തെരഞ്ഞെടുപ്പുകാലം ഇറങ്ങി നടക്കേണ്ട കാലമാണ്. വോട്ട് പിടിക്കണം, ഫണ്ട് പിരിക്കണം.
അതുകൊണ്ടാണ് ആശുപത്രിയിലൊന്ന് അഡ്മിറ്റാകണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കാതിരുന്നത്. എന്റെ തൊണ്ടവേദനയായിരുന്നു പ്രശ്‌നം. ഞാനോര്‍ത്തു: തൊണ്ടയും അതിന്റെ വേദനയും ഇലക്ഷന്‍ കഴിഞ്ഞാലും അവിടെകാണും.
തെരഞ്ഞെടുപ്പുകാലം ഇറങ്ങി നടക്കേണ്ട കാലമാണ്. വോട്ട് പിടിക്കണം, ഫണ്ട് പിരിക്കണം.
അതുകൊണ്ടാണ് ആശുപത്രിയിലൊന്ന് അഡ്മിറ്റാകണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കാതിരുന്നത്. എന്റെ തൊണ്ടവേദനയായിരുന്നു പ്രശ്‌നം. ഞാനോര്‍ത്തു: തൊണ്ടയും അതിന്റെ വേദനയും ഇലക്ഷന്‍ കഴിഞ്ഞാലും അവിടെകാണും. വോട്ടുപിടുത്തം പിന്നീട് ചെയ്യാമെന്ന് വെക്കുന്നത് ശരിയാകില്ലല്ലോ.
ഇനി, അത് വല്ലവരെയും ഏല്‍പ്പിച്ചാല്‍ തന്നെയും, ഫണ്ട് പിരിവുകൂടി അങ്ങനെ ഏല്‍പ്പിക്കാന്‍ പറ്റില്ല. എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ?
ഈ ഉത്തരവാദിത്തബോധത്തിന്റെ അമിതഡോസാണെന്ന് കരുതിക്കോളൂ, എല്ലാം ഞാന്‍ തന്നെ ചെയ്യാമെന്ന് വെച്ചു. തൊണ്ടയാകട്ടെ ദിവസംതോറും വഷളായിവരുന്നു.
അപ്പോഴാണ് എന്റെ ടീമിലെ കലീം ഒരു കാര്യം പറഞ്ഞത്: സിഗരറ്റ് ഇത്രയേറെ വലിക്കുന്നത് കേടാ ബാബുവേട്ടാ. കാന്‍സര്‍ വരും.
ഞാനിത് ആദ്യം കാര്യമാക്കിയില്ല. ഞാന്‍ സിഗരറ്റ് വാങ്ങാറില്ല. എന്നാലും വെറുതെ കിട്ടുമ്പോഴെല്ലാം വലിക്കും. കിട്ടുമ്പോഴെല്ലാം എന്നുപറഞ്ഞാല്‍ കലീം എല്ലായ്‌പ്പോഴും കൂടെയുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്താറുണ്ടല്ലോ.
നന്നായി സിഗരറ്റ് വലിക്കുന്ന കലീം എന്തിന് എന്റെ ആരോഗ്യത്തെപ്പറ്റി വേവലാതിപ്പെടുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? എന്നിട്ടും ഞാന്‍ വേവലാതിപ്പെടാത്തത് ഇത് മനസ്സിലാക്കിയപ്പോഴാണ്.
പക്ഷേ തെരഞ്ഞെടുപ്പു തുടങ്ങുന്നതിനുമുമ്പേ കലീം ആശുപത്രിയിലായി. കാന്‍സറാണത്രെ.
എന്റെ പുകവലി അതോടെ നിന്നു. പക്ഷെ തൊണ്ടയിലെ അസ്വസ്ഥത കൂടിവന്നു. ഞാന്‍ ഡോക്ടറെ- തൊണ്ട സ്‌പെഷലിസ്റ്റാണല്ലോ അദ്ദേഹം- ചെന്ന് കണ്ടു.
ഡോക്ടര്‍ എന്റെ വായയും തൊണ്ടയും പരിശോധിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാരമായതെന്തെങ്കിലും അദ്ദേഹം കണ്ടോ? എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ അത് തുറന്നുപറയാതിരിക്കുകയല്ലേ അദ്ദേഹം?
ആ മുഖത്ത് ഒന്നും വ്യക്തമല്ല. അദ്ദേഹം വീണ്ടും എന്റെ തൊണ്ടയിലേക്ക് പാളിനോക്കി. ഞാന്‍ പിന്നെയും ആ മുഖത്ത് ഉറ്റുനോക്കി. ഒന്നും മനസ്സിലാകുന്നില്ല.
ഒടുവില്‍ കൈയിലെ കൊടിലും കണ്ണാടിയുമൊക്കെ ഒരുമിച്ചെടുത്ത് തിളപ്പിച്ച വെള്ളത്തിലിട്ട് അദ്ദേഹം നെടുവീര്‍പ്പിട്ടു. എന്നിട്ട് പറഞ്ഞു. ''നാളെ ഒന്നുകൂടി വരൂ. ഒന്നുകൂടി നോക്കണം.''
ഇത് അത് തന്നെ. എനിക്ക് പേടിയായി. അന്ന് മുഴുവന്‍ ഞാന്‍ വീട്ടില്‍ മൗനിയായിരുന്നു. രാത്രി ഉറങ്ങാനും കഴിഞ്ഞില്ല.
രാവിലെ നേരത്തെ തന്നെ ഡോക്ടറുടെ അടുത്തെത്തി. വീണ്ടും വാ തുറന്നുകാണിച്ചു. വീണ്ടും കൊടിലും കണ്ണാടിയുമൊക്കെ അവിടെ സ്ഥാപിക്കപ്പെട്ടു. ഡോക്ടര്‍ വായ്ക്കകത്തേക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ മുഖത്തും.
പരിശോധന കഴിഞ്ഞു. ഡോക്ടര്‍ ഒന്നും പറയുന്നില്ല. എന്നെ നോക്കുന്നു- തികഞ്ഞ സഹതാപത്തോടെ എന്നാണ് എനിക്ക് തോന്നിയത്.
ഇനിയും വയ്യ. ഞാന്‍ പറഞ്ഞു: ''എന്താണെങ്കിലും പറഞ്ഞോളൂ. ഡോക്ടര്‍. എനിക്ക് താങ്ങാന്‍ പറ്റും. പത്തമ്പത് കൊല്ലം ജീവിച്ചത് തന്നെ ഭാഗ്യമാണ്. എനിക്ക് ഇത്രയൊക്കെ ജീവിക്കാനും നേടാനും കഴിഞ്ഞല്ലോ. ഞാന്‍ കൃതാര്‍ഥനാണ്. എനിക്ക് ദുഃഖമില്ല, ഡോക്ടര്‍ പറഞ്ഞോളൂ.''
''നിങ്ങളൊരു സ്ഥാനാര്‍ഥിയാണോ?''
ആ ചോദ്യമെനിക്ക് മനസ്സിലായില്ല.
''അതെന്താ, ഡോക്ടര്‍? സ്ഥാനാര്‍ഥിയായാല്‍ കാന്‍സര്‍ വരുമോ?''
''വരണമെന്നില്ല. വാരാതിരിക്കാനാണ് സാധ്യത. കാന്‍സറും തോല്‍ക്കും രാഷ്ട്രീയക്കാരോട്. എന്താ കാന്‍സറിനെപ്പറ്റി പറയാന്‍ കാരണം?''
''അപ്പോള്‍ എനിക്ക് കാന്‍സറില്ലേ?''
''നിങ്ങള്‍ക്കുള്ളത് കാന്‍സറല്ല, അധികപ്രസംഗമാണ്. ആവശ്യത്തിലേറെ സംസാരിക്കുന്നു. മാത്രമല്ല നിങ്ങളിപ്പോള്‍ എന്നോടു പറഞ്ഞതില്‍ ഏറ്റവും കൂടുതലുള്ള വാക്കുകള്‍ 'ഞാന്‍', 'എന്റെ' എന്നൊക്കെയാണ്. ഈ രണ്ടു ലക്ഷണങ്ങളും സ്ഥാനാര്‍ഥിയുടേതാണല്ലോ.''
ഏതായാലും എന്നെ ആശുപത്രിയിലാക്കി. തൊണ്ട ശരിയാകുംവരെ മിണ്ടാനേ പാടില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരെ ആദ്യം വിലക്കി. പിന്നെ വീട്ടുകാരെ. പിന്നെ മൊബൈല്‍ ഫോണിനെ.
അവരെനിക്കൊരു നോട്ടുബുക്കും പേനയും തന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അതിലെഴുതി സിസ്റ്ററെ കാണിച്ചാല്‍ മതി.
എനിക്ക് മകനെയൊന്ന് കിട്ടണം. ഞാന്‍ ബുക്കെടുത്ത് എഴുതി: ''മകനെ കിട്ടണം.''
സ്‌കൂള്‍ മുതല്‍ രാഷ്ട്രീയത്തിലായതുകൊണ്ട് തൊണ്ടയായിരുന്നു എന്റെ മുഖ്യ ആയുധം. പേനക്ക് അക്ഷരങ്ങള്‍ വഴങ്ങുമോ എന്തോ!!
ഭാഗ്യം! സിസ്റ്റര്‍ അത് വായിച്ചെടുത്തിരിക്കുന്നു. അവര്‍ ഒരു കുപ്പിയെടുത്ത് കാണിച്ചു. ''ഇതാണ് മരുന്ന്. സമയമായാല്‍ തരാം.''
'മകന്‍' എന്നെഴുതിയത്. 'മരുന്ന്' എന്നാണവര്‍ വായിച്ചത്. ഞാന്‍ ആംഗ്യഭാഷ പുറത്തെടുത്തു. പുറത്തേക്ക് എന്ന് ആംഗ്യം കാണിച്ചു. ''വേണ്ട, മരുന്ന് പുറത്ത് നിന്ന് വരുത്തേണ്ട. ഇവിടെയുണ്ട്.'' എന്നായി സിസ്റ്റര്‍.
ഇനിയെന്ത് ചെയ്യും? മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ വീട്ടീലേക്ക് മെസേജ് ചെയ്യാമായിരുന്നു. സംസാരിക്കുന്നതിനല്ലേ വിലക്കുകള്‍.
ഞാന്‍ ഒരു കൈകൊണ്ട് ചെവി പൊത്തിക്കാണിച്ചു. മൊബൈല്‍ വേണം എന്നാണ് ഉദ്ദേശിച്ചത്.
''ചെവിവേദനയോ? ഞാന്‍ ഡോക്ടറെ...!!''
ഞാന്‍ തലകുലുക്കി. മൊബൈലില്‍ തള്ളവിരലുകൊണ്ട് ടൈപ്പ് ചെയ്യുന്ന ആംഗ്യം കാണിച്ചു.
''കൈ വിറയലോ.''
ഞാന്‍ വീണ്ടും തലകുലുക്കി. നഴ്‌സ് നോട്ട്ബുക്കും പേനയുമെടുത്ത് നീട്ടിയിട്ട് പറഞ്ഞു. എഴുതിക്കാണിച്ചാല്‍ മതി.
ഞാനെഴുതി. ''ഫോണ്‍''
നഴ്‌സ്: ''പോ ണം? അയ്യോ, പറ്റി ല്ല.''
ഞാനത് വെട്ടി. വേറെ എഴുതി. ''മോ നെ വിളിക്കണം.''
''മോരുവെള്ളം വേണം? മോന്ത വളക്കണം?'' നഴ്‌സിന് എന്തോ പന്തികേട് തോന്നിത്തുടങ്ങിയിരിക്കുന്നു. സംഭാഷണം എങ്ങുമെത്താതെ കുറെ നടന്നു. എനിക്ക് വിശക്കുന്നു. ''ദോശ'' എന്നെഴുതിയത് ''മേശ'' എന്ന് വായിച്ചു. ''ഉഴുന്നുവട'' എന്നെഴുതിയപ്പോള്‍ ''എന്തിനാ ഇപ്പോള്‍ ഊന്നുവടി'' എന്ന് ചോദിച്ചു.
എനിക്ക് പേടിയായി. ഭക്ഷണം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?
ചപ്പാത്തിയെന്നോ പൊറോട്ടയെന്നോ എഴുതിനോക്കാനുള്ള ക്ഷമയില്ല. ഞാന്‍ ''ഊണ്‍'' എന്നെഴുതിനോക്കി. മഹാഭാഗ്യം! അവര്‍ക്കത് മനസ്സിലായി.
അങ്ങനെ കാലത്തും ഉച്ചക്കും വൈകുന്നേരവും രാത്രിയുമെല്ലാം ഞാന്‍ ഊണുതന്നെ കഴിച്ചു.
*** *** ***
റിസള്‍ട്ട് വന്നു. തോറ്റിരിക്കുന്നു. പക്ഷേ, അതെനിക്ക് പ്രശ്‌നമല്ല. ഫണ്ട് പിരിവ് മുഴുവനാക്കിയാണ് ഞാന്‍ ആശുപത്രിയില്‍ കേറിയത്. പണമത്രയും ഭദ്രമായി ഒപ്പമുണ്ട്.
പാര്‍ട്ടിക്കാരിലാരെയും ആശുപത്രിയിലേക്ക് കടത്തേണ്ട എന്ന് ഡോക്ടര്‍ പറഞ്ഞതിനെ ഞാന്‍ സര്‍വാത്മനാ പിന്തുണച്ചിരുന്നല്ലോ. തൊണ്ടയനക്കം പാടില്ലാത്ത വിവരം പരസ്യപ്പെടുത്തിയതുമാണ്.
മറ്റൊരു റിസള്‍ട്ടും അതിനിടെ വന്നു. രക്തസാമ്പിള്‍ പരിശോധിച്ചതിന്റെ. 30 ശതമാനം ആല്‍ബുമിന്‍ 30 ശതമാനം കോളസ്‌ട്രോള്‍, 40 ശതമാനം പഞ്ചസാര... രക്തത്തില്‍ ചോരയുടെ അംശം ഒട്ടുമില്ലെന്ന് തോന്നുന്നു.
എനിക്ക് ആശുപത്രി വിടാറായോ? ഡോക്ടര്‍മാര്‍ അതാലോചിക്കാന്‍ ഒത്തുകൂടി. അല്‍പം ദൂരെ അവര്‍ വട്ടം കൂടിനിന്ന് കുശുകുശുക്കുന്നു. ഇടക്ക് എന്റെ നേരെ നോക്കുന്നുണ്ട്. പിന്നെയും പരസ്പരം മന്ത്രിക്കുന്നു.
ഞാന്‍ അസ്വസ്ഥനായി. പതുക്കെ ടോയ്‌ലറ്റില്‍ ഒളിച്ചു. അവിടെനിന്നാല്‍ അവരുടെ സംസാരം കേള്‍ക്കാം.
അടുത്ത ഡിന്നര്‍പാര്‍ട്ടി എവിടെ വെച്ചാകണം എന്നായിരുന്നു ചര്‍ച്ച. അതിന്റെ ചെലവിനെപ്പറ്റി ആലോചിച്ച ഘട്ടത്തിലാവണം എന്റെ നേരെ നോക്കിയത്.
ആ പാര്‍ട്ടിയുടെ ബില്ല് അടക്കുന്നത് ഞാനായിരിക്കുമെന്ന് ശരിക്കും ബോധ്യപ്പെട്ടത് അടുത്ത സംഭാഷണം കേട്ടപ്പോഴാണ്.
ഡോക്ടര്‍ ന. 1: ''ഇയാളെ ഡിസ്ചാര്‍ച്ച് ചെയ്യാറായോ? ഹോസ്പിറ്റല്‍ ബില്ലൊക്കെ ഒരുവിധം ആയില്ലേ?''
ഡോക്ടര്‍ ന. 2: ''ആയി. പക്ഷേ ഒരാഴ്ചകൂടി കിടത്താം.''
ഡോക്ടര്‍ ന. 3 : ''പി.പി.ബി കുറച്ചുകൂടി മാറിക്കിട്ടാനുണ്ട്.'' പി.പി.ബി?
പിന്നെയാണറിഞ്ഞത്. ''പണം പോക്കറ്റില്‍ ബാക്കി.'' എന്നായിരുന്നു അതിന്റെ അര്‍ഥം. ഞാന്‍ പൂഴ്ത്തിവെച്ച തെരഞ്ഞെടുപ്പ് ഫണ്ട് ഇവന്‍മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. അത് മുഴുവന്‍ അടിച്ചെടുക്കാതെ എന്നെ വിടാന്‍ പാടില്ലല്ലോ.
ഇനിയും നിങ്ങളെന്നെ ഇലക്ഷന്‍ ഫണ്ട് മുക്കിയവനെന്ന് വിളിക്കരുത്. അതില്‍ ഒറ്റപ്പൈസപോലും എനിക്ക് കിട്ടിയില്ല.