സദാചാര സങ്കല്‍പ്പം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഔദാര്യം മാത്രമോ?

സമീന പി.എ
ജൂലൈ 2024
പരസ്പര പ്രണയമുള്ള ദമ്പതികളും മാതാപിതാക്കളെ ബഹുമാനിക്കുന്ന മക്കളും ഉള്ള കുടുംബങ്ങള്‍ക്ക് മാത്രമേ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ

വ്യക്തിസ്വാതന്ത്ര്യമാണ് ഏറ്റവും മൗലീകമെന്ന പടിഞ്ഞാറന്‍ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ സദാചാര തത്ത്വശാസ്ത്രമാണ് ലിബറലിസം.

അവനവനു തോന്നിയ പോലെ ജീവിക്കാവുന്ന ലിബറലിസത്തില്‍ സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഔദാര്യം മാത്രമാണ്. അതോടെ, ഒരു തെറ്റിനെ തെറ്റാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം സമൂഹത്തില്‍ നിന്നും എടുത്തുമാറ്റപ്പെടുന്നു. ഉഭയ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തികള്‍ സമൂഹത്തെ മോശമായി ബാധിക്കുന്നതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമായി വിശുദ്ധീകരിക്കപ്പെടുന്നു.

പരസ്യമായി പ്രണയലീലകള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നവരെ ചോദ്യം ചെയ്യാന്‍ ഒരു സദാചാരക്കാരനും ധൈര്യപ്പെടില്ല എന്ന തരത്തില്‍ ലിബറലിസം നമ്മുടെ നാട്ടിലും വേരുറപ്പിച്ചു കഴിഞ്ഞു. വിവാഹം കഴിക്കാന്‍ കുട്ടികള്‍ വിസമ്മതിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ലിബറല്‍ ചിന്തയാണ്.

ക്യാമ്പസിന്റെ കണ്ണായ സ്ഥലത്ത് കണ്ടാല്‍ അറക്കുന്ന, തുറിച്ചു നോക്കേണ്ട- ഇങ്ങനെയാണ് നിങ്ങള്‍ ഉണ്ടായത് എന്നു വരച്ചുവെച്ചത് കണ്ടുകൊണ്ട് വീട്ടില്‍ വരുന്ന കുട്ടികള്‍ അവിടെ നടക്കുന്ന പലതും നമ്മോട് പങ്കുവെക്കുന്നില്ല. ലജ്ജയും വിശ്വാസവും ഇരട്ടകളാണ.് ലജ്ജ ഇല്ലാതായാല്‍ വിശ്വാസവും ഇല്ലാതാകുമെന്ന പ്രവാചക വചനം പ്രസ്താവ്യമാണ്. ലജ്ജ ഇല്ലാതാക്കുക എന്നതാണ് ലിബറലിസം ചെയ്തുകൊണ്ടിരിക്കുന്നത്.

നഗ്നതാ പ്രദര്‍ശനവും കാമകേളികളും കൊണ്ട് വര്‍ണാഭമായ, ആദ്യമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടത്തപ്പെട്ട pride പരേഡ് LGBTQIA+ ആക്ടിവിസ്റ്റുകള്‍ കേരളത്തിലെ പല നഗരങ്ങളിലും നടത്തിക്കഴിഞ്ഞിരിക്കുന്നു.
This planet needs a sexual revolution എന്ന് വലിയ പുരോഗമനം എന്ന മട്ടില്‍ നമ്മുടെ പുതു തലമുറക്കാരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് ക്യാമ്പസുകള്‍.

യഥാര്‍ഥത്തില്‍ 1960-80 കാലഘട്ടങ്ങളില്‍ യൂറോപ്പില്‍ നടന്നുകഴിഞ്ഞ സെക്്ഷ്വല്‍ റവല്യൂഷനെയാണ് മോഡേണ്‍ എന്ന മട്ടില്‍ നമ്മുടെ നാട്ടിലെ ലിബറലുകള്‍ പറഞ്ഞു നടക്കുന്നത്.

വിവാഹത്തിലൂടെയല്ലാത്ത ലൈംഗികത സാധാരണമാണ്, സ്വവര്‍ഗ്ഗരതി നോര്‍മല്‍ ആണ് തുടങ്ങിയ ആശയങ്ങളിലൂടെ കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റിന്റെ തകര്‍ച്ചയാണ് യൂറോപ്പില്‍ സംഭവിച്ചത്.

ഫാദര്‍ ലെസ്സ് അമേരിക്ക എന്ന പുസ്തകം ഇറങ്ങിയ നാട്ടില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ നാലിലൊന്നും ഏക രക്ഷിതാവുള്ള കുടുംബത്തിലാണ് വളരുന്നത.് അതില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളുടെ ചുമതലയില്‍ ആണെന്ന സത്യം കണ്ണുതുറപ്പിക്കേണ്ടതാണ്.
ആണും പെണ്ണും എന്ന ബൈനറിയില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കാത്ത ഏതാനും ചിലര്‍ക്കു വേണ്ടി ആണും പെണ്ണുമായി ജീവിക്കുന്ന എല്ലാവരും ആണ്‍-പെണ്‍ വ്യത്യസ്തത ഇല്ലാതെ ആണിന്റെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അത്തരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ വ്യാപകമാകുന്നു. വസ്ത്രം മാത്രമല്ല, ടോയ്‌ലറ്റുകളും നിയമങ്ങളും ജനറല്‍ ന്യൂട്രല്‍ ആവാന്‍ താമസമില്ല.

2021 ഡിസംബര്‍ 15-ന് ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ബന്ധമാക്കിയ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി tweet ചെയ്തതിന്റെ സാരാംശം ഇങ്ങനെയാണ.് പുതിയൊരു കേരളത്തിന്റെ നിര്‍മാണത്തിലാണ് ഞങ്ങള്‍. എതിര്‍ലിംഗ ലൈംഗികതയാണ് നോര്‍മല്‍ എന്ന  പ്രതീക്ഷയുടെ അമിതഭാരത്തില്‍ നിന്ന് അടുത്ത തലമുറയെ രക്ഷിക്കാനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന്.

എതിര്‍ വര്‍ഗ ലൈംഗികത മാത്രമുള്ള hetero നോര്‍മേറ്റീവ് ആയി പോയ സമൂഹത്തിന് പിന്നെ ലിബറലേറ്റ് ചെയ്യാനുള്ള ഏക വഴി മഴവില്ല് പോലെ തെളിഞ്ഞു കിടക്കുന്ന LGBTQIA+se Q പ്രതിനിധാനം ചെയ്യുന്ന Queer നോര്‍മേറ്റീവ് ആണ്. ഇതാകട്ടെ സ്വവര്‍ഗ രതിയും ശിശു രതിയും ബാലരതിയും മൃഗ രതിയും മാത്രമല്ല, മാതാപിതാക്കളും മക്കളും തമ്മില്‍ ബന്ധപ്പെടുന്ന അഗമ്യ ഗമനം ഉള്‍പ്പെടെ നോര്‍മല്‍ ആണെന്ന ചിന്താഗതിയാണ്. എന്തുകൊണ്ട് ആണായിക്കൂടാ എന്ന് പെണ്ണിനും പെണ്ണായിക്കൂടാ എന്ന് ആണിനും തോന്നുന്ന ആദ്യ നിമിഷത്തില്‍ തന്നെ വേണ്ട ഹോര്‍മോണ്‍ ചികിത്സകളെക്കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും ഉള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.

സ്ത്രീവിരുദ്ധ ആശയം
ആണാകുന്നതാണ് അഭിമാനം എന്ന മിഥ്യാബോധം ഉണര്‍ത്തുന്ന ജനറല്‍ ന്യൂട്രല്‍ വസ്ത്രങ്ങളണിയുന്നതോടെ വളരുന്ന നമ്മുടെ പുതു തലമുറക്ക് ഉണ്ടാകാന്‍ പോകുന്ന ട്രാന്‍സ് ഡിസ്ഫോറിയയുടെ പ്രത്യാഘാതങ്ങള്‍ അറിയാന്‍ അമേരിക്കന്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ 44-കാരി അഭിഗേല്‍ ഷ്രലര്‍ എഴുതിയ പുസ്തകം വായിച്ചാല്‍ മതിയാകും. 2020 ജൂണിലാണ് irriversible damage the transgender craze seducing our daughter എന്ന, നമ്മുടെ പെണ്‍കുട്ടികളെ വശീകരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഭ്രമം എന്ന പുസ്തകം പ്രസിദ്ധീകൃതമായത്. കോളേജില്‍ ചേരാന്‍ എത്തിയ ലൂസി എന്ന പെണ്‍കുട്ടി ട്രാന്‍സ്ജെന്‍ഡറായി മാറിയ അനുഭവം പുസ്തകം വെളിപ്പെടുത്തുന്നുണ്ട.് കോളേജില്‍ ചേരാനുള്ള ഫോമില്‍ പുതിയ രീതിയനുസരിച്ച് സെക്സ് എന്ന ഒറ്റക്കോളത്തിന് പകരം സെക്സ്, ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നീ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ടായിരുന്നു. സെക്സ് ജന്മനാ ഉള്ള ലിംഗവും ജെന്‍ഡര്‍ അവള്‍ക്ക് സ്വയം ഏതാണോ തോന്നുന്നത് അതും സെക്്ഷ്വാലിറ്റി എന്നത് ലെസ്ബിയന്‍ കെ എന്ന നീണ്ട വരിയില്‍ അവളുടെ ലൈംഗികാഭിനാവകാശം രേഖപ്പെടുത്താനുള്ള അവസരവും ആയിരുന്നു. അവളുടെ കുറേ സുഹൃത്തുക്കള്‍ക്കൊപ്പം ജെന്‍ഡര്‍ കോളത്തില്‍ ട്രാന്‍സിലേറ്റര്‍ എന്ന് എഴുതിയ അവള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തല മൊട്ടയടിച്ച് ഹോര്‍മോണ്‍ ചികിത്സ ചെയ്തു ആണ്‍കുട്ടിയായി പുനര്‍ജനിച്ചു.

തന്റെ മകള്‍ ലൂസിക്ക് ഒരിക്കലും ജെന്‍ഡര്‍ ഡിസ്ഫോറിയ ഉണ്ടായിട്ടില്ലെന്ന് വക്കീല്‍ ആയ അവളുടെ അമ്മ പറയുന്നു.
ട്രാന്‍സ് ആയിരുന്നു താനെന്ന അവളുടെ അവകാശവാദം പോലും ഇന്റര്‍നെറ്റില്‍ നിന്ന് കോപ്പി ചെയ്തതാണെന്ന് അമ്മ വ്യക്തമാക്കുന്നു. അതേക്കുറിച്ച് ചോദിച്ചാല്‍ അമ്മ ട്രാന്‍സ് ഫോബ് ആണെന്ന്  മകള്‍ കുറ്റപ്പെടുത്തും. രക്ഷിതാക്കള്‍ അവഗണിക്കപ്പെടുകയും വ്യക്തിസ്വാതന്ത്ര്യം അതിജയിക്കപ്പെടുകയും ചെയ്യുന്നു. ട്രാന്‍സ്ജെന്‍ഡര്‍ തരംഗം ഫാഷന്‍ ഭ്രമം പോലെ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം അമേരിക്കയിലെന്ന പോലെ നമ്മുടെ നാട്ടിലെ കൗമാരക്കാര്‍ക്കിടയിലും പടര്‍ന്നു തുടങ്ങിയിരിക്കുന്നു.

കുടുംബം തകര്‍ക്കുന്നു
ലിബറലിസം എന്ന ആശയം സ്ത്രീവിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധം കൂടിയാണ്. Queer കമ്യൂണിറ്റിയുടെ കോഴിക്കോട് സ്വപ്നനഗരിയില്‍ നടന്ന സമ്മേളനത്തില്‍ ഇന്‍സെസ്റ്റ് അഥവാ അഗമ്യഗമനവും സ്വതന്ത്ര ലൈംഗിക ഭാഗമാണെന്ന് തുറന്ന സ്റ്റേജില്‍ ഉച്ചഭാഷിണിയിലൂടെ പ്രാസംഗികന്‍ വിളിച്ചു പറയുകയുണ്ടായി. അച്ഛനും അമ്മയുമായും സഹോദരങ്ങള്‍ തമ്മിലുമൊക്കെ അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് പരസ്പര സമ്മതമാണെങ്കില്‍ തെറ്റല്ലെന്നു വിളിച്ചുപറയാന്‍ ധൈര്യം കാട്ടണമെന്നും മൗനം ആചരിക്കരുതെന്നും പ്രാസംഗികന്‍ സദസ്സിനെ ഉണര്‍ത്തി.
കുടുംബം എന്ന ധാര്‍മിക സംസ്‌കാരത്തെ തകര്‍ക്കലാണ് ലിബറലിസത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിലൂടെ തുറന്നു കിട്ടുന്ന കമ്പോളങ്ങളില്‍ കച്ചവടക്കണ്ണ് വെച്ച് നവസാമ്രാജ്യത്വം നിരവധി റിസര്‍ച്ച് ഫണ്ടുകള്‍ നല്‍കി ഇസ്ലാമിക ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിം കുടുംബങ്ങളെ കുറിച്ചും പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. 2003 ഡിസംബറില്‍ കോഴിക്കോട്ട് വന്ന് ഇസ്ലാമിക സ്ത്രീ സംവാദം എന്ന പ്രോഗ്രാം നടത്തിയ പ്രൊഫസര്‍ മാര്‍ഗോ ബദ്രാന്റെ പിന്നിലും അമേരിക്കന്‍ ചാരബന്ധമുള്ള ഇത്തരം ഫണ്ടുകള്‍ ഉണ്ട്. വ്യക്തിയുടെ പരമാധികാരവും അതുവഴി  മതാധികാര വികേന്ദ്രീകരണവും ആണ് rights at home  എന്ന ഇസ്ലാമിക സ്ത്രീ സംവാദ പദ്ധതിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് വ്യക്തമായ ദുരുദ്ദേശ്യങ്ങളോടെയുള്ള കലാ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും വ്യാപകമാണ.്
LGBTQIA+പതാക വീശിക്കൊണ്ട് കഴിഞ്ഞ സംസ്ഥാന കലോത്സവ വേദിയില്‍ പരസ്പരം ചുംബിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ശിരോവസ്ത്രം അണിഞ്ഞുകൊണ്ട് തന്റെ മുമ്പിലിരിക്കുന്ന രക്ഷിതാക്കളെ നോക്കി പറഞ്ഞത്, ഞാന്‍ ലെസ്ബിയന്‍ ആണ്. നിങ്ങളും ഗേയോ മറ്റെന്തെങ്കിലുമോ ആണെങ്കില്‍ പരസ്യമായി പറഞ്ഞ് ലിബറലേറ്റ് ചെയ്യണം എന്നാണ്.

1970 വരെ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്റെ (APA യുടെ) മാനസിക രോഗങ്ങളുടെയും മാനസിക വ്യതിയാനങ്ങളുടെയും അപഗ്രഥന രേഖ യായ DSM ല്‍ ഉണ്ടായിരുന്ന സ്വവര്‍ഗരതിയെ സംഘടിത ശക്തിയിലൂടെ വെട്ടി മാറ്റിക്കുകയാണ് LGBTQIA ചെയ്തത്. ഇന്ന് കേരളീയ സമൂഹത്തില്‍ കാതല്‍ പോലുള്ള സിനിമകളിലൂടെ സ്വവര്‍ഗ അനുരാഗം വിശുദ്ധീകരിക്കപ്പെടുന്നു.

ഒരുഭാഗത്ത് ലജ്ജയില്ലാത്ത സദാചാര രാഹിത്യത്തിന് ഔദ്യോഗികമായി പൊതുസമ്മതി നല്‍കാന്‍ വേദിയൊരുക്കുമ്പോള്‍ മറുഭാഗത്ത് കെട്ടുറപ്പുള്ള സദാചാര ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കി കുടുംബം തകര്‍ക്കുന്ന തന്ത്രങ്ങളുമായി സാമ്രാജ്യത്വം മുന്നോട്ടു കുതിക്കുകയാണ്.
അതിരുകള്‍ അലങ്കാരങ്ങളാണ.് കുടുംബം എന്ന ദൈവം നല്‍കിയ മഹത്തായ അനുഗ്രഹവും അത് സമൂഹത്തിന് നല്‍കുന്ന ധാര്‍മികമായ അതിര്‍വരമ്പുകളും ജീവിതത്തിന് സൗന്ദര്യവും സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുന്നുണ്ട്.

ഇണകള്‍ തമ്മിലുള്ള പാരസ്പര്യവും പ്രണയവും കണ്ടുവളരാന്‍ സാഹചര്യം ലഭിക്കുന്ന മക്കളുടെ എണ്ണം കുടുംബങ്ങളില്‍ കുറഞ്ഞുവരുന്നുണ്ട്.  
കുടുംബ ഛിദ്രതയും വീട്ടിലെ സംഘര്‍ഷങ്ങളും കുടുംബം എന്ന ആശയത്തെ കുട്ടികള്‍ക്ക് മുന്നില്‍ വികൃതമാക്കുന്നു. തങ്ങളുടെ സന്തോഷങ്ങളെ തല്ലിക്കൊഴിക്കുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഇടങ്ങളായി പുതിയ തലമുറ കുടുംബത്തെ മനസ്സിലാക്കാന്‍ ഇത് കാരണമാകുന്നു.

അധാര്‍മികതയുടെ സകല വിഴുപ്പുകളും സമൂഹമധ്യത്തില്‍ തുറന്നിട്ട് ജീവിതത്തിന്റെ സൗന്ദര്യം കെടുത്തുമ്പോള്‍ കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സ്നേഹവും സമാധാനവും ഉറപ്പുവരുത്താന്‍ നാമോരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media