ആശങ്കകള്‍ക്കും പരിഭ്രാന്തികള്‍ക്കും ഇടയില്‍ ജീവിതം തളച്ചിടാതെ ഇന്നിന്റെ ധന്യതയില്‍ മുന്നോട്ടു പോകാനൊന് ഉതകരുന്നൊരു വായന.
വര്‍ത്തമാനകാലത്ത് ജീവിക്കുമ്പോള്‍ ഭാവിയുടെ ഭാണ്ഡക്കെട്ടുകളും പേറി കഴിയുന്നതാണ് മനുഷ്യന് ചെയ്യുന്ന തെറ്റ്. മനോരാജ്യങ്ങളില്‍ മുഴുകിക്കഴിയുമ്പോള്‍ ചിന്തകള്‍ അറ്റമില്ലാത്ത പാതയിലൂടെ പോയിക്കൊണ്ടിരിക്കും. കെട്ടഴിച്ചു വിട്ട ഈ ചിന്തകള്‍ മിഥ്യാബോധങ്ങളും വ്യര്‍ഥ വിചാരങ്ങളുമായി ഏറ്റുമുട്ടും. അവ തീരാ ദുഃഖങ്ങളും മനോവ്യഥകളുമായി മാറാന്‍ പിന്നെ ഏറെ നേരം വേണ്ട. ആശങ്കകള്‍ക്കും പരിഭ്രാന്തികള്‍ക്കും നിന്നെ വേട്ടയാടാന്‍ നീ നിന്ന് കൊടുക്കേണമോ? നീ ഇന്നില്‍ ജീവിക്കുക, അതാണ് നിനക്ക് കരണീയം. നിന്റെ ഭാവിക്ക് ഏറ്റവും നല്ലതും അതുതന്നെ.
ജീവിത വിജയം കൈവരിച്ച പലരുടെയും അനുഭവ കഥകള്‍ ഡേയ്ല് കാര്‍നഗി പറഞ്ഞിട്ടുണ്ട്. വരാനുള്ള നാളെയുമായി അവര്‍ തങ്ങളുടെ ഭാഗധേയം കൂട്ടിക്കെട്ടിയില്ല. ജീവിക്കുന്ന ഇന്ന്, ഈ ദിവസമാണ് യാഥാര്‍ഥ്യമെന്ന ബോധത്തോടെ ഇന്നിന്റെ ആവശ്യങ്ങള്‍ കണ്ടറിയുകയും അവയുടെ പരിഹാര ശ്രമങ്ങളില്‍ മുഴുകുകയും ചെയ്തു. വിവേക പൂര്‍വമായ ഈ രീതി മൂലം അവര്‍ക്ക് തങ്ങളുടെ 'ഇന്നി'നെയും നാളെയെയും സുരക്ഷിതമാക്കാന്‍ കഴിഞ്ഞു. തങ്ങളുടെ അനുഭവങ്ങളുടെ രത്നച്ചുരുക്കം അവര്‍ നല്കിയതിങ്ങനെ: 'ഇനിയും വ്യക്തത കൈവന്നിട്ടില്ലാത്ത ഒരു ലക്ഷ്യത്തെ ഓര്‍ത്ത് വ്യാകുല ചിത്തരാവരുത് നാം. നമ്മുടെ മുമ്പില്‍ തെളിച്ചമുള്ള ഒരു കര്‍മ പദ്ധതിയുണ്ടല്ലോ. നമുക്ക് അത് നടപ്പാക്കാന്‍ നോക്കാം.'' ചരിത്രകാരനും തത്ത്വചിന്തകനുമായിരുന്ന തോമസ് കാര്‍ലൈലും അതു തന്നെയാണ് പറഞ്ഞുവെച്ചത്. അതിന് അനുബന്ധമെന്നോണം ബെയ്ല് യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഓസ്ലര് തന്റെ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഉപദേശം: 'യേശുക്രിസ്തുവിന്റെ പ്രസിദ്ധമായ ഒരു പ്രാര്‍ഥനയുണ്ടല്ലോ; 'ദൈവമേ, ഞങ്ങള്‍ക്ക് ഇന്നത്തേക്ക് മതിയായ അപ്പം തരേണമേ' ഈ പ്രാര്‍ഥന ഉരുവിട്ടു വേണം നിങ്ങളുടെ ദിവസം തുടങ്ങാന്‍.''
ഇന്നലെ കിട്ടിയ തരംതാണ അപ്പത്തെ ഓര്‍ത്ത് അദ്ദേഹം ഖേദിച്ചില്ല. 'ദൈവമേ, വരള്‍ച്ചയും ക്ഷാമവുമാണ് നാടെങ്ങും. അടുത്ത കൊയ്ത്തുകാലത്ത് ധാന്യമണികള്‍ ഒന്നും ഉണ്ടാവില്ല എന്നതാണ് എന്റെ ഭയം എന്ന് പറഞ്ഞ് ആര്‍ത്ത് കരഞ്ഞതുമില്ല യേശു. എന്റെ തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഞാന്‍ എങ്ങനെ എന്റെ കുട്ടികളെയും കുടുംബത്തെയും പോറ്റും എന്നു പറഞ്ഞ് വിലപിച്ചതുമില്ല. ഇന്ന് കിട്ടുന്ന അപ്പം മാത്രമേ നിങ്ങള്‍ക്ക് ഇന്ന് തിന്നാനൊക്കൂ.
'ഇന്നിന്റെ അതിരുകള്‍ക്കകത്ത് ജീവിക്കുക' എന്ന ഈ സന്ദേശമാണ് പ്രസിദ്ധമായ ഒരു നബിവചനത്തിന്റെയും പൊരുള്‍: 'ഒരാള്‍ക്ക് തന്റെ കുടുംബത്തിലും കൂട്ടത്തിലും നിര്‍ഭയനായി പ്രഭാതത്തെ എതിരേല്ക്കാന് സാധിക്കുക, ശരീരത്തിന് മതിയായ ആരോഗ്യമുണ്ട്, അന്നത്തെ ആഹാരവും കൈവശമുണ്ട്. ഇത്രയും ഉണ്ടെങ്കില്‍ അയാള്‍ അറിയണം, ഇഹലോകം മുഴുവന്‍ തനിക്ക് ഉടമസ്ഥാവകാശം കിട്ടിയത് പോലെയാണത്' (തിര്‍മിദി). അവ നിസ്സാരമായി കാണരുത്. നിര്‍ഭയത്വവും സൗഖ്യവും അന്നന്നുള്ള ആഹാരലബ്ധിയും വ്യക്തിക്ക് സമാധാനത്തോടും സ്വാസ്ഥ്യത്തോടും ജീവിക്കാനുള്ള പരിസ്ഥിതിയൊരുക്കുന്ന മുഖ്യഘടകങ്ങളാണ്. ഇവ തന്നെയാണ് പുതിയ ചരിത്ര നിര്‍മിതിക്ക് ഒരു രാജ്യത്തെ പ്രാപ്തമാക്കുന്നതും. തടസ്സങ്ങളും വൈതരണികളും ഇല്ലാതെ ജീവിതയാത്ര സുഗമമാക്കുന്നതും ഇവ തന്നെ.
ഇപ്പോഴും വന്നെത്തിയിട്ടില്ലാത്ത മാര്‍ഗതടസ്സങ്ങളെ ചൊല്ലി വേപഥു കൊള്ളുന്നതിനെക്കാള്‍ വിഡ്ഢിത്തം മറ്റെന്തുണ്ട്! അശുഭ ചിന്തകള്‍ പടച്ചുവിടുന്ന ഉല്‍ക്കണ്ഠകളാണ് ഇവയെല്ലാം. ഭാവിയില്‍ വരുന്ന വിപത്തുകളെ ഭയന്ന് ഇന്നത്തെ ജീവിതം നശിപ്പിക്കുന്നത് ഭീമാബദ്ധമാണ്. മനുഷ്യന് തന്റെ ദിവസം തുടങ്ങേണ്ടത്, കാലപരിഗണനയിലും സ്ഥല പരിഗണനയിലും ഇന്ന്, ഈ ദിവസം ഒരു പുതിയ സ്വതന്ത്രലോകമാണെന്ന ധാരണയോടെ വേണം. പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ ഇബ്റാഹീം പതിവായി നടത്തുന്ന ഒരു പ്രാര്‍ഥനയുണ്ട്: 'അല്ലാഹുവേ, ഈ ദിനം ഒരു പുതിയ സൃഷ്ടിയാണ്. നിന്നെ അനുസരിച്ചുകൊണ്ടാവണമേ ഈ ദിവസത്തിന്റെ സമാരംഭം. നിന്റെ പൊരുത്തവും കരുണയും ആവേണമേ ഈ ദിവസത്തിന്റെ ഒടുക്കം. എന്നില്‍നിന്ന് നീ സ്വീകരിക്കുന്ന സല്‍ക്കര്‍മങ്ങളാല്‍ ധന്യമാവേണമേ ഈ ദിനം. നീ കനിഞ്ഞ് അനുഗ്രഹിച്ചാലും! എന്നില്‍നിന്ന് വന്നുപോകുന്ന പാപങ്ങള്‍ നീ പൊറുക്കേണമേ! നീ ദയാപരനും കരുണാവാരിധിയും ആണല്ലോ. ഉദാരനും സ്നേഹവത്സലനുമാണല്ലോ (ഇഹ് യാ ഉലൂമിദ്ദീന്‍). ഇത് തന്നെയായിരുന്നു നബി(സ) യുടെയും രീതി. കരുത്തുറ്റ ഹൃദയത്തോടും ഉലയാത്ത നിശ്ചയദാര്‍ഢ്യത്തോടും കൂടിയാണ് നബി ഓരോ ദിവസത്തെയും വരവേറ്റത്.
നബി പതിവായി നടത്തിയ പ്രഭാതത്തിലെയും പ്രദോഷത്തിലെയും പ്രാര്‍ഥനകളും ഇതേ ആശയത്തിന്ന് തന്നെ അടിവരയിട്ടു. രാവിലെയും വൈകിട്ടും നടത്തേണ്ട നിരവധി പ്രാര്‍ഥനകള്‍ നബി പഠിപ്പിച്ചു തന്നു. തനിക്കും കുടുംബത്തിനും അല്ലാഹു കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമായ സമാധാനത്തിന്റെയും ശാന്തിയുടെയും വില തിരിച്ചറിയാതെ അവയൊക്കെ നിസ്സാരമായി കാണുന്നവരാണ് ചിലര്‍. കിട്ടാത്ത സമ്പത്തിന്റെയും പദവിയുടെയും പേരില്‍ ആധിപൂണ്ട് കഴിയാന്‍ വിധിക്കപ്പെട്ട അത്തരമാളുകള്‍ തങ്ങളുടെ ദീനും ദുന്യാവും തുലയ്ക്കുകയാണെന്നോര്ക്കുന്നില്ല. ഒരു കഥ പറയാം: ഒരാള്‍ അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വിനോട്: 'ദരിദ്രരായ മുഹാജിറുകളില് പെട്ടവനല്ലേ ഞാന്‍?' അബ്ദുല്ല അയാളോട്:
'നിനക്ക് കൂട്ടിരിക്കാന്‍ ഒരു ഭാര്യയുണ്ടോ?'
അയാള്‍: ഉണ്ട്.
അബ്ദുല്ല: നിനക്ക് പാര്‍ക്കാന്‍ ഒരു വീടുണ്ടോ?
അയാള്‍: 'അതെ, എനിക്ക് ഒരു വീടുണ്ട്.'
അബ്ദുല്ല: 'എങ്കില്‍ ധനാഢ്യനാണ് നിങ്ങള്‍.''
അയാള്‍: 'എനിക്കൊരു ഭൃത്യനുമുണ്ട്.'
അബ്ദുല്ല: 'എങ്കില്‍ രാജാക്കന്മാരുടെ ഗണത്തില്‍ പെടും നിങ്ങള്‍' (മുസ്ലിം).
ഈ ധന്യതാ ബോധമായിരിക്കണം നയിക്കേണ്ടത്. സ്വയം പര്യാപ്തത, കൈവശമുള്ള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തല്‍, വ്യര്‍ഥ മോഹങ്ങളില്‍ മനസ്സിനെ തളച്ചിടാതിരിക്കല് ഇവയാണ് ആത്മബലത്തിന്റെ ആന്തര സത്ത. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള അതിജീവന മന്ത്രവുമാണത്.
പരിഭവങ്ങളും പരാതികളുമായി കഴിഞ്ഞുകൂടുന്നവര്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ്. തങ്ങളില്‍ നിക്ഷിപ്തമായ ജീവിതായോധന സാമഗ്രികള്‍ ഉപയോഗപ്പെടുത്താതെ വിനാശം വിലയ്ക്ക് വാങ്ങുകയാണ്. ഓരോ പ്രഭാതത്തിലും നബി തന്റെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്ന ചിന്ത ഇപ്രകാരമാണ്: 'ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവന്നു വാനഭുവനങ്ങള്‍ സര്‍വം കേള്‍ക്കുന്ന വിധത്തില്‍ വിളിച്ചു പറയും: മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഓടിയണഞ്ഞാലും. കുറഞ്ഞാലും നിങ്ങള്‍ക്ക് മതിയാവുന്ന വിഭവങ്ങളാണ്, ഒരുപാട് കിട്ടി നിങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത വിഭവങ്ങളെക്കാള്‍ ഉത്തമം. ഓരോ ദിനവും രണ്ട് മലക്കുകള്‍ വന്ന് വിളിച്ചുപറയുന്നുണ്ട്: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്കി അനുഗ്രഹിക്കേണമേ, ലുബ്ധ് കാട്ടുന്നവന് നഷ്ടം വരുത്തേണമേ!' (അത്തര്‍ഗീബു വത്തര്‍ഹീബ്).
ഉദാരതക്കും ധനവ്യയത്തിനും പ്രചോദിപ്പിക്കുന്നതാണ് ഈ നബിവചനം. ദാരിദ്യഭയമില്ലാതെ ചെലവഴിക്കുന്നതാണ് ധീരത. ഈ അവബോധം വിശ്വാസിയില്‍ ഉണ്ടാക്കുന്നത് നിസ്സീമമായ ആത്മധൈര്യമാണ്. ആത്മധൈര്യവും ഉല്‍ക്കര്‍ഷ ചിന്തയുമുള്ള ദരിദ്രന് രാജാക്കന്മാരെ വെല്ലുവിളിച്ചു പറയുന്നുണ്ട്: 'എനിക്കും രാജാക്കന്മാര്‍ക്കുമിടയില്‍ ഒരൊറ്റ ദിവസമേയുള്ളൂ.' ഇന്നലെയുടെ ആനന്ദം അവര്‍ അനുഭവിച്ചിട്ടില്ല. നാളെയെക്കുറിച്ച് ഞാനും അവരും ആശങ്കാകുലരാണ്. ഇന്ന് ആണ് യാഥാര്‍ഥ്യം. ഇന്ന് എന്തും സംഭവിക്കാമല്ലോ.'
ഇന്നിന്റെ അതിരുകള്‍ക്കുള്ളില്‍ ജീവിക്കുക എന്നാല്‍ ഭാവിയെ മറക്കണം എന്നല്ല. ഭാവിക്ക് വേണ്ടി ഒരുങ്ങാതിരിക്കണം എന്നുമല്ല. നാളെയെക്കുറിച്ച ചിന്തയും ആസൂത്രണവും ബുദ്ധിയുടെയും വകതിരിവിന്റെയും ലക്ഷണമാണ്.
ദുര്‍വ്യയം തടയുകയും മിതവ്യയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മതം ഭദ്രമായ ഭാവിയാണ് ഉറപ്പുവരുത്തുന്നത്. ആരോഗ്യം നശിച്ച് രോഗം വരാം, യുവത്വത്തിന് ശേഷം വാര്‍ധക്യമുണ്ട്. ശാന്തിയും സമാധാനവുമുള്ള നാളുകള്‍ക്ക് ശേഷം ഇവയെല്ലാം നഷ്ടപ്പെടുന്ന അരാജകത്വത്തിന്റെ അനുഭവങ്ങളാവാം. താബിഉകളില്‍ വിശ്രുതനായ സുഫ് യാനുസ്സൗരി സമ്പന്നനായിരുന്നു. കുമിഞ്ഞ് കൂടിയ സമ്പത്തിനുടമ. ഒരുനാള്‍ അദ്ദേഹം മകനോട് പറയുകയാണ്: 'മോനേ, നമുക്ക് ഈ സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബനൂ ഉമയ്യ ഭരണാധികാരികള്‍ നമ്മെ ഉള്ളം കൈയിലിട്ട് പന്താടുമായിരുന്നു.''
സുഫ് യാനുസ്സൗരിയുടെ സാമ്പത്തിക സൗകര്യം ബനൂ ഉമയ്യ ഭരണാധികാരികളില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചു. അല്ലെങ്കില്‍ രാജാക്കന്മാരെ പ്രീണിപ്പിച്ചും പ്രസാദിപ്പിച്ചും കഴിയേണ്ടി വന്നേനെ എന്നാണ് ആ പിതാവ് സൂചിപ്പിച്ചത്. ധന്യമായ ഇന്ന് തന്നെയാണ് നാളെയുടെ വിജയത്തിനാധാരം.
സ്റ്റീഫന്‍ ലികോകിന്റെ ഒരു ഗ്രന്ഥത്തിലെ വരികള്‍:
'ജീവിതം, എന്തൊരു അതിശയമാണ് കുഞ്ഞ് പറയും: കുറച്ചു കൂടി വളര്‍ന്നാല്‍ ഞാന്‍ ബാലനാകും.
ബാലന് പറയും: ഞാന്‍ വളര്‍ന്ന് പുഷ്ടിപ്പെടുമ്പോള്‍ യുവാവാകും.
യുവാവ് പറയും: ഞാന്‍ വിവാഹിതനാകും.
വിവാഹിതനായാല്‍ പറയും: എന്റെ തിരക്കുകളൊക്കെ തീരട്ടെ.
വാര്‍ധക്യം വന്നെത്തിയാല്‍ കഴിഞ്ഞ ഇന്നലെകളെ ഓര്‍ത്ത് അയാള്‍ ഖിന്നനാകും. 'ജീവിതത്തിന്റെ മൂല്യം നാം ഓരോ നിമിഷവും ഓരോ നേരവും ഉണര്‍വോടെ ജീവിക്കുകയാണ്. 'എന്നാല്‍, ഈ ജനം അത് കാണുന്ന ദിവസം! തങ്ങള്‍ ഇഹലോകത്ത് ഒരു സായാഹ്നമോ, അഥവാ അതിന്റെ പൂര്‍വാഹ്നമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നോണമാണ് അവര്‍ക്ക് തോന്നുക! '(അന്നാസിആത്ത്:46).
* (ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ 'ജദ്ദിദ് ഹയാതക' എന്ന മോട്ടിവേഷനല്‍ കൃതിയില്‍ നിന്ന്)