മനസ്സും ശരീരവും നനഞ്ഞ ത്വവാഫ്

ഫാത്തിമ മക്തൂം
ജൂലൈ 2024
പാറകളാല്‍ ചുറ്റപ്പെട്ട മക്ക കണ്ടപ്പോഴൊക്കെ എവിടെയായിരിക്കും നബി(സ)യും അനുചരരും താമസിച്ചിരുന്നത്, അക്കാലത്തെ ചന്തകള്‍ എവിടെയായിരുന്നു എന്നൊക്കെയുള്ള മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഉംറ യാത്ര

2024 ഏപ്രില്‍ 24-ന് അബുദാബിയില്‍നിന്ന് ബസ് മാര്‍ഗമായിരുന്നു എന്റെ ആദ്യ ഉംറ യാത്ര. കൂടെ നാല് വയസ്സുള്ള മകളുണ്ടായതിനാല്‍ ഉദ്ദേശിക്കുന്ന പോലെ കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ യാത്രക്ക് മുമ്പ് നടന്ന ഉംറ ക്ലാസോടുകൂടി മനസ്സിലെ ചിത്രം ആകെ മാറി. നിങ്ങള്‍ അല്ലാഹുവിന്റെ അതിഥികളാണെന്നും ഉംറ കഴിയും വരെ കുട്ടികളൊന്നും നിങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ലെന്നും ആ ക്ലാസ്സില്‍ വെച്ച് ആവര്‍ത്തിച്ച് പറഞ്ഞത് മനസ്സിന് നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ല.

എല്ലാ ത്യാഗങ്ങളും സഹിക്കാനുള്ള മനസ്സോടെ യാത്രയ്ക്ക് പുറപ്പെടാന്‍ ആ ക്ലാസ് കഴിഞ്ഞതോടെ തീരുമാനിച്ചു. ഉംറയെ ചെറിയ ഹജ്ജ് എന്ന് വിശേഷിപ്പിച്ചതു കൂടി കേട്ടപ്പോള്‍ അതിനു മുമ്പ് ഉംറക്ക് മനസ്സില്‍ നല്‍കിയ പ്രാധാന്യത്തില്‍ കുറ്റബോധം തോന്നി. ഏതായാലും പുതിയൊരു മനസ്സോടെ ഏപ്രില്‍ 24-ന് ദുബൈയില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ ഞാനും മകളും യാത്രികരായി എത്തി. കുട്ടികളെല്ലാവരും കൂടി നല്ല കളിയിലും സൗഹാര്‍ദത്തിലും ആയിരുന്നു ബസ് യാത്രയില്‍. പഠനവും ചെറിയ വാക്കുകളില്‍ മനസ്സില്‍ പതിക്കുന്ന ഉദ്ബോധനങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെയായി മുതിര്‍ന്നവര്‍ക്ക് അറിവിന്റെയും സൗഹൃദത്തിന്റെയും വേദിയായി ബസ് യാത്ര. മീഖാത്തില്‍ ഇറങ്ങി ഇഹ്റാമില്‍ പ്രവേശിച്ചതോടു കൂടി തല്‍ബിയത്ത് മന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു പിന്നെ യാത്ര. ഇടറുന്ന സ്വരത്തില്‍ യാത്രാ അമീര്‍ തല്‍ബിയത്ത് ചൊല്ലിത്തരുന്നത് ഹൃദയവിങ്ങലോടെ ഏറ്റുചൊല്ലുകയായിരുന്നു. ശരീരമാകെ കോരിത്തരിക്കുന്ന ഒരു യാത്രയായിരുന്നു അത്. ദൂരെ നിന്നുള്ള ക്ലോക്ക് ടവറിന്റെ കാഴ്ച വര്‍ധിച്ച ഹൃദയമിടിപ്പോടെ നോക്കിനിന്നു.

അമ്പരപ്പോടെ സാധ്യമാകുന്നത്ര കാഴ്ച ഉള്ളിലേക്ക് എടുത്ത് പുണ്യ മക്കയെ കാണാനുള്ള തിടുക്കമായിരുന്നു മനസ്സു നിറയെ. എങ്ങോട്ട് നോക്കിയാലും കരിങ്കല്‍പ്പാറകള്‍ കൊണ്ടുള്ള മലനിരകള്‍ പ്രതീക്ഷിച്ചതിലും ഒരുപാട് വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിച്ചത്. ഈ അമ്പരപ്പുകള്‍ക്കിടയില്‍ ഉംറക്ക് നേതൃത്വം നല്‍കുന്ന ജാഫര്‍ സാഹിബ് ഞങ്ങളെയും കൂട്ടി മസ്ജിദുല്‍ ഹറം ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഏകദേശം 15 മിനിറ്റ് നടന്നാല്‍ കഅ്ബ കാണാം എന്ന് പറഞ്ഞപ്പോള്‍ മനസ്സിന്റെ തേങ്ങല്‍ കുറച്ചു കൂടി ഉച്ചത്തിലായി. വിശ്വാസി സമൂഹം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച, ഖുര്‍ആനില്‍ പരാമര്‍ശിച്ച സമാധാനത്തിന്റെ നാടായ മക്ക, ആദ്യമായി മലക്കുകള്‍ പണിത അല്ലാഹുവിന്റെ ഭവനം, ഇസ്ലാമിക  സംസ്‌കാരത്തിന്റെ ഈറ്റില്ലം, ഇബ്റാഹീം നബി (അ) യുടെയും മുഹമ്മദ് നബി (സ) യുടെയും പാദസ്പര്‍ശങ്ങളും ത്യാഗങ്ങളും അറിഞ്ഞ നാട്. ലോകത്തെല്ലാ മുസ്ലിംകളും നമസ്‌കാരത്തിന് വേണ്ടി അഭിമുഖീകരിക്കുന്ന കഅ്ബ. ലബ്ബൈക്ക് ചൊല്ലിക്കൊണ്ട് ഹറമിനടുത്തേക്ക് ഞങ്ങള്‍ നീങ്ങി. വലതു കാല്‍ വെച്ച് പ്രാര്‍ഥനയോടെ മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു. 'അഹ് ല യാ ളയ്ഫു റഹ്‌മാന്‍' എന്ന് പ്രവേശന കവാട സ്‌ക്രീനില്‍ തെളിഞ്ഞുവരുന്നത് കണ്ടു. ഓരോരുത്തരെയും പടച്ചവന്‍ പ്രത്യേകം ക്ഷണിക്കുന്നതു പോലെ. മനസ്സ് മെല്ലെ ഭൂമിയില്‍നിന്ന് പിടിവിടാന്‍ തുടങ്ങി. അവിടെനിന്ന് മത്വാഫിലേക്ക് (ത്വവാഫ് ചെയ്യുന്നയിടം) ഇറങ്ങി.

കഅ്ബ എല്ലാ മറകളും മാറ്റി കണ്‍മുന്നില്‍! ഗാംഭീര്യത്തോടും പ്രൗഢിയോടും കൂടിയുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ കരയാനും സന്തോഷിക്കാനും കഴിയാതെ അന്തം വിട്ട് നില്‍ക്കുകയായിരുന്നു. കണ്ണ് മുഴുവനും തുറന്നു നിറകണ്ണുകളോടെ കുറച്ചുസമയം കഅ്ബയെ നോക്കി നിന്നു. അമീര്‍ കഅ്ബ കണ്ടാലുള്ള പ്രാര്‍ഥന ചൊല്ലിത്തന്നത് ഏറ്റുചൊല്ലി. ഹജറുല്‍ അസ് വ ദിനടുത്തേക്ക് നീങ്ങി പ്രാര്‍ഥനകളോടെ ത്വവാഫ് തുടങ്ങി. അല്ലാഹുവിന്റെ നിയന്ത്രണത്തിനുള്ളില്‍ ഞങ്ങള്‍ ഇതാ കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന മാത്രയില്‍ മനസ്സും ശരീരവും കൊണ്ട് ത്വവാഫില്‍ അലിഞ്ഞു ചേരുകയായിരുന്നു. പടച്ചവനെ കണ്‍മുന്നില്‍ കാണുന്ന പോലെ മനസ്സിലുള്ളതെല്ലാം ചോദിച്ചു കൊണ്ടേയിരുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. അധികം തിരക്കും ഉണ്ടായിരുന്നില്ല. മനസ്സും ശരീരവും നനഞ്ഞ് ത്വവാഫ് പൂര്‍ത്തിയാക്കി മഖാമു ഇബ്റാഹീമിന്റെ പിന്നില്‍ വെച്ച് നമസ്‌കരിച്ചു. ഇതെല്ലാം ഒരു സ്വപ്നമാണോ എന്ന തോന്നലായിരുന്നു അപ്പോഴൊക്കെ.

സംസം വെള്ളം മതിയാവോളം കുടിച്ചു. കൊതി തീരാതെ കഅ്ബയെ നോക്കി തന്നെ കുറച്ചു സമയം നിന്നു. കൂടെയുണ്ടായിരുന്നവരില്‍ പലരെയും അവിടെനിന്ന് കണ്ടുമുട്ടി. ഞങ്ങള്‍ ഒരുമിച്ച് മസ്ആ (സഅ്യ് ചെയ്യുന്ന സ്ഥലം)യിലേക്ക് നീങ്ങി. കഅ്ബയെ നോക്കി പ്രാര്‍ഥിച്ച് സഅ്യ് തുടങ്ങി. ഹാജറ ബീവിയെയും മകന്‍ ഇസ്മാഈലിനെയും ഓര്‍ത്ത് അവരെപ്പോലെ ദീനിന് വേണ്ടി സര്‍വം സമര്‍പ്പിക്കാന്‍ ഈമാന്‍ നല്‍കണേ എന്ന് അകം ഉരുകി പ്രാര്‍ഥിച്ചു. ഹാജറ ബീവി മകന് കുടിവെള്ളം കിട്ടാന്‍ ഇരുന്നു പ്രാര്‍ഥിക്കുക മാത്രം ചെയ്യാതെ ഓടി നടന്ന് പ്രയത്നിച്ചതിന്റെ പ്രതീകം ആണല്ലോ സഅ്യ്. ജീവിതത്തിലെ ഓരോ നേട്ടങ്ങള്‍ക്കും പരിശ്രമം വേണം എന്ന് അത് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച ആയതിനാല്‍ ഹറമിലെ  ജുമുഅ കഴിഞ്ഞ് റൂമിലേക്ക് എത്താന്‍ ശ്രമിച്ചപ്പോള്‍ കണ്ടത് വലിയൊരു ജനസമുദ്രം ആയിരുന്നു. അതിലൂടെ അരിച്ചരിച്ച് നടന്ന് റൂമിലെത്തി മുടി മുറിച്ചു ഉംറ പൂര്‍ത്തിയായി - അല്‍ഹംദു ലില്ലാഹ്. മുമ്പ് ക്ലാസില്‍ പറഞ്ഞതുപോലെ മക്കളെക്കൊണ്ട് ആര്‍ക്കും പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മക്കയില്‍ താമസിച്ച പിന്നീടുള്ള നാല് ദിവസങ്ങളില്‍ ആഗ്രഹിച്ചപോലെ പലപ്പോഴായി ഏകാന്തമായി ത്വവാഫും ഹറമില്‍ വെച്ച് നമസ്‌കാരവും നിര്‍വഹിക്കാന്‍ സാധിച്ചു. ഓരോ ത്വവാഫ് കഴിഞ്ഞ് മടങ്ങുമ്പോഴും ഇനിയും ചോദിക്കാനും പറയാനും  ഉണ്ടായിരുന്നു മനസ്സ് നിറയെ.

പാറകളാല്‍ ചുറ്റപ്പെട്ട മക്ക കണ്ടപ്പോഴൊക്കെ എവിടെയായിരിക്കും നബി(സ)യും അനുചരരും താമസിച്ചിരുന്നത്, അക്കാലത്തെ ചന്തകള്‍ എവിടെയായിരുന്നു എന്നൊക്കെയുള്ള മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഹറം പരിസരം സന്ദര്‍ശിക്കുന്ന വേളയില്‍ തന്നെ അമീറിന്റെ അടുത്തുനിന്ന് ഉത്തരം ലഭിച്ചു. പ്രവാചക സ്നേഹം തുളുമ്പുന്ന അമീറിന്റെ വാക്കുകളിലൂടെ അതൊക്കെ ഭാവനയില്‍ കാണാന്‍ കഴിഞ്ഞു. നബി(സ)യും കുടുംബവും താമസിച്ച ശിഅ്ബ് അബീത്വാലിബും കണ്‍നിറയെ കണ്ടു. ശിഅ്ബ് അബീത്വാലിബ് ഉപരോധവും അതിനെ തുടര്‍ന്ന് നബി (സ)യുടെ പ്രിയപ്പെട്ടവരുടെ വിയോഗവുമൊക്കെ കണ്ണീരോടെ കേട്ട് നിന്നു. ഇബ്റാഹീം നബി (അ) കഅ്ബ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങളെ അവിടേക്ക് ക്ഷണിക്കാന്‍ കയറി നിന്ന അബീ കുബൈസ് മല സന്തോഷത്തോടെ നോക്കി നിന്നു. എനിക്കും ആ ക്ഷണം കേള്‍ക്കാന്‍ അനുഗ്രഹം ലഭിച്ചല്ലോ എന്നോര്‍ത്തു. പിന്നീട് പ്രവാചകന്‍ ഹിജ്റ വേളയില്‍ ഒളിച്ചിരുന്ന സൗര്‍ ഗുഹ സ്ഥിതി ചെയ്യുന്ന മലനിരകള്‍ കാണുകയും അതിന്റെ ത്യാഗങ്ങളുടെ ചരിത്ര കഥകള്‍ കേള്‍ക്കുകയും ചെയ്തു. അസ്മാഅ്(റ)യുടെ ത്യാഗത്തെക്കുറിച്ച് പറയാതെ ആ ഗുഹയുടെ കഥ പറയാന്‍ സാധിക്കില്ലെന്ന് തോന്നി. ഹജ്ജുമായി ബന്ധപ്പെട്ട ഇടങ്ങള്‍, ഇബ്റാഹീം നബി പ്രിയ മകനെ ബലി കൊടുക്കാന്‍ കിടത്തിയ പാറ. ഓരോ സ്ഥലങ്ങളെയും അമീര്‍ സുന്ദരമായി വിവരിക്കുമ്പോള്‍ ഒന്നും വിട്ടു പോകാതിരിക്കാന്‍, വാക്കുകള്‍ ഇനിയും പ്രവഹിച്ചെങ്കില്‍ എന്ന ആഗ്രഹത്തോടെ വീണ്ടും ചെവി വട്ടം പിടിച്ചു. തുടര്‍ന്നുള്ള ദിവസം 'ഇഖ്റഅ് ബിസ്മി റബ്ബിക'യുടെ പ്രതിധ്വനി കേള്‍ക്കാനുള്ള ആഗ്രഹത്താലും പ്രവാചകന്റെ ഏകാന്ത വാസത്തെക്കുറിച്ച് ചിന്തിക്കാനും ജബലുന്നൂര്‍ മലനിരകള്‍ കയറി ഹിറാ ഗുഹ സന്ദര്‍ശിച്ചു.

പടച്ചവനില്‍ നിന്ന് കിട്ടുന്നതെല്ലാം വാരിക്കൂട്ടാനും മനസ്സ് തുറന്നു പൊറുക്കലിനെ തേടാനും ധൃതി പിടിച്ചോടുന്ന മനുഷ്യരുള്ള, മഹ്ശറിനെ ഓര്‍മിപ്പിച്ച ഹറമില്‍ നിന്നും വിടവാങ്ങല്‍ ത്വവാഫ് ചെയ്തു മദീനയിലേക്ക് യാത്രതിരിച്ചു. വിടവാങ്ങല്‍ ത്വവാഫിന്റെ കണ്ണീരിനിടയിലും ഹജ്ജിനായി വീണ്ടും ഞാന്‍ വരുമെന്ന് കഅ്ബയോട് പറയുകയും പടച്ചവനോട് പ്രാര്‍ഥിക്കുകയുമായിരുന്നു.

മദീനയില്‍ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവി ശാന്തതയും സമാധാനവും നല്‍കി ഞങ്ങളെ വരവേറ്റു. അല്ലാഹുവിന്റെ റസൂലിന് സമാധാനം നല്‍കിയ മദീന എന്നും അങ്ങനെ ആയിരിക്കുമല്ലോ. മദീനയിലെത്തിയപ്പോള്‍ ഹബീബിന്റെ അരികിലെത്തിയ പോലെയായിരുന്നു.
ത്യാഗനിര്‍ഭരമായ മദീനയിലെ ആദ്യകാല ജീവിതം. ഉഹുദ് മല സന്ദര്‍ശന വേളയില്‍ വികാര നിര്‍ഭരമായി ഉഹുദ് യുദ്ധത്തെ കുറിച്ച് അമീര്‍ വിവരിച്ചപ്പോള്‍ കേട്ട് നിന്നവരൊക്കെയും കണ്ണീര്‍വാര്‍ത്തിരുന്നു. അതിനുശേഷം ഖന്ദഖ് സന്ദര്‍ശിച്ചു. സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും തന്ത്രങ്ങളും, ഒപ്പം അല്ലാഹുവിന്റെ സഹായവും ഉണ്ടായ ഖന്ദഖിന്റെ ചരിത്രം കേട്ടു നിന്നു. രണ്ട് റക്അത്ത് നമസ്‌കരിച്ചാല്‍ ഉംറയുടെ പ്രതിഫലം ലഭിക്കുന്ന മസ്ജിദുല്‍ ഖുബാ, ഖിബ് ല മാറ്റം സംഭവിച്ച മസ്ജിദുല്‍ ഖിബിലത്തൈനി കണ്ടു. ചരിത്രമുറങ്ങുന്ന ഇടങ്ങളെല്ലാം പള്ളി വെച്ചും പ്രത്യേകം അടയാളപ്പെടുത്തിയും മാറിമാറി വരുന്ന ഭരണാധികാരികള്‍  സംരക്ഷിച്ചിട്ടുണ്ട്. ഓരോ കഥകളും കേള്‍ക്കുമ്പോള്‍ ചരിത്രത്തില്‍ അധികം അറിവില്ലാത്ത ഞാന്‍ പറയുന്ന ചരിത്ര കഥകള്‍ ആവേശത്തോടെ കേട്ട് ചോദ്യങ്ങള്‍ ചോദിക്കാറുള്ള മക്കളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അവരും കൂടെയുണ്ടെങ്കില്‍ യാത്ര ഒന്നുകൂടി മനോഹരമായിരിക്കും എന്ന് തോന്നി.

സ്വര്‍ഗത്തിലെ ഒരു ഇടം എന്ന് നബി (സ) വിശേഷിപ്പിച്ച, മദീനയിലെ ഇസ്ലാമിക നാഗരികതക്ക് തുടക്കമിടാന്‍ പ്രവാചകന്റെ പുണ്യ പാദസ്പര്‍ശം ആദ്യമായി ഏറ്റുവാങ്ങിയ റൗളാ ശരീഫില്‍ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ലോകം തന്നെ ഏറെ സ്നേഹിക്കുന്ന ഹബീബായ റസൂലിനോട് ഹൃദയവിങ്ങലോടെ സലാം പറഞ്ഞു മദീനയോട് വിട പറയുമ്പോള്‍ റസൂലുല്ലാഹിയുടെ അടുത്തുനിന്ന് പിരിഞ്ഞുപോകുന്ന വികാരമായിരുന്നു.
മക്കയോട് തോന്നിയത് ബഹുമാനവും ആദരവും ആയിരുന്നെങ്കില്‍ മദീനയോട് സ്നേഹവും പ്രണയവും ആയിരുന്നു. മക്ക പവിത്രതയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥകള്‍ കൂടുതല്‍ ഓര്‍മിപ്പിച്ചപ്പോള്‍ മദീന വിജയത്തിന്റെയും സ്നേഹത്തിന്റെയും അധികാരത്തിന്റെയും കഥകളായിരുന്നു ഓര്‍മിപ്പിച്ചത്. കര്‍മങ്ങള്‍ സ്വീകരിക്കണേയെന്ന പ്രാര്‍ഥനയോടും, വീണ്ടും വന്നണയാമെന്ന പ്രതീക്ഷയോടും കൂടി മെയ് 3-ന് ആദ്യത്തെ പുണ്യതീര്‍ഥാടനത്തില്‍ നിന്നും യു.എ.ഇയിലേക്ക് മടക്കയാത്ര ആരംഭിച്ചു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media