മാധ്യമ രീതി

ഒട്ടനേകം ദൃശ്യശ്രാവ്യമാധ്യമങ്ങളുടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെയും ഇടയിലാണ് സമൂഹം. പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സാമൂഹ്യകൂട്ടായ്മകള്‍ക്കും അഭിപ്രായ രൂപീകരണങ്ങള്‍ക്കും പെട്ടെന്ന് വേദിയാവുന്നു. പൊതുജനത്തിന് ചൂടുപിടിച്ച ചര്‍ച്ച, സംവാദങ്ങളില്‍ മുഴുകാനും ഇവയിലൂടെ സാധ്യമാകുന്നുണ്ട്. രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കാനും അവയെ താഴെ ഇറക്കാന്‍ പോലും ഇത്തരം കൂട്ടായ്മയിലൂടെ സാധിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയോടെ സാങ്കേതിക മുന്നേറ്റങ്ങളെ കാണേണ്ടതിന്റെ പ്രസക്തിയാണിത് കാണിക്കുന്നത്.  ധ്രുതഗതിയില്‍ മാറുന്ന ലോകത്ത് സാങ്കേതിക മുന്നേറ്റങ്ങളുടെ ഭാഗമാവുകയും അതിനെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുകയെന്നത് തന്നെയാണ് ആധുനിക മനുഷ്യ ധര്‍മം.
എന്നാല്‍ ധര്‍മങ്ങളെ നിരാകരിച്ചും മനുഷ്യന്റെ ചിന്താ വൈജ്ഞാനിക ശക്തിയെ പരിഹസിച്ചും വെല്ലുവിളിച്ചും കൊണ്ടാണ് നമ്മുടെ മാധ്യമ സംസ്‌കാരം മുന്നേറുന്നതെന്ന് പല മാധ്യമങ്ങളുടെയും വിശേഷിച്ച,് ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കമെടുത്താല്‍ മനസ്സിലാക്കാനാവും. ശീലങ്ങളും ശൈലികളും ചര്യകളും മാറ്റി മറിക്കുന്നതിലുള്ള ബോധപൂര്‍വമായ ശ്രമം ദൃശ്യമാധ്യമരംഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ടി.വിയുടെ മുന്നിലിരിക്കുന്ന ഏത് പ്രായക്കാരന്റെയും ചാപല്യത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ചാനലുകളുടെ മത്സരം. ഒരുകാലത്ത് കണ്ണീര്‍ സീരിയലുകളും കപട ഭക്തിയുടെ വീരേതിഹാസ കഥകളുമാണ് അരങ്ങുതകര്‍ത്തതെങ്കില്‍ ഇന്ന് പല തരത്തിലുള്ള റിയാലിറ്റി ഷോകളിലൂടെയാണ് ചാനലുകള്‍ പുതിയൊരു സാംസ്‌കാരിക രീതി വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അമ്മക്കും അമ്മായിയമ്മക്കും പല തരത്തിലുള്ള ചാപല്യ ഷോകള്‍ നടത്തി ചാനല്‍ കള്ളിയില്‍ അടയിരുത്തുമ്പോള്‍ നമ്മളില്‍ നിന്നും വേരറ്റു പോകുന്നത് കുടുംബ ബന്ധത്തിന്റെയും സാമൂഹ്യബന്ധത്തിന്റെയും സദാചാരപാഠങ്ങളാണ്. മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കിക്കൊണ്ടിരിക്കുന്ന മുതലാളിത്ത താല്‍പര്യത്തെയാണത് സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്. ടി.വി മാത്രമല്ല, ഏത് കുഗ്രാമത്തിലും ജനകീയമായ റേഡിയോ പോലും ഇത്തരം രാസലീലഫോണ്‍ ഇന്‍ പ്രോഗ്രാമുകളുടെ പിടുത്തത്തിലാണ്.
ലജ്ജ എന്ന മനുഷ്യന് മാത്രമുള്ള വിവേചനത്തെ എടുത്തുകളയാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് ഇതിനുപിന്നില്‍. ഇത്തരം താല്‍പര്യങ്ങളുടെ ഇരകളായി മാറാനുളള ദുര്‍ഗതി പലപ്പോഴും സ്ത്രീകള്‍ക്കാണ്. പുറത്തെവിടെയും പോവാതെ വീട്ടിനുള്ളില്‍ തന്നെയിരുന്ന് ഇത്തരം പ്രോഗ്രാമുകളുടെ ഇഷ്ടക്കാരായി മാറുന്നതിലൂടെ പരസ്യങ്ങളുടെ സ്വാധീനത്തില്‍ വീഴ്ത്തുക എന്ന വിപണി താല്‍പര്യം സംരക്ഷിക്കാന്‍ കോര്‍പറേറ്റുകള്‍ക്കാവുന്നു.  വാര്‍ത്താ വായനക്കിടയില്‍ പോലും സ്ത്രീപീഡനങ്ങളെ കുറിച്ചും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സ്ത്രീകളെ കുറിച്ചും പ്രതിപാദിക്കുമ്പോള്‍ സ്ത്രീ, പുരുഷ വികാര ശമനോപകാരി മാത്രമാണെന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് അവലോകനം. ബൗദ്ധികമായ ആദാനപ്രദാനങ്ങള്‍ സ്ത്രീകള്‍ക്ക് വഴങ്ങില്ലെന്ന തോന്നലുണ്ടാക്കുന്നവയാണ് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്മാര്‍ ഇറക്കുന്ന മിക്ക വനിതാ മാസികകളുടെയും ചേരുവകകള്‍. ബോധപൂര്‍വം പടച്ചുണ്ടാക്കുന്ന ഇത്തരം കോമാളിത്തരങ്ങള്‍ക്ക് സമയവും സൗകര്യവും നീക്കിവെക്കാതെ ക്രിയാത്മകമായി ചിന്താശേഷിയെ മാറ്റിയെടുക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ കാലം പെണ്ണിനോടാവശ്യപ്പെടുന്ന തേട്ടങ്ങളെ പൂര്‍ണതയിലെത്തിക്കാനാവൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top