അല്ലാഹ് ഈസ് ഒണ്‍ലി മൈ ഹോപ് - ഹര്‍ഷിനയുടെ വാട്‌സാപ് നോക്കിയാല്‍ പ്രൊഫൈലില്‍ കാണാം ഈ വാക്കുകള്‍. ''മറ്റാരിലാണ് ഞാന്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടത്, എല്ലാ തെളിവുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാറിലോ? അനുഭവിച്ച് നോക്കണം ആ വേദന. അപ്പോഴേ അറിയൂ. ഒരായുസ്സിന്റെ മുഴുവന്‍ വേദനയും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോഴും വേദന തിന്നുകയാണ്. നീതി ലഭിച്ചിട്ടേ പിന്‍മാറൂ എന്നത് ദൃഢനിശ്ചയമാണ്. എന്റെ കുഞ്ഞുങ്ങളെ പോലും നോക്കാതെ ഞാന്‍ സമരമിരുന്നത് കുറ്റക്കാരെ കണ്ടെത്താനാണ്. ആ റോഡരികില്‍ വെയിലത്തും മഴയത്തും ഒട്ടും വയ്യാതെ ഒരേയിരിപ്പിരുന്നത്, ഇനിയാര്‍ക്കും ഇങ്ങനെയൊരനുഭവമുണ്ടാകരുത് എന്നതിനാലാണ്.' ഹര്‍ഷിനയുടെ വാക്കുകളില്‍ അനുഭവം നല്‍കിയ കരുത്തുണ്ട്. പക്ഷേ തൊണ്ടയിടറും. കണ്ണുകളില്‍ സങ്കടക്കടല്‍ കാണാം.
ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ശസ്ത്രക്രിയ ഉപകരണം ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഹര്‍ഷിനയുടെ ആദ്യ രണ്ട് പ്രസവ ശസ്ത്രക്രിയകളും നടന്നത് കോഴിക്കോട് താമരശ്ശേരി താലൂക്കാശുപത്രിയില്‍ വെച്ചാണ്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത് മെഡിക്കല്‍ കോളേജില്‍ വെച്ചും.
2017 നവംബര്‍ 30. അന്നാണ് മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കുന്നത്. ആ സിസേറിയന്‍ കഴിഞ്ഞതിന് ശേഷം അതിഭീകരമായ വേദനയുണ്ടായിരുന്നു. ശസ്ത്രക്രിയയുടേതാണെന്നാണ് കരുതിയത്. പക്ഷേ, ജീവിതം മാറ്റിമറിച്ച ഒരു വേദനയുടെ തുടക്കമായിരുന്നു അതെന്ന് അന്നറിഞ്ഞില്ല. ഭര്‍ത്താവിന് കൊല്ലത്തായിരുന്നു ജോലി. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതും അവിടെ വെച്ചാണ്. ആ സമയത്താണ് ഇടയ്ക്കിടെ വന്ന തലവേദനയ്ക്ക് എം.ആര്‍.ഐ സ്‌കാനെടുത്തത്. ആ സ്‌കാനിംഗ് റിപ്പോര്‍ട്ടാണ് ആരോഗ്യവകുപ്പിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കരുത്തായത്. മൂന്നാമത്തെ പ്രസവം കഴിഞ്ഞ് പ്രസവ ശുശ്രൂഷയ്ക്ക് ശേഷം വീണ്ടും കൊല്ലത്തേക്ക് പോയി. പിന്നീടുള്ള ജീവിതം മുമ്പുള്ളത് പോലെയായിരുന്നില്ല. പിരീഡ്‌സ് സമയത്ത് അതിതീവ്രമായ ബ്ലീഡിംഗ് ഉണ്ടായി. പിന്നങ്ങോട്ട് ഉള്ളിലുള്ള ഉപകരണത്തിന്റെ സാന്നിധ്യം പല അവസ്ഥകളിലൂടെ ശരീരം കാണിച്ചുതന്നു. മൂത്രത്തില്‍ അണുബാധയുണ്ടായി. ബാര്‍ത്തോളിന്‍ ഗ്ലാന്‍ഡില്‍ വീര്‍ത്തുവരാന്‍ തുടങ്ങി. മൂന്ന് പ്രാവശ്യം അണുബാധയുണ്ടായി. വലത് ഭാഗത്തെ ബാര്‍ത്തോളിന്‍ ഗ്ലാന്റ് നീക്കം ചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതെത്രത്തോളം പ്രയാസകരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. അങ്ങനെ എത്രയെത്ര വേദന തിന്നു. ഒടുവിലാണ് വയറ്റില്‍ ഈ ഉപകരണം കുടുങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് മനസ്സിലാകുന്നത്. പിന്നീട് അതെടുത്ത് മാറ്റാനുള്ള ശസ്ത്രക്രിയ. എത്ര തവണ വെട്ടിക്കീറിയതാണ് എന്റെ ശരീരം. ഓര്‍ക്കുമ്പോള്‍ തോന്നും ഈ വേദനയെല്ലാം ഞാനാണോ സഹിച്ചതെന്ന്! സഹിക്കുന്നതെന്ന്.
ഒരു വര്‍ഷമായി ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നടത്തിയിട്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴുമുണ്ട്. ഈ ഉപകരണം എടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറെക്കാലം നില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാന്തി തുരന്നെടുത്തതാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിയ ആ ഉപകരണം; അത്ര വലിയ ഓപ്പറേഷനാണ് നടന്നത്. ഇപ്പോഴും ജോലികള്‍ ചെയ്യുമ്പോള്‍ നീരിറങ്ങും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേദനകളും പ്രയാസങ്ങളും തന്നെയാണ്. ഒരുമ്മയല്ലേ ഞാന്‍. ഒന്നാലോചിച്ച് നോക്കൂ: മൂന്ന് മക്കളുടെയും ഒരു കാര്യവും നോക്കാത്ത നാളുകള്‍. അവരുടെ പഠനം ശ്രദ്ധിക്കാനാകുന്നില്ല. മൂത്ത കുട്ടി അഞ്ചാം ക്ലാസ്സിലെത്തി. മക്കള്‍ക്കൊപ്പം മനസ്സറിഞ്ഞ് കളിച്ച് ചിരിച്ചിട്ട് കാലമെത്രയായി. സമരം അവസാനിപ്പിച്ചതിന് ശേഷം അവരുടെ കൂടെയിരുന്ന് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. കൂടുതല്‍ സമയമിരിക്കുമ്പോള്‍ വേദന വരും. സഹിച്ച് സഹിച്ച് വേദന ശീലമായി മാറി. ഇത് പറയുമ്പോള്‍ തൊണ്ടയിടറിയ ഒരു ചിരിയാണ് ഹര്‍ഷിനയ്ക്ക്. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ മനസ്സിലാകുമോ. അനുഭവിച്ചാലല്ലേ അറിയൂ എന്ന് പറയാതെ തന്നെ നമുക്ക് മുഖത്ത് കാണാം.
പോരാട്ടവഴിയില്‍
ജനനീതി കൂട്ടായ്മയുമായി ചേര്‍ന്നാണ് ആദ്യം നീതിക്കുവേണ്ടി പോരാട്ടം തുടങ്ങിയത്. പരാതി നല്‍കി ആറ് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നപ്പോഴാണ് സത്യാഗ്രഹ സമരത്തെ കുറിച്ചാലോചിച്ചത്. നീതി കിട്ടണമെന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഞാന്‍ വിഴുങ്ങിയതല്ലല്ലോ കത്രിക. സത്യം മാത്രമാണ് കൈമുതല്‍. സര്‍ക്കാറിനെതിരെയാണ് സമരമെന്ന് പലരും പറഞ്ഞു. പക്ഷേ, അതെന്നെയും കുടുംബത്തെയും പിന്തിരിപ്പിച്ചിട്ടേ ഇല്ല. അങ്ങനെയൊരു പേടിയോ ആശങ്കയോ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധ മാത്രമാണ് ഈ അവസ്ഥയിലേക്കെത്തിച്ചത്. ആ കരുത്താണ് തുണയായത്.
ആദ്യം സമരം നടത്തിയപ്പോള്‍ ആരോഗ്യമന്ത്രി നേരിട്ട് വന്ന് ഉറപ്പ് നല്‍കി. അന്ന് ഏറെ പ്രതീക്ഷിച്ചു. പക്ഷേ, യാതൊരു നടപടിയുമുണ്ടായില്ല. രണ്ട് ലക്ഷം രൂപ നല്‍കി നിസ്സാരമാക്കി കാണുകയാണെന്ന് പിന്നീട് മനസ്സിലായി. അങ്ങനെയാണ് മെയ് 22ന് സമരം തുടങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്നാണ് കരുതിയത്. ആ സമരം 104 ദിവസം നീണ്ടു. സമരകാലത്ത് ഒരുപാട് പ്രയാസങ്ങള്‍ സഹിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ തെരുവിലിരുന്നു. തിരുവോണവും പെരുന്നാളുമെല്ലാം സമരപ്പന്തലിലായിരുന്നു. മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ ഒരു തീരുമാനമുണ്ടായിരുന്നു; നീതി ഉറപ്പാക്കിയിട്ടേ പോകൂ എന്ന്. ഒരു വര്‍ഷമായി ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട്. ഒപ്പമുണ്ടെന്ന് പറയുമ്പോഴും അവര്‍ പറയുന്ന കാര്യം വ്യക്തമാകുന്നില്ല.
ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഒരു കാര്യവുമുണ്ടായില്ല. പോലീസ് അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് കത്രിക കുടുങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡോക്ടര്‍മാര്‍ക്കെതിരെയും നഴ്‌സുമാര്‍ക്കെതിരെയും കേസ്സെടുക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ കണ്ട മട്ടില്ല. പോലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയപ്പോള്‍ ഡി.എം.ഒ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അന്നത്തെ സങ്കടം എങ്ങനെ പറയുമെന്നറിയില്ല. അത്രയും സത്യമുള്ള കാര്യത്തിന് പോലും നീതി ലഭിക്കില്ലേ എന്ന തോന്നലായിരുന്നു ഉള്ളില്‍. ഇനി കോടതിയിലാണ് പ്രതീക്ഷ.
ഒരുപാടാളുകള്‍ ഒപ്പം നിന്നിട്ടുണ്ട്. ഭര്‍ത്താവും മക്കളും, എന്റെ വേദനകള്‍, ദേഷ്യം, സങ്കടം ഇതെല്ലാം ഏറ്റെടുത്ത് തളരാതെ പിടിച്ച് നിര്‍ത്തിയത് അവരാണ്. മാധ്യമങ്ങള്‍ തന്ന പിന്തുണ മറക്കാനാവാത്തതാണ്. സമരസമിതി പ്രവര്‍ത്തകര്‍, ദിനേശ് പെരുമണ്ണ, വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍, മഹിള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍- അവരുടെയൊക്കെ പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. 104 ദിവസം കൂടെ സമരത്തിനിരുന്നു. ഒരുപാടാളുകള്‍ സമരപ്പന്തലിലേക്കെത്തി. മണക്കടവിലെ നാട്ടുകാര്‍ തന്ന പിന്തുണ... ഒന്നും ഈ ജന്മം മറക്കാനാകില്ല. എത്രയോ നല്ല മനുഷ്യരെ നേരിട്ട് കണ്ടുമുട്ടാന്‍ സാധിച്ചത് ഈ സമരകാലത്താണ്.
ഹര്‍ഷിനയോട് ഓരോ വട്ടം സംസാരിക്കുമ്പോഴും നമുക്കവര്‍ ഒരത്ഭുതമാകും. എത്രമാത്രം കരുത്തയാണ് ഈ സ്ത്രീയെന്ന് നമ്മള്‍ ഉള്ളില്‍ പറയും. മറ്റാരായിരുന്നെങ്കിലും ഇതെന്നോ നിര്‍ത്തി പോകുമായിരുന്നു. പക്ഷേ, നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്ത് ഒരു 31-കാരി ഒട്ടും പിന്നോട്ടില്ലാതെ നില്‍ക്കുന്നത് അവരുടെ മനസ്സിന്റെ ധൈര്യം കൊണ്ടാണ്.