ജീവിത യാത്ര ഖുര്‍ആനിനോടൊപ്പം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

'ഈഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുïെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.' (ഖുര്‍ആന്‍.17:9)

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അതിന്റെ ആശയമെന്നപോലെ ഭാഷയും ശൈലിയും പദഘടനയുമെല്ലാം ദൈവികമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. ഖുര്‍ആന്‍ നാം ഓരോരുത്തര്‍ക്കുമുള്ള അല്ലാഹുവിന്റെ സന്ദേശമാണ്. ആശയം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവാണ് നമ്മോട് സംസാരിക്കുന്നത്. അവന്‍ നമുക്ക് വിജയത്തിന്റെ വഴി കാണിച്ചുതരുന്നു. ഏറ്റവും നേരായ വഴിയില്‍ നടക്കാന്‍ ആവശ്യമായതെല്ലാം പറഞ്ഞുതരുന്നു. നിയമ നിര്‍ദേശങ്ങള്‍ നല്‍കുന്നു. വിധിവിലക്കുകള്‍ പഠിപ്പിക്കുന്നു. കഴിഞ്ഞകാല സമൂഹങ്ങളുടെ കഥ പറഞ്ഞു തരുന്നു. ആ ചരിത്ര സംഭവങ്ങള്‍ നല്‍കുന്ന പാഠം പഠിപ്പിക്കുന്നു. അങ്ങനെ മനസ്സിന്റെ ഇരുളകറ്റി  പ്രകാശം പരത്തുന്നു. അന്ധവിശ്വാസത്തിനും അവിശ്വാസത്തിനും അറുതി വരുത്തുന്നു. ഏറ്റവും ശരിയായ വിശ്വാസത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും നയിക്കുന്നു. അനാചാരങ്ങളെ തൂത്ത് മാറ്റി ഇരുലോക വിജയവും ഉറപ്പുവരുത്തുന്നു. നമ്മെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ആരാധനാനുഷ്ഠാനങ്ങള്‍ അഭ്യസിപ്പിക്കുന്നു. എല്ലാ ദു:സ്വഭാവങ്ങളും തേച്ചുമായിച്ച് ഉത്തമ സ്വഭാവങ്ങളുടെ ഉടമകളാക്കുന്നു.
അതിനാല്‍ ഖുര്‍ആനില്‍ ഇടം കിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ജീവിതത്തെയും മരണത്തെയും  ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു. അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യേïത് അല്ലാഹു തന്നോട് സംസാരിക്കുകയാണെന്ന ബോധത്തോടെയാവണം. മനസ്സിന്റെ മൂന്നാം കണ്ണ് തുറന്നുവെച്ചാവണം. അപ്പോള്‍ സ്വര്‍ഗത്തെ സംബന്ധിച്ച ഖുര്‍ആന്‍  വാക്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവിടത്തെ അതിമനോഹരമായ മരങ്ങളും പൂക്കളും കായ്കനികളും തിങ്ങിനിറഞ്ഞ ചേതോഹരമായ തോട്ടങ്ങളും നാം കാണും. അവയുടെ ചില്ലകളില്‍ തൂങ്ങിനില്‍ക്കുന്ന അതിവിശിഷ്ടമായ പഴങ്ങള്‍ കണ്‍മുന്നിലേക്ക് വരാം. ഹൃദയഹാരിയായ ചാരുമഞ്ചങ്ങളും പട്ടുമെത്തകളും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. മന്ദമന്ദമൊഴുകുന്ന സ്വര്‍ഗീയാരുവികളുടെ കളകളാരവം കേള്‍ക്കുന്നു. കൊച്ചുകുട്ടികളുടെ കളിതമാശകളും രാപ്പാടി പക്ഷികളുടെ മനോഹര ഗീതങ്ങളും കാതുകളില്‍ വന്നലക്കുന്നു.
അങ്ങനെ അവിടെ ചെന്നെത്താനും അവയുടെയൊക്കെ അവകാശികളാകാനുള്ള അതിയായ ആഗ്രഹം മനസ്സിനെ അടക്കി ഭരിക്കുന്നു. അത് ഹൃദയസ്പര്‍ശിയായ പ്രാര്‍ഥനയായി മാറുന്നു. നരകത്തെ സംബന്ധിച്ച ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ കടന്നുപോവുമ്പോള്‍ നരകത്തിന്റെ ഘോര ഗര്‍ജനവും നരകവാസികളുടെ അട്ടഹാസങ്ങളും കേള്‍ക്കുന്നു. നരകത്തിന്റെ അഗ്നി ജ്വാലകളും ഭീകരതയും കാണാനാവാതെ മുഖം തിരിക്കുന്നു. അതില്‍നിന്ന് രക്ഷപ്പെടാനുള്ള തിടുക്കം പ്രാര്‍ത്ഥനയായി മാറുന്നു. നൂഹ് നബിയുടെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹവും ജനതയും തമ്മില്‍ നടത്തിയ വമ്പിച്ച ആശയ സംവാദത്തിന് നാം സാക്ഷികളാകുന്നു. മരുഭൂമിയില്‍ വെച്ച് നൂഹ് നബി കപ്പലുïാക്കുന്നതും എതിരാളികള്‍ അതിനെ അതിരൂക്ഷമായി പരിഹസിക്കുന്നതും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അവസാനം മുകളില്‍ നിന്നും താഴെനിന്നും വെള്ളം കുത്തിയൊഴുകി മഹാപ്രളയമായി മാറുന്നത് നേരില്‍ കാണുന്നു. അതിന്റെ മുകളിലൂടെ നൂഹ് നബിയുടെ കപ്പല്‍ സഞ്ചരിച്ച് ജൂദി പര്‍വതത്തിന്റെ മുകളിലെത്തുന്നതും അതില്‍ നിന്ന് വിശ്വാസികളുടെ കൊച്ചു സംഘം ഇറങ്ങിവരുന്നതും അതിശയത്തോടെ കïാസ്വദിക്കുന്നു. ഇങ്ങനെ ഖുര്‍ആന്‍ പാരായണം അതിനോടൊന്നിച്ചുള്ള യാത്രയായി മാറ്റുന്നതോടെ അത് അദൃശ്യ ലോകത്തിലൂടെയുള്ള ആത്മീയ സഞ്ചാരമായി മാറുന്നു. അതിലൂടെ നാം ഇരുപത്തഞ്ച് പ്രവാചകന്മാരെയും അവരുടെ ജനതകളെയും കïുമുട്ടുന്നു. അവരുടെ സംഭാഷണങ്ങള്‍ക്ക് കാതോര്‍ക്കുന്നു. നംറൂദിന്റെ അഗ്നികുണ്ഡവും അതില്‍നിന്ന് ഇബ്രാഹിം നബി മന്ദസ്മിതനായി ഇറങ്ങിവരുന്നതും തുടികൊട്ടുന്ന ഹൃദയത്തോടെ വികാരാധീനരായി നോക്കിനില്‍ക്കുന്നു. മൂസാ നബി (അ)യുടെ വടിയിലൂടെ അല്ലാഹുവിന്റെ മുഅ്ജിസതുകള്‍ അനാവൃതമാകുന്ന എല്ലാ സന്ദര്‍ഭങ്ങളും അദ്ഭുതത്തോടെ കïാസ്വദിക്കുന്നു. അങ്ങനെ ആ സച്ചരിതരായ ദൈവദൂതന്മാരുടെയും അനുയായികളുടെയും കൂടെ ചെന്നണയാനുള്ള തീവ്രമായ മോഹം പ്രാര്‍ഥനയായി മാറുന്നു. അപ്പോഴൊക്കെയും അവരുമായി ഹസ്തദാനം ചെയ്യാനും അവരെ ആലിംഗനം ചെയ്യാനും ഹൃദയം തുടികൊട്ടിക്കൊïേയിരിക്കും.
ഇങ്ങനെ വിശുദ്ധ ഖുര്‍ആന്റെ പാരായണം അതിലെ ആശയങ്ങള്‍ ഹൃദയത്തില്‍ അലിയിച്ച് ചേര്‍ത്ത് അഭൗതിക ലോകത്തിലൂടെയുള്ള ആത്മീയ യാത്രയാക്കി മാറ്റാന്‍ കഴിയുന്നവരാണ് മഹാഭാഗ്യവാന്മാര്‍. അവര്‍ക്കാണ് സ്വന്തം ജീവിതത്തെ വിശുദ്ധ ഖുര്‍ആന്റെ സഞ്ചരിക്കുന്ന പതിപ്പാക്കി  പരിവര്‍ത്തിപ്പിക്കാന്‍ കഴിയുക. അപ്പോഴാണ് ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് വഴി നടത്തുന്ന തുല്യതയില്ലാത്ത വിശിഷ്ട വിശുദ്ധ ഗ്രന്ഥമായി മാറുക.
ഒരു ബിന്ദുവില്‍നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒട്ടേറെ വരകള്‍ വരക്കാം. എന്നാല്‍ നേര്‍വര ഒന്നേ ഉïാവുകയുള്ളൂ. അപ്രകാരം തന്നെ ജനനത്തോട് ആരംഭിച്ച് മരണത്തിലെത്തുന്ന ജീവിതത്തിന് ഒട്ടേറെ വഴികളുïാവാം. എന്നാല്‍ ഏറ്റവും ചൊവ്വായ ഒരൊറ്റ വഴിയേ ഉïാവുകയുള്ളൂ. ആ വഴിയാണ് വിശുദ്ധഖുര്‍ആന്‍ വരച്ചു കാണിക്കുന്നത്. അതിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ മരണ കവാടത്തിലൂടെ സ്വര്‍ഗ്ഗ കവാടങ്ങളിലെത്തുകയുള്ളൂ.
'ആ ഗ്രന്ഥം ഇതാണ്. ഇതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിത് വഴികാട്ടി.'(2:2)
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top