മഴക്കാലമായതോടെ എങ്ങും വിവിധതരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴക്കാല രോഗങ്ങള്‍ പൊതുവെ രണ്ടു തരത്തിലാണ്. വെള്ളത്തിലൂടെ പകരുന്നവയും കൊതുക് പരത്തുന്നവയും. മഴക്കാലത്ത് കെട്ടി നില്ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് മഴക്കാല രോഗങ്ങള്‍ക്ക് പ്രധാന കാരണമാണ്. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന രോഗങ്ങളാണ് വൈറല്‍ പനി, ഡെങ്കിപ്പനി, അതിസാരം, എലിപ്പനി, മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങള്‍.
വൈറല്‍ പനി
വായിലൂടെ പകരുന്ന വിവിധതരം വൈറസുകളാണ് വൈറല്‍ പനിയുടെ കാരണം. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ.. പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. രോഗം ബാധിച്ചയാളില്‍നിന്ന് ശ്വസനം, തുമ്മല്‍ എന്നിവ വഴി രോഗം പകരാന്‍ സാധ്യതയുണ്ട്.
മഞ്ഞപ്പിത്തം
ഹെപ്പറ്റെറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരത്തില്‍ ഇതുണ്ട്. അതില്‍ എ, ഇ എന്നിവയാണ് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നത്. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍പോളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ.
അതിസാരം
അതിസാരം അഥവാ വയറിളക്കം കുട്ടികളിലാണ് വളരെ തീവ്രമായി കണ്ടുവരുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. ഒ.ആര്.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.
ത്വക്ക് രോഗങ്ങള്‍
പുഴുക്കടി, കാല്‍വിരലുകള്‍ക്കിടയില്‍ ചൊറിഞ്ഞു പൊങ്ങുക എന്നിവയാണ് ഫംഗസ് ബാധയെ തുടര്‍ന്ന് കൂടുതലായി കാണുന്നത്. വസ്ത്രങ്ങള്‍ ശരിയായി ഉണങ്ങിയ ശേഷം മാത്രം ധരിക്കുക, ചെളിവെള്ളത്തില്‍ കുളിക്കാതിരിക്കുക, ഈര്‍പ്പമുള്ള സോക്സ് ഉപയോഗിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ഒരു പരിധിവരെ രോഗങ്ങളെ തടയും.
ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. പനി, തലവേദന, സന്ധി വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവ ലക്ഷണങ്ങളാണ്. ഇത് ഗുരുതരമായ സാഹചര്യത്തിലെത്തിയാല്‍ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.
എലിപ്പനി
ജന്തു ജന്യ രോഗമാണ് എലിപ്പനി. എലി, കന്നുകാലികള്‍, നായ എന്നിവയാണ് രോഗവാഹകര്‍. രോഗവാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ ലക്ഷണങ്ങള്‍ തുടങ്ങും. ശക്തമായ വിറയലോടു കൂടിയ പനി, തളര്‍ച്ച, കണ്ണിനു ചുറ്റും ശക്തമായ വേദന, മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവിടങ്ങളില്‍ രോഗാണുക്കള്‍ അനുകൂല സാഹചര്യങ്ങളില്‍ അനേക നാള് ജീവിച്ചിരിക്കും. രണ്ടു ഘട്ടങ്ങളുള്ള ഒരു രോഗമാണ് എലിപ്പനി. സാധാരണ ജലദോഷപ്പനി പോലെയാണ് രോഗം ആരംഭിക്കുന്നതെങ്കിലും പനി, വിറയല്‍, ക്ഷീണം, കടുത്ത തലവേദന പോലുള്ള രോഗലക്ഷണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്നതിന്റെ സൂചനയാണ്. ഹൃദയം, കരള്‍, കിഡ്നി, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുന്നു രോഗലക്ഷണങ്ങളുടെ വ്യാപ്തി കാരണം പലപ്പോഴും രോഗം കൃത്യമായി കണ്ടെത്താന്‍ പോലും കഴിയില്ല.
മുന്‍കരുതലുകള്‍
lപരിസര ശുചീകരണവും വ്യക്തി ശുചിത്വവും പാലിക്കുക.
അലസമായി കിടക്കുന്ന ചിരട്ട, കുപ്പികള്‍ എന്നിവ നശിപ്പിക്കുക. പ്ലാസ്റ്റിക് ചപ്പുചവറുകളും, മലിന വെള്ളവും കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
l കൊതുക് നിര്‍മാര്‍ജനം.
കുട്ടികള്‍ക്ക് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിപ്പിക്കുക. കൂടാതെ കൊതുകു വലയും ഉപയോഗിക്കുക.
lഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുവെച്ച് ചൂടോടെ ഉപയോഗിക്കുക.
lതിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
l മാസത്തിലൊരിക്കലെങ്കിലും വീട്ടിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
l തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
lവസ്ത്രങ്ങള്‍ ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക.
lവൈറ്റമിന്‍ സി, പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക.
ചികിത്സ
ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അംഗീകൃത ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല. പ്രതിരോധ മരുന്നുകളും എടുക്കാം.