കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ നടന്ന ഹജ്ജ്
വളണ്ടിയര്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി മുംബൈ നഗരത്തില്‍
പോയപ്പോൾ അവിടെ കണ്ട കാഴ്ചകളിലൂടെ
യാദൃഛികമായിട്ടായിരുന്നു ഇന്ത്യയുടെ വ്യാവസായിക നഗരത്തിലേക്കൊരു യാത്രയുണ്ടാകുന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ് വളണ്ടിയര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു അത്. മൈനോറിറ്റിയുടെ മുംബൈ സെന്‍ട്രല്‍ ഓഫീസിലാണ് ട്രെയിനിംഗ് എന്ന് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും വ്യാവസായിക തലസ്ഥാനവുമായതു കൊണ്ടോ, രാജ്യത്തെ തന്നെ ഏറ്റവുമധികം ജനസാന്ദ്രതയുള്ളതും ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമായതു കൊണ്ടോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ വന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന നഗരമായതു കൊണ്ടോ, താജ് ഹോട്ടല്‍ പോലെയുള്ള വന്‍കിട ഹോട്ടലുകള്‍ നിലനില്‍ക്കുന്ന നഗരമായതു കൊണ്ടോ അല്ല.
മറിച്ച് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ഛോട്ടാ രാജന്‍, ഹാജി മസ്താന്‍, കരീം ലാല, വരദരാജന്‍ മുതലിയാര്‍ തുടങ്ങിയവരുടെ അധോലോകം ഭരിക്കുന്ന നഗരം, ഉപജീവനത്തിനായി പച്ചമാംസം വില്‍ക്കുന്ന സ്ത്രീകളാല്‍ സമ്പന്നമായ കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിന് (Red Street) കേളി കേട്ട നഗരം,
അതിരുകളില്ലാത്ത മായാപ്രപഞ്ചം കെട്ടിപ്പടുത്ത ബോളിവുഡിന്റെ നഗരം, മനുഷ്യജന്മങ്ങള്‍ പുഴുക്കളെപ്പോലെ തിങ്ങിജീവിക്കുന്ന ധാരാവിയുടെ സ്വന്തം നഗരം.... ഇക്കാരണങ്ങളാലായിരുന്നു മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമോ അസ്വസ്ഥതയോ തോന്നിയിരുന്നത്. ഇന്ത്യയില്‍ മറ്റെവിടെയായിരുന്നെങ്കിലും നന്നായിരുന്നുവെന്ന് ആത്മഗതം നടത്തിയെങ്കിലും ട്രെയിനിംഗ് അനിവാര്യമായതിനാല്‍ യാത്രയാകാതെ നിവൃത്തിയില്ലായിരുന്നു. കേരള തലസ്ഥാനത്ത് നിന്ന് നീണ്ട 24 മണിക്കൂര്‍ തീവണ്ടിയുടെ എ.സി കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത് തീരദേശ മഹാനഗരമായ മുംബൈ പനവേല്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്ത് ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലേക്കും എത്തുമ്പോഴേക്കും ഉറക്കവും ഉണര്‍ച്ചയുമില്ലാത്ത മഹാനഗരം എനിക്കത്ഭുതമായിത്തുടങ്ങി. കേവല സെക്കന്റുകളുടെ വ്യത്യാസത്തില്‍ നഗരത്തില്‍ എപ്പോഴും എവിടേക്കും ഉള്ള സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ കൂടുതല്‍ കൗതുകമായിത്തോന്നി. മീന്‍ കച്ചവടക്കാര്‍ അവരുടെ മീന്‍ കുട്ടകളുമായി സബര്‍ബനില്‍ യാത്ര ചെയ്യുന്നു. മുംബൈയിലെ സാധാരണക്കാരുടെ ജീവിതോപാധി കച്ചവടം തന്നെയാണെന്ന് നേരിട്ടറിഞ്ഞു. അതിന്റെ അടയാളങ്ങള്‍ എവിടെ നിന്നും ദര്‍ശിക്കാം. ചത്രപതി ശിവജി റെയില്‍വേ ടെര്‍മിനലില്‍ നിന്ന് ഇടത്തേ ഗേറ്റ് വഴി പുറത്തിറങ്ങുമ്പോള്‍ ദി ടൈംസ് ഓഫ് ഇന്ത്യ യുടെ ഹെഡ് ഓഫീസാണ് മുംബൈ എന്ന വിസ്മയ നഗരത്തിന്റെ ആദ്യ കാഴ്ച എനിക്ക് സമ്മാനിക്കുന്നത്. വായനയുടെ ലോകത്തോട് അല്‍പം പ്രണയമുള്ള എനിക്ക് പ്രിന്റ് മീഡിയകള്‍ എന്നും ഒരുതരം ലഹരി തന്നെയായിരുന്നു. സര്‍ഗാത്മക സാഹിത്യത്തേക്കാളേറെ വായിക്കാനിഷ്ടം വര്‍ത്തമാന ലോകത്തെ കാലിക വിഷയങ്ങളോടായിരുന്നു. അതുകൊണ്ടു തന്നെ രാജ്യത്തെ അതിപ്രശസ്തമായ പത്രമോഫീസ് കണ്‍മുന്നില്‍ കണ്ടപ്പോള്‍ അല്‍പ്പനേരം സ്തംഭിച്ച് നിന്ന് പോയതും, സംഘാംഗങ്ങള്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല എന്ന മട്ടില്‍ മുന്നോട്ടുപോയതും ഇപ്പോഴുമോര്‍ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിനു മുന്നില്‍ സ്തംഭിച്ചു നിന്ന എന്നെ തട്ടിയുണര്‍ത്തിയത് തൊട്ടടുത്ത ജുമാ മസ്ജിദില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ഈണത്തിലൊഴുകിയെത്തിയ, ദൈവം വലിയവനാണ് (അല്ലാഹു അക്ബര്‍) എന്ന ബാങ്കിന്റെ ശബ്ദമായിരുന്നു. ഇപ്പോള്‍ സമയം വെളുപ്പിന് അഞ്ച് മണി കഴിഞ്ഞു. യാത്രാ സംഘത്തോടൊപ്പം റെയില്‍വേ സ്റ്റേഷനും ഹജ്ജ് ഹൗസിനുമിടയിലുള്ള പള്ളിയിലേക്ക് വേഗത്തില്‍ പോയി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച് അത്യുന്നതനെ വാഴ്ത്തി, നമസ്‌കരിച്ചു. ഇവിടെ പ്രഭാത നമസ്‌കാരത്തിനും സ്ത്രീകളോ എന്ന് പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ കണ്ട സ്ത്രീസാന്നിധ്യം എന്നെ ചിന്തിപ്പിച്ചുവെങ്കിലും ഒരു ദര്‍ഗയുള്ളതാണ് സ്ത്രീ സാന്നിധ്യത്തിന് കാരണമെന്ന് വൈകാതെ മനസ്സിലായി.
ശേഷം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള അഖിലേന്ത്യാ ഹജ്ജ് ഹൗസിലേക്ക് നടന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ നിന്ന് കേരള വളണ്ടിയര്‍ എന്ന് രജിസ്റ്റര്‍ ചെയ്ത റൂമുകളുടെ താക്കോലുകള്‍ വാങ്ങി നീണ്ട യാത്രയുടെ ക്ഷീണമകറ്റാന്‍ ഞങ്ങള്‍ കുറച്ച് നേരം വിശ്രമിച്ചു. മുംബൈയിലെത്തുന്ന ഏതൊരാള്‍ക്കും നഗരം ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കി സ്വകാര്യ വ്യക്തികള്‍ ബസ്സുകളുമായി തയ്യാറായി നില്‍ക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വലിയൊരാശ്വാസമാണ്. ഓരോരുത്തരില്‍ നിന്നും പ്രയാസകരമല്ലാത്ത ഒരു തുക വാങ്ങി കൃത്യമായ പ്ലാനിങ്ങോടെ മുംബൈ നഗരം പൂര്‍ണമായും കാണിക്കുന്നു. അങ്ങനെ ട്രെയിനിംഗിന്റെ ഒഴിവ് വേളയില്‍ എന്റെ കേരള ട്രെയിനിംഗ് സംഘത്തോടൊപ്പം നഗരത്തിന്റെ മായാകാഴ്ചകളിലേക്കും സഞ്ചാര കേന്ദ്രങ്ങളായ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് ഹോട്ടല്‍, ഹാജി അലി ദര്‍ഗ, നരിമാന്‍ ഏരിയ, മറൈന്‍ ഡ്രൈവ്, ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് മ്യൂസിയം, മുംബൈ ബീച്ച് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ് ഹോട്ടലും തൊട്ടടുത്ത് എന്നതും ഗേറ്റ് വേ ഓഫ് ഇന്ത്യ കടല്‍ തീരത്ത് എന്നതും തീര്‍ത്തും എനിക്കജ്ഞാതമായിരുന്നു. മുംബൈ നഗരത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന അറബിക്കടലിന്റെ മുകളിലൂടെയുള്ള നീണ്ട കടല്‍പ്പാല യാത്ര ഏറെ ഹൃദ്യവുമായി.
ബോളിവുഡ് കിംഗ് ഷാറൂഖാന്റെ വീടായ മിന്നത്ത്, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ വീടായ അന്റീലിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബോളിവുഡ് നടി രേഖ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വാസസ്ഥലങ്ങള്‍ക്ക് മുന്നിലൂടെ വീടുകള്‍ കണ്ടും മറ്റ് നിരവധി മാര്‍ക്കറ്റുകളിലേക്കു പോയി. സ്ത്രീകളും കുട്ടികളും അര്‍ധരാത്രിയില്‍ പോലും ഇത്രയും സുരക്ഷിതത്വം രുചിക്കുന്ന മറ്റൊരു നഗരവും ഈ രാജ്യത്ത് ഇല്ലെന്ന് ഞാനാദ്യമായറിഞ്ഞ ദിനരാത്രങ്ങളായിരുന്നു ഇത്. വൈകുന്നേരങ്ങളില്‍ മിഴിതുറക്കുന്ന കച്ചവടത്തെരുവുകള്‍ പാതിരാത്രിയിലും തുടരുമ്പോള്‍ അത് സ്ത്രീകളുടേതും പെണ്‍കുട്ടികളുടേതും മാത്രമാണെന്ന് തോന്നിപ്പോയി. എല്ലാ കടകളിലും കാണുന്ന ഉപഭോക്താക്കള്‍ അവരായിരുന്നു. ഒരു നോട്ടം കൊണ്ടു പോലും ആരും അവരെ ബുദ്ധിമുട്ടിക്കുന്നില്ല. അങ്ങനെ ഞങ്ങള്‍ കേരള വനിതകളും ആ രാത്രികളില്‍ വിവിധ കച്ചവടത്തെരുവുകളിലൂടെയും ഇടവഴികളിലൂടെയും അതിസുരക്ഷിതരായി ഗമയില്‍ നടന്നും സാധനങ്ങള്‍ വാങ്ങിയും ആസ്വദിച്ചു. സുഹൃത്തിനോടൊത്ത് പ്രഭാത സവാരിക്കിറങ്ങിയ ഞാന്‍ കൂടുതല്‍ സമയം വിനിയോഗിച്ചത് എന്നെ അത്ഭുതപ്പെടുത്തിയ സി.എസ്.ടി റെയില്‍വേ സ്റ്റേഷന്റെ ചുറ്റിലുമായിരുന്നു. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ 1897-ല്‍ തുടങ്ങിയ 22 പ്ലാറ്റ്ഫോമുകളോട് കൂടിയ വിക്ടോറിയ ടെര്‍മിനസ് 1996-ല്‍ ഛത്രപതി ശിവജി ടെര്‍മിനസ് എന്ന് നാമധേയം ചെയ്യപ്പെട്ട സി.എസ്.ടി, ബ്രിട്ടീഷ് വാസ്തുശില്പികളായ ആക്സല്‍ ഹെര്‍മനും ഫ്രെഡറിക് വില്യം സ്റ്റീവന്‍സും ഇന്തോ - ഇറ്റാലിയന്‍ ഗോതിക് ശൈലിയില്‍ നിര്‍മിച്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജാ ടെര്‍മിനസ് മധ്യ റെയില്‍വേയുടെ ആസ്ഥാനമാണെന്നതും യുനെസ്‌കോ പൈതൃക പട്ടികയിലുള്ളതാണെന്നതും പ്രത്യേകതകളാണ്. ഏതോ ഒരു അല്‍ഭുത ലോകത്ത് എത്തിപ്പെട്ട കുട്ടിയെപ്പോലെ എത്ര നേരമാണ് ഞാനവിടെ നോക്കി നിന്നതെന്നെനിക്കറിയില്ല. മഹാ നഗരത്തിലെ തങ്ങളുടെ ജോലിത്തിരക്കുകളില്‍ അമര്‍ന്നു ചേരാന്‍ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ ട്രെയിന്‍ യാത്രയ്ക്കായി ഓടിയെത്തിയ തദ്ദേശീയരായ അനേകം മനുഷ്യര്‍, നഗരത്തിന്റെ അപരിചിതത്വം ഉള്ളില്‍ പേറി യാത്ര ചെയ്യാനെത്തിയ അന്യ സംസ്ഥാനക്കാരെന്ന് തോന്നുന്ന കുറെയേറെ മനുഷ്യര്‍, ഈ ഭൂമിയിലെ ശേഷിക്കുന്ന തന്റെ സകല ജംഗമ വസ്തുക്കളും ഒരു തുണിക്കെട്ടിനുള്ളിലാക്കി സ്വന്തമായി തലചായ്ക്കാന്‍ ഇടമില്ലെന്ന് തോന്നിക്കുന്ന, എന്നാല്‍ ഈ ലോകത്തിന്റെ യാതൊരു ഭാരക്കെട്ടുകളും തങ്ങള്‍ക്ക് ഒരു ഭാരമേയല്ലെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്ന, ട്രെയിന്‍ ടിക്കറ്റ് തങ്ങള്‍ക്ക് ബാധകമേയല്ലെന്ന് പറയാതെ പറയുന്ന മറ്റൊരു കൂട്ടം മനുഷ്യര്‍. സ്ത്രീകളേക്കാളേറെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന, തങ്ങളുടെ ഉപജീവനത്തിന്റെ ഒരു ഭാഗം യാത്രികരായ ചെറുപ്പക്കാരുടെ (പുരുഷന്‍മാര്‍) മുന്നില്‍ കൈ നീട്ടി യാചിക്കുന്ന, ലഭിച്ചില്ലെങ്കില്‍ അവരെ ശാരീരികമായി ശല്യം ചെയ്ത് നേടിയെടുക്കുന്ന കുറെയേറെ ട്രാന്‍സ്‌ജെന്‍ഡറുകള്‍....
അങ്ങനെയങ്ങനെ എത്രയെത്ര മനുഷ്യരെയാണ് മണിക്കൂറുകളോളം ഞാന്‍ നോക്കിനിന്നത്... അന്നത്തെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ഉദ്ഘാടനം നിര്‍വഹിച്ച ട്രെയിനിംഗില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുണ്ടായിരുന്നു, ഇങ്ങ് കേരളത്തില്‍ നിന്നുള്ള ഞാന്‍ അങ്ങ് കശ്മീരില്‍ നിന്നുള്ളവരുമായും ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചും ഒരേ സദസ്സിലിരുന്നും മുന്നോട്ട് പോയി. അവസാനം ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മടക്കയാത്രയിലും മനസ്സ് ചോദിച്ചുകൊണ്ടിരുന്നു, ഞാനറിഞ്ഞ പേടിപ്പെടുത്തുന്ന മുംബൈ ഏതാണ്?