''എനിക്കുമുമ്പ് നീയവനെയങ്ങെടുക്കണേ!''

എ.യു റഹീമ No image

നെറ്റിയില്‍ ഭസ്മക്കുറി. ചെവിയില്‍ തെറ്റിപ്പൂവിതള്‍. വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരാള്‍ ഓഫീസില്‍ കയറി വന്നു. തൊഴുകൈയോടെ നിന്ന് തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ കസേര വലിച്ചിട്ട് അദ്ദേഹത്തെ നിര്‍ബന്ധിച്ചിരുത്തി. ''അമ്മാ എന്റെ വേദന ഞാനാരോട് പറയും? ഈശ്വരന്‍ എനിക്കീ വിധി വച്ചല്ലോ. ധാരാളം കൃഷിയും ഭൂസ്വത്തും ഞങ്ങള്‍ക്കുണ്ടായിരുന്നു; ഒട്ടേറെ കന്നുകാലികളും. ഒക്കെ വിറ്റു പെറുക്കി ഇപ്പോള്‍ മറ്റുള്ളവരുടെ കനിവിന്റെ കഞ്ഞി കുടിക്കുന്നു.''
''എന്താണ് സംഭവിച്ചത്?'' ഞാന്‍ സാന്ത്വനത്തോടെ ചോദിച്ചു. ''ഇതാ ഇതുകണ്ടോ?''- ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു.
സുന്ദരനായ ഒരു ഇരുപതു വയസ്സുകാരന്‍. ''ഇവനെന്തുപറ്റി?'' ''രണ്ടു കിഡ്‌നിയും പോയി. ഒരു പ്രത്യേക തരം അസുഖമാണ്. ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ പറ്റില്ല. വീട്ടില്‍ തന്നെയാണ് നടത്തേണ്ടത്. ദിവസം 600 രൂപ വിലവരുന്ന രണ്ട് ബാഗ് വേണം; മറ്റു മരുന്നുകള്‍ വേറെയും. വൃത്തിയുള്ള മുറിയും അന്തരീക്ഷവും നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അണുബാധയേല്‍ക്കും. അതുകൊണ്ട് ഭാര്യവീട്ടില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണവന്‍. ഭാര്യ അവന്റെ ശുശ്രൂഷക്ക് അവിടെയാണ്. ഒരു മാസം തന്നെ എല്ലാറ്റിനും കൂടി ഇരുപത്തയ്യായിരം രൂപ വേണം. അഞ്ചു വര്‍ഷമായി ചികിത്സിക്കുന്നു! ഇനി ഒരു പശു മാത്രമേ ബാക്കിയുള്ളൂ. ഒക്കെ വിറ്റു. പശുവിനെയും വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയാണ് ഞാന്‍ വന്നിരിക്കുന്നത്. അതും കഴിഞ്ഞാല്‍ ഈശ്വരാ, നീയങ്ങ് എടുക്കണം. എനിക്കു മതിയായി ഈ ജീവിതം. ആളുകളുടെ മുന്നില്‍ ചെന്ന് കൈനീട്ടി എന്റെ ലജ്ജയറ്റിരിക്കുന്നു!!''
എന്തു പറഞ്ഞാണ് ഞാനദ്ദേഹത്തെ സാന്ത്വനിപ്പിക്കേണ്ടത്? ഒരു പാലിയേറ്റീവ് സംവിധാനത്തിന് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമാണിത്. ക്യാന്‍സര്‍ രോഗിക്ക് പലവിധ സഹായ സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ കിഡ്‌നി രോഗികള്‍ക്ക് അവരുടെ ചികിത്സാ ചെലവിന്റെ ആധിക്യം, ജില്ലയില്‍ നെഫ്രോളജിസ്റ്റിന്റെ അപര്യാപ്തത, ഡയാലിസിസ് യൂണിറ്റ് നടത്തിപ്പിന്റെ സങ്കീര്‍ണതകള്‍ എന്നിവ മൂലം പ്രതികൂലാന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗവണ്‍മെന്റും മറ്റിതര സംഘടനാ സംവിധാനങ്ങളും ഈ വസ്തുത ഗൗരവമായെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ സഹായാര്‍ഥിക്ക് ചെറിയ ഒരു സാമ്പത്തിക സഹായമേ ക്ലിനിക്കിന്റെ പരിമിതിയില്‍ നിന്ന് ചെയ്യാന്‍ കഴിയുകയുള്ളൂ. അതിനു മുമ്പു വന്ന ഒരു കിഡ്‌നി രോഗിക്ക് മാസം ആയിരം രൂപ വീതം നല്‍കിവരുന്നുണ്ട്. അതിനു ശേഷം വന്നവരെ നിരുത്സാഹപ്പെടുത്തി അയക്കേണ്ടിയും വന്നിട്ടുണ്ട്. കുവൈത്തിലെ 'സാന്ത്വനം' എന്ന സംഘടനയുമായി ബന്ധപ്പെട്ടു. കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷമുള്ള ചികിത്സക്ക് മാസം ആയിരം രൂപ വീതം അവര്‍ അയച്ചു കൊടുക്കുന്നതിനാല്‍ അദ്ദേഹം വളരെ ആശ്വാസത്തിലാണിപ്പോള്‍.
ഒരു രോഗിയുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വരുന്ന ചെലവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ചേരുന്ന കിഡ്‌നി കിട്ടിയാല്‍ പോലും മറ്റു ചെലവുകള്‍ താങ്ങാന്‍ പറ്റാത്ത വിധം ഭാരിച്ചതാണ്.
ഒരു ദിവസം ഓഫീസില്‍ അല്‍പപ്രാണനായ ഒരു ചെറുപ്പക്കാരന്‍ വേച്ചു വേച്ചു നടന്നുവന്നു. ഞാന്‍ അയാളെ പിടിച്ചിരുത്തി. കുടിക്കാന്‍ വെള്ളം കൊടുത്തു. അപ്പോള്‍ അയാള്‍ പറഞ്ഞു: ''വെള്ളം കുടിച്ചാലും എനിക്ക് പ്രശ്‌നമാണ്.'' സംസാരിക്കാനേ കഴിയാത്ത വിധം അയാള്‍ തളര്‍ന്നിരിക്കുന്നു!
അയാള്‍ എനിക്കു നേരെ നീട്ടിയ കടലാസുചുരുളുകള്‍ അയാളുടെ ജീവിതത്തിന്റെ ചുരുളുകള്‍ എന്നെ ബോധ്യപ്പെടുത്തി. ഒരു എഞ്ചിനീയറാണയാള്‍. ഗള്‍ഫില്‍ നല്ലൊരു ജോലി തരമാക്കി പോകാനിരിക്കെയാണ് രോഗം പിടിപെട്ടത്. പിന്നെ അതിന്റെ പിന്നാലെയായി. ഉള്ളതൊക്കെ പെറുക്കി വിറ്റു. പിതാവും മാതാവും സഹോദരങ്ങളും പിതാവിന്റെ സഹോദരന്റെ കുടുംബത്തില്‍ ചേക്കേറേണ്ടി വന്നു. ഒരു കുടുംബം മറ്റൊരു കുടുംബത്തില്‍ ചെന്ന് കയറിയാലുണ്ടാവുന്ന അസൗകര്യങ്ങളോടൊപ്പം തന്നെ എല്ലാവരുടെയും സഹകരണത്തോടെ ഇതുവരെ ചികിത്സിച്ചു. കുടുംബക്കാരുടെയും നാട്ടുകാരുടെയും സഹായങ്ങള്‍ക്കും ഒരു പരിധിയില്ലേ? എല്ലാ വഴിയും മുട്ടി. ഇപ്പോള്‍ ഒരു ഡയാലിസിസ് കഴിഞ്ഞാല്‍ രോഗിയായ അവന്‍ തന്നെ നടന്ന് പലരെയും കണ്ട്, കരഞ്ഞ് അടുത്ത ഡയാലിസിസിനുള്ള ചെലവ് കണ്ടെത്തുന്നു! ആ അധ്വാനത്തിന്റെ ക്ഷീണം താങ്ങാനാവാതെ വന്ന് കയറിയതാണ് അന്ന്. ഈ കഠിനമായ അവസ്ഥ ആരെയും പിടിച്ചു കുലുക്കുന്നതാണ്. അന്നുമുതലാണ് അവന്റെ ഡയാലിസിസിനുള്ള പണം എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാമെന്നു തീരുമാനിച്ചത്.
എന്റെ ഒരു പുസ്തക പ്രകാശനം മൂന്നൂറോളം രോഗികളുടെ പരിചരണം നടത്തുന്ന ഖത്തറിലെ കൂട്ടായ്മയായ 'മാപ്പ് ഖത്തര്‍' നിര്‍വഹിച്ച വേളയില്‍ ക്ഷണിക്കപ്പെട്ട് ഞാന്‍ ഖത്തറില്‍ പോയിരുന്നു. എനിക്ക് സംസാരിക്കാന്‍ കിട്ടിയ വേദികളില്‍ ഞാന്‍ ഈ നിര്‍ഭാഗ്യവാനായ എഞ്ചിനീയറെ അനാവരണം ചെയ്തു. അതിന്റെ ഫലമായി അഞ്ചുലക്ഷം രൂപയോളം ഓഫര്‍ ലഭിക്കുകയുണ്ടായി! പക്ഷെ, അതുപോലും ഓപ്പറേഷന്‍ ചെലവുകളെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്. ആ തുക ഇപ്പോഴും അവനെ കാത്ത് ബന്ധപ്പെട്ടവരുടെ കൈയിലുണ്ട്. പതിമൂന്ന് ലക്ഷത്തിലധികം രൂപ ചെലവ് വരുന്നതിനാല്‍ വളരെ നിസ്സഹായാവസ്ഥയിലാണ് ഈ ചെറുപ്പക്കാരന്‍- ഷരീഫ് (26 വയസ്സ്). ഇതുവായിക്കുന്ന ഈ നാട്ടുകാരും മറു നാട്ടുകാരും അവന്റെ ചികിത്സയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചുപോകുന്നു. വെളുത്തുള്ളി എടുത്തുവച്ചതുപോലെ വിളര്‍ത്ത ചുണ്ടും രക്തമയമില്ലാത്ത മുഖവും നിസ്സഹായവും നിരാശയും നിഴലിക്കുന്ന കണ്ണുകളും ഇത്രയും പഠിച്ച ഒരു യുവാവിന്റെ ജീവിക്കാനുള്ള ത്വരയെ നിര്‍വീര്യമാക്കുന്നതുകൊണ്ട് ചുടുനിശ്വാസമുതിര്‍ക്കുവാനേ കഴിയൂ. ദൈവസഹായം എപ്പോഴാണുണ്ടാവുക? പ്രതീക്ഷയോടെ നമുക്ക് പ്രാര്‍ഥിക്കാം.         

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top