വരയില്‍ മികവായ്
കഅ്ബയുടെ കില്ലയിലെ ലിഖിതങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി ദിയ ഫാത്തിമ
കഅ്ബയുടെ കില്ലയില്‍ അക്ഷരമെഴുത്തിന്റെ മനോഹര കലയായ കാലിഗ്രാഫിയില്‍ അടയാളപ്പെടുത്തിയ മഹദ് വചനങ്ങള്‍ അപ്പടി കാന്‍വാസിലേക്ക് പകര്‍ത്തി വിസ്മയിപ്പിക്കുകയാണ് ദിയ ഫാത്തിമ. വിശുദ്ധ കഅ്ബയുടെ കില്ലയില്‍ കൊത്തിയ മഹദ് വചനങ്ങള്‍ 26 മണിക്കൂര്‍ കൊണ്ടാണ് ദിയ കാലിഗ്രാഫിയില്‍ പകര്‍ത്തിയത്.
കാലിഗ്രാഫിയിലും അറബിഭാഷയിലും മികവ് പുലര്‍ത്തുന്നവര്‍ക്കു മാത്രം വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് കഅ്ബയിലെ കില്ലയിലെ രചനയുള്ളത്. പരസഹായമില്ലാതെ തന്നെ ദിയ കില്ലയിലെ വചനങ്ങളെ അതേ രൂപത്തില്‍ കാന്‍വാസിലേക്ക് മനോഹരമായി പകര്‍ത്തിയിടുകയായിരുന്നു. ഖുര്‍ആന്‍ അവതീര്‍ണമായ റമദാനിലാണ് കഅ്ബയുടെ കില്ലയിലെ ലിഖിതങ്ങള്‍ സ്വന്തമായി പകര്‍ത്തണമെന്ന ആലോചന ദിയയുടെ ഉള്ളിലുറഞ്ഞ് തുടങ്ങിയത്.
കഅ്ബയുടെ ചുമരില്‍ ആലേഖനം ചെയ്ത രചന പകര്‍ത്തി എഴുതുന്നത് അപൂര്‍വമായിട്ടാണ്. തുണിയില്‍ മെഡ്കോസ് തേച്ചതിന് ശേഷം കറുത്ത ചായം പൂശി പെന്‍സില്‍ ഉപയോഗിച്ച് കില്ലയിലെ വചനങ്ങള്‍ എഴുതി ചായം പൂശുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ദിയ കാലിഗ്രാഫി രൂപത്തിലേക്ക് രചന നടത്തിയത്. ഒന്നര മീറ്ററിലേറെ ഉയരവും ഒരു മീറ്ററിലേറെ വീതിയുമുള്ള തുണികൊണ്ട് തീര്‍ത്ത ബോര്‍ഡിലാണ് ദിയ ഫാത്തിമ കാലിഗ്രാഫി രചിച്ചത്. കഅ്ബയുടെ കവാടത്തില്‍ തൂക്കിയ കില്ലയിലുള്ള, ഖുര്‍ആനിലെ ഫാത്തിഹ, ആയത്തുല്‍ കുര്‍സി, ഇഖ്ലാസ് തുടങ്ങിയ സൂക്തങ്ങളാണ് വൃത്താകൃതിയിലും ചെരിച്ചുമെല്ലാം കാന്‍വാസില്‍ ആലേഖനം ചെയ്തിട്ടുള്ളത്.
വരയിലും എഴുത്തിലും ദിയയുടെ മികവ് തിരിച്ചറിഞ്ഞ ബന്ധുവായ അംഗനവാടി ടീച്ചര്‍ നസീമാബീഗമാണ് പ്രചോദനം. പതിയെ അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയായ കാലിഗ്രാഫിയിലും ദിയയില്‍ താല്‍പര്യം ജനിച്ചു. ഇതിനകം നൂറോളം ചിത്രങ്ങളും വരകളുമാണ് ഈ മിടുക്കിയുടെ പ്രതിഭയിലൂടെ പിറന്നത്.
ചാര്‍ട്ടുകളില്‍ പകര്‍ത്തിയ സൃഷ്ടികള്‍ വളരെയേറെയുണ്ട്.
ദിയ ഫാത്തിമയുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് എ.പി മുഹമ്മദലിയും മാതാവ് ഹഫ് സത്തും വരക്കുന്നതിനും എഴുതുന്നതിനും മകള്‍ക്ക് വേണ്ട തെല്ലാം യഥാസമയം വാങ്ങിക്കൊടുക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു.
അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെകണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ.
സ്‌കൂളിലെ പഠനോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ ഈ കൊച്ചു കലാകാരി കാലിഗ്രാഫിയില്‍ ഉയരങ്ങള്‍ താണ്ടാനാവുമെന്ന പ്രതീക്ഷയിലാണ്.