''എന്തിനു വേണ്ടിയാണ് നിങ്ങള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത്?'' ഒരു കാമ്പസിലെ ടീനേജുകാരോട് സംസാരിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ''ഞങ്ങള്‍ക്ക് ഇത്തരം സൗന്ദര്യ വസ്തുക്കള്‍ കോണ്‍ഫിഡന്‍സ് നല്‍കുന്നു എന്നായിരുന്നു. എന്തുകൊണ്ടായിരിക്കാം സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഒരു പെണ്ണിന് കോണ്‍ഫിഡന്‍സ് ലഭിക്കുന്നത് എന്ന് ആഴത്തില്‍ ആലോചിച്ചു. ഒരു പെണ്ണിന്റെ ആത്മവിശ്വാസത്തെപ്പോലും കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിലേക്ക് അവളുടെ നിറവും ലാവണ്യവും എങ്ങനെയാണ് മാറിപ്പോകുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുറച്ചുനാള്‍ മുമ്പ് കണ്ട ഒരു പരസ്യം ഒരു പിതാവിന്റെയും മകളുടെയും സംഭാഷണത്തിന്റേതായിരുന്നു. ഒരു പുസ്തകം വെച്ച് മകള്‍ അവളുടെ മുഖത്തിന്റെ പാതി മറച്ചിട്ടുണ്ട്. കുടുംബത്തില്‍ നടക്കുന്ന ഒരു ഫംഗ്ഷനില്‍ പങ്കെടുക്കാന്‍ മകള്‍ വരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ പിതാവ് അവളോട് കാരണം ചോദിക്കുന്നതാണ് രംഗം. കുറെ നിര്‍ബന്ധിച്ചതിനുശേഷമാണ് അവള്‍ മുഖം മറച്ചിരിക്കുന്ന പുസ്തകം എടുത്തുമാറ്റുന്നത്. മുഖത്ത് തെളിഞ്ഞു കാണുന്ന ഒരു മുഖക്കുരു. മുഖത്ത് ഒരു മുഖക്കുരു ഉണ്ടാകുമ്പോഴേക്കും ആളുകളില്‍ നിന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മാറിയിരിക്കേണ്ടവരാണ് നമ്മള്‍ എന്നും മുഖക്കുരുവോ പാടുകളോ കറുപ്പ് നിറമോ ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് മറ്റുള്ളവരെ കോണ്‍ഫിഡന്‍സോടുകൂടി അഭിമുഖീകരിക്കാന്‍ സാധിക്കൂ എന്നതുമാണ് പരസ്യം പറഞ്ഞുവെക്കുന്നത്. ഇങ്ങനെ പരസ്യമാര്‍ക്കറ്റുകള്‍ നിര്‍മിച്ചിരിക്കുന്ന കോണ്‍ഫിഡന്‍സുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തവരാണ് നമ്മില്‍ ഭൂരിഭാഗവും. പരസ്യങ്ങള്‍ ഒരു കൂട്ടരുടെ ആത്മവിശ്വാസത്തെ അധികരിപ്പിക്കുമ്പോള്‍ മാറി നില്‍ക്കേണ്ടി വരുന്നതും മാറ്റിനിര്‍ത്തപ്പെടുന്നതും കറുത്ത നിറമുള്ളവരോ പരസ്യ കോളങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുള്ളവരോ ആയിരിക്കും.
അല്ലാഹു സുന്ദരനാണ്, സൗന്ദര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നത് ഇസ്ലാമിന്റെ സൗന്ദര്യ സങ്കല്‍പമായി പറയുമ്പോഴും എന്താണ് സൗന്ദര്യം എന്നതിനെകുറിച്ച് കൃത്യമായ നിര്‍വചനം ആവശ്യമുണ്ട്. മനുഷ്യന്റെ പ്രകൃതമനുസരിച്ച് സൗന്ദര്യ സങ്കല്‍പ്പം അപരനില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അത് ഒന്നിലേക്കാക്കി ചുരുക്കുകയാണ് പരസ്യകമ്പോളങ്ങള്‍ ചെയ്യുന്നത്. സ്ത്രീ-പുരുഷ ആകര്‍ഷണം പലപ്പോഴും പല ഘടകങ്ങളിലൂടെയാണ് സാധ്യമാകുന്നത്. നമുക്ക് മുന്നില്‍ വരച്ചു കാണിക്കുന്ന ചില രൂപങ്ങളോ സങ്കല്‍പങ്ങളോ മാത്രമായിരുന്നു അതെങ്കില്‍ ഒരു മനുഷ്യന് തോന്നുന്ന മനോഹാരിത തന്നെയായിരിക്കണമായിരുന്നു വേറൊരു മനുഷ്യന്റെ സൗന്ദര്യ ആസ്വാദനവും ആകര്‍ഷണവും. കുറേ ഷോപ്പുകളില്‍ കയറിയിറങ്ങിയാണ് നമുക്ക് ഏറെ പ്രിയപ്പെട്ട മനസ്സിനിണങ്ങിയ വസ്ത്രം നമ്മള്‍ തെരഞ്ഞെടുക്കുന്നത്. നമുക്ക് ഒരു തരത്തിലും ഇഷ്ടപ്പെടാത്ത വസ്ത്രം ആരുടെ ഇഷ്ട വസ്ത്രമായിരിക്കുമെന്ന് നമ്മള്‍ അത്ഭുതത്തോടുകൂടി ആലോചിക്കാറുമുണ്ട്. യാത്രകള്‍ക്കിടയില്‍ പലപ്പോഴും അത്തരം വസ്ത്രങ്ങള്‍ ധരിച്ച ആളുകളെ കാണുമ്പോള്‍ അവരുടെ ഈ ഇഷ്ട വസ്ത്രങ്ങള്‍ എത്ര അന്വേഷണത്തിന് ശേഷമായിരിക്കും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവുക എന്നത് ആശ്ചര്യപ്പെടുത്താറുണ്ട്.
പല കാരണങ്ങളാല്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നവരാണ് സ്ത്രീ- പുരുഷന്മാര്‍. ആണ്‍- പെണ്‍ ഇടപഴകലുകളില്‍ സൂക്ഷിക്കേണ്ട മര്യാദകള്‍ ഇസ്ലാം ഗൗരവത്തോടെയാണ് പഠിപ്പിക്കുന്നത്. 'ഓ പ്രവാചകരേ, വിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചു കൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇത് അവര്‍ക്കുള്ള ഏറ്റവും പരിശുദ്ധമായ നടപടിയാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു കണ്ടുകൊണ്ടേയിരിക്കും. വിശ്വാസിനികളോടും പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ, ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്, തങ്ങളുടെ മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ...' (സൂറ: നൂര്‍ 30,31)തുടര്‍ന്ന്, ആരുടെ മുമ്പിലൊക്കെയാണ് ഇത്തരം നിബന്ധനകള്‍ നിര്‍ബന്ധമല്ലാത്തത് എന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു. തങ്ങള്‍ മറച്ചു വെച്ചിരിക്കുന്ന അലങ്കാരങ്ങള്‍ ആളുകള്‍ അറിയുന്നതിന് അവര്‍ കാലുകള്‍ നിലത്തടിച്ചു നടക്കുകയും ചെയ്യരുതെന്ന് സത്യവിശ്വാസിനികളോട് തുടര്‍ന്ന് റബ്ബ് ഉണര്‍ത്തുന്നുണ്ട്. ഇമാം ഖുര്‍തുബി പറയുന്നു: 'ഈ സൂക്തം അവതരിച്ചതിന്റെ കാരണം ഇതാണ്: അക്കാലത്തെ സ്ത്രീകള്‍ ശിരോവസ്ത്രംകൊണ്ട് തല മറച്ചിരുന്നു. ശിരസ്സില്‍നിന്ന് പിന്നിലേക്ക് തൂക്കിയിട്ടിരുന്ന ഒരുതരം വസ്ത്രമായിരുന്നു അത്. തന്മൂലം മാറും കഴുത്തും ചെവികളും മറഞ്ഞിരുന്നില്ല. അതിനാല്‍ ശിരോവസ്ത്രം മാറിലേക്ക് താഴ്ത്തിയിടാന്‍ അല്ലാഹു ആജ്ഞാപിച്ചു. ആഇശ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: മുഹാജിറുകളായ സ്ത്രീകളുടെ മേല്‍ അല്ലാഹുവിന്റെ കരുണ ഉണ്ടാവട്ടെ. 'അവര്‍ തങ്ങളുടെ ശിരോവസ്ത്രം മാറിലേക്ക് താഴ്ത്തി ഇടട്ടെ' എന്ന സൂക്തം അവതരിച്ചപ്പോള്‍ ആ സ്ത്രീകള്‍ തങ്ങളുടെ തട്ടം കീറി അതുകൊണ്ട് മക്കന ധരിച്ചു.' മുന്‍കൈയും മുഖവും ഒഴികെയുള്ള ബാക്കി ഭാഗങ്ങള്‍ മറയ് ക്കണം എന്നും നേരിയ വസ്ത്രം ശരീരത്തോട് ഒട്ടിച്ചേര്‍ന്ന രീതിയില്‍ ധരിക്കരുതെന്നും, വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും നഗ്നയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുതെന്നും പ്രവാചകന്‍ വിശദീകരിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും കോണ്‍ഫിഡന്‍സിനും വേണ്ടി പരസ്യങ്ങളിലൂടെയും മോഡലുകളിലൂടെയും പരിചയപ്പെടുന്ന മറ്റു സംസ്‌കാരങ്ങളെ അതേ രീതിയില്‍ സ്വീകരിക്കുന്ന ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയേയും ഇസ്ലാം എതിര്‍ക്കുന്നു.
ഇസ്ലാമിന്റെ ആശയ അടിത്തറയില്‍ നിന്നുകൊണ്ട് പക്വതയും പാകതയും അന്തസ്സുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇത്തരം അധ്യാപനങ്ങളിലൂടെ ഇസ്ലാം ചെയ്യുന്നത്. സ്ത്രീകളോട്, പുരുഷന്മാരുടെ മനസ്സുകളിലെ രോഗം അധികരിക്കാന്‍ കാരണമാകുന്ന വിധത്തില്‍ നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത് എന്ന് പറയുമ്പോള്‍ നിങ്ങള്‍ വ്യക്തമായി സംസാരിക്കുക എന്നും വിശുദ്ധ ഖുര്‍ആന്‍ ചേര്‍ത്തു പറയുന്നു. മാന്യമായ അത്തരം സംവാദങ്ങളും വര്‍ത്തമാനങ്ങളും ആശയ കൈമാറ്റങ്ങളും അനുവദനീയമാണ് എന്ന് പറയുന്ന ഇസ്ലാം മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്ന സാധ്യതകളെ തടയുകയാണ് ചെയ്യുന്നത്. അന്യപുരുഷന്റെയോ സ്ത്രീയുടെയോ വികാരത്തെ ഇളക്കിവിടുന്ന തരത്തിലുള്ള പെരുമാറ്റമോ വസ്ത്രധാരണമോ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗമോ ഇസ്ലാം അനുവദിക്കുന്നില്ല. പച്ചകുത്തുന്നവരെയും പച്ചകുത്തിക്കുന്നവരെയും പല്ലുകള്‍ മൂര്‍ച്ച കൂട്ടുന്നവരെയും മൂര്‍ച്ച കൂട്ടിക്കുന്നവരെയും പുരികം വടിക്കുന്നവരെയും വടിപ്പിക്കുന്നവരെയും കൃത്രിമ മുടി ധരിക്കുന്നവരെയും ധരിക്കാനാവശ്യപ്പെടുന്നവരെയും തിരുദൂതര്‍ ശപിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള കൃത്യമായ നടപടിക്രമങ്ങള്‍ ഇസ്ലാം മുന്നോട്ടുവെക്കുമ്പോള്‍ ഒരു മനുഷ്യന്റെ ബാഹ്യമായ പുറംമോടികളില്‍ ശ്രദ്ധ പതിപ്പിക്കുകയും അതിന്റെ സൗന്ദര്യമില്ലായ്മയില്‍ ഖേദിക്കുകയും വിഷമിക്കുകയും ആത്മസംഘര്‍ഷത്തിന് അടിപ്പെടുകയും അപകര്‍ഷതാബോധമുള്ളവരായിത്തീരുകയും ചെയ്യുന്നതിനപ്പുറത്തേക്ക് വായനയും ചിന്തയും ഉള്‍ക്കാഴ്ചയും നിലപാടുമുള്ള ഒരു കൂട്ടത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. ആത്മവിശ്വാസം അധികരിപ്പിക്കണമെങ്കില്‍ ഒരു മനുഷ്യനില്‍ ഉണ്ടായിത്തീരേണ്ടത് ഇത്തരത്തിലുള്ള മൂല്യങ്ങളാണെന്ന് ഒന്നാലോചിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതീവ സുന്ദരനായ യൂസുഫ് നബിയെ കണ്ടു പഴം മുറിക്കുമ്പോള്‍ ശ്രദ്ധ തെറ്റി കൈ മുറിഞ്ഞു പോകുന്ന പ്രഭു പത്‌നിയുടെ തോഴിമാരെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. സുന്ദരനായ യൂസുഫ് നബിയുടെ സൗന്ദര്യം പതിന്മടങ്ങ് വർധിക്കുന്നത്, എല്ലാ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വ്യഭിചാരത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ജയില്‍ തുറുങ്കാണ് ഇതിനേക്കാളും എനിക്ക് പ്രിയം എന്ന നിലപാട് പ്രഖ്യാപനത്തോടുകൂടിയാണ്. 'നാഥാ, ഈ ആളുകള്‍ എന്നോട് ആവശ്യപ്പെടുന്ന സംഗതിയേക്കാള്‍ എനിക്ക് ഏറെ അഭികാമ്യമായിട്ടുള്ളത് തടവറയാകുന്നു. അവരുടെ കുതന്ത്രങ്ങളെ നീ എന്നില്‍ നിന്നും പ്രതിരോധിച്ചില്ല എങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങിപ്പോവുകയും അവിവേകികളുടെ ഗണത്തില്‍ പെട്ടവനായിത്തീരുകയും ചെയ്യും' (സൂറ: യൂസുഫ് 33)
ഒരു മനുഷ്യന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ധിക്കുന്നത് പലപ്പോഴും ആ മനുഷ്യന്റെ നിലപാട് പ്രഖ്യാപനവും നിശ്ചയദാര്‍ഢ്യവുംകൊണ്ട് തന്നെയാണ്. അതുകൊണ്ടാണ് ഖുര്‍ആനില്‍ സബഇലെ രാജ്ഞിയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ സുന്ദരിയായ ഒരു രാജ്ഞിയെ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നത്. നിലപാട് പ്രഖ്യാപനം കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന കാര്യഗ്രഹണ ശേഷിയുള്ള ഒരു രാജ്ഞിയായിട്ടാണ് നമ്മുടെ മനസ്സില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നത്. കാര്യങ്ങളെ വിശാല മനസ്സോടുകൂടി സമീപിക്കുകയും അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ചയോടുകൂടി സംസാരിക്കുകയും ജനങ്ങളിലേക്ക് ഇറങ്ങുകയും വിഷയങ്ങളെ നിരൂപണ വിധേയമാക്കുകയും നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്ന സച്ചരിതരായ പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇസ്ലാമിക ചരിത്രം എന്നും മഹത്തുക്കളായി വാഴ്ത്തുന്നത്.
ബാഹ്യ സൗന്ദര്യത്തിനും ബാഹ്യമായ മോടികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു വ്യവസ്ഥക്കും ആശയത്തിനും ഒരു മനുഷ്യനെ ആത്യന്തികമായി സംതൃപ്തനാക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സൗന്ദര്യമുണ്ടായിരുന്ന സമയത്ത് തങ്ങള്‍ എങ്ങനെയായിരുന്നുവോ അതില്‍ നിന്നും രൂപമാറ്റം സംഭവിക്കുമ്പോള്‍ അത് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ജനങ്ങള്‍ അത് കാണുന്നത് സഹിക്കാനോ പറ്റാത്ത രീതിയിലുള്ള അഭിനേതാക്കളുടെ വിശേഷങ്ങള്‍ നമ്മള്‍ കാണുന്നത്. മുമ്പ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ മലയാള പാഠപുസ്തകത്തില്‍ പഠിപ്പിക്കപ്പെട്ട പി.കേശവദേവിന്റെ ദീനാമ്മ എന്ന കഥ ബാഹ്യസൗന്ദര്യത്തിന് പുറത്തുള്ള ആന്തരിക സൗന്ദര്യത്തെക്കുറിച്ച് വിദ്യാര്‍ഥികളോട് സംവദിക്കുന്ന ഒന്നായിരുന്നു. ഹൃദയത്തിന്റെ തേട്ടത്തെ ശ്രദ്ധിക്കുകയും അതിനെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുക. അതിനാണ് ആത്യന്തികമായ വിജയവും സംതൃപ്തിയും നല്‍കാനാവുക എന്നര്‍ഥം.
കൃത്രിമ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ വൃത്തിയായി നടക്കുക എന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ചില വാദങ്ങള്‍ കേള്‍ക്കാറുണ്ട്. 'വൃത്തി ഈമാനിന്റെ പകുതിയാണെ'ന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 'അഞ്ച് നേരം ദന്തശുദ്ധീകരണം നടത്താന്‍ നിങ്ങളോട് നിര്‍ബന്ധിക്കുമായിരുന്നു, നിങ്ങള്‍ക്ക് പ്രയാസമാകുമായിരുന്നില്ലെങ്കില്‍' എന്നും 'ഉള്ളിയോ മറ്റോ തിന്ന അവസ്ഥയില്‍ വായ്‌നാറ്റം ഉള്ളവരായി നിങ്ങള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കരുത്' എന്നും പ്രവാചക അധ്യാപനങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ശരീരവും വസ്ത്രവും പരിസരവും ഏറ്റവും വൃത്തിയില്‍ സൂക്ഷിക്കുകയും വൃത്തിയുള്ളവരായി ആരാധനാകര്‍മങ്ങളെ സമീപിക്കുകയും ചെയ്യുക എന്നത് ആരാധനാകര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള നിര്‍ബന്ധ ഉപാധികളാണ്. വലിയ കുളിയും പെരുന്നാള്‍ കുളിയും ജുമുഅ നമസ്‌കാരത്തിനു വേണ്ടിയുള്ള കുളിയും നഖം മുറിക്കലും സുഗന്ധം പൂശലുമെല്ലാം മനുഷ്യന് ആത്മവിശ്വാസവും പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ഘടകങ്ങളാണ്. ഇസ്ലാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അനുവദനീയമാക്കിയ പട്ടുവസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധൂര്‍ത്ത് പ്രകടമാക്കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നു. ഇണകള്‍ പരസ്പരം മനോഹരമായി അണിഞ്ഞൊരുങ്ങി അലങ്കാരങ്ങള്‍ സ്വീകരിച്ച് പരസ്പരം ആകര്‍ഷിക്കണമെന്നും സന്തോഷിപ്പിക്കണമെന്നും പ്രവാചക അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നു. ഇതുവഴി വൃത്തിയും വെടിപ്പും അച്ചടക്കവുമുള്ള ഒരു മനുഷ്യനിലേക്കാണ് ഇസ്ലാം ഒരു വിശ്വാസിയെ നടത്തുന്നത്. എല്ലാറ്റിലുമുപരി സ്വന്തം ഇഷ്ടത്തിന് മുകളില്‍ അല്ലാഹുവിന്റെ ഇഷ്ടത്തെയും കല്‍പ്പനകളെയും സ്ഥാപിക്കുക വഴി അനുസരണയും അതുവഴി ആത്മാഭിമാനവുമുള്ള ഒരു വിശ്വാസിയെ കൂടി റബ്ബ് സൃഷ്ടിച്ചെടുക്കുകയാണ്.