നാല്പത്തിയഞ്ച് വയസ്സിന്റെ ചുറ്റുവട്ടത്ത് മാനസികമായും ശാരീരികമായും വാര്‍ധക്യം ബാധിക്കുന്നവരാണ് തൊഴില്‍ രഹിതരായ കുടുംബിനികളധികവും. അസാധാരണ ശേഷിയും പാടവവും ഉള്ള ഇവരെ ഉപയോഗപ്പെടുത്തുന്ന കാര്യം മത സാമൂഹിക സംഘടനകള്‍ ഇതേവരെ ചിന്തിച്ചിട്ടുണ്ടോ
സമയം തിങ്കളാഴ്ച രാവിലെ പതിനൊന്ന്. പുറത്ത് വൈകിവന്ന ജൂണ്‍ മഴ തിമര്‍ത്ത് പെയ്യുന്നു. നാല്പത്തിയേഴ് വയസ്സുകാരിയായ സഫിയ വളരെ നിസ്സംഗമായാണ് മുമ്പില്‍ വന്നിരുന്നത്.
'സാറ് പങ്കെടുത്ത ഒരു കുടുംബ സംഗമത്തിലെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരാളാണ് ഞാന്‍'
സഫിയ പതിയെ പരിചയപ്പെടുത്തി.
'ക്ലാസ്സിനിടയില്‍ താങ്കള്‍, ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചിട്ടുണ്ടോ? ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാന്‍ സാധിച്ചോ? ഇതുവരെയുള്ള ജീവിതത്തിന്റെ മാര്‍ക്ക് നൂറില്‍ എത്രയെന്ന് മനസ്സില്‍ കൂട്ടിപ്പറയാമോ? എന്നെല്ലാം ചോദിച്ചിരുന്നു.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് കുടുംബജീവിതം എന്നു പറയുന്ന വലിയ ആകാശത്തേക്കുള്ള തുറസ്സായാണ് വിവാഹത്തെ ഞാന്‍ കണ്ടിരുന്നത്. അങ്ങനെ കഴിഞ്ഞ ഏതാണ്ട് ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ആ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാന്‍ കഴിഞ്ഞകാല ജീവിതത്തിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം ശരം കണക്കെ എന്റെ നെഞ്ചിന്‍കൂട് തകര്‍ത്താണ് കടന്നുപോയത്. അതിനുശേഷം സത്യം പറഞ്ഞാല്‍ ഒരുപാട് ചിന്തകളിലേക്ക് ഞാന്‍ ഊളിയിട്ടു, അങ്ങനെയാണ് ഇവിടെ എത്തുന്നത്.
സ്കൂള്‍ കാലത്തും പ്രീഡിഗ്രി, ഡിഗ്രി കാലയളവിലും കാമ്പസില്‍ സജീവമായി നിന്നിരുന്ന വ്യക്തിയാണ്. പല കൂട്ടുകാരികള്‍ക്കും ലീഡറും റോള്‍ മോഡലുമായിരുന്നു, അവര്‍ക്ക് എന്നെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. സാമൂഹികമായി, ക്രിയാത്മകമായി പലതും ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു.
ക്രിയേറ്റീവ് ആയ പല ആശയങ്ങളും ഉണ്ടായിരുന്നു. എഴുത്ത്, സംഘാടനം, പ്രഭാഷണം ഇതെല്ലാം എനിക്കിഷ്ടപ്പെട്ട മേഖലകളായിരുന്നു. ഒരു തട്ടകം തെരഞ്ഞെടുത്ത് തൊഴില്‍ ചെയ്ത് സക്രിയമായി ജീവിതത്തെ മുമ്പോട്ട് കൊണ്ടുപോകണം എന്നതായിരുന്നു സ്വപ്നം.
ഡിഗ്രി പരീക്ഷയുടെ അവസാന ദിവസങ്ങളിലാണ് ഉപ്പ പ്രൊപ്പോസലുമായി വന്നത്. ഇരുപത്തിയൊന്ന് വയസ്സ്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സമ്മതം മൂളി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭധാരണം, ആറു വര്‍ഷത്തിനിടെ നാലു കുഞ്ഞുങ്ങളുടെ ഉമ്മ. ശൈശവത്തിലെ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍, ഭര്‍ത്താവിന്റെ സാമ്പത്തിക പരാധീനതകള്‍, അമ്മായിയമ്മയുടെയും രണ്ട് നാത്തൂന്മാരുടെയും ഇടയിലെ അസഹിഷ്ണുതകള്‍... എങ്ങനെയെല്ലാമാണ് നീന്തി മറുകര എത്തിയത് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹം കുറെക്കാലം വിദേശത്തായിരുന്നതുകാണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തവും എന്റേതായിരുന്നു. കുടുംബത്തിന്റെ മറ്റ് ഉത്തരവാദിത്തങ്ങളും പരാധീനതകളും നിറവേറ്റേണ്ടിവന്നു. മൂത്തവള്‍ക്ക് ഇരുപത്തിയാറ് വയസ്സാകുമ്പോഴേക്കും രണ്ടു കുട്ടികള്‍. രണ്ടാമത്തെ മകനും വിവാഹിതനായി. അവന് ഒരു കുഞ്ഞ്. മൂന്നാമത്തെ മകളുടെ വിവാഹം ഈയിടെ. നാലാമത്തെ മകന് ബാംഗ്ലൂരില്‍ പഠിക്കുന്നു. കുതിച്ചും കിതച്ചും കുഴച്ച് മറിച്ച് തുടരുകയാണ് ജീവിതം. എനിക്കു വേണ്ടി ഞാന്‍ എത്ര ശതമാനം ജീവിച്ചു, എന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എത്രമാത്രം താലോലിക്കാന്‍ എനിക്ക് സാധിച്ചു, അവയെ പരിപോഷിപ്പിക്കാനും ഉള്ളില്‍ കൊണ്ടുനടന്ന കൊച്ചു കൊച്ചു മോഹങ്ങളെ തഴുകാനും തലോടാനും സാധിച്ചിട്ടുണ്ടോ?
ഏതാനും ദിവസങ്ങളായി ഈ ചിന്തകള്‍ എന്നെ അലട്ടുന്നു. അങ്ങനെയാണ് ഞാനിവിടെ എത്തുന്നത്' സഫിയ തുടര്‍ന്നു.
''കുവൈത്തിലുള്ള മൂത്ത മകളുടെ ആദ്യ പ്രസവത്തിനാണ് വിദേശത്തേക്ക് പോകുന്നത്. പരിചരണം, അവളുടെ ഗര്‍ഭകാല ശുശ്രൂഷകള്‍, കുഞ്ഞിന്റെ പരിചരണം. നാല് മാസത്തോളം അവിടെ തങ്ങേണ്ടിവന്നു, തിരിച്ച് നാട്ടിലെത്തി അല്പം കഴിഞ്ഞപ്പോഴേക്കും മകന്റെ വിവാഹ തിരക്കുകൾ.
ഒരു വര്‍ഷം കഴിഞ്ഞപ്പോൾ മകളുടെ രണ്ടാം പ്രസവത്തോടനുബന്ധിച്ച് വീണ്ടും കുവൈത്ത് യാത്ര.
മൂന്ന് മാസത്തെ പ്രസവ ശുശ്രൂഷകള്‍ക്ക് ശേഷം തിരിച്ചെത്തി. അപ്പോഴേക്കും അബുദാബിയില്‍നിന്ന് മകന്റെ വിളി വന്നിരുന്നു. അടുത്ത പ്രസവശുശ്രൂഷ കാള്‍! ഉമ്മാ... ഒരാളെ വിളിച്ചാല്‍ നല്ല ചെലവാ, ഉമ്മ തന്നെ വന്നാല്‍ വളരെ നന്നായി. ഉമ്മയാകുമ്പോള്‍ ഇത്താത്തയുടെ പ്രസവ ശുശ്രൂഷകള്‍ക്ക് കൂടെ നിന്ന പരിചയവുമുണ്ട്. പുറത്തുള്ള ആളെ ഇക്കാലത്ത് വിശ്വസിക്കാന്‍ സാധിക്കില്ല. പോകുമ്പോള്‍ ഉമ്മാക്ക് ഞങ്ങളുടെ വക ഉംറ ചെയ്തു തിരിച്ചുപോവാം. ഈ പ്രലോഭനങ്ങളിലും സ്നേഹ സമ്മര്‍ദങ്ങളിലും ഒഴുകി അങ്ങനെ പോവുന്നു.
നാല്പത്തിയഞ്ച് വയസ്സിന്റെ ചുറ്റുവട്ടത്ത് മാനസികമായും ശാരീരികമായും വാര്‍ധക്യം ബാധിക്കുന്നവരാണ് തൊഴില്‍ രഹിതരായ കുടുംബിനികളധികവും. അസാധാരണ ശേഷിയും പാടവവും ഉള്ള ഇവരെ ഉപയോഗപ്പെടുത്തുന്ന കാര്യം മത സാമൂഹിക സംഘടനകള്‍ ഇതേവരെ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഈ ഘട്ടത്തില്‍ ഇവര്‍ക്ക് ആസ്വാദനങ്ങളിലും അനുഭൂതികളിലും മടുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ടാവും. ജീവിതത്തില്‍നിന്ന് മടക്കം ആസൂത്രണം ചെയ്യുന്നത് പോലെ ഒരുങ്ങിത്തുടങ്ങുന്നു. തന്റെ ഇണക്ക് പോലും വേണ്ടരീതിയില്‍ ജീവിതത്തെ മനോഹരമായി ഒരുക്കുന്നതിനുള്ള മാനസികാവസ്ഥ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടാകും. അത് ക്രമേണ അവരുടെ ശാരീരിക അവസ്ഥകളെയും ബാധിക്കുന്നു. ഇത് ഭാര്യാ-ഭര്‍തൃ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കാന്‍ കാരണമാകുന്നു. ഏറ്റവും മനോഹരമാക്കാന്‍ സാധിക്കുന്ന ഘട്ടത്തിലാണ് അവര്‍ അകാലത്തില്‍ വിരമിക്കുന്നത്.
ഗര്‍ഭകാലം, കുട്ടികളുടെ പരിപാലനം, വിദ്യാഭ്യാസ കാലഘട്ടം, വിവാഹം തുടങ്ങി തന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഏതാണ്ട് മോചിതമായ ശേഷം പരസ്പരം മനസ്സിലാക്കലിലൂടെ ഉരുവപ്പെട്ടു വരേണ്ട ആസ്വാദ്യകരമായ ജീവിതത്തെ അനുഭവിക്കേണ്ടുന്ന സമയത്തുണ്ടാകുന്ന മടുപ്പും വിരക്തിയും പുരുഷന്മാരില് കടുത്ത നിരാശ സൃഷ്ടിക്കുന്നു. തന്റെ ഭാര്യ ഈയൊരു അവസ്ഥയിലേക്കെത്തിപ്പെട്ടതിന് താനും കാരണമാണെന്ന് തിരിച്ചറിയുന്നതുപോലും ഏറെ വൈകിയായിരിക്കും. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അന്നത്തെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയ യാത്രകളും വിനോദങ്ങളും മറ്റ് സ്വപ്ന പദ്ധതികളും ആരായുമ്പോള്‍ ഇത്തരക്കാരുടെ മറുപടി 'ഇനി ഇപ്പൊ എന്താ ങ്ങള് പറയണത്? കുട്ട്യോള മാതിരി. വയസ്സായത് ഓര്‍മയില്ലേ?'
'അമ്പതുകളിലാണ് ആനന്ദം' എന്നാണ്. വിദേശ രാജ്യങ്ങളില്‍ അമ്പത് വയസ്സിന് ശേഷമാണ് ഭാര്യാ-ഭര്ത്താക്കന്മാര് ഒന്നിച്ച് യാത്രകളും ജീവിതാനന്ദങ്ങളും കൂടുതലായി ആസ്വദിക്കുന്നത്. ഭാര്യാ- ഭര്‍തൃ ബന്ധങ്ങളിലെ ഏറ്റവും മനോഹര ഘട്ടം അവിടെ നിന്ന് ആരംഭിക്കുന്നേയുള്ളൂ എന്ന് പലരും തിരിച്ചറിയുന്നില്ല. അവിടുന്നങ്ങോട്ട് കേവല ആത്മീയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് പല കുടുംബിനികളും.
മനുഷ്യസഹജമായ ജൈവിക ആസക്തികളോടുള്ള ഒരുതരം വിരക്തി ഇവരില്‍ കണ്ടു തുടങ്ങുന്നു. അത് ഒട്ടും ശുഭകരമായ ലക്ഷണമല്ല.
അവിടുന്നങ്ങോട്ട് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് രൂപപ്പെടുന്ന വിള്ളലിന് കാലക്രമേണ അകല്‍ച്ച കൂടി വരുന്നു. ശാരീരികമായ ബന്ധങ്ങളുടെ തോത് കുറയുകയും അത് മാനസിക അടുപ്പത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ക്രമേണ അവരിലെ അഭിപ്രായ ഭിന്നതകള്‍ കൂടുകയും ഇരുവരും അവരുടേതായ ലോകങ്ങളിലേക്ക് ചേക്കേറുകയും ചെയ്യും. കാഴ്ചയില്‍ ഒരുമിച്ചുണ്ട് എന്ന് തോന്നുമെങ്കിലും ഇരുവരും വ്യത്യസ്ത ലോകങ്ങളില്‍ ജീവിക്കുന്നവരാവും. അവിടുന്നങ്ങോട്ട് അവരുടെ വേദനകളും ഒറ്റപ്പെടലുകളും അവര്‍ക്ക് പരസ്പരം മനസ്സിലാവാതെ വരുന്നു. ഇത് ഏറെ ദുഃഖത്തിലേക്ക് വഴിവെക്കുന്നു. ഇത്തരം ആളുകള്‍ മറ്റ് ആളുകളുമായി ഇടപഴകുമ്പോള്‍ അവരുടെ പെരുമാറ്റങ്ങളില്‍ മാറ്റം കണ്ടുതുടങ്ങുന്നു. സ്ഥാനത്തും അസ്ഥാനത്തും ദേഷ്യവും പ്രതിഷേധവും അവര്‍ പ്രകടിപ്പിച്ചു തുടങ്ങും. പെരുമാറ്റങ്ങളില്‍ കാര്യമായ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങും. അവര്‍ അവരെ തന്നെ ശ്രദ്ധിക്കാതെ വരികയും അവരുടെ ആരോഗ്യം ക്രമേണ ശോഷിക്കുകയും ചെയ്യും, അകാലത്തില്‍ ശാരീരികമായ പലതരം വിഷമതകളും പ്രത്യക്ഷപ്പെട്ട് തുടങ്ങും. ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പൂര്‍ണമായും ആസ്വദിച്ച് ജീവിക്കാനാവാതെ അകാല രോഗങ്ങള്‍ വന്ന് സന്തുഷ്ടമല്ലാത്ത മനസ്സോടുകൂടി ഈ ഭൂമിയില്‍നിന്ന് യാത്ര പറയേണ്ടി വരുന്ന ദുരന്ത കാഴ്ചകള്‍ നമുക്ക് ചുറ്റും ഏറി വരികയാണ്.
വലിയ സ്വപ്നങ്ങളും ആശകളും ഇല്ലാതിരുന്ന പഴയ തലമുറയില്‍ ഇതത്ര പ്രശ്നമായിരുന്നില്ല.അതേസമയം, വിദ്യാഭ്യാസവും ലോക പരിചയവും പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ള മനുഷ്യരെ നാം പരമ്പരാഗത ബോധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ ഒരു കാലഘട്ടത്തിനു ശേഷം അവരെ വേട്ടയാടാന്‍ തുടങ്ങുന്നു. ഈ തിരിച്ചറിവില്‍നിന്ന് നാം ഇനി ചെയ്യേണ്ടത്, ജീവിക്കാന്‍ ആരംഭിക്കുക എന്നുള്ളതാണ്. അവനവന്റെ സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ ചുറ്റുപാടുകളെ മുന്‍നിര്‍ത്തി സാധ്യമാകുന്ന എല്ലാ ജീവിത സൗകര്യങ്ങളും അനുഭവിക്കാനും ആസ്വദിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അത് ജീവിതത്തിന്റെ ഭാഗമാണെന്നും അത് മനുഷ്യന്റെ മാനസികവും ശാരീരികവുമായ ഉണർവിന് അത്യന്താപേക്ഷിതമാണെന്നും മതവിശ്വാസങ്ങളും അനുശാസിക്കുന്നുണ്ട്. അനുവദനീയമായ എല്ലാ വിനോദങ്ങളും ആനന്ദങ്ങളും മനുഷ്യനു വേണ്ടി തന്നെയാണ് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് ആസ്വദിക്കാതെയും അറിയാതെയും ഇവിടം വിട്ടുപോകുന്നവര്‍ കനത്ത നഷ്ടത്തിലായിരിക്കും.
സ്വന്തം ജീവിതം സന്തുഷ്ടമാക്കാന്‍ മറ്റൊരാളും വരില്ലെന്നും അവനവന് ബോധപൂര്‍വമായ ശ്രമം നടത്തിയെങ്കില്‍ മാത്രമേ സാധ്യമാവൂ എന്നും തിരിച്ചറിയണം. സന്തോഷവും സൗഹൃദവും തനിയെ ഉണ്ടാവുന്നതല്ല, ഉണ്ടാക്കുന്നതാണ്. ഇതിന് സ്വയം പരിശ്രമം കൂടിയേ തീരൂ.