വായനയില്‍ ഒരു ആത്മീയതയില്ലേ, അകങ്ങളിലേക്കാഴ്ന്ന് ഉള്ളുണര്‍ത്തുന്നപോെല
ഒരനുഭൂതി? ദൈവിക ഗ്രന്ഥത്തിലേക്കും ഒന്ന് ഊളിയിട്ടു നോക്കൂ. ഖല്‍ബ് കൊണ്ടും ചിന്ത കൊണ്ടും സമീപിച്ചാല്‍ അതേറെ വശ്യതയാര്‍ന്നതാവും.
'ഖുര്‍ആന്‍ എങ്ങനെയാ വായിക്കേണ്ടതുപ്പാ?'
'ഈ നിമിഷം അല്ലാഹു അത് നിന്നിലേക്കവതരിപ്പിച്ച പോലെ സങ്കല്‍പ്പിച്ച് വായിച്ചു നോക്കൂ' കുഞ്ഞു ഇഖ്ബാലിനോട് പിതാവിന്റെ വാക്കുകള്‍.
നബി (സ) പറയുന്നു: 'നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരുന്നതാണ്'.
ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഖുര്‍ആന്‍ അതിന്റെ നൈപുണ്യം സിദ്ധിച്ചു കൊണ്ട് ഓതുന്നവന്‍ പുണ്യാത്മാക്കളുടെ കൂട്ടത്തിലാണ്. തപ്പിത്തടഞ്ഞ് പ്രയാസം സഹിച്ച് ഓതുന്നവന് (ഓതുന്നതിന്റെയും പ്രയാസപ്പെടുന്നതിന്റെയും) രണ്ട് പ്രതിഫലമുണ്ട്.'
'ആരെങ്കിലും വേദഗ്രന്ഥത്തില്‍നിന്ന് ഒരക്ഷരം ഓതിയാല്‍ അവര്‍ക്ക് ഒരു നന്മയുണ്ട്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒന്നും ലാം രണ്ടും മീം മൂന്നാമത്തെയും അക്ഷരമാണ്.' ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു.
'ആരാണ് നബിയേ അല്ലാഹുവിന് ഏറ്റവും പ്രിയമുള്ളവര്‍? ഖുര്‍ആന്റെ ആളുകള്‍. അവരാണ് അല്ലാഹുവിന്റെ പ്രത്യേകക്കാര്‍' എന്നായിരുന്നു നബി(സ)യുടെ മറുപടി.
ഖുര്‍ആന്‍ കേട്ടെഴുത്തുകാരനായ ഇബ്‌നു മസ്ഊദിനോട്(റ) ഒരിക്കല്‍ പ്രവാചകന്‍ പറയുന്നുണ്ട്: 'ഖുര്‍ആനില്‍ നിന്ന് അല്‍പം എന്നെ കേള്‍പ്പിക്കാമോ?' 'ഞാന്‍ ഓതിത്തരികയോ? താങ്കള്‍ക്കല്ലേ ഖുര്‍ആന്‍ അവതരിച്ചത്?' 'ഞാനതിഷ്ടപ്പെടുന്നു' എന്നായിരുന്നു നബി(സ) പ്രതികരണം. തുടര്‍ന്ന് സൂറ അന്നിസാഇലെ ആദ്യ ഭാഗങ്ങള്‍ ഓതുകയും ഒരോ പ്രവാചകനും സാക്ഷിയാക്കപ്പെടുന്നതിനെക്കുറിച്ചു പറയുന്ന ഭാഗമെത്തിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന കണ്ണുമായി നബി(സ) നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
'ഖുര്‍ആനില്‍ നിന്ന് ഹൃദയത്തില്‍ ഒന്നുമില്ലാത്തവന്‍ ശൂന്യമായ വീടു പോലെയാണ്' എന്ന പ്രവാചക വാക്യത്തില്‍നിന്ന് ഖുര്‍ആന്‍ സാധ്യമാവുന്നത്രയും ഹൃദിസ്ഥമാക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാം.
വായന എങ്ങനെയാവണം?
ഖുര്‍ആനിക വായനയെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് 'നിര്‍ത്തി നിര്‍ത്തി സാവധാനം പാരായണം ചെയ്യുക' എന്നാണ്. ഖുര്‍ആന്‍ കൊണ്ട് ഹൃദയത്തെ ചലിപ്പിക്കാനാകണം. എങ്ങനെയെങ്കിലും ഓതിത്തീര്‍ക്കണം എന്ന വിചാരമൊഴിവാക്കി ഓതുന്നതിന്റെ ആശയം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.
അതിമനോഹര ഭാഷയിലും അനിതര സാധാരണ ശൈലിയിലും അത്യപൂര്‍വ ഘടനയിലും സുന്ദരമായ വൈജ്ഞാനിക വെളിച്ചം അഴകാര്‍ന്നവിധം അടുക്കി വെച്ച വിശുദ്ധ വേദത്തെ കേവലമൊരു ഗ്രന്ഥമെന്ന നിലയിലല്ല വായിക്കേണ്ടത്. മറിച്ച്, ഒതുക്കത്തോടെ, താളനിബദ്ധമായി മനനം ചെയ്ത്, അര്‍ഥമറിഞ്ഞ് ആസ്വാദ്യകരമായി ഓതണം. അകക്കാമ്പില്‍ തട്ടിയ സൂക്തങ്ങളുടെ ആവര്‍ത്തനം കൊണ്ട് മനസ്സും ശരീരവും താളപ്പൊരുത്തമുള്ള അവസ്ഥയിലേക്ക് നയിക്കപ്പെടുകയാണ് വേണ്ടത്.
വായന ഹൃദ്യമാവുന്നതെങ്ങനെ?
അല്ലാഹു ഉണ്ട് എന്ന വിശ്വാസവും ഉറപ്പുമാണ് നമ്മിലുണ്ടാവേണ്ടത്. ആ സത്യത്തെ നമ്മിലുറപ്പിക്കുന്നതും ആ ഉറപ്പിനെ നിലനിര്‍ത്തുന്നതും റബ്ബിന്റെ വചനങ്ങള്‍ക്കൊപ്പമുള്ള സഞ്ചാരത്തിലൂടെയാണ്. അതിനാല്‍ തന്നെയാണ്, അല്ലാഹുവിന് നിന്നോടുള്ള ബന്ധമറിയാന്‍ ഖുര്‍ആനുമായുള്ള നിന്റെ ബന്ധം നോക്കിയാല്‍ മതിയെന്ന് റസൂല്‍(സ) അരുളിയതും.
'ഈ ജനം ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍ നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവരതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു'' (ഖു:482). മലര്‍ന്നു കിടക്കുന്ന അക്ഷരങ്ങളിലൂടെയല്ല മറഞ്ഞു കിടക്കുന്ന ആശയങ്ങളിലൂടെയുള്ള സഞ്ചാരത്തിനായി ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു.
'അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയത്തില്‍ പൂട്ടുകളിട്ടിരിക്കുകയാണോ?' ഖുര്‍ആനോടൊത്തുള്ള സമയമത്രയും ഖുര്‍ആന്‍ ഖല്‍ബ് എന്ന് വിളിക്കുന്ന മനസ്സ് ഒപ്പമുണ്ടാവണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആന്‍ വഴികാട്ടിയാണെന്ന ബോധ്യം ഉള്‍ക്കൊണ്ടേ മുന്നോട്ടു ഗമിക്കാവൂ.
തന്നെ സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന റബ്ബിന്റെ വചനങ്ങളാണിതെന്നും അതിനോടുള്ള സമീപനങ്ങളിലൂടെയാണ് അവന്റെ തൃപ്തി നേടാനാവുകയെന്നും ബോധ്യമുണ്ടാവണം.
ഖുര്‍ആന്‍ പാരായണം തികച്ചും അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കിക്കൊണ്ടാവണം. പ്രശംസ നേടുന്നതിനോ മറ്റു വല്ല കാര്യസാധ്യത്തിനോ ആവരുത്. ലോകമാന്യം, അഹന്ത, ദുനിയാവിനോടുള്ള ചായ്‌വ് ഇവയെല്ലാം മറികടന്ന് അല്ലാഹുവില്‍നിന്ന് കേള്‍ക്കുന്നവണ്ണം കേള്‍ക്കുകയും ഗ്രഹിക്കുകയും വേണം.
ഭാഷയുടെ പ്രാധാന്യം
ചലനാത്മകമായ ഹൃദയ പങ്കാളിത്തത്തിന്, കേള്‍വിയും കാഴ്ചയും ബുദ്ധിയും ഉപയോഗപ്പെടുത്തിയുള്ള ജ്ഞാനാന്വേഷണം ആവശ്യമാണ്. അതിന് ഖുര്‍ആനിന്റെ ഭാഷ കൂടി അറിയുന്നത് അഭികാമ്യമാണ്. 'അറബിഭാഷ പഠിക്കലും പഠിപ്പിക്കലും സാമൂഹിക ബാധ്യതയാണ്' എന്ന് ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ രേഖപ്പെടുത്തുന്നു. ഖുര്‍ആനിന്റെ സാഹിതീയ ഭംഗിയും വാക്കിലും വാക്യങ്ങളിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന അത്ഭുതാവഹമായ ആശയ വൈപുല്യവും ഗ്രഹിക്കാനും, ഹദീസുകളുള്‍പ്പെടെ ഇസ്ലാമിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട അറബിഭാഷ പഠിക്കല്‍ അനിവാര്യമാണ്. നമസ്‌കാരം, ദിക് ർ !, ദുആകളെല്ലാം അതിന്റെ ചൈതന്യത്തോടെ പൂര്‍ണതയിലെത്താന്‍ അറബി അറിയണം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'തീര്‍ച്ചയായും ഖുര്‍ആനിന്റെ മഹത്വം മനസ്സിലാക്കുന്നത് അറബി ഭാഷ അറിയുന്നവനാണ്.'
യാത്രയിലെ വെളിച്ചം
വായനയില്‍ ഒരു ആത്മീയതയില്ലേ, അകങ്ങളിലേക്കാഴ്ന്ന് ഉള്ളുണര്‍ത്തുന്ന പോലൊരനുഭൂതി? ഇരുള്‍ക്കാട്ടില്‍ രാപ്പാര്‍ക്കാം. കടലിന്നഗാധതയിലും ആകാശത്തും മഞ്ഞുമേഘങ്ങളിലുമെല്ലാം ഒറ്റക്ക് പോവാം. പലവിധ നോവുകളും വേവുകളും ആഹ്ലാദങ്ങളും ആത്മീയാനുഭൂതിയാക്കാം. ദൈവിക ഗ്രന്ഥത്തിലേക്കും ഒന്ന് ഊളിയിട്ടു നോക്കൂ. നഫ്‌സിന്റെ സംസാരങ്ങളുപേക്ഷിച്ച്, ഖല്‍ബ് കൊണ്ടും ചിന്ത കൊണ്ടും സമീപിച്ചാല്‍ അതെന്തു മാത്രം വശ്യതയാര്‍ന്നതാവും.
സ്വര്‍ഗത്തെക്കുറിച്ച വാക്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, സച്ചരിതരെ കുറിച്ച വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവരിലുള്‍പ്പെടാനുള്ള ഉള്‍പ്രേരണയുണ്ടാവും. നരകത്തെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ രൗദ്രത അറിയാനാവും. അതിന്റെ അലര്‍ച്ച കേള്‍ക്കും. ആ ഗര്‍ജന ഭീകരതയെ ഭയന്ന് രക്ഷനേടാനായി റബ്ബിനോട് അകമറിഞ്ഞ് അര്‍ഥിക്കും. അല്ലാഹുവിന്റെ അറ്റമില്ലാത്ത അനുഗ്രഹങ്ങള്‍ വായിക്കുമ്പോള്‍ അവനോടുള്ള സ്‌നേഹാതിരേകത്താല്‍ ഉള്ളം പിടക്കും, കണ്ണില്‍ നനവ് പൊടിയും. യാത്ര പ്രവാചക കഥകളിലൂടെ നീങ്ങുമ്പോള്‍ അവരുടെ സാമീപ്യം അനുഭവപ്പെടും. എതിരാളികളെ കാണാനാകും. പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കും. 'നീ കാണുന്നില്ലയോ?' എന്ന് ചോദിക്കുമ്പോള്‍ ഉള്ളു കൊണ്ടത് കാണാന്‍ ശ്രമിക്കും. ഇങ്ങനെ ഖുര്‍ആനോടൊത്തുള്ള സഞ്ചാരത്തിലൂടെ ഹൃദയം നിയന്ത്രണ വിധേയമാകും. ശാന്തമാകും. അകക്കണ്ണ് കൊണ്ടുള്ള അനേകാനുഭവങ്ങളിലൂടെ, അറിവിനപ്പുറത്തെ തിരിച്ചറിവിലൂടെ അത്യുന്നതമായൊരു ആത്മീയാനുഭൂതിയില്‍ ചെന്നെത്തും.
l