നത്വാഹ് കോട്ട. ജൂതഗോത്രങ്ങളില്‍ നിന്നുള്ള മിക്ക പോരാളികളും അവിടെ കൂടിയിരിപ്പുണ്ട്. പടനായകന്‍ സല്ലാമുബ്‌നു മശ്കം ഉള്‍പ്പെടെ. ഈ പടയാളികള്‍ വളരെക്കാലത്തെ യുദ്ധപരിചയം ഉള്ളവരാണ്. തീച്ചൂളയില്‍ പാകപ്പെട്ടവരാണ്. അവരെ അഭിമുഖീകരിച്ച് സല്ലാം എഴുന്നേറ്റു 'പ്രിയരേ, യോദ്ധാക്കളേ, ചിന്തിക്കാനോ രക്ഷാമാര്‍ഗം അന്വേഷിക്കാനോ ഇനിയൊരു പഴുതുമില്ല. ശത്രു ഇതാ നാലുപാട് നിന്നും നിങ്ങളെ വലയം ചെയ്തിരിക്കുകയാണ്. നമ്മുടെ മുന്നില്‍ യുദ്ധം മാത്രമാണ് പോംവഴി. സമാധാനപരമായ പരിഹാരത്തെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും പ്രതീക്ഷ കിളിര്‍ക്കുന്നുണ്ടെങ്കില്‍ അത് ഞെരടിക്കളയുക. ഒത്തുതീര്‍പ്പ്, ദുഃഖം, നിരാശ ഇവകളുടെ തത്ത്വശാസ്ത്രങ്ങള്‍ പുറത്ത് വരുന്ന നാവുകളെ നിങ്ങളുടെ വാളുകള്‍ അരിഞ്ഞ് വീഴ്ത്തണം. മുഹമ്മദും കൂട്ടരും എത്തിയിരിക്കുന്നത് യുദ്ധത്തിന് തന്നെയാണ്. അതിനാല്‍, ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം. നിങ്ങളുടെ പടഹധ്വനി ഇതായിരിക്കട്ടെ. നിങ്ങളുടെ ദൃഢനിശ്ചയമല്ലാതെ, നിങ്ങളെ സഹായിക്കാനായി ഇപ്പോള്‍ ഇവിടെ ആരുമില്ല. യുദ്ധം ചെയ്യുക, മരണം വരെ. തോറ്റ് കഴിഞ്ഞാല്‍ ഈ ജീവിതത്തിന് വല്ല അര്‍ഥവുമുണ്ടോ? ഒന്നുകില്‍ അവര്‍ നമ്മെ അടിമകളായി പിടിക്കും; അല്ലെങ്കില്‍ നമ്മുടെ കഥ തീര്‍ക്കും. ബനൂഖുറൈളക്ക് സംഭവിച്ചത് അതാണല്ലോ. അല്ലെങ്കില്‍ അവര്‍ നമ്മെ ഏതെങ്കിലും മരുപ്രദേശത്ത് കൊണ്ടുപോയി തള്ളും. പിന്നെ നാണം കെട്ട്, ലക്ഷ്യമില്ലാതെ അലഞ്ഞ് തിരിയേണ്ടിവരും. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ത്രീകളെ, കുടുംബങ്ങളെ രക്ഷിക്കണമെന്നുണ്ടോ, യുദ്ധത്തിലേക്ക് എടുത്തുചാടുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല.''
കിനാനത്തുബ്‌നു റബീഅ് ആണ് ആദ്യം പ്രതികരിച്ചത്.
''സല്ലാം, നിങ്ങള്‍ പറഞ്ഞതാണ് വാക്ക്. ദൈവമാണ, പഴയ ദുരന്തം നാം ആവര്‍ത്തിക്കില്ല. ബനൂഖുറൈള ചെയ്തപോലെ, ആയുധം താഴെ വെച്ച് അപമാനിതരും നിരാശരുമായി നാം കോട്ടയില്‍നിന്ന് പുറത്തിറങ്ങുന്ന പ്രശ്‌നവുമില്ല.''
പ്രമുഖ ജൂത കച്ചവടക്കാരന്‍ ഹജ്ജാജുബ്‌നു ഇലാത്വും സദസ്സിലുണ്ട്. മുഖം കണ്ടാലറിയാം, ആകെ അസ്വസ്ഥനാണ്. അയാള്‍ ഒരു നിര്‍ദേശം വെച്ചു: ''അല്‍പം കൂടി വിശാലമായി ചിന്തിച്ചുകൂടേ? സല്ലാമുബ്‌നു മശ്കം പറഞ്ഞതു പോലെ, പിരിമുറുക്കം കൂടിയ സമയമാണ്. ഒരു പടനായകന്‍ പറയേണ്ടത് തന്നെയാണ് അദ്ദേഹം പറഞ്ഞതും. പക്ഷെ നമുക്ക് ഒരു ഒത്തുതീര്‍പ്പിനെക്കുറിച്ചും ചിന്തിച്ചുകൂടേ? നമ്മുടെ മൊത്തം കാര്‍ഷികോല്‍പ്പന്നത്തിന്റെ പകുതി വിഹിതം അവര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍....''
അവിടെ കൂടിയവര്‍ ഹജ്ജാജിനെ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല. അവര്‍ ഒച്ചയെടുത്ത് പ്രതിഷേധിച്ചു. അയാളെ അവര്‍ തുറിച്ചു നോക്കി; അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു. ചിലര്‍ കാര്‍ക്കിച്ചു തുപ്പി. ഉടന്‍ ഹജ്ജാജ് സ്വരം മാറ്റി: ''സഹോദരന്മാരേ, പൊറുക്കണം. നിങ്ങളുടെയെല്ലാം അഭിപ്രായം അതായ സ്ഥിതിക്ക്, അണിയില്‍ മുന്‍പന്തിയില്‍ ഞാനുണ്ടാവും.''
സല്ലാം അലറി. ''യുദ്ധം... യുദ്ധം.''
കാതടപ്പിക്കുന്ന ആരവം പിറകെ വന്നു: ''യുദ്ധം, യുദ്ധം, മരണം വരെ യുദ്ധം.''
കോട്ടയുടെ താഴെ നില്‍ക്കുന്ന സൈനികന്‍ ഉച്ചത്തില്‍ വിളിച്ചുകൂവി. ''അവര്‍ വരുന്നു.''
പിന്നെയൊരു കൂട്ടപ്പൊരിച്ചിലായിരുന്നു. മുസ്‌ലിംകളെ നേരിടുന്നതിനായി ജൂതപടയാളികള്‍ നത്വാഹ് കോട്ടയില്‍നിന്ന് പുറത്തിറങ്ങി.
വത്വീഹ് കോട്ടയില്‍ കുറച്ചു പെണ്ണുങ്ങള്‍ കൂട്ടം കൂടിനില്‍പ്പുണ്ട്. അവര്‍ ചകിതരും അസ്വസ്ഥരുമാണ്. കിളിവാതിലുകളിലൂടെയും കോട്ടപൊത്തുകളിലൂടെയും അവര്‍ താഴെ യുദ്ധം ചെയ്യുന്ന പടയാളികളെ ശ്വാസം പിടിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ കരയുന്നതും ഒച്ചവെക്കുന്നതും അവര്‍ ശ്രദ്ധിക്കുന്നേയില്ല. അനക്കമറ്റ് നില്‍ക്കുകയാണ് സൈനബ് ബിന്‍ത് ഹാരിസ്. കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്നുണ്ട്. അപ്പോഴാണ് ഹുയയ്യുബ്‌നു അഖ്തബിന്റെ മകള്‍, കിനാനയുടെ ഭാര്യ സ്വഫിയ്യയെ കണ്ടത്. സൈനബ് അങ്ങോട്ട് ചെന്നു. മുഖം വിളറി ദൂരേക്ക് കണ്ണുംനട്ട് താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയാണ് സ്വഫിയ്യ. കണ്‍തടങ്ങള്‍ പോറലുകള്‍ വീണ് വീങ്ങിത്തടിച്ച് നീലനിറമായിട്ടുണ്ട്.
''സ്വഫിയ്യാ, സുപ്രഭാതം.''
സ്വഫിയ്യ കണ്ണുകളുയര്‍ത്തി സാവധാനം മന്ത്രിച്ചു:
''നിനക്കും സുപ്രഭാതം ആശംസിക്കുന്നു.''
''എന്താണ് ചിന്തിച്ചിരിക്കുന്നത്?''
''അത് പറയണോ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച ചിന്തയല്ലാതെ മറ്റെന്ത്!''
''നമ്മുടെ പടയാളികള്‍ ശൂരതയോടെ പൊരുതുന്നുണ്ട്. അവരുടെ പോര്‍വിളികള്‍ ആകാശത്തെ ഭേദിക്കുന്നു. മുടിനാരിഴ അവര്‍ പിന്‍വാങ്ങുന്നില്ല.''
സ്വഫിയ്യ പറഞ്ഞു: ''ഈ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാമായിരുന്നു.''
''എങ്ങനെ?''
''മുഹമ്മദിനെ നേരിടാന്‍ ചെല്ലും എന്ന് നമ്മള്‍ തീരുമാനിക്കാതിരുന്നാല്‍ മതിയായിരുന്നല്ലോ.''
''പിച്ചും പേയും പറയല്ലേ. യുദ്ധമല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. ഇനിയിപ്പോ ഭൂതകാലത്തോട്ട് നോക്കിയിട്ട് കാര്യവുമില്ല.''
''സൈനബേ, സന്ധി നിര്‍ദേശങ്ങളൊന്നും നിരസിക്കുന്ന ആളല്ല മുഹമ്മദ്.''
സൈനബിന് നിയന്ത്രണം നഷ്ടപ്പെട്ടു. അവള്‍ കലിതുള്ളി.'' സന്ധിക്ക് ചെല്ലുകയോ, നമ്മളോ? ബലവാന്മാര്‍ വ്യവസ്ഥകള്‍ വെക്കുന്നത് വാളുകൊണ്ടാണ്. അവരുടെ പക്കല്‍ സന്ധി എന്ന വാക്കില്ല. അവര്‍ ആജ്ഞകള്‍ പുറപ്പെടുവിക്കുക മാത്രമേ ചെയ്യൂ.''
സ്വഫിയ്യ അലക്ഷ്യമായി പറഞ്ഞു.
''യസ് രിബില്‍നിന്ന് വരുന്നവര്‍ക്ക് വഴി നല്ല നിശ്ചയമാണ്. അതില്‍ വരാവുന്ന പ്രയാസങ്ങളും അവര്‍ക്ക് അറിയാം.''
''അപ്പോള്‍ നിന്റെ പിതാവ്?''
''എന്ത്? എന്റെ പിതാവോ? അദ്ദേഹം മരിച്ചു.''
''മരിച്ചതല്ല, കൊന്നതല്ലേ? ആരാണ് കൊന്നത് ?''
''സൈനബ്, അദ്ദേഹം മരണം സ്വയം തെരഞ്ഞെടുത്തതാണ്. ഒടുക്കം എങ്ങനെയാവുമെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു.''
''അദ്ദേഹത്തിന്റെ കഴുത്ത് വെട്ടാന്‍ ആജ്ഞ കൊടുത്തത് മുഹമ്മദാണ്. ഓര്‍മ വേണം.''
''തന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. അതിന് വേണ്ടി ജീവന്‍ ബലി കൊടുക്കുകയും ചെയ്തു. ഞാന്‍ എന്റെ പിതാവിനെയോ മുഹമ്മദിനെയോ കുറ്റപ്പെടുത്തുന്നില്ല. രണ്ട് പേരും വിജയമാഗ്രഹിച്ചു; അതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഒരാള്‍ക്കല്ലേ ജയിക്കാനാവൂ.''
സൈനബിന്റെ ശബ്ദത്തില്‍ പരിഹാസം കലര്‍ന്നു.
''എനിക്കറിയാം. നിനക്ക് പരസമാധാനം തന്നെയാണ്. മുഹമ്മദെങ്ങാന്‍ ജയിച്ചാല്‍, ബനുന്നളീര്‍ ഗോത്രത്തിന്റെ സ്വര്‍ണ നിധികുംഭങ്ങള്‍ നിന്റെ ഭര്‍ത്താവിന്റെ കൈവശമാണല്ലോ, അതെടുത്ത് മുഹമ്മദിന് കൊടുത്ത് നിന്റെ ഭര്‍ത്താവിന് കുടുംബാംഗങ്ങളെ രക്ഷിക്കാമല്ലോ. നടക്കട്ടെ, നടക്കട്ടെ. ഈ ഖൈബര്‍ ഭൂപ്രദേശം, അതിന്റെ മതം, മൂല്യങ്ങള്‍, ആദര്‍ശങ്ങള്‍ എല്ലാം പോയി തുലയട്ടെ, അല്ലേ? നിങ്ങള്‍ക്ക് സമാധാനിക്കാന്‍ സ്വര്‍ണമുണ്ട്, ആര്‍ത്തിപ്പണ്ടാരം!'
''സൈനബ്, വാക്കുകള്‍ സൂക്ഷിച്ച് പറയണം.''
''ചോദിക്കട്ടെ, നീ ആരാ?''
''ഞാന്‍ സ്വഫിയ്യ.''
''ഞാന്‍ സൈനബ്. നിങ്ങള്‍ കളഞ്ഞു കുളിച്ച അഭിമാനം സംരക്ഷിക്കാന്‍ യുദ്ധപ്പതാകയേന്തുന്ന പടനായകന്റെ ഭാര്യ.''
സ്വഫിയ്യയുടെ മുഖഭാവം മാറി. കണ്ണുകളില്‍ തീയാളി. സ്വഫിയ്യ ഭ്രാന്തിയെപ്പോലെ അലറി. ''മിണ്ടാതിരി, പിഴച്ചവളേ...''
സ്വഫിയ്യയുടെ നെറ്റിത്തടത്തില്‍നിന്ന് വിയര്‍പ്പ് ചാലിട്ടൊഴുകി. വികാരവിക്ഷോഭമടക്കാനാവാത്ത സ്വഫിയ്യ കിതച്ചു. 'പിഴച്ചവളേ...' ആ വാക്ക് കേട്ട് സൈനബ് അനക്കമറ്റ് നിന്നു. മുഖത്ത് രക്തയോട്ടം നിലച്ചു. സ്വഫിയ്യയുടെ കഴുത്ത് ഞെരിക്കാന്‍ അവള്‍ കൈകള്‍ നീട്ടി. കുറെ പെണ്ണുങ്ങളുണ്ടായിരുന്നു ചുറ്റും. അവര്‍ സൈനബിനെ പിടിച്ചുമാറ്റി. അപ്പോഴേക്കും സൈനബ് നിലവിട്ട് അലറിക്കരയാന്‍ തുടങ്ങിയിരുന്നു. അവള്‍ സ്വന്തം മുഖം മാന്തിപ്പൊളിക്കാനും മുടി വലിച്ചൂരിയെടുക്കാനും നോക്കി. കരച്ചില്‍ അലറലായി.
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, സ്വഫിയ്യക്ക് വല്ലാത്ത സങ്കടം വന്നു. ഒരു സ്ത്രീ താന്‍ ഏറ്റവുമധികം വിലമതിക്കുന്നതെന്തോ അതിനെയാണ് താന്‍ കടന്നാക്രമിച്ചിരിക്കുന്നത്. അതും ഒരുപാട് പെണ്ണുങ്ങളുടെ മുമ്പില്‍ വെച്ച്. താന്‍ പുലര്‍ത്തിപ്പോന്ന സ്വഭാവഗുണങ്ങള്‍ക്ക് ഒട്ടും ചേര്‍ന്നതായില്ല ആ പറച്ചില്‍. സ്വഫിയ്യ സൈനബിന് നേരെ ചെന്നു. ദുഃഖഭാരത്തോടെ തലതാഴ്ത്തിനിന്നു.
''സൈനബ്, എനിക്ക് വല്ലാത്ത വേദനയും ദുഃഖവുമുണ്ട്. അതൊരു നാക്കുപിഴയാണ്. അത്രക്കും നികൃഷ്ടമായ നാക്കുപിഴ എന്റെ ഭാഗത്തുനിന്ന് വരാന്‍ പാടില്ലായിരുന്നു. നീ ക്ഷമിക്കണം. ഞാന്‍ കഴിഞ്ഞ രാത്രി ഒരു പോള കണ്ണടച്ചില്ല. ഞാനാകെ ക്ഷീണിതയാണ്.''
സ്വഫിയ്യ, സൈനബിന്റെ കണ്ണുനീര്‍ തുടച്ചു. മൂര്‍ധാവില്‍ ചുംബിച്ചു. ശേഷം പറഞ്ഞു:
''നമ്മുടെ പുരുഷന്മാരിതാ ഇവിടെ മരിച്ച് വീഴുന്നു. നമ്മളാണെങ്കില്‍ അന്തം കെട്ട് കടിപിടികൂടുന്നു.''
ഒരു സ്ത്രീ മറ്റൊരു അഭിപ്രായം പറഞ്ഞു:
''ഇങ്ങനെ കടിപിടി കൂടുന്നതിന് പകരം, നമ്മുടെ പടയാളികള്‍ക്ക് വിജയം നല്‍കണമേ എന്ന് യഹോവയോട് പ്രാര്‍ഥിച്ചാലെന്താ?''
സൈനബ് കണ്ണുതുടച്ച് കൊണ്ട് പറഞ്ഞു.
''പിഴച്ചവളുടെ പ്രാര്‍ഥന ദൈവം സ്വീകരിക്കുമോ?''
പിന്നെയും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി...
സ്വഫിയ്യ സമാധാനിപ്പിച്ചു.
''സൈനബ്, ഞാന്‍ വീണ്ടും അപേക്ഷിക്കുന്നു. മാപ്പ്. നിന്റെ ഭര്‍ത്താവ് വീരശൂര പരാക്രമിയാണ്. നിന്റെ ചാരിത്ര്യത്തിന് ഭംഗം വരുന്ന യാതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല.''
ഈ വര്‍ത്തമാനം സൈനബിന്റെ മനസ്സ് തണുപ്പിച്ചു. അവള്‍ കുറെയൊക്കെ ശാന്തയായി.
''കണ്ണുകടിയുള്ള പെണ്ണുങ്ങള്‍ ഒരുപാടുണ്ട്. അവരാണ് എന്നെക്കുറിച്ച് അതുമിതും പറയുന്നത്. അവര്‍ക്ക് ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും പറഞ്ഞ് പരത്തണം. അങ്ങനെ എന്റെ കുടുംബം തകര്‍ക്കണം. പക്ഷേ, എന്റെ ചുറ്റുമുള്ളവര്‍ക്കറിയാം, ഞാനാരാണെന്ന്. എന്റെ ഭര്‍ത്താവിനറിയാം ഞാനാരാണെന്ന്.''
പെണ്ണുങ്ങള്‍ പിറുപിറുക്കാന്‍ തുടങ്ങി. എന്താ ഉണ്ടായത്? ഊഹാപോഹങ്ങളും കേട്ടുകേള്‍വികളുമോ? എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. പെണ്ണുങ്ങള്‍ സൈനബിനെ അര്‍ഥം വെച്ച് നോക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവരുടെ മുഖ്യ വിഷയം ആ രഹസ്യം ചികഞ്ഞെടുക്കലാണ്. കൊടുമ്പിരി കൊള്ളുന്ന യുദ്ധം പോലും അവര്‍ മറന്ന മട്ടായി.
പട്ടാളക്കാരുടെ പോര്‍വിളി മുമ്പത്തേക്കാള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. തക്ബീര്‍ ധ്വനികളല്ലേ ആ കേള്‍ക്കുന്നത്? പെണ്ണുങ്ങള്‍ കിളിവാതിലുകള്‍ക്ക് സമീപം തടിച്ചുകൂടി. എന്തൊക്കെയോ നടന്നിട്ടുണ്ട്. ജൂത സൈന്യം തോറ്റുപോയോ?
പുറത്ത് ആരൊക്കെയോ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ശബ്ദം. ഒടുവില്‍ പാറാവുകാരന്‍ കിളിവാതിലിനടുത്തേക്ക് വന്നു. മുറിവേറ്റവനെപ്പോലെ അയാള്‍ പറഞ്ഞൊപ്പിച്ചു:
''പടനായകന്‍, സല്ലാമുബ്‌നു മശ്കം, അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നു.''
ഒരു നിമിഷം സൈനബ് സ്തബ്ധയായി നിന്നു. പിന്നെയൊരു പൊട്ടിക്കരച്ചില്‍. മറ്റൊരാള്‍ക്കും ഒരക്ഷരം ഉരിയാടാനായില്ല.
'അസംഭവ്യം. എന്റെ ഭര്‍ത്താവ് മരിക്കില്ല... അസംഭവ്യം... നിങ്ങള്‍ കളവ് പറയുകയാണ്.''
പിന്നെയവള്‍ തന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ കൈകളില്‍നിന്ന് വിടുതല്‍ നേടി. വേഗത്തില്‍ കോണി ചാടിയിറങ്ങി. അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു: 'എനിക്ക് നേരില്‍ കാണണം.... ഇല്ല, അദ്ദേഹം മരിക്കില്ല. മരണത്തേക്കാള്‍ ശക്തനല്ലേ സല്ലാം. ജയിക്കുമെന്ന് അദ്ദേഹം എന്നോട് ഉറപ്പിച്ചു പറഞ്ഞതാണല്ലോ. മുഹമ്മദിന്റെ ഭാര്യമാരെ അടിമകളാക്കി പിടിച്ചുകൊണ്ട് വരാം എന്നും ആണയിട്ട് പറഞ്ഞതാണ്. എല്ലാം നല്ല ഓര്‍മയുണ്ട്. സല്ലാം എന്നോട് ഒരിക്കലും കളവ് പറയില്ല. എന്നെ ഒരിക്കലും വഞ്ചിക്കില്ല. ഞാന്‍ മോശക്കാരിയാണെങ്കിലും അദ്ദേഹം എന്നെ സ്‌നേഹിക്കുന്നു. അദ്ദേഹത്തോളം മഹത്വമാര്‍ന്ന ആരുണ്ടീ ഭൂമിയില്‍! അദ്ദേഹം എങ്ങനെ മരിക്കും? നിങ്ങള്‍ കള്ളം പറയുകയാണ്...'
സൈനികരുടെ നിര ഭേദിച്ച്, വാളുകളുടെ സീല്‍ക്കാരങ്ങളിലൂടെ, ചോരക്കളങ്ങളിലൂടെ, പൊടിപടലങ്ങള്‍ വകഞ്ഞുമാറ്റി, രണഭേരികള്‍ വകവെക്കാതെ അവള്‍ ഓടി. അവളെ തടയാന്‍ ആര്‍ക്കുമായില്ല. ഇതിനേക്കാള്‍ വലിയ മുസ്വീബത്ത് മറ്റെന്ത്! യുദ്ധപതാക പിടിച്ചിരിക്കുന്നത് മറ്റൊരാളാണ്. അദ്ദേഹം അവിടെയില്ല.
കുറച്ച് കഴിഞ്ഞ് സൈനബ് മടങ്ങി. വത്വീഹ് കോട്ടയിലേക്ക് കയറി. അവിടെയുള്ള സ്ത്രീകള്‍ നിശ്ശബ്ദം അവളെ ആനയിച്ചു. അവര്‍ വിതുമ്പുന്നുണ്ടായിരുന്നു. തളര്‍ന്ന അവളുടെ ശരീരം നിലത്തേക്ക് വീണു. അവളുടെ ശബ്ദം പറ്റെ ദുര്‍ബലമായി.
''അദ്ദേഹം പോയി.''
അവള്‍ തറയില്‍ മലര്‍ന്നുകിടന്നു. ശരീരം കോച്ചിവലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുറിച്ചു വന്നു. അവള്‍ കൈകാലുകളിട്ടടിക്കാന്‍ തുടങ്ങി. വായില്‍നിന്ന് വെള്ളനുരകള്‍ ഒഴുകിപ്പരന്നു. ചുണ്ടുകള്‍ അടച്ചു പിടിച്ചിരുന്നെങ്കിലും നീണ്ട തേങ്ങലുകള്‍ ഉയര്‍ന്നുകേട്ടു.
സ്വഫിയ്യ അടുത്തേക്ക് ചെന്നു. സൈനബിന്റെ ശരീരം തടവി. മുടി നേരെയാക്കി. ഒലിച്ചിറങ്ങിയ ഉമിനീര് തുടച്ചു കളഞ്ഞു.
സൈനബ് സ്വബോധത്തിലേക്ക് വരാന്‍ പിന്നെയും ഒരുപാട് സമയമെടുത്തു.
ഉറക്കിലേക്ക് വീഴുമ്പോഴും സൈനബ് മന്ത്രിക്കുന്നുണ്ടായിരുന്നു:
''നിന്റെ തല തൊട്ട്, നിന്റെ ചോര തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു... സല്ലാമുബ്‌നു മശ്കം, നിനക്ക് വേണ്ടി പ്രതികാരം ചെയ്യുന്നതില്‍ ഞാനൊരു വീഴ്ചയും വരുത്തുകയില്ല. '
(തുടരും)