വടക്കു നിന്നൊരു കിളി പാടുന്നു

പി.സി അഷ്‌റഫ്‌ No image

മാപ്പിളപ്പാട്ടുകള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും അതില്‍ ഒരു കിളിയെങ്കിലും എവിടെയെങ്കിലും ഉണ്ടാകും.
ഏകത്വത്തിന്‍ കോമള ലതയില്‍
പൂത്തുലകൊണ്ടും സൗരഭധോരണി
വീശിയ പുണ്യസുമത്തിന്‍ നാമം
ചേര്‍ന്നൊരു ഗാനവിദഗ്ധനെക്കുറിച്ച്
പാടവെ ടി. ഉബൈദ് നൃത്തനം ചെയ്തീടാവ് എന്ന കവിതയില്‍ ആ പാട്ടിന്റെ മധു കുടിച്ചു മയങ്ങുന്ന രാപ്പാടികളോട് ഉയരെ പാടിപ്പറന്ന് വിജയോദ്ഗീതി മുഴക്കാന്‍ പറയുന്നുണ്ട്. ഉബൈദിന്റെ കവിതകളില്‍ വേറെയും കിളികളെ കാണാം. 'കുരുതിക്കൊള്ളട്ടെ' എന്ന കവിതയില്‍ റംസാന്‍ കിളിയും പെരുന്നാള്‍ കിളിയുമുണ്ട്. ഒരു മാസത്തെ നോമ്പ് കഴിഞ്ഞ് മടങ്ങിപ്പോകുന്ന റംസാന്‍ കിളി ആകാശത്തുവെച്ച് പെരുന്നാള്‍ കിളിയുമായി സന്ധിക്കുന്നു. മനുഷ്യര്‍ക്ക് സമ്മാനിക്കാനായി റംസാന്‍ കിളി കുറേ സദ്‌വിചാരങ്ങള്‍ പെരുന്നാള്‍ കിളിയെ ഏല്‍പ്പിക്കുന്നു. ഈ കിളികള്‍ തമ്മിലുള്ള പാട്ടാണ് ഇവിയെുള്ളത്.
പി.ടി അബ്ദുറഹ്മാന്റെ വ്രതഗീതങ്ങള്‍ പൂവും പൂന്തോപ്പുകളും പറവകളും കൊണ്ട് നിറയുന്നുണ്ട്. പൂക്കളെയെന്നപോലെ പറവകളെയും ആശയഭംഗിക്കുവേണ്ടി പി.ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വ്രതസംഗീതത്തിലെ ഒന്നാം ഗാനത്തില്‍ ശാന്തി സന്ദേശവും കൊണ്ട് പാറിപ്പറക്കുന്ന ഒരു ശാരികയായി നോമ്പിനെ കവി കല്‍പിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലേക്ക് പാത തെളിയിച്ചു പറക്കുന്ന സ്വര്‍ഗാരാമപക്ഷിയായിട്ടാണ് നോമ്പിനെ പി.ടി അവതരിപ്പിച്ചിട്ടുള്ളത്. ആ പക്ഷി കാണിച്ച വീഥിയിലൂടെ നടക്കുന്നവരാണ് നോമ്പുകാര്‍. റബ്ബിന്റെ കീര്‍ത്തന ഗീതങ്ങള്‍ പാടുന്ന രാക്കിളിക്കൂട്ടങ്ങളും പള്ളി മിനാരത്തില്‍ പാറിവന്നു ഇഅ്തികാഫിരിക്കുന്ന വെള്ളിപ്പിറാവുകളും പി.ടിയുടെ കവിതയിലുണ്ട്.
മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘട്ടം കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെതാണ്. കിളിപ്പാട്ടിന്റെ ഘടനാകേന്ദ്രം തുഞ്ചത്തെഴുത്തച്ഛനായിരുന്നു. തുഞ്ചനു ശേഷം അദ്ദേഹത്തിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്നുണ്ടായ കിളിപ്പാട്ടുകള്‍ക്ക് കൈയും കണക്കുമില്ല. മലയാള കവിതയുടെയും നാടന്‍ പാട്ടുകളുടെയും സ്വാധീനം വിവിധ കാലഘട്ടങ്ങളില്‍ പ്രകടമാകുന്ന സന്ദര്‍ഭങ്ങള്‍ മാപ്പിളപ്പാട്ടുകളിലുമുണ്ട്. പക്ഷിപ്പാട്ടിന്റെ കര്‍ത്താവായ നടുത്തോപ്പില്‍ അബ്ദുല്ല കിളിപ്പാട്ടുകളുമായും പക്ഷിപ്പാട്ടുകളുമായും നിലനിന്നിരുന്ന കാവ്യ സംസ്‌കൃതിയെക്കുറിച്ച് നല്ല ബോധ്യമുള്ള ആളായിരുന്നിരിക്കണം. ഇശല്‍ ഗ്രാമം എന്നറിയപ്പെടുന്ന കാസര്‍കോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശിയായിരുന്നു നടുത്തോപ്പില്‍ അബ്ദുല്ല. അദ്ദേഹത്തിന്റെ ഈ മാപ്പിള കാവ്യം ഒരു കാലഘട്ടത്തില്‍ വിസ്മയിപ്പിക്കുന്ന ജനകീയത നേടിയിരുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരം ഖുര്‍ആന്‍ പാരായണം കഴിഞ്ഞ് മുഹ്‌യുദ്ദീന്‍ മാലയും പക്ഷിപ്പാട്ടും കുറത്തിപ്പാട്ടും പാടുന്നത് മുസ്‌ലിം സ്ത്രീകളുടെ പതിവായിരുന്നു.
പ്രവാചകന്മാരുടെ അനുചരന്മാരില്‍ ഏറ്റവും ഉന്നതന്‍ അലി ആണെന്ന് സ്ഥാപിക്കുകയാണ് പക്ഷിപ്പാട്ടിലൂടെ. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ അധികമൊന്നും എഴുതപ്പെടാത്ത ശിയാ സ്വാധീനം ഇത്തരം പാട്ടുകളിലൂടെ പ്രകടമാണ്. കുപ്പിപ്പാട്ട്, താലിപ്പാട്ട് മുതലായ പാട്ടുകളും ഇതേ ഗണത്തില്‍ പെടും. യക്ഷഗാനം പാടി അവതരിപ്പിക്കാന്‍ കാസര്‍കോഡ് ജില്ലയിലെ പല ഭാഗങ്ങളിലും പക്ഷിപ്പാട്ട് പ്രയോജനപ്പെടുത്താറുണ്ട്.
ആരിലും അത്ഭുതം ജനിപ്പിക്കുന്ന തരത്തിലാണ് പാട്ടിലെ കഥയും അതിന്റെ ആവിഷ്‌കാരവും നടന്നിരിക്കുന്നത്. സ്പഷ്ടത, ലാളിത്യം, സരളത, കാസര്‍കോഡന്‍ മലയാളത്തിലുള്ള അപൂര്‍വ പദങ്ങളുടെ ചേരുവ ഇങ്ങനെയാണ് ഈ പാട്ടിനെ നെയ്‌തെടുത്തിരിക്കുന്നത്. മദീനാ പള്ളിയില്‍ നബിയും അനുചരന്മാരുമിരിക്കുന്ന സമയത്ത് ഒരു പക്ഷി ആ സവിധത്തില്‍ തന്റെ ഇണപ്പക്ഷിയെക്കുറിച്ചുള്ള പരാതി അറിയിക്കുന്നു. തന്റെ ആണ്‍ പക്ഷിയുമൊത്ത് നാല്‍പതു കൊല്ലം ജീവിച്ച പെണ്‍ പക്ഷി ഒരു ദിവസം രണ്ടു നേരം മുട്ടയിട്ടതിന്റെ പേരില്‍ ഇണയുടെ സംശയത്തിനിരയാകുന്നു. അങ്ങനെ ആ പെണ്‍ പക്ഷിയെ ആട്ടിപ്പുറത്താക്കുന്നു. തന്റെ ചാരിത്ര്യശുദ്ധി ആണിണയെ പറഞ്ഞു മനസ്സിലാക്കണമെന്നു നബിയോട് പെണ്‍പക്ഷി അഭ്യര്‍ഥിക്കുന്നു. ഇണപ്പക്ഷിയെ കൂട്ടി വന്നാല്‍ സങ്കടം തീര്‍ക്കാമെന്ന് നബി മറുപടി പറയുന്നു. താന്‍ പോയി വിളിച്ചാല്‍ അക്ബര്‍ സദഖ എന്ന ആണിണ വരില്ലെന്നും നബി തന്നെ ഒരാളെ അയച്ചു വരുത്തണമെന്നും പരാതിക്കാരിയായ പക്ഷി പറഞ്ഞപ്പോള്‍ എവിടെയാണ് നിന്റെ ഇണപ്പക്ഷിയുടെ വാസമെന്നും നബി അന്വേഷിച്ചു. ഉയരമുള്ള ജബല്‍ ഖുബൈസ് കഴിഞ്ഞ്, പിന്നെ ജബല്‍ നൂറും കഴിഞ്ഞ് ഒരു മൈതാനിയും കഴിഞ്ഞ് മൂസ നബി ജനിച്ച തൂരിസിനാ മലയാണ് സ്ഥലമെന്ന് അറിയിച്ചപ്പോള്‍ പ്രവാചകന്‍ തന്റെ പ്രിയപ്പെട്ട അനുചരന്മാരെ പക്ഷിയെ കൂട്ടിക്കൊണ്ടു വരാന്‍ അതിനടുത്തേക്ക് അയക്കുന്നതും പക്ഷി നിഷേധിക്കുന്നതും അവസാനം അവരുടെ അപേക്ഷ സ്വീകരിച്ച പക്ഷി പ്രവാചകനെ ചെന്നു കാണുന്നതും കാര്യങ്ങളെല്ലാം വിശദീകരിക്കുന്നതും ചെയ്ത തെറ്റിന് നബിയോട് മാപ്പ് ചോദിക്കുന്നതുമാണ് പാട്ടിന്റെ ഇതിവൃത്തം.
പക്ഷിപ്പാട്ടിന്റെ ആവിഷ്‌കാര ഭംഗി ചെറുതൊന്നുമല്ല. ഏതൊരു കവിതയോടും കിടപിടിക്കുന്നതാണ് ഇതിലെ ആവിഷ്‌കാര സൗന്ദര്യം. കാലത്തിന്റെയും സമയത്തിന്റെയും സ്ഥലത്തിന്റെയും മാറ്റത്തെ എത്ര ഭാവനാസുന്ദരമായാണ് പാട്ടില്‍ ആവിഷ്‌ക്കരിക്കുന്നത് എന്നു നോക്കൂ.
പരിശില്‍ ഈ ഭൂമിയില്‍ നില്‍ക്കുന്ന കാലത്ത്
പരിശൊത്ത ഭൂമി ഞാന്‍ അഞ്ചു നിറം കണ്ടു
മുമ്പിനാല്‍ ഭൂമി അതു പൊന്നു നിറമായി
പിന്നെയാഭൂമി അത് വെള്ളിത്തറയായി
വെള്ളിത്തറ പോയി ചെമ്പുതറയായി
ചെമ്പുതറ പോയി ഇരുമ്പുതറയായി
മണ്ണ് തറയായിട്ടഞ്ചു നൂറ്റാണ്ടായി.
മാറ്റത്തെ എത്ര ഭാവനാ സുന്ദരമായാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്.
പാട്ടിലെ ഇബ്‌നു ഉമൈറെന്ന പാമ്പിന് എണ്‍പത് തലയും മുപ്പത് പടവുമുണ്ട്. ശിങ്കപ്പുലിയലി കടല്‍ കടന്നത് അതില്‍ കയറിയിരുന്നിട്ടാണ്. ഇബ്‌നു ഉമൈറെന്ന പാമ്പ് കോട്ടയുടെ വളര്‍മ്മകള്‍ പറയുന്നത് ഇങ്ങനെയാണ്.
തന്നാലേ കത്തുന്ന വാളുണ്ടാ കോട്ടയില്‍
തന്നാലടിക്കുന്ന ദണ്ഡുണ്ടാ കോട്ടയില്‍
തന്നാലെ കുത്തുന്ന തീയുണ്ടാ കോട്ടയില്‍
തന്നാലെ വീശുന്ന വലയുണ്ടാ കോട്ടയില്‍
ആവിഷ്‌കാരത്തിലെ മാന്ത്രികതയാണ് ഇവിടെ ദര്‍ശിക്കുന്നത്. ഇഫ്‌രീത്ത് രാജന്റെ കോട്ടക്കകത്തെ അത്ഭുതങ്ങളുടെ അവതരണം ഒളിവേറും മങ്കയെ മോചിപ്പിക്കുന്നതിലെ സാഹസികതയെയും ഭയാനകതയെയും വെളിപ്പെടുത്തുന്നു. ഇതിന് വേണ്ടി മിത്തുകള്‍, പഴങ്കഥകള്‍, അഭൗമ ശക്തികളെ കൂട്ടുപിടിക്കല്‍ തുടങ്ങിയവയെല്ലാം കവി ചെയ്യുന്നു. വൈചിത്ര്യങ്ങളുടെ ഒരു പരമ്പര തന്നെ ദൃശ്യരൂപത്തില്‍ കവിതയില്‍ നിരന്നു നില്‍ക്കുന്നുണ്ട്.
അക്ബര്‍ സദഖ എന്ന പക്ഷിപ്പാട്ടില്‍ നബിയുടെ മരുമകനായ അലിയെ മഹത്വപ്പെടുത്തുക എന്ന പ്രത്യേക ലക്ഷ്യമുണ്ടെന്ന് ശ്രദ്ധയോടെയുള്ള പാട്ട് പാരായണത്തിലൂടെ ബോധ്യമാകും. എന്തുകൊണ്ടാവും അക്ബര്‍ സദഖയെക്കുറിച്ചുള്ള ഈ കവിതയില്‍ അലിക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയത്? കാരണം, അന്ന് കേരളത്തിലുണ്ടായ ശിയാ സ്വാധീനമാണെന്നു കാണാം. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ സി.എന്‍ അഹ്മദ് മൗലവിയും കരീമും എഴുതുന്നു: സഹാബിമാരില്‍ ഏറ്റവും ഉന്നതന്‍ അലിയാണെന്ന് സ്ഥാപിക്കുകയാണ് പക്ഷിപ്പാട്ടിന്റെ ലക്ഷ്യം. കേരളത്തില്‍ ശിയാ സ്വാധീനം വ്യാപിച്ചിരുന്ന കാലത്താണ് ഈദൃശങ്ങളായ ചില മാപ്പിളപ്പാട്ടുകള്‍ ഉണ്ടായത്.
ഉദാ: കുപ്പിപ്പാട്ട്, താലിപ്പാട്ട് മുതലായവ.
പക്ഷിപ്പാട്ടിന്റെ കര്‍ത്താവായ നടുത്തോപ്പില്‍ അബ്ദുല്ല ഈ കൃതിയിലെ സംഭവങ്ങള്‍ സത്യമാണെന്നു സമ്മതിക്കുമ്പോഴും മനുഷ്യരാശിയെ എപ്പോഴും ബോധ്യപ്പെടുത്തേണ്ട ഒരു സത്യം അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുവെന്നും അത് ജീവിത വിശുദ്ധി കടഞ്ഞെടുക്കലാണെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമേ പക്ഷിപ്പാട്ടിന്റെ വായന സൃഷ്ടിപരമാകുന്നുള്ളൂ. നീതിസാര കഥകള്‍ പോലെ, ദൃഷ്ടാന്തകഥ പോലെ കവിത അവതരിപ്പിക്കുകയാണ് പക്ഷിപ്പാട്ടുകാരന്‍ ചെയ്യുന്നത്. തത്ത്വമോ സിദ്ധാന്തമോ ആവിഷ്‌കരിക്കാന്‍ വേണ്ടി ദൃഷ്ടാന്തരൂപേണ എഴുത്തുകാര്‍ കഥകളും കവിതകളുമെഴുതാറുണ്ട്. പക്ഷിപ്പാട്ടിലെ പക്ഷി പാട്ടുരൂപത്തില്‍ നബിയോടും ബിലാലിനോടും ഉമറിനോടും  അലിയോടും രണ്ടു ധാര്‍മിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട് നബി, ബിലാല്‍, ഉമര്‍, അലി എന്നിവര്‍ ആണ്‍-പെണ്‍ പക്ഷികളോടും സംസാരിക്കുന്നുണ്ട്. ആ പക്ഷികള്‍ നബിയോട് മറുപടി പറയുന്നുണ്ട്. സ്ത്രീയുടെ ചാരിത്ര്യശുദ്ധിയെ കൊണ്ടാടുന്ന കാവ്യമെന്ന നിലയിലാവണം പക്ഷിപ്പാട്ടിന്റെ വായന. കവിതയുടെ തുടക്കത്തില്‍ നബിയെ ചെറുതാക്കിക്കാണിക്കുന്ന തരത്തിലുള്ള ആവിഷ്‌ക്കാരം അക്ബര്‍ സദഖ എന്ന ആണ്‍ പക്ഷിയില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും പാട്ടിന്റെ അന്ത്യത്തിലെത്തുമ്പോള്‍ ആ പക്ഷിയുടെ തെറ്റിദ്ധാരണ നീങ്ങുകയും നബിയുടെ നിര്‍ദേശങ്ങളെ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ ഉന്നയിച്ചത് ധാര്‍മിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. ഉദാത്തഭാവത്തില്‍ ലാളിത്യം ചാലിച്ച് അവതരിപ്പിക്കുകയാണ് ചെയ്തതെങ്കില്‍ നടുത്തോപ്പില്‍ അന്ന് നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍ ചിലതിനെ സ്വീകരിച്ച് ഒരു തത്ത്വസ്ഥാപനം അത്രയൊന്നും ഗൗരവത്തോടെയല്ലാതെ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. മലയാളത്തിലെ കിളിപ്പാട്ട് പ്രസ്ഥാനത്തിലെ മാപ്പിളപ്പാട്ട്‌വല്‍കൃത രൂപമാണ് നടുത്തോപ്പിലിന്റെ പക്ഷിപ്പാട്ടിലൂടെ കാണുന്നത്.

 

ഒരു ഒപ്പനപ്പാട്ടുകാരിയുടെ ഓര്‍മകള്‍
കാസര്‍കോഡ് ജില്ലയിലെ പടന്ന സ്വദേശിയായ എനിക്കിപ്പോള്‍ 72 വയസ്സായി. പതിനാലാം വയസ്സിലാണ് ഒരു ഒപ്പനപ്പാട്ടുകാരിയാവുന്നത്. ആറോ എട്ടോ പേരടങ്ങുന്ന ഒരു സംഘമാണ് കൈകൊട്ടി പാടുന്നത്. എന്റെ കുടുംബത്തില്‍ നിന്നുതന്നെ ഉമ്മ, മൂത്തമ്മ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഒരു സംഘമുണ്ടാക്കിയത്. എന്റെ കുട്ടിക്കാലത്തേ നാട്ടില്‍ കല്ല്യാണങ്ങള്‍ക്ക് ഒപ്പനപ്പാട്ടുണ്ട്. അന്ന് ഒപ്പനപ്പാട്ടുകാര്‍ ഇന്നാട്ടുകാരായിരുന്നില്ല. വളപ്പട്ടണത്തു നിന്നുള്ള പാട്ടുകാരികളായിരുന്നു പ്രശസ്തര്‍. ക്രമേണ ഇത്തരം പാട്ടുകാരികളുടെ നിലവാരം ഇടിഞ്ഞു. പാട്ടിലും കളിയിലും പ്രതീക്ഷിച്ചത്ര ഗുണനിലവാരം പുലര്‍ത്താതിരുന്നപ്പോള്‍ ഇവര്‍ക്ക് നാട്ടില്‍ അവസരം കുറഞ്ഞു. ഈ അവസരത്തിലാണ് നാട്ടുകാരായ ഒപ്പനക്കാരികള്‍ കടന്നു വരുന്നത്. നാട്ടുമുഖ്യന്റെ വീട്ടിലെ കല്ല്യാണത്തിനായിരുന്നു ഞങ്ങള്‍ ആദ്യം പാടിയത്. അതേത്തുടര്‍ന്ന് ഞങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടി.
ആദ്യകാലത്ത് അഞ്ഞൂറ്-അറുനൂറ് രൂപയായിരുന്നു പ്രതിഫലം. കൂടാതെ വട്ടപ്പൈസയും കിട്ടും. പാട്ടു പാടുന്നവര്‍ വട്ടത്തളികയില്‍ സദസ്സില്‍ നിന്നെടുക്കുന്ന പിരിവാണ് വട്ടപ്പൈസ. പുതിയപെണ്ണിനെ അറ കാട്ടി പിരിയുമ്പോള്‍ പുതിയാപ്ല ചെക്കന്റെ കൈയില്‍ നിന്നും പൈസ കിട്ടും. 1985 വരെ പാടിയിട്ടുണ്ട്. അക്കാലമാവുമ്പോഴേക്കും രണ്ടായിരം രൂപയോളം കിട്ടിയിരുന്നു. പാട്ടുകാരികളില്‍ ഒരു മൂപ്പത്തിയുണ്ടാകും. അവളാണ് പ്രധാന പാട്ടുകാരി. മറ്റുള്ളവര്‍ ഏറ്റുപാടും. മൂപ്പത്തിക്ക് ഇരട്ടി കൂലിയാണ്.
അന്ന് പാട്ടും കളിയുമില്ലാത്ത കല്ല്യാണം ഉണ്ടായിരുന്നില്ല. പാവങ്ങളുടെ കല്ല്യാണത്തിനും പാട്ടുകാരെ വിളിക്കും. പാട്ടില്ലാത്ത കല്ല്യാണം കുറച്ചിലായിട്ടു പോലും കരുതിയിരുന്നു. പാവപ്പെട്ടവരുടെ കല്ല്യാണത്തിന് പൈസ വാങ്ങാതെയും പാടിയിട്ടുണ്ട്. അന്ന് കല്ല്യാണങ്ങള്‍ രാത്രിയിലായിരുന്നു. വൈകുന്നേരം നാലുമണിക്കു തന്നെ മംഗലപ്പുരക്കെത്തി പാട്ടു തുടങ്ങണം. രാത്രി രണ്ടു മണിവരെയൊക്കെ പാട്ടുപാടും. പിറ്റേന്ന് രാവിലെ പുതിയാപ്ലയെ അറ കാട്ടിയിട്ടേ തിരിച്ചു വരാന്‍ കഴിയൂ. ആയിഷാ ബീവിയുടെ പാട്ട്, ഫാത്തിമാ ബീവിയുടെ പാട്ട്, പുതിയാപ്ലയെ തേടിക്കൊണ്ടുവരുമ്പോഴുള്ള പാട്ട്... ഇങ്ങനെ പലതരത്തിലുള്ള പാട്ടുകള്‍ അന്ന് പാടിയിരുന്നു. അപ്പപ്പോള്‍ പാട്ടുകള്‍ കെട്ടിയും പാടുമായിരുന്നു. അതിനു വിരുതുള്ള ആളായിരിക്കും മൂപ്പത്തി. മൂന്നാം ക്ലാസ് വരെ പഠിച്ചതുകൊണ്ട് എഴുതാനും വായിക്കാനുമറിയാം. അതുകൊണ്ടു തന്നെ പാട്ടു പുസ്തകങ്ങള്‍ നോക്കി പാട്ടുകള്‍ കാണാതെ പഠിക്കാനും കഴിഞ്ഞു.
മാവിലാടം പാത്തു, എല്‍.കെ അല്‍മീത്ത, എല്‍.കെ നബീസ്ത, സഫിയത്ത, പള്ളിച്ചുമ്മാടത്തെ പാത്തുമ്മു തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രധാനപ്പെട്ട ഒപ്പനപ്പാട്ടുകാരികള്‍. അവരെല്ലാം ഓര്‍മയായി, നാടിനെ സംബന്ധിച്ചിടത്തോളം ഒപ്പനപ്പാട്ടെന്ന കലാരൂപവും.       


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top