്ടാവാം.
ലൈംഗികരോഗം ഒഴിവാക്കുന്നതെങ്ങിനെ?
വിവാഹം കഴിയുന്നതുവരെ ആരുമായും ലൈംഗികബന്ധം നടത്താതിരിക്കുക എന്നതുമാത്രമാണ് ലൈംഗികരോഗം ഒഴിവാക്കാന്‍ ഏറ്റവും നല്ലമാര്‍ഗം
ദമ്പതികള്‍ രണ്ടുപേരും ഡോക്ടറെ കാണിച്ച് രോഗമുണ്ടെങ്കില്‍ ചികിത്സിക്കുക, ജീവിതപങ്കാളികളല്ലാത്തവരുമായി ലൈംഗികബന്ധം നടത്താതിരിക്കുക. എന്നിവ ചെയ്താല്‍ ലൈംഗിക രോഗം ഒഴിവാക്കാന്‍ ഒരു പരിധി വരെ കഴിയും. ഹൈപ്പറ്റൈറ്റിസ് ബി എന്ന രോഗം വരാതിരിക്കാന്‍ കുത്തിവെപ്പുണ്ട്. അതുപോലെ Human Papilloma Virus കൊണ്ടുള്ള രോഗം വരാതിരിക്കാനും കുത്തിവെപ്പുണ്ട്.
എയ്ഡ്‌സ് രോഗം
എയ്ഡ്‌സ് എന്നത് വെറും ഒരു രോഗമല്ല, പലതരം അണുബാധകളുടെ കൂട്ടമാണ്. ഇതുണ്ടാക്കുന്ന വൈറസ് നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധവ്യവസ്ഥയെ അക്രമിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിനെ ആക്രമിക്കുന്ന അണുബാധകളെ ചെറുത്തുതോല്‍പിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ ഉണ്ടാക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥയാണ്. HIV എന്ന വൈറസ് ഈ വ്യവസ്ഥയെത്തന്നെ ആക്രമിച്ചു നിര്‍വീര്യമാക്കുന്നതുകൊണ്ട് പലതരം അണുബാധകള്‍ ശരീരത്തിനെ ബാധിക്കുന്നു.
എയ്ഡ്‌സ് ഉണ്ടാവുന്നത്.
ഇതു പല ഘട്ടങ്ങളിലായി ഉണ്ടാവുന്നു. ഒന്നാംഘട്ടത്തില്‍ HIV എന്ന വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നു. ഈ ഘട്ടത്തിലുള്ള രോഗികളെ HIV +ve എന്നുപറയുന്നു. ഇത്തരം വ്യക്തികള്‍ക്കു ലക്ഷണങ്ങളൊന്നും കാണില്ല,. അവരെ കാണുമ്പോഴും ആരോഗ്യമുള്ളതായി തോന്നും. പക്ഷേ അവരില്‍നിന്നു മറ്റുള്ളവരിലേക്ക് രോഗം പകരാനിടയുണ്ട്. ഒന്നാം ഘട്ടത്തിനു ശേഷമുള്ള ഘട്ടങ്ങളില്‍ ക്രമേണ വൈറസ് ആന്റിബോഡിയെ തോല്‍പിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെത്തന്നെ നശിപ്പിക്കുകയും അതോടെ ആ വ്യക്തി എയ്ഡ്‌സ് രോഗിയായിത്തീരുകയും ചെയ്യുന്നു. ശരീരത്തെ മാരകമായ അണുബാധകള്‍ അക്രമിക്കുന്നതോടെ രോഗി മരിക്കാനിടയുണ്ട്. HIV പോസിറ്റീവ് ആകുന്നതിനും എയ്ഡ്‌സ് രോഗിയാവുന്നതിനും ഇടയിലുള്ള കാലയളവ് പലര്‍ക്കും പലതരത്തിലാണ്. ഇത് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നീണ്ടുനില്‍ക്കാം.
എയ്ഡ്‌സ് പകരുന്നതെങ്ങിനെ?
ശരീരത്തിലെ സ്രവങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു കൈമാറുന്നതാണ് എയ്ഡ്‌സ് രോഗം പകരാന്‍ കാരണം. ശരീരസ്രവങ്ങളില്‍ പ്രധാനമായി ശുക്ലം, യോനീസ്രവം, രക്തം എന്നിവയിലൂടെ രോഗം പകരുന്നു. ശരീരസ്രവങ്ങള്‍ കൈമാറുന്നത് പല മാര്‍ഗങ്ങളിലൂടെയാവാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
എയ്ഡ്‌സ് രോഗമുള്ള പുരുഷന്‍ സ്ത്രീയുമായി ലൈംഗികബന്ധം നടത്തിയാല്‍ സ്ത്രീയിലേക്കു രോഗം പകരും. സ്ത്രീക്ക് എയ്ഡ്‌സ് ഉണ്ടെങ്കില്‍ യോനീസ്രവം വഴി പുരുഷനിലേക്കും പകരും. പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങള്‍ നടത്തുമ്പോള്‍ ശുക്ലമോ രക്തമോ ശരീരത്തിലെ മുറിവുകളില്‍ പുരണ്ടാലും രോഗം പകരാം.
ഏതെങ്കിലും രോഗിക്ക് രക്തമോ രക്തത്തില്‍നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളോ (പ്ലാസ്മ, പ്ലേറ്റ്‌ലൈറ്റുകള്‍ മുതലായവ) ഞരമ്പുവഴി കയറ്റേണ്ടിവരുമ്പോള്‍ അതു നല്‍കുന്നയാള്‍ എയ്ഡ്‌സ് രോഗിയാണെങ്കില്‍ രോഗം അതുവഴി പകരാനിടയുണ്ട്. അതുകൊണ്ട് രക്തവും രക്തത്തില്‍ നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളും രോഗികളുടെ ശരീരത്തില്‍ കയറ്റുന്നതിനു മുമ്പ് HIV എന്ന വൈറസ് അതിലുണ്ടോ എന്ന പരിശോധന നടത്തേണ്ടതാവശ്യമാണ്.
3. ശരിയായ രീതിയില്‍ രോഗാണുവിമുക്തമാക്കാത്ത സൂചികളും സിറിഞ്ചുകളും ഇഞ്ചക്ഷനുവേണ്ടി ഉപയോഗിച്ചാല്‍ എയ്ഡ്‌സ് പകരാം. ഓരോ ഇഞ്ചക്ഷനു ശേഷവും നശിപ്പിച്ചുകളയാവുന്ന സിറിഞ്ചുകളും സൂചികളുമാണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കേണ്ടത്. പരസ്പരം മാറ്റി ഉപയോഗിക്കുമ്പോഴും എയ്ഡ്‌സ് രോഗമുള്ളവരില്‍നിന്ന് മറ്റുള്ളവരിലേക്ക് പകരാനിടയുണ്ട്.
4. എയ്ഡ്‌സ് രോഗമുള്ള അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്കു രോഗം പകരാം. മുലപ്പാല്‍ കൊടുക്കുമ്പോഴും പകരാനിടയുണ്ട്. (പക്ഷേ മുലപ്പാലില്‍ വൈറസിന്റെ തോത് കുറവായിരിക്കും)
എയ്ഡ്‌സ് പകരാത്ത സന്ദര്‍ഭങ്ങള്‍
ശരീര സ്രവങ്ങൡപെടുന്ന ശുക്ലം, യോനീസ്രവം, രക്തം എന്നിവയില്‍ HIV എന്ന വൈറസുണ്ടെങ്കില്‍ പകരാന്‍ സാധ്യതയുണ്ടെങ്കിലും വിയര്‍പ്പ്, മുലപ്പാല്‍, ഉമിനീര്‍ കണ്ണുനീര്‍ എന്നിവയില്‍ വൈറസിന്റെ തോത് വളരെ കുറച്ചുമാത്രമേ ഉണ്ടാവുന്നുള്ളൂ. അതുകൊണ്ട് അവ അത്ര അപകടകരമല്ല.
ചുംബിക്കുക, കെട്ടിപ്പിടിക്കുക, തൊടുക, ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുക, ഹസ്തദാനം ചെയ്യുക, കൊതുകുകടിക്കുക, വെള്ളവും ഭക്ഷണവും പങ്കുവെക്കുക, വസ്ത്രങ്ങള്‍ പങ്കുവെക്കുക, ഒരേ ടോയ്‌ലറ്റ് ഉപയോഗിക്കുക എന്നീ സന്ദര്‍ഭങ്ങളിലൊന്നും എയ്ഡ്‌സ് പകരാനിടയില്ല.
ഗൈനക്കോളജിസ്റ്റിനെ കാണുന്നതെന്തിന്?
സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളോ പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണിക്കണം. വെള്ളപോക്ക്, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സ തുടങ്ങാന്‍ കഴിയും. കൗമാരത്തില്‍ ലൈംഗികബന്ധം നടത്തിയാലുള്ള അപകടങ്ങളെക്കുറിച്ചും ഗര്‍ഭനിരോധനമാര്‍ഗങ്ങളെക്കുറിച്ചും കൗമാരകാലത്തുണ്ടാവുന്ന ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും സങ്കീര്‍ണതകളെക്കുറിച്ചും ഗൈനക്കോളജിസ്റ്റിനോട് ചോദിച്ചു മനസ്സിലാക്കാം. ശരീരപരിശോധന നടത്തിയശേഷം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ ചെയ്യണം.
എപ്പോഴാണ് ഗൈനക്കോളജിസ്റ്റിനെ കാണിക്കേണ്ടത്
1.ജീവിതപങ്കാളിയല്ലാത്തവരുമായി ലൈംഗികബന്ധം (ഏതുതരത്തിലുള്ളതായാലും) നടത്തിയിട്ടുണ്ടെങ്കില്‍
2 ബലാത്സംഗം ചെയ്യപ്പെട്ടാല്‍
3. മൂന്നുമാസം കഴിഞ്ഞിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍
4. 15 വയസ്സായിട്ടും (അല്ലെങ്കില്‍ സ്തനവളര്‍ച്ച തുടങ്ങി 3 വര്‍ഷമായിട്ടും) ആര്‍ത്തവം തുടങ്ങിയിട്ടില്ലെങ്കില്‍.
5. ലൈംഗിക ബന്ധത്തിനു ശേഷം ആര്‍ത്തവം മുടങ്ങിയാല്‍
6. ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവകാല പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ ഉദാ. അടിവയറ്റില്‍ വേദന, അമിത രക്തസ്രാവം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, ആര്‍ത്തവം കൃത്യമായി വരാതിരിക്കുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍.
7. വെള്ളപോക്കുണ്ടെങ്കില്‍ (ദുര്‍ഗ്ഗന്ധമുള്ളതും പച്ചയോ മഞ്ഞയോ പാലിന്റെ നിറമോ ഉള്ള കട്ടിയായ ദ്രാവകം യോനിയിലൂടെ വരിക, അതോടൊപ്പം ചൊറിച്ചില്‍, പുണ്ണ്, എന്നിവയും ഉണ്ടെങ്കില്‍.
8. അടിവയറ്റില്‍ വേദന, പനി, യോനിയില്‍നിന്ന് മഞ്ഞയോ പച്ചയോ ചാരനിറമോ ഉള്ളതും ദുര്‍ഗ്ഗന്ധമുള്ളതുമായ ദ്രാവകം വരുന്നുണ്ടെങ്കില്‍.
9. മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റില്‍ വേദന, ഇടക്കിടെ മൂത്രം ഒഴിക്കേണ്ടിവരിക, പനി എന്നിവയുണ്ടെങ്കില്‍.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് അഭിപ്രായമറിയുകയും രോഗത്തിനും ആരോഗ്യപ്രശ്‌നത്തിനും ആവശ്യമായ ചികിത്സ തുടങ്ങുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.