മരിച്ചവര്‍ ഈ കൈകളില്‍ സുരക്ഷിതരാണ്
വി.മൈമൂന മാവൂര്‍
ജൂലൈ 2023
ഉറ്റവരും ഉടയവരുമല്ലാത്ത നിരവധി മൃതദേഹങ്ങളുടെ ശേഷക്രിയകള്‍ ചെയ്ത്
കഫന്‍ പുടവയണിയിക്കുന്ന റിഷാനയെക്കുറിച്ച്
മരണമെന്ന അനിര്‍വചനീയ യാഥാര്‍ഥ്യത്തിനു മുന്നിലാണ് മനുഷ്യന്‍ അടിയറവിന് വിധേയമാവുന്നത്. മരണവുമായി ബന്ധപ്പെട്ട സംസ്‌കരണ ക്രിയകള്‍ സാമൂഹിക ബാധ്യതയാണ്. ലോകത്തിന്റെ ഏത് കോണിലും മൃതദേഹങ്ങള്‍ അനാഥമാകാതെ ആദരിക്കപ്പെടുന്ന സംവിധാനങ്ങളാണ് മുസ്്‌ലിം സമുദായത്തിനുള്ളത്. മരണം ഏത് സമയത്തും പിടികൂടുമെന്ന് അറിയാമെങ്കിലും മാന്യമായ ശേഷക്രിയകള്‍ ചെയ്യാനുള്ള പ്രായോഗിക ജ്ഞാനത്തിന്റെ അഭാവം കാരണം ഉറ്റവരോടുള്ള അവസാന കടമകള്‍ ചെയ്യുന്നതില്‍നിന്നും ആളുകള്‍ മാറിനില്‍ക്കുന്നത് കൂടിവരുന്നു.
മയ്യിത്ത് പരിപാലനമെന്ന മഹത്തായ പുണ്യകര്‍മത്തെ ജീവവായു ആക്കിയെടുത്ത വനിതയാണ് കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ സ്വദേശി റിഷാന ഇസ്ഹാഖ്. ഒരു പതിറ്റാണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് മുസ്്‌ലിം സര്‍വീസ് സൊസൈറ്റിക്ക് കീഴിലുള്ള പ്രഥമ മയ്യിത്ത് പരിപാലന കേന്ദ്രത്തില്‍ സ്ത്രീകളുടെ മൃതദേഹ പരിപാലനത്തില്‍ വ്യാപൃതയാണ് ഈ യുവതി. ഈ കേന്ദ്രത്തിന്റെ ചുമതല മാതാവ് ആഇശ വഹിച്ചുകൊണ്ടിരിക്കെ അവരുടെ സഹായിയായ സ്ത്രീക്ക് അസുഖം മൂലം വരാന്‍ പറ്റാതിരുന്നപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായ മകള്‍ റിഷാനയെ കൂടെ കൂട്ടി. മയ്യിത്ത് പരിപാലനത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന റിഷാന നിര്‍ബന്ധിതാവസ്ഥയില്‍ ഉമ്മയോടൊപ്പം കൂടി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹമായിരുന്നു മുന്നില്‍. പേടിയും ഹൃദയമിടിപ്പും വര്‍ധിച്ചു. 'എന്റെ അടുത്ത് നിന്നാല്‍ മതി, ഒന്നും ചെയ്യേണ്ട'- ആ വാക്കുകളായിരുന്നു ബലം. ഉമ്മയെ ഒറ്റപ്പെടുത്താനാകാത്തതിനാല്‍ മയ്യിത്തിനടുത്ത് പുറംതിരിഞ്ഞു നിന്നാണ് തുടക്കം. ഉമ്മ വിളിക്കുമ്പോള്‍ അവശ്യ സഹായങ്ങള്‍ ഇടം കണ്ണിട്ട് നോക്കി നിവര്‍ത്തിച്ചു കൊടുത്തു. അന്ന് പൂര്‍ണമായി കണ്ണ് തുറന്ന് മയ്യിത്തിനെ കാണാന്‍ കൂടി ആ ഇരുപത്തിയാറുകാരിക്ക് മനോധൈര്യമുണ്ടായിരുന്നില്ല. ഇനി ഇങ്ങോട്ടില്ലെന്നും ഇതോടെ അവസാനിപ്പിച്ചതായും ഉമ്മയോട് ഉറപ്പിച്ചു പറഞ്ഞാണ് തിരിച്ചുപോയത്. എന്നാല്‍ നിയോഗമെന്ന് പറയാം, മാതാവിന്റെ സഹായിക്ക് വീണ്ടും രോഗം മൂര്‍ഛിച്ച് തുടരാനാവാതെ വരികയും ഈ ദൗത്യത്തിന് ആത്മധൈര്യമുള്ള മറ്റൊരു വനിതയെ കൈപിടിയിലൊതുങ്ങാതിരിക്കുകയും ചെയ്തപ്പോള്‍ ഉമ്മയോടൊപ്പം മകളും ചേര്‍ന്നുനിന്നു. ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ഈ സാമൂഹിക ബാധ്യതയില്‍ അവര്‍ കൈകോര്‍ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം വന്നത് ഒരു സാധാരണ മൃതദേഹമായതിനാല്‍ വസ്ത്രങ്ങള്‍ മാറുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ പങ്കാളിയായി. മനസ്സ് പാകപ്പെടുത്താനാകുമെന്ന് തീരെ തോന്നിയിട്ടില്ല. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയും മാതാവില്‍നിന്നു ലഭിച്ച പിന്തുണയും നിര്‍ബന്ധിതാവസ്ഥയും സമന്വയിച്ചപ്പോള്‍ ഇത് തന്റെ ജീവിത നിയോഗമായിരിക്കാമെന്ന് കരുതി.
ഏറെ നാള്‍ ആരോടും പറയാതെയും പങ്കുവെക്കാതെയുമാണ് റിഷാന കുളിപ്പിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ അവരില്‍നിന്നു പോലും മറഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിച്ചു. പ്രായമായവര്‍ മാത്രം കൈവെക്കുന്ന മേഖലയെന്ന പൊതു ധാരണയുള്ള സമൂഹത്തോട് സംവദിക്കുന്നതും സുഖകരമല്ലെന്ന് തിരിച്ചറിഞ്ഞ് അയല്‍പക്കക്കാര്‍ക്കു പോലും പിടികൊടുക്കാതെ നിന്നു. അതിനിടെ ഉമ്മയും രോഗശയ്യയിലായി. പിന്നീട് പതിയെ എല്ലാവിധത്തിലുമുള്ള മൃതദേഹങ്ങളുടെയും ശേഷക്രിയകള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നേടിയെടുത്തു. പിന്നീട് മാതാവിന്റെ മരണശേഷം മയ്യിത്ത് പരിപാലന ചുമതല പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു.
കരളലിയിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിലെയും വയനാട്ടിലെ മണ്ണിടിച്ചിലിലെയും മയ്യിത്തുകള്‍ക്ക് മുന്നില്‍ ഹൃദയം നുറുങ്ങിയ സന്ദര്‍ഭങ്ങളിലും ദൈവവിശ്വാസം കരുത്തുപകര്‍ന്ന് പിടിച്ചുനിന്ന അധ്യായങ്ങളും അനുഭവസമ്പത്തിലുണ്ട്.
തീ പൊള്ളലേറ്റ പൂര്‍ണ ഗര്‍ഭിണിയുടെ മൃതദേഹത്തില്‍നിന്ന് പുറത്തുവന്ന കുഞ്ഞിനെ ഉള്ളിലേക്ക് ചേര്‍ത്ത് തുന്നിയ മയ്യിത്ത് പരിപാലിക്കേണ്ടിവന്ന രംഗം ഇന്നും മായാത്ത നോവായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. കുടുംബ കലഹത്തില്‍ കൊലപാതകത്തിനിരയായ ഏക മകളുടെ മൃതദേഹത്തിനരികെ, പൊട്ടിത്തകര്‍ന്ന് വാവിട്ട് കരഞ്ഞ് ബോധരഹിതയായ മാതാവിനെ കണ്ട് പതറിപ്പോകുമായിരുന്ന സന്ദര്‍ഭം ദൈവാധീനംകൊണ്ട് അതിജീവിക്കാനായതും മറക്കാനാവുന്നില്ല.
"കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ മുതിര്‍ന്നവര്‍ രക്ഷപ്പെടുകയും നാലോ അഞ്ചോ വയസ്സ് പ്രായമുള്ള കുഞ്ഞു മക്കള്‍ മരണമടയുകയും ചെയ്യുന്ന സാഹചര്യത്തിലെത്തുന്ന നിഷ്‌കളങ്കരായ പൈതങ്ങളുടെ തുടുത്ത കവിള്‍ത്തടങ്ങളും കൈകാലുകളും കഴുകി കുളിപ്പിച്ച് തീരുമ്പോഴേക്കും കണ്ണീര്‍ വസ്ത്രങ്ങളെ കൂടി കുതിര്‍ത്തു കളയും. പലപ്പോഴും പങ്കാളികളാവാന്‍ ബന്ധുക്കളെത്തുമെങ്കിലും മുഴുമിപ്പിക്കാനാവാതെ തിരിച്ചു പോവുകയാണ് പതിവ്. മരണം അനാഥമാക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും അവസ്ഥ പങ്കുവെക്കുമ്പോള്‍ സ്ഥൈര്യത്തിന്റെയും സഹനത്തിന്റെയും അതിര്‍വരമ്പുകള്‍ പൊട്ടിപ്പോകാതെയില്ല. എങ്കിലും പരിപാലനം പൂര്‍ത്തിയാകുമ്പോഴേക്കും മറവിയുടെ ഏതോ ഒരു അദൃശ്യ മൂടുപടം മനസ്സിന് മേല്‍ വീഴുന്ന പോലെ, ഒരു രാത്രി പോലും ഉറക്കം ഈ കാരണത്താല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് പരമ സത്യം!''
ഉറ്റവരും ഉടയവരുമല്ലാത്ത നിരവധി മൃതദേഹങ്ങളുടെ ശേഷക്രിയകള്‍ക്കായി വിശ്വാസത്തിന്റെ ചാരുതയോടെ സമയ പരിധികളില്ലാതെ കര്‍മനിരതയാവുക ചെറിയ കുട്ടികളുള്ള ഒരു കുടുംബിനിക്ക് ഏറെ സാഹസം തന്നെയാണ്. പ്രയാസങ്ങളെയും പരിഭവങ്ങളെയും അതിജീവിച്ച് വേനലും വര്‍ഷവും വിരുന്നുകളും വിശേഷങ്ങളും മാറ്റിവെച്ച് എം.എസ്.എസ്സില്‍ നിന്നുള്ള ഫോണ്‍ വിളികളെയും കാത്ത് കാത് കൂര്‍പ്പിച്ചിരിക്കുകയാവും ഈ മുപ്പത്തിയേഴുകാരി. മോര്‍ച്ചറിക്ക് മുന്നില്‍ മയ്യിത്ത് ഏറ്റുവാങ്ങുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുളിപ്പിച്ച് കഫന്‍ ചെയ്ത് ഖബറടക്കത്തിന് തയാറാക്കി മയ്യിത്ത് കൈമാറുമ്പോള്‍ ദുഃഖം ഘനീഭവിക്കുന്ന കണ്ണുകളില്‍നിന്ന് ഒരായിരം നന്ദി വാക്കുകള്‍ റിഷാന വായിച്ചെടുത്തിട്ടുണ്ട്.
ഫോണിലും നേരിട്ടും പലതവണ വീണ്ടുമെത്തുന്ന കുടുംബങ്ങളുടെ സൗഹൃദവും സ്‌നേഹ ഭാഷണങ്ങളും അവരുടെ ആത്മാര്‍ഥ പ്രാര്‍ഥനകളില്‍ ഓര്‍ക്കപ്പെടുന്നു എന്ന സന്തോഷവും, ആത്മനിര്‍വൃതിയോടെ ആവുന്നത്ര കാലം ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നതായി റിഷാന പറയുന്നു. റിഷാനക്ക് സഹായിയായി സഹോദരന്റെ ഭാര്യ ഫൗസിയയും ഇപ്പോള്‍ കൂട്ടുണ്ട്. മൂന്നു മക്കളും ഭര്‍ത്താവും കുടുംബാംഗങ്ങളുമാണ് പിന്തുണ നല്‍കുന്നത്. പരേതരായ അഹ്്മദ് കുഞ്ഞി- ആഇശ ദമ്പതികളുടെ മകളാണ് റിഷാന.
l