താലോലം താലോലം...

ജമീല്‍ അഹ്മദ് No image

താലോലം താലോലം തേന്‍മോനേ, എന്റെ
താരാട്ടില്‍ നീയുറങ്ങെന്‍മോനേ...
മാതാവിന്റെ ലോലമസൃണമായ ശബ്ദത്തില്‍ മെല്ലെ തൊട്ടിലിലാടുമ്പോള്‍, തോളില്‍ ചാഞ്ഞ് പുറത്ത് പതിയുന്ന മൃദുതാളം ആസ്വദിക്കുമ്പോള്‍ ഉറങ്ങിപ്പോകാത്ത പൈതലുണ്ടോ. മാതാവിന്റെ നെഞ്ചിടിപ്പും കുഞ്ഞിന്റെ രക്തതാളവും ഒന്നാവുന്ന അസുലഭമുഹൂര്‍ത്തമാണത്. ഒരു ജന്മം മുഴുവന്‍ അനുഭവിച്ച സുഖങ്ങളൊന്നും പകരംവെക്കാനാകാതെ ഏതൊരാളും കൊതിക്കുന്ന ആ താരാട്ടുകാലം ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ടുകൂടിയാണ് മാതൃത്വം ഇത്രയും മഹനീയമാകുന്നത്. ഉപ്പാക്കും താരാട്ടു പാടാം. എന്നാല്‍ ഉമ്മയിലേക്കു ചേര്‍ത്തുകൊണ്ട് പങ്കുവെക്കുന്ന സവിശേഷമായ ഒരു സ്‌നേഹതലം താരാട്ടിനുണ്ട്. അതിനാല്‍ താരാട്ടാണ് തികച്ചും പെണ്ണിന്റെ പാട്ട്.
താരാട്ടുപാട്ടുകള്‍ക്ക് സംഗീതത്തെയും ഉള്ളടക്കത്തെയും ആസ്പദമാക്കിയ ഒരു പൊതുനിര്‍വചനം സാധ്യമല്ല. അനുഷ്ഠാന ഗാനങ്ങളെപ്പോലെയോ കലാവതരണഗാനങ്ങളെപ്പോലെയോ നിശ്ചിതമായ ഘടനയും ഉള്ളടക്കവും അതിനില്ല,  അത് പാടുന്ന സമയത്തുമാത്രം താരാട്ടാകുന്നു. കുട്ടികളെ ഉറക്കാന്‍ വേണ്ടി പാടുന്നതുകൊണ്ടുമാത്രം നാം ഒരു പാട്ടിനെ ആ പേരിട്ടു വിളിക്കുന്നു. ഏതു പാട്ടും താരാട്ടാകാം. ഏതു താരാട്ടും മറ്റൊരവസരത്തില്‍ ആസ്വാദ്യകരവുമാകാം. പെണ്ണോ ആണോ കുട്ടികളെ ഉറക്കാന്‍ വേണ്ടി പാടുന്ന പാട്ട് എന്നേ താരാട്ടിനെക്കുറിച്ച് പറയാനാവൂ. പെണ്ണാണ് കൂടുതലും അതിന്റെ പ്രയോക്താവ്. താരിനെ ആട്ടുന്ന പാട്ട് എന്ന് ഭാഷാപരമായി അതിനെ വിഗ്രഹിക്കാം. താരിന് പൂവെന്നാണര്‍ഥം. പൂവെ ആട്ടുംവിധം മൃദുലവും സ്‌നേ ഹമസൃണവുമായ പാട്ടാണിത്.
ലാളിച്ചു പെറ്റ ലത,യന്‍പൊടു ശൈശവത്തില്‍
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ
ആലോലവായു ചെറുതൊട്ടിലുമാട്ടി താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മരങ്ങള്‍
എന്ന് 'വീണപൂവ്' എന്ന കാവ്യത്തില്‍ കുമാരനാശാന്‍ ഈ പാട്ടിനെയും അതിന്റെ ആലാപന സന്ദര്‍ഭത്തെയും വര്‍ണിച്ചിട്ടുണ്ട്. അമ്മയുടെ വാത്സല്യവും ലാളനയും പ്രതീ ക്ഷയുമെല്ലാം താരാട്ടിലലിഞ്ഞിരിക്കുന്നു. അതിനാല്‍ ലിംഗപരവും സാമൂഹികവും മതപരവുമായ ധാരാളം മാനങ്ങള്‍ താരാട്ടിലുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള പരോക്ഷവും പ്രത്യക്ഷവുമായ ഒരാശയവിനിമയം താരാട്ടിലൂടെ സാധ്യ മാവുന്നുണ്ട്. അതിനാല്‍ അത്രയും പെണ്‍ പക്ഷത്തുനില്‍ക്കുന്ന പാട്ടാണ് താരാട്ട്. കുഞ്ഞിന്റെ പഞ്ചേന്ദ്രിയങ്ങള്‍ ആദ്യമായി അറിയുന്നത് അമ്മയെയാണ്. താരാട്ടു പാടു മ്പോള്‍ അമ്മയുടെ പല സ്ഥായിയിലുള്ള ശബ്ദങ്ങള്‍ കുഞ്ഞ് താരാട്ടിലൂടെ അനുഭവിക്കുന്നു. തനിക്കേറ്റവും ആവശ്യമുള്ള ശബ്ദവും ശരീരവും സാമീപ്യവും താരാട്ടു കേള്‍ക്കുന്ന കുട്ടി വേഗത്തില്‍ തിരിച്ചറിയുന്നു.
ഒരു പാട്ട് താരാട്ടാകുന്നത് അതിലെ വിഷയംകൊണ്ട് എന്നതിലേറെ രചനാരീതികൊണ്ടു കൂടിയാണ്. ആരീരം, താലോലം, രാരാരി രാരോ തുടങ്ങിയ വായ്ത്താരികള്‍ മല യാള താരാട്ടില്‍ സാധാരണയാണ്. ഇത്തരം വെറും വായ്ത്താ രികൊണ്ടും താരാട്ട് പ്രയോഗക്ഷമമാവും. താളവും ഈണ വും ഉറക്കിലേക്ക് ക്ഷണിക്കുമെന്ന പ്രയോജനമൂല്യത്തി ലാണ് താരാട്ടിന്റെ നില്‍പ്. കുട്ടികള്‍ക്ക് അത്തരമൊരു പരി ശീലനം ലഭിക്കാനും താരാട്ട് കാരണമാകുന്നു. താരാട്ടു കളുടെ ഭാഷ അതിലളിതമായിരിക്കും. കുട്ടികള്‍ക്കു മനസ്സി ലാകാത്ത വാക്കുകള്‍ തുലോം കുറവായിരിക്കുമതില്‍. സാമൂഹികമായ മൂല്യസങ്കല്‍പങ്ങളെ താരാട്ട് എപ്പോഴും താലോലിക്കുകയും പാഠമായി പകരുകയും ചെയ്യുന്നു. സംസ്‌കാരത്തിന്റെ ചിഹ്നങ്ങള്‍ വഹിക്കുന്ന ഗാനശാഖ യായി പലപ്പോഴും പഠിതാക്കള്‍ താരാട്ടുകളെ പരിഗ ണിക്കാറില്ല. അത്രയും ആഴം ആ ഗാനങ്ങള്‍ക്കില്ല എന്ന മുന്‍വിധിയാണതിനു കാരണമെന്നു തോന്നുന്നു. ഒട്ടേറെ താരാട്ടുമാപ്പിളപ്പാട്ടുകള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും മാപ്പിളപ്പാട്ടു പഠനഗ്രന്ഥങ്ങളിലൊന്നും ഈയൊ രു വിഭാഗത്തെ കാണുന്നില്ല. മലയാളത്തില്‍ പൊതുവെ യും മാപ്പിളപ്പാട്ടുകളില്‍ പ്രത്യേകമായും താരാട്ടുകളെ വേറിട്ടെടുത്ത് പഠിക്കേണ്ടത് അതിനാല്‍ പ്രസക്തമാണ്.
സജീവമായ എല്ലാ ലോകഭാഷകളിലും താരാട്ടുകളു ണ്ടെന്ന് ഇക്കാര്യത്തില്‍ നടന്ന ചില വിദേശ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സംസാരിക്കുന്ന ഭാഷകള്‍ മുഴുവന്‍ നിലനില്‍ക്കുന്നതും പകര്‍ന്നു പോകുന്നതും അമ്മയിലൂടെയാണെന്നതാണ് അതിനു കാരണം. ഒരു സമൂഹത്തിലെ അമ്മമാര്‍ മുഴുവന്‍ ഒരു ഭാഷയെ നിരാകരിക്കാന്‍ തീരുമാനിച്ചാല്‍ ആ ഭാഷ താമസിയാതെ മരിച്ചുപോകും. സ്വന്തം ഭാഷയെ 'മാതൃഭാഷ' എന്നു തന്നെ പേരിട്ടതിനുപിന്നില്‍ ആ അംഗീകാരം കൂടി ഉള്‍ചേര്‍ന്നിരിക്കുന്നു. അമ്മമാര്‍ കുട്ടികള്‍ക്ക് ഭാഷ പകര്‍ന്നുകൊടുക്കുന്നത് താരാട്ടുകളിലൂടെയും ആണ്. മാത്രമല്ല, അമ്മ കുഞ്ഞിനോട് സംസാരിക്കുന്ന ഏതിനും താരാട്ടിന്റെ ഈണവും താനവും കാണും. നാമതിനെ 'കൊഞ്ചല്‍' എന്ന് വിളിക്കുന്നു. ഭക്ഷണംപോലെ ഭാഷ യും വളരെ നേര്‍പ്പിച്ച്, മധുരം ചേര്‍ത്ത് പ്രിയത്തിലാണ് അമ്മ കുഞ്ഞിന് വിളമ്പുന്നത്. അതിനാല്‍, പാട്ടുപാടാന്‍ ഒരു പരിശീലനവും ലഭിക്കാത്ത അമ്മയും തന്റെ കുഞ്ഞിനു വേണ്ടി ഏറ്റവും മനോഹരമായി പാടുന്നു. ഏതു കുഞ്ഞിനും തന്റെ അമ്മയുടെ ശബ്ദം ജീവിതത്തില്‍ കേട്ട ഏറ്റവും അഴകെഴുന്ന സംഗീതമാവുന്നു.
പല സംഗീതപഠിതാക്കളും താരാട്ടുകളെ നാടന്‍ പാട്ടിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്. അല്ലെങ്കില്‍ നാടന്‍പാട്ടു ഗവേഷകരു ടെ പഠനവസ്തുവാണ് പലയിടത്തും താരാട്ടുകള്‍. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള നാടന്‍ താരാട്ടു കളും അധികവും അജ്ഞാതകര്‍തൃകങ്ങള്‍ തന്നെ. അല്ലെങ്കില്‍ ഏതോ ഒരമ്മ തന്റെ കുഞ്ഞി നുവേണ്ടി പാടിപ്പതിഞ്ഞതാണ് ആ പാട്ട്. എഴുത പ്പെട്ട പാട്ടുകളുടെ പ്രചാരത്തോടെ അത്തരം താരാട്ടുകളൊക്കെയും നാം മറന്നുപോയി. ഏത് അമ്മയ്ക്കും തന്റെ കുഞ്ഞിനുവേണ്ടി ഒരു പാട്ട് കെട്ടിയുണ്ടാക്കാനാവും. ആ കുഞ്ഞിനിഷ്ടമായ താളവും രീതിയും അതിനുണ്ടായിരിക്കും. ഓരോ വട്ടം ഉറക്കുമ്പോഴും ഓരോ പുതിയ പാട്ട് പാടാന്‍ കഴിയുംവിധം സമ്പന്നമാണ് ഏതൊരമ്മയുടെയും സര്‍ഗാത്മകമാതൃത്വം.
പൈതലുകള്‍ കരയുമ്പോള്‍ ഉമ്മമാര്‍ ആശ്വ സിപ്പിച്ചു പാടിയിരുന്ന ഒരു പാട്ട് നാടന്‍പാട്ടുശേ ഖരണങ്ങളില്‍ ഇങ്ങനെ കാണുന്നുണ്ട്.
കരയേണ്ട മോളേ, പിഴിയേണ്ട മോളേ
നിന്നെക്കെട്ട്ണ കല്യാണത്തിന്
പത്തഞ്ഞൂറാനവരും
ആനക്കെടുപ്പോളം പൊന്നു വരും
പൊന്നിട്ട പത്തായം പൂട്ടിവരും
പിച്ചളത്താക്കോലോടിവരും
അമ്മായിമ്മ തുള്ളിവരും
അമ്മോശങ്കാക്ക ചാടിവരും.
മകളെക്കുറിച്ചുള്ള സ്ത്രീസഹജമായ മോഹങ്ങളും പ്രതീക്ഷകളും ആശങ്കകളും ഈ പാട്ടില്‍ എത്ര സ്വാഭാവികമായാണ് തുളുമ്പിനില്‍ ക്കുന്നത്. ആര്‍ക്കും കൂട്ടിക്കെട്ടി പാടാനാവും വിധം എത്ര അയഞ്ഞ ഘടനയാണ് ഇതിനുള്ളത്.
പാട്ടിന്റെ ഇണവും താളവും ശ്രുതിയുമാണ് താരാട്ടിനെ മറ്റു പാട്ടുകളില്‍ നിന്ന് വ്യത്യസ്തമാ ക്കുന്ന പ്രധാന ഘടകം. അതിവേഗത്തിലുള്ള താളവും ഉയര്‍ന്ന ശ്രുതിയും കടുത്ത സംഗീതവും താരാട്ടുകള്‍ക്ക് യോഗ്യമല്ല. അതിലെ ആശയഘട നയാകട്ടെ സ്വാഭാവികവും ലളിതവുമാണ്. പല തലത്തിലാണ് താരാട്ടുപാട്ടുകളുടെ അര്‍ഥവ്യാ പാരം. അവയില്‍ കൂടുതലും കുഞ്ഞിനോട്  ശാന്തമായി ഉറങ്ങാനാവശ്യപ്പെടുന്നതാണ്. ശാന്തമായുറങ്ങുന്ന കുഞ്ഞിനെ ശല്യപ്പെടുത്ത രുതെന്ന്  പ്രകൃതിയോട് ആവശ്യപ്പെടുന്നവയാണ് മറ്റുചിലത്. അമ്മക്ക് കുഞ്ഞിലുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്‌തെടുത്ത വരികളാണ് വേറെ ചില താരാട്ടുകളില്‍ കാണുന്നത്. പലതരം ആശയങ്ങളിലും പ്രതിഫലിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ മുദ്രകള്‍ ഐകസ്വഭാവമു ള്ളതും ആഴമേറിയതുമാണ്. അവയെ ആസ്പദി ച്ചുള്ള പഠനങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
മലയാള സംസ്‌കാരത്തിന്റെ പല ഓരങ്ങളി ലും താരാട്ടിന്റെ കഥനങ്ങള്‍ കോര്‍ത്തുവെച്ചിട്ടുണ്ട്. രാജാവ് ചൂതുകളിയില്‍ തോറ്റുപോകുമെന്നുറപ്പാ യപ്പോള്‍ റാണി കുട്ടിക്ക് താരാട്ടുപാടുന്ന ഭാവത്തി ല്‍ 'ഉന്തുന്തുന്തുന്തുന്താളെയുന്ത്' എന്ന് ഈണ മുറപ്പിച്ച് സൂത്രം ഫലിപ്പിച്ചുവെന്നാണല്ലോ പ്രസിദ്ധമായൊരു കഥ. അങ്ങനെ ജയിച്ചതിന്റെ ജാള്യം മറച്ചുവെക്കാന്‍കൂടി ആകണം, ആ ഈണത്തില്‍ ഒരു കാവ്യം എഴുതാന്‍ രാജാവ് ആവശ്യപ്പെട്ടുവെത്രെ. കോലത്തിരി രാജാവിന്റെ കവിയായ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ' എന്ന ആദിമലയാള കാവ്യത്തിലുടനീളം 'മഞ്ജരി' എന്നു പേരുള്ള ആ വൃത്തവിശേഷം താരാട്ടീണം പോലെ അലയടിക്കുന്നു. ഇന്നും മലയാളത്തിലെ താരാട്ടു കളുടെ പൊതു വൃത്തമാണ് മഞ്ജരി. ആ തിശ്ര താളം താരാട്ടുകളില്‍ മാത്രമല്ല, പാട്ടുകളില്‍ പൊതുവെ മലയാളിക്ക് പ്രിയംകരവുമാണ്. നീലാംബരി രാഗമാണത്രെ താരാട്ടിന് ഏറ്റവും യോജിച്ചത്. സിനിമകളില്‍ താരാട്ടുപാട്ട് കെട്ടിയു ണ്ടാക്കുന്നവരൊക്കെ നീലാംബരി രാഗത്തിലാണ് കൈവെക്കാറുള്ളത്. മലയാളത്തിലെ താരാട്ടുകളില്‍ ക്ലാസ്സിക് എന്നു പറയാവുന്നത് ഇരയിമ്മന്‍ തമ്പിയുടെ ആ 'ഓമനത്തിങ്കള്‍ കിടാവു'തന്നെ. പിറക്കുമ്പോള്‍ തന്നെ രാജാവായ സ്വാതിതിരുനാ ളിനുവേണ്ടി രചിച്ച ഗാനമാണത്. സസന്ദേഹാലങ്കാ രത്തിന്റെ ആ സൗന്ദര്യഹാരം താരാട്ടിന്റെ രചനാപര വും സംഗീതപരവുമായ എല്ലാ സവിശേഷതകളും വഹിക്കുന്നു. കൃഷ്ണപ്പാട്ട് എന്നുകൂടി പേരുള്ള കൃഷ്ണഗാഥയും ഓമനത്തിങ്കള്‍ കിടാവും സവര്‍ണ ഹൈന്ദവ സ്ത്രീകള്‍ക്ക് ഇന്നും പ്രിയപ്പെട്ടവതന്നെ.
പൊതുവെ പാട്ടിനും താളത്തിനും ആകക്കൂടി സ്‌ത്രൈണമായ ഒരനുഭവതലമാണുള്ളത്. എന്നിട്ടും പാട്ടെഴുത്തുകാരധികവും ആണുങ്ങ ളായിപ്പോയി എന്നത് വൈരുദ്ധ്യമായിത്തോന്നാം. പെണ്ണ് പാട്ടെഴുതാനല്ല പാടാനാണ് കേമത്തി യായത്. സാംസ്‌കാരികമായ ആ സ്‌ത്രൈണത കാരണം പുരുഷ ലൈംഗികാസക്തികള്‍ പണ്ടും ഇന്നും പാട്ടിനെയും പെണ്‍ശരീരത്തെയും സംയോജിപ്പിച്ച് അവനുവേണ്ടി ഒരുക്കിവെച്ചു. ഇസ്‌ലാമിക കര്‍മശാസ്ത്രം പാട്ടിനെ അത്രയും സംശയത്തോടെ കണ്ടത് അതുകൊണ്ടുകൂടിയാണ്. എന്നാല്‍ സ്വാഭാവിക ജീവിത സന്ദര്‍ഭങ്ങളില്‍ ഉരുവംകൊള്ളുന്ന പാട്ടും താളവും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാല്‍ താരാട്ടുരൂപത്തില്‍ ഇസ്‌ലാമിക ഗാനശാഖയില്‍ തിളക്കമുള്ള രചനകള്‍ ഉണ്ടാവുകയും ചെയ്തു. മാപ്പിളപ്പാട്ടുകളില്‍ അതിനുദാഹരണങ്ങള്‍ ധാരാളമുണ്ട്.
കേരളീയ മുസ്‌ലിം സമുദായത്തില്‍ പല രീതിയിലുള്ള പാട്ടുകളും പ്രചരിച്ചിട്ടുണ്ട്. അപ്പപ്പാട്ടും മാലപ്പാട്ടും താലിപ്പാട്ടും അതിലുണ്ട്. അക്കൂട്ടത്തില്‍ ഒരിനം താരാട്ടുകള്‍ കൂടിയാണ്. രണ്ടുനൂ റ്റാണ്ടുകള്‍ക്കുമുമ്പ് കോഴിക്കോട്ട് ജീവിച്ചിരുന്ന കോട്ടപ്പറ മ്പത്ത് കുഞ്ഞിക്കാക്ക രചിച്ചതെന്ന് കരുതപ്പെടുന്ന
താലേലം താലേലം ത്വാഹാ നബിയേ
താഹിറത്താം ബദര്‍ പാത്ത് ഹലീമാ
താലേലം വാനേറും മാഹീന്‍ നബിയേ
താലേലം കൊള്ളും നാള്‍ തായീ ഹലീമാ
എന്നു തുടങ്ങുന്ന താരാട്ടുപാട്ട് മലബാറിലെ ഉമ്മമാര്‍ക്കിടയില്‍ ഏറെ പിരിശപ്പെട്ടതായിരുന്നു. മാപ്പിളപ്പാട്ട് താരാട്ടുകളിലെ ആശയപരമായ വ്യത്യസ്തത അതിലെ ഭക്തിയിലും ആത്മീയതയിലുമാണ്.
ഹസ്ബീ റബ്ബീ സ്വല്ലല്ലാ
മാഫീ ഖല്‍ബീ ഗൊയ്‌റുല്ലാ
നൂറുമുഹമ്മദ് സ്വല്ലല്ലാ - ഹഖ്
ലാ ഇലാഹ ഇല്ലല്ലാ
എന്ന പ്രാരംഭ സൂക്തങ്ങള്‍ മുസ്‌ലിം താരാട്ടുപാട്ടുകളില്‍ സാധാരണയാണ്.  പ്രവാചകന്‍ മുഹമ്മദ് നബി, മരുമകനായ അലിയ്യുബ്‌നു അബീ ത്വാലിബ്, പേരക്കുട്ടികളായ ഹസ്സന്‍ ഹുസൈന്‍മാര്‍, മകളായ ഫാത്തിമ, ഉമ്മയായ ആമിനാബീവി, വളര്‍ത്തമ്മയായ ഹലീമാബീവി തുടങ്ങിയവര്‍ ആ ഉറക്കുപാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രമുഖ കവി ടി. ഉബൈദ് രചിച്ച, പ്രസിദ്ധമായ ഒരു താരാട്ടുപാട്ടുണ്ട്. ഹലീമാബീവി കുഞ്ഞുമുഹമ്മദിനെ ഉറക്കുമ്പോള്‍ പാടിയതെന്ന അപൂര്‍വ സങ്കല്‍പത്തില്‍ വിരചിതമായ ആ ഗാനം ഇങ്ങനെ തുടങ്ങുന്നു.
വാരുറ്റ പൈതലേ താലേലം - റബ്ബിന്‍
കാരുണ്യക്കാതലേ താലേലം
ആമിനതന്‍ പൊന്‍ കിടാവല്ലോ - പാരില്‍
തൂമ വളര്‍ത്തും നിലാവല്ലോ
കുഞ്ഞിന്റെ ഭാവിമാഹാത്മ്യം ഹലീമാബീവി ക്കറിയാമായിരുന്നു എന്ന സൂചന ഈ പാട്ടിലുണ്ട്. 'അപൂര്‍വജ്ഞാനമുള്ളവള്‍' എന്നാണല്ലോ 'ഹലീമ' എന്ന പേരിനര്‍ഥം.
മലയാള താരാട്ടുകളുടെ പ്രചാരത്തെ ആധുനികത ക്കുശേഷം ഏറ്റവുമധികം കവര്‍ന്നെടുത്തത് സിനിമാഗാന ങ്ങളാണ്. മലയാളത്തിലെ എല്ലാ പാട്ടുകളുടെയും താളത്തെയും ഈണത്തെയും ആശയത്തെയും സിനിമ സ്വാധീനിച്ചു. എല്ലാ സ്വാധീനങ്ങള്‍ക്കുമേലെയും ഉയര്‍ന്നുനി ല്‍ക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്, കാലം എത്ര കലങ്ങി മറിഞ്ഞാലും പാട്ടും താളവും നിലനില്‍ക്കും എന്നാണത്. അവയും ഇല്ലാതാകുന്ന  ഒരു കാലവും വന്നേക്കാം. അപ്പോഴും ഒരു കാര്യമുണ്ട്. അവയില്‍ താരാട്ടുപാട്ടുകളായിരിക്കും ആദ്യം ഇല്ലാതാകുക. താരാട്ടുപാടാത്ത അമ്മമാരും അതു കേള്‍ക്കാത്ത കുട്ടികളും ഉണ്ടാകുന്നതോടെ പാട്ടുകള്‍ മുഴുവന്‍ അവസാനിക്കും. താരാട്ടു കേട്ടു വളരാത്ത ഒരു സമൂഹം അത്രയും മനുഷ്യവിരുദ്ധരായിരിക്കും. മനുഷ്യത്വം ഇല്ലാതാകുന്നിടത്ത് പാട്ടെന്ത്, താളമെന്ത്?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top