ദന്ത സംരക്ഷണം

ഡോ: രഹന സാദിഖ്‌ No image

രീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പല്ലുകള്‍ക്കുള്ള പങ്ക് വളരെ പ്രധാനമാണ്. ഭക്ഷണം പല്ലുകള്‍ കൊണ്ട് ചവച്ചരക്കുമ്പോള്‍ ദഹനപ്രക്രിയ സുഗമമാകുന്നു. പല്ലുകള്‍ മുഖത്തിന്  ആകൃതിയും സൗന്ദര്യവും  പ്രദാനം ചെയ്യുന്നു. ശബ്ദോച്ചാരണത്തിലെ വ്യക്തത നിലനിര്‍ത്താനും പല്ലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് വായിലെ ആരോഗ്യ സ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്.
പല്ലുകള്‍ പ്രധാനമായും കോമള ദന്തം (പാല്‍പല്ല്), സ്ഥിരദന്തം എന്നിങ്ങനെ രണ്ടു തരത്തില്‍ ഉണ്ട്. പാല്‍പല്ല് കുട്ടികള്‍ക്ക് ഏകദേശം ആറുമാസം പ്രായമാകുമ്പോള്‍ മുതല്‍ രണ്ടര വയസ്സുവരെയാണ് വായില്‍ മുളച്ച് വരിക. ഇവ എണ്ണത്തില്‍ 20 ആണ്. സാധാരണയായി ആറു മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പാല്‍പല്ലുകള്‍ നഷ്ടപ്പെടുകയും അവയുടെ സ്ഥാനത്ത് സ്ഥിരദന്തം മുളക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ഏകദേശം ആറ്, പന്ത്രണ്ട്, പതിനെട്ട് എന്നീ പ്രായത്തിലും വലിയ അണപ്പല്ലുകള്‍ നാല് ഭാഗത്തും ഓരോന്ന് വീതമായി മുളച്ചു വരുന്നതാണ്. അങ്ങനെ ആകെ 32 പല്ലുകളാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഉണ്ടാവുക.
ഒട്ടിപ്പിടിക്കുന്നതും മധുരമുള്ളതുമായ ആഹാരസാധനങ്ങള്‍ ദന്തക്ഷയം ഉണ്ടാക്കുന്ന കാരണങ്ങളില്‍ പ്രധാനമാണ്. ഭക്ഷണാംശങ്ങളിലെ ഷുഗര്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയ ഘടകങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ആസിഡ് ഇനാമലിനെ ദ്രവിപ്പിക്കാന്‍ ഇടയാക്കുന്നു. തുടക്കത്തില്‍ ഇനാമലിന്റെ മിനുസപ്രതലം നഷ്ടമാവുകയും കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ പല്ലില്‍ ഒട്ടിപ്പിടിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ദന്തക്ഷയം കൂടുതല്‍ ഉള്ളിലേക്ക് വ്യാപിക്കുമ്പോള്‍ ഞരമ്പില്‍ ബാധിക്കുകയും വേദന ഉളവാക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. ഞരമ്പിനെ ബാധിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ ചെയ്യുന്നതാണ് ഉത്തമം.
ശിശുക്കളില്‍ പല്ല് മുളച്ചു തുടങ്ങിയാല്‍ ദന്ത ശുചീകരണവും ആരംഭിക്കേണ്ടതാണ്. ചെറിയ മൃദുവായ ടൂത്ത് ബ്രഷും കുറഞ്ഞ അളവില്‍ ടൂത്ത് പേസ്റ്റും  ഉപയോഗിച്ച് രാവിലെയും രാത്രിയിലും പല്ലുകള്‍ വൃത്തിയാക്കിയെടുക്കാം.
ഏകദേശം ആറു വയസ്സു മുതല്‍ മുന്‍നിരയില്‍ സ്ഥിരദന്തങ്ങള്‍ വന്നുതുടങ്ങും. ആ സമയത്ത് പാല്‍പല്ലുകള്‍ ഇളകിത്തുടങ്ങും. ഓരോ പല്ലും സ്വാഭാവികമായി ഇളകാന്‍ തുടങ്ങിയ ശേഷം മാത്രം ഇളക്കിയെടുത്താല്‍ മതി. പാല്‍പല്ലുകള്‍ ഇളകാതെ തന്നെ പകരമുള്ള സ്ഥിരദന്തം വരുന്നതായി കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. സ്ഥിരദന്തം മുളച്ചു വരുന്നതുവരെ അതാതു പാല്‍പല്ലുകള്‍ വായില്‍ നിലനിര്‍ത്തേണ്ടതാണ്. പാല്‍പല്ലുകള്‍ വളരെ നേരത്തെ നഷ്ടപ്പെട്ടാല്‍ ആ ഭാഗത്തെ എല്ലിന്റെ വളര്‍ച്ചയെയും സ്ഥിരദന്തങ്ങള്‍ സ്വാഭാവികമായി നിരയൊത്ത് വരുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു.
കുട്ടികളില്‍ വിരല്‍ കടിക്കുക, നാവ് പുറത്തേക്ക് തള്ളുക, വായ് തുറന്ന് ഉറങ്ങുക മുതലായ ശീലങ്ങള്‍ കണ്ടുവരാറുണ്ട്. അവ ദന്തനിരയിലും എല്ലിന്റെ ആകൃതിയിലും മാറ്റങ്ങള്‍ വരുത്തുകയും അത് മുഖസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്.
ദന്തക്ഷയം പോലെ തന്നെ മുതിര്‍ന്നവരില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് മോണരോഗം. മോണയില്‍ നിന്ന് രക്തം വരിക, ദുര്‍ഗന്ധം ഉണ്ടാവുക എന്നീ ലക്ഷണങ്ങളില്‍ തുടങ്ങി, ചികിത്സ തേടാതെ വരുമ്പോള്‍ പല്ല് ഇളകി നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പല്ലും മോണയും ചേരുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങളും അവ ബാക്ടീരിയയുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതു മൂലം ഉണ്ടാകുന്ന വസ്തുക്കളും അടിഞ്ഞു കൂടി പല്ലില്‍ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. പല്ലുകള്‍ക്ക് ഉറപ്പ് നല്‍കുന്ന ചുറ്റുമുള്ള എല്ലിനെ ഇവ ദ്രവിപ്പിക്കുന്നു. സ്‌കേലിംഗ് (പല്ല് ക്ലീനിംഗ്) മോണരോഗത്തിന് വളരെ ഫലപ്രദമാണ്.
മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ ഇടനേരത്തും രാത്രി ഉറങ്ങുന്നതിനുമുമ്പായും കഴിക്കുന്നത് ഒഴിവാക്കുക. രാവിലെയും രാത്രിയിലും സ്ഥിരമായി  പേസ്റ്റും ടൂത്ത് ബ്രഷും ഉപയോഗിച്ച് പല്ല് വൃത്തിയാക്കുക. ചെറിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ അവ പരിഹരിക്കാന്‍ ചികിത്സ തേടിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍

ഒഴിവാക്കി പല്ലുംമോണയും രോഗമുക്തമാക്കാം.                                                                                                                                                    

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top