മൂന്ന് ദശകത്തോളമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വനിതാ സംവരണം എന്ന ആശയം കാലമേറെയായിട്ടും യാഥാര്‍ഥ്യമായിട്ടില്ല. 2019-ല്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ 542 അംഗ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വെറും 14 ശതമാനം വനിതകളാണ്. 1952-ലെ ആദ്യ ലോക് സഭയിലിത് 5 ശതമാനം മാത്രമായിരുന്നു. ഒരു സ്ത്രീപോലും തെരഞ്ഞെടുക്കപ്പെടാത്ത നിരവധി സംസ്ഥാനങ്ങളുണ്ട് രാജ്യത്ത്.
കേരളത്തില്‍ 140 അംഗ നിയമസഭയില്‍ എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് രണ്ടും വനിതാ എം.എല്‍.എമാര്‍ മാത്രമാണുള്ളത്. 1963-ല്‍ യു.പിയില്‍ മുഖ്യമന്ത്രിയായ സുചേത കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. ആദ്യ ഇ.എം.എസ് മന്ത്രിസഭ മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വരെ നമുക്കുള്ളത് 11 വനിതാ മന്ത്രിമാര്‍ മാത്രം. ജനസംഖ്യയില്‍ വനിതകള്‍ പുരുഷന്മാര്‍ക്കൊപ്പത്തിനൊപ്പം ഉണ്ടെങ്കിലും ലോക്സഭയിലെ 543 സീറ്റുകളില്‍ 78 പേര്‍ മാത്രമാണ് വനിതകള്‍.
വനിതാ സംവരണം നടപ്പായാല്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആറ് എണ്ണത്തിലും നിയമസഭയിലെ 140 സീറ്റുകളില്‍ 46ലും വനിതാ പ്രതിനിധികളുണ്ടാവേണ്ടതാണ്. തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിട്ടും കഴിഞ്ഞ നാല് വര്‍ഷവും വനിതാ സംവരണ ബില്‍ പാസാക്കാന്‍ മോദി ഭരണകൂടം ശ്രമിച്ചില്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കിയിരിക്കെ സംവരണ ബില്ലുമായി രംഗത്തു വന്നതിന്റെ ദുഷ്ടലാക്ക് രാഷ്ട്രീയ നേട്ടമല്ലാതെ മറ്റൊന്നല്ല.
ലോക് സഭയില്‍ പാസായ ബില്ലില്‍ പിന്നാക്കക്കാരായ വനിതകള്‍ക്ക് ഉപസംവരണം വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തെക്കുറിച്ച് ബില്ല് നിശ്ശബ്ദമാണ്. വനിതകള്‍ക്ക് രാജ്യസഭയിലും നിയമസഭാ കൗണ്‍സിലുകളിലും സംവരണം നല്‍കുന്നതിനെക്കുറിച്ചും 'നാരീശക്തി' പൊങ്ങച്ചം പറയുന്ന പുതിയ ബില്ലില്‍ പരാമര്‍ശമില്ല. 'വനിതാ സംവരണം മാറ്റിവെക്കല്‍ ബില്‍' എന്നാണ് ബില്ലിനെക്കുറിച്ച് തൃണമൂല്‍ പാര്‍ട്ടി പരിഹാസം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യന്‍ പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവയുടെ പിന്നിലാണെന്ന് വന്നാലോ! പാര്‍ലമെന്റിന്റെ കീഴ് സഭയില്‍ വനിതാ പ്രാതിനിധ്യം ഇന്ത്യയില്‍ 8.3 ശതമാനം മാത്രം! രാജ്യസഭയിലാവട്ടെ വനിതാ പങ്കാളിത്തം 12.2 ശതമാനവും. ഇന്ത്യയുടെ വികസന പ്രക്രിയയില്‍നിന്ന് സ്ത്രീകള്‍ പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നതായി ഇന്റര്‍ നാഷനല്‍ ചേംബര്‍ ഓര്‍ഗനൈസേഷന്‍ മേധാവി വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകളുടെ അംഗബലം ഒരിക്കലും പത്ത് ശതമാനത്തിനപ്പുറം എത്തിയിട്ടില്ല. സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യവും തഥൈവ. ജനസംഖ്യയില്‍ പാതിവരുന്ന ഒരു വിഭാഗം അധികാര കേന്ദ്രങ്ങളില്‍നിന്ന് എന്തുകൊണ്ട് അദൃശ്യമാവുന്നു? കേരള നിയമസഭയില്‍ വനിതകള്‍ ഏഴ് മാത്രം.
ലോക്‌സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് 20 സീറ്റുകളുള്ളതില്‍ സ്ത്രീയായി ഇപ്പോള്‍ ഒരാള്‍ മാത്രം. 33 ശതമാനം സംവരണം എന്ന വനിതാ ബില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ കേരള നിയമസഭക്ക് 46 വനിതാ അംഗങ്ങളെങ്കിലുമുണ്ടാവും. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാന്‍ സൗഭാഗ്യം ലഭിക്കുന്ന സ്ത്രീ സ്ഥാനാര്‍ഥികള്‍ നാമമാത്രം! വോട്ടര്‍മാരില്‍ പകുതിയിലേറെ സ്ത്രീകളുള്ള- 88 ശതമാനം സ്ത്രീ സാക്ഷരതയുള്ള പ്രബുദ്ധ കേരളത്തില്‍ സ്ത്രീകളുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റിടങ്ങളിലെ കാര്യം എന്ത് പറയാന്‍! ഇടത്പക്ഷം അടക്കിവാണിരുന്ന, ഇപ്പോഴും ആധിപത്യം ഉറപ്പിച്ചു നില്‍ക്കുന്ന കേരളത്തില്‍ വനിതാ ജനപ്രതിനിധികള്‍ 9 ശതമാനവും, 20 വര്‍ഷത്തിലേറെ ഇടതുപക്ഷം ഭരണച്ചെങ്കോല്‍ പിടിച്ചിരുന്ന പശ്ചിമ ബംഗാളില്‍ വനിതാ പ്രാതിനിധ്യം 7 ശതമാനം മാത്രമാണെന്ന് വരുമ്പോള്‍ പുരുഷാധിനിവേശത്തില്‍ പുറംതള്ളപ്പെടുന്ന സഹോദരിമാരുടെ ദയനീയ ചിത്രമല്ലേ അനാവരണം ചെയ്യപ്പെടുന്നത്?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ 67 അംഗ കേന്ദ്ര കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം മൂന്നേ മൂന്ന്! 1964-ല്‍ പാര്‍ട്ടി നിലവില്‍ വന്നിട്ട് അതിന്റെ പോളിറ്റ് ബ്യൂറോയില്‍ ഒരു വനിതക്ക് പ്രവേശനം ലഭിക്കാന്‍ 40ലേറെ വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 'നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവരെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും കേന്ദ്ര കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചുവെങ്കിലും കഴിവുള്ളവരെ കണ്ടെത്താനായില്ലെന്നുമായിരുന്നു തല്‍സംബന്ധമായ അന്വേഷണത്തിന് മാര്‍ക്സിസ്റ്റ് നേതാവായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഒരിക്കല്‍ നല്‍കിയ രസകരമായ വിശദീകരണം. സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ 8 വനിതകള്‍ മാത്രമാണുള്ളത്.
ലോക രാഷ്ട്രങ്ങളിലെ
വനിതാ പ്രാതിനിധ്യം
ബീജിംഗിലെ ചരിത്രപ്രധാനമായ ലോക വനിതാ സമ്മേളനം കഴിഞ്ഞ് പതിറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ലോക രാജ്യങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ 15.7 ശതമാനമാണ് ഇപ്പോഴും വനിതകളുടെ പ്രാതിനിധ്യമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അറബ് രാജ്യങ്ങളില്‍ വനിതാ പ്രതിനിധികളുടെ എണ്ണത്തില്‍ 10 വര്‍ഷംകൊണ്ട് ഇരട്ടി വര്‍ധനവുണ്ടായെങ്കിലും മറ്റു രാജ്യങ്ങളില്‍ മെച്ചമുണ്ടായിട്ടില്ലെന്ന് പറയുന്നത് ഇന്റര്‍ പാര്‍ലമെന്റ് യൂനിയനാണ്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകെ പാര്‍ലമെന്റുകളില്‍ 17.7 ശതമാനം വനിതകളാണ് ഇപ്പോഴുള്ളത്. അമേരിക്ക സ്ത്രീപ്രാതിനിധ്യത്തില്‍ 68-ാം സ്ഥാനത്താണ്. ഇന്നോളം ഒരു വനിതക്ക് അവിടെ പ്രസിഡന്റ് പദവി ലഭിച്ചിട്ടില്ല. 15.2 ശതമാനം മാത്രമാണ് അമേരിക്കന്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം. വനിതാ പ്രാതിനിധ്യത്തില്‍ റുവാണ്ടയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ പാര്‍ലമെന്റ് അംഗങ്ങളില്‍ 61.3 ശതമാനം സ്ത്രീകളാണ്, 2022 ഡിസംബര്‍ വരെയുള്ള കണക്കില്‍. ക്യൂബയിലിത് 53.5 ശതമാനം വരും. നിക്കരാഗ്വയില്‍ 51.7. മെക്സിക്കോയിലും യു.എ.ഇയിലും 50 ശതമാനം വനിതകളാണ് പാര്‍ലമെന്റില്‍. ബംഗ്ലാദേശില്‍ 21 ശതമാനം വനിതകളാണ് പാര്‍ലമെന്റില്‍. അര്‍ജന്റീനയില്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 45 ശതമാനവും സ്ത്രീകളാണ്. ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞത് 30 ശതമാനം സംവരണം വേണമെന്നാണ് നിയമം. അവിടെ ഇപ്പോള്‍ 48 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ട്. തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തിയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചത്.
l