ഐ.എ.എസ് എനിക്ക് ചിറകായി
2023-ലെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 913-ാ൦ റാങ്ക് നേടിയ
ഷെറിൻ ഷഹാനയെ കുറിച്ച്
ഇന്ത്യന്‍ സിവില്‍ സര്‍വീസിന് പൊന്‍തൂവല്‍ ചാര്‍ത്തി വയനാട്ടില്‍ നിന്നും 913-ാം റാങ്കുമായി വീല്‍ചെയറില്‍ വിധിയെ തോല്പിച്ചെത്തിയ പെണ്‍കുട്ടിയാണ് ഷെറിന് ഷഹാന. വൈദ്യശാസ്ത്രത്തിന്റെ പരിമിതികളില്‍ പ്രതീക്ഷ കൈവിട്ട നാളില്‍ തന്റെ കൈയില്‍ മാതാവ് നല്കിയ പുസ്തകങ്ങളിലൂടെയാണ് തന്റെ കൊച്ചു നാളിലേയുള്ള ഐ.എ.എസ് എന്ന മൂന്നക്ഷരത്തെ കൈപിടിയലൊതുക്കാനുള്ള അനുകൂല സാഹചര്യമാണിതെന്ന് ഷെറിന് തിരിച്ചറിഞ്ഞത്. ആത്മവിശ്വാസത്തിന്റെയും ഇഛാശക്തിയുടെയും ഊര്‍ജം ഉല്പാദിപ്പിക്കപ്പെടുന്നതും അതിലൂടെയായിരുന്നു. അപകടങ്ങളും ആകുലതകളും ഒരാളുടെ സ്വപ്നങ്ങള്‍ക്കോ ഭാവനകൾക്കോ മങ്ങലേല്പിക്കുന്നില്ല. സാഹചര്യം മാത്രമേ മാറുന്നുള്ളൂ. അവിടെയാണ് അതിജീവിക്കാനുള്ള ആര്‍ജവം കാണിക്കേണ്ടത് എന്ന വലിയ പാഠം കൂടിയാണ് ഷഹാനയുടെ ജീവിതം നൽകുന്നത്.
കമ്പളക്കാട് തെനൂട്ടി കല്ലുങ്ങല്‍ ഉസ്മാന്റെയും ആമിനയുടെയും നാല് പെണ്മക്കളില് ഇളയവളാണ് ഷെറിന്. കമ്പളക്കാട് ജി.എല്‍.പി സ്കൂളില്‍ മലയാളം മീഡിയം ക്ലാസ്സിലാണ് പഠനം ആരംഭിക്കുന്നത്. തുടര്‍ന്ന് കണിയാംപറ്റ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹൈസ്കൂള്‍ പഠനവും സെന്റ് മേരീസ് കോളേജില്‍നിന്ന് പോളിടെക്നിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് കുടുംബത്തിന്റെ ഏക തണലായ പിതാവിന്റെ വേര്‍പാട്. വിവാഹിതയായ ഷെറിന് കയ്പേറിയ ജീവിതാനുഭവങ്ങളില്‍ മനം നൊന്തിരിക്കെ, ടെറസില്‍ ഉണക്കാനിട്ട തുണിയെടുക്കുന്നിതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. പരിക്കു പറ്റിയ അവളെയും കൊണ്ടു വീട്ടുകാര്‍ വയനാട്ടില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലുമെത്തി. പരിക്ക് നിര്‍ണയവും കഴിഞ്ഞ് ചികിത്സാ വഴിയിലെത്തുമ്പോഴേക്കും സമയം ഏറെയെടുത്തിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇനിയെന്ന് പുറം ലോകം കാണാന്‍ കാലങ്ങള്‍ കാത്തിരിക്കണമെന്ന വൈദ്യശാസ്ത്രത്തിന്റെ മറുപടിയില്‍ ഒരാളോടും തെറ്റു ചെയ്യാത്ത എന്നോടെന്തിനാണ് ഈ ദൈവവിധിയെന്ന സങ്കടം പങ്കിട്ടപ്പോള്‍ ഉമ്മ ആശ്വസിപ്പിച്ചത് എല്ലാറ്റിനും ഒരു ദൈവവിധിയും ആസൂത്രണവുമുണ്ട്; അത് അലംഘനീയമാണ് എന്ന് പറഞ്ഞായിരുന്നു.
ഉമ്മ പറഞ്ഞ ദൈവിക ആസൂത്രണത്തിന്റെ അനന്ത സാധ്യത അവളിപ്പോള്‍ അടുത്തറിയുകയാണ്. ചുറ്റുവട്ടങ്ങളിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് ഈ പരീക്ഷണ ഘട്ടത്തെ തരണം ചെയ്യാന്‍ പിന്നെ പ്രയാസമുണ്ടായില്ല. NET, JRF നിഷ് പ്രയാസം നേടിയെടുത്തു. ഒരു പുസ്തകത്താളു പോലും മറിക്കാനാവാത്ത സ്വന്തം കൈകള്‍ക്കു പകരം നിന്നത് ഉമ്മയുടെ കൈകൾ. തളര്‍ന്ന ശരീരത്തില്‍ തളരാത്ത മനസ്സിന് കരുത്ത് പകര്‍ന്നത് ഉമ്മയുടെ പ്രതീക്ഷാ നിര്‍ഭരമായ ഈമാനിക ബോധ്യങ്ങളായിരുന്നു. ആയിടക്ക് പത്രദ്വാരാ അറിഞ്ഞ അബ്സല്യൂട്ട് അക്കാദമിയുമായി ബന്ധപ്പെട്ടാണ് ഐ.എ.എസ് എന്ന ഉള്ളിലൊളിപ്പിച്ച മോഹത്തെ പൂവണിയിക്കാനുള്ള ശ്രമമാരംഭിച്ചത്. ബിരുദ ബിരുദാനന്തര ഘട്ടത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് എടുത്തത് ഐ.എ.എസ് എന്ന മോഹത്തോടെയാണെന്ന ഷെറിന്റെ ആഗ്രഹം പങ്കുവെച്ചപ്പോള്‍ ആഗ്രഹം ലക്ഷ്യത്തിലെത്തിക്കാന്‍ പിന്തുണയുമായി ഒട്ടെറെപ്പേരെത്തി. അത്യധ്വാനം ചെയ്ത് രാവിലെ ഏഴു മണി മുതല്‍ രാത്രിയേറെ വൈകുവോളം പഠനം. ഒരു മണിക്കൂര്‍ സമയം മാത്രം ഉറങ്ങിയ ദിവസങ്ങളാണധികവും. ഭിന്നശേഷിക്കാര്‍ക്ക് ഇളവുകളുള്ളതിനാല്‍ ഏറെ എളുപ്പമെന്ന് ലഘൂകരണ മനസ്സോടെ കാണുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഇത്തരം ശാരീരിക പ്രയാസങ്ങളുള്ളവര്‍ ഒരുപാട് അധ്വാനിക്കേണ്ടിവരുന്നുണ്ട്; പരസഹായം ആവശ്യമായി വരുന്നുണ്ട്. ക്ലേശങ്ങളിലൂടെ നീന്തിക്കയറിയാണ് അവർ വിജയതീരത്തണയുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളില്‍ തകര്‍ന്നു നിരാശരായി, ജീവിതത്തില്‍നിന്നു ഒളിച്ചോടാൻ തീരുമാനിക്കുന്ന സ്ത്രീകളോടും പുതിയ തലമുറ പെണ്‍കുട്ടികളോടും ഷെറിന് പറയാനേറെയുണ്ട്. ആദ്യമായി, സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുണ്ടെന്ന് തിരിച്ചറിയണം. വിവാഹിതയാകാന്‍ വേണ്ടി മാത്രമാണ് സ്ത്രീ ജന്മമെന്ന തെറ്റിദ്ധാരണ തിരുത്തണം. ആരോഗ്യകരമല്ലാത്ത ബന്ധങ്ങളില്‍ തുടര്‍ന്നു സ്വപ്നങ്ങളത്രയും ഹോമിച്ചും ബലികഴിച്ചും സമൂഹത്തിനായി സഹിച്ചും ജന്മം പാഴാക്കരുത്. നല്ല ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തി, അതിനായി കഠിനാധ്വാനം ചെയ്ത് സമര്‍പ്പിത ജീവിതം കാഴ്ചവെച്ചാല്‍ വിജയശ്രീലാളിതയാവാന് ഒരു പ്രയാസവുമുണ്ടാവില്ല. തന്റെ ചെറിയ പ്രായത്തില്‍ അനുഭവിക്കാത്ത നൊമ്പരങ്ങളില്ല. അക്ഷരമുറ്റം കാണാന്‍ കഴിയാതെ പോയ പിതാവും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മാതാവും. ഉയര്‍ന്ന സാമ്പത്തികാടിത്തറ പോലുമില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ സ്വന്തമായി ട്യൂഷനെടുത്ത പണം കൊണ്ട് സ്വന്തമാവശ്യങ്ങള്‍ നിവർത്തിച്ച് ഒതുങ്ങി ജീവിച്ച ഷെറിന് സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറന്നുയര്‍ന്നത് അചഞ്ചലമായ ആത്മവിശ്വാസം കൊണ്ടു മാത്രമാണ്.
l