ജീവിത വേനലിലെ സാന്ത്വനമായി മാറുകയാണ് രമ്യ തുടങ്ങിയ ചാനലിന്ന്. ജീവിതം കൈവിട്ടുപോകുമോ എന്നാശങ്കിച്ചു നിന്ന നിമിഷത്തിലാണ് രമ്യയും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. തേയിലത്തോട്ടത്തിന്റെ ഹരിതാഭയും ആകാശനീലിമയുടെ ചാരുതയും പകര്‍ത്തി വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള കടച്ചികുന്നിലെ വീട്ടില്‍ നിന്നും ഇതുവരെ എയര്‍ ചെയ്തത് 659 വീഡിയോകള്‍. അങ്ങനെ വീട് സ്റ്റുഡിയോയും ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷനുമാക്കി 2019-ല്‍ തുടങ്ങിയ അച്ചൂസ് ഷോട്ട് വീഡിയോ യൂട്യൂബ് ചാനല്‍ ആറുമാസമായി സജീവമായി ഷോട്ട് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പ്രസവിച്ച് പതിമൂന്നാം ദിവസമാണ് അതുല്‍ കൃഷ്ണയെന്ന് പേരിട്ടു വിളിച്ച മോന് കടുത്ത രോഗമാണെന്നറിയുന്നത്. നിസ്സഹായരായി പകച്ചുപോയെങ്കിലും എല്ലാ വ്യഥകളെയും സഹനമാക്കി മാറ്റാന്‍ പ്രേരണയായത് യൂ ട്യൂബ് ചാനലാണ്. 2010-ല്‍ വിവാഹം കഴിഞ്ഞ് ആദ്യ പ്രസവത്തില്‍ ജനിച്ച അച്ചുവെന്ന അതുല്‍ കൃഷ്ണക്ക് പതിമൂന്നാം ദിവസമാണ് തലച്ചോറില്‍ വെള്ളം കെട്ടി നില്ക്കുന്ന അപൂര്‍വ രോഗമാണെന്ന് (Hydrocephalus) ഡോക്ടര്‍മാര്‍ പറഞ്ഞത്. അത് വലിയ നൊമ്പരമായി കുടുംബത്തിന്റെ വ്യഥയായെങ്കിലും ഇന്നാ വ്യഥയില്‍ നിന്നും ഒരു പരിധി വരെ യൂട്യൂബ് ചാനല്‍ സാന്ത്വനമായെന്ന് രമ്യ പറഞ്ഞു.
കൊച്ചു സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം പാചകം, കൃഷി, സംഗീതം, കൗതുകങ്ങള്‍, നാട്ടു തമാശകള്‍, ഗെയിം തുടങ്ങിയവയെല്ലാം രമ്യയുടെ വീഡിയോ വിഷയമാണ്. രമ്യ, ഭര്‍ത്താവ് ജിനു ബാലകൃഷ്ണന്, അതുല്‍ ബാലകൃഷ്ണന്, ആദി കൃഷ്ണ, കൊച്ചു മോള് കൃഷ്ണയടക്കം എല്ലാ കൊച്ചു വീഡിയോകളിലും ഭാഗഭാക്കാണ്.
തേയില തോട്ടത്തിലൂടെ രമ്യ ജോലിക്കായി പാഞ്ഞു പോകുമ്പോഴാണ് ആ ദൃശ്യം ശ്രദ്ധയില്‍ പെട്ടത്. ഒരു വിഷപ്പാമ്പിനെ നാട്ടുകാര്‍ പിടികൂടുന്നു, ഉടനെ സ്മാര്‍ട്ട് ഫോണ്‍ എടുത്ത് ആ അപൂര്‍വ ദൃശ്യം പകര്‍ത്തി. 30 ലക്ഷമാളുകള്‍ കണ്ട ആ ഷോട്ട് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിന്നും.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും ടാലിയും പഠിച്ച രമ്യ വിവിധ യൂട്യൂബ് ചാനലുകള്‍ വഴിയും മൈന്റ് ക്രാഫ്റ്റും ഇന്ത്യന്‍ ബൈക്കും ഒക്കെ കണ്ട് ആശയങ്ങള്‍ സമാഹരിച്ചാണ് കൊച്ചു വീഡിയോകള്‍ക്ക് വിഷയങ്ങള്‍ കണ്ടെത്തുന്നത്.
കോവിഡാഘാതം എല്ലാവരെയും പോലെ അവരെയും ഇരുളിലാഴ്ത്തിയിരുന്നു. അക്കാലത്തെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ. ' അന്ന് ആശുപത്രിയില്‍ ജോലി തെല്ലൊരു ആശ്വാസമായെങ്കിലും, മറ്റുള്ളവരുടെ സങ്കടങ്ങള്‍ ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ വേദനിപ്പിച്ചു. ദീര്‍ഘകാലമായി അസുഖമായി കഴിയുന്ന മക്കളുള്ള കുടുംബങ്ങളെ പറ്റി ഓര്‍ത്ത് ഞാന്‍ നിസ്സഹായയായി. ജിനുവേട്ടന് നടത്തിയിരുന്ന ഇലക്ട്രിക് കടക്ക് വാടക മാത്രം കൊടുത്ത് മുന്നോട്ടുപോയി. കട നിലനിര്‍ത്താന്‍ വാടക കൊടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. ചാനലിനൊപ്പം കൃഷിയും വീട്ടുകാരുടെ സഹായങ്ങളും കൊണ്ട് ഞങ്ങടെ അതിജീവനം സാധ്യമാക്കി. രോഗിയായ അച്ചുവിന്റെ കാര്യമോര്‍ത്ത് പലപ്പോഴും സങ്കടപ്പെട്ടെങ്കിലും, അതിനെയല്ലാം ധീരതയോടെ അതിജീവിക്കാതെ മാര്‍ഗമില്ലല്ലോ എന്ന ദൃഢനിശ്ചയത്തോടെ ഞാന്‍ മുന്നോട്ട് പോയി, കുടുംബാംഗങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി.'' മറ്റ് കാര്യങ്ങളില്‍ നാം ഇടപെടുമ്പോള്‍ വേദനകളില്‍ നിന്നും കുറച്ചെങ്കിലും അതിജീവിക്കാന്‍ അതൊരു മനശുശ്രൂഷയായി. രോഗിക്ക് മാത്രമല്ല പരിചരിക്കുന്നവര്‍ക്കും മരുന്ന് വേണമല്ലോ.
"ഈ പ്രതിസന്ധികളെ ധീരയായി നേരിട്ട് വീടെന്ന കൊച്ചു കൂര അഞ്ച് സെന്റില്‍ ഒരുക്കാനായതിലും ഞങ്ങളേറേ സന്തോഷത്തിലാണ്.'' വാടക വീട്ടില്‍ നിന്നും മാറി സ്വന്തമായ കൊച്ചു വീട്ടില്‍ സ്നേഹത്തിന്റെ ഇഴകള്‍ നെയ്യുകയാണവർ. കടച്ചികുന്ന് തേയില ഗ്രാമം നീലഗിരി മലകളുടെ താഴ് വാരത്താണ്, മലയിടുക്കുകളിലൂടെ കൊച്ചരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍, അച്ചൂസ് ഷോട്ട് വീഡിയോകള്‍ക്ക് ഈ ഹരിത ലാവണ്യം കരുത്തു പകരുന്നു, ഒപ്പം രോഗ സഹനങ്ങളില്‍ ചെറു സാന്ത്വനവും കിട്ടുന്നുവെന്ന് രമ്യയും മക്കളും പറഞ്ഞു.
ദീര്‍ഘനാളായി രോഗങ്ങളാല്‍ കഴിയുന്ന മക്കളുടെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന, വയനാട് സൊലേസിന്റെ സാന്ത്വനവും അച്ചുവിന് കിട്ടുന്നുണ്ട്. സഹനമനുഭവിക്കുന്ന മക്കള്‍ക്കായുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ താനും ഇനി ഉണ്ടാകുമെന്ന് രമ്യ പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ സങ്കടം നിറഞ്ഞു, 'എങ്കിലും എല്ലാം നേരിടുക തന്നെ എന്ന ദൃഢനിശ്ചയവും ആ മനസ്സില്‍ കണ്ടു.