ഇബ്‌നുബത്തൂത്തയടക്കമുള്ള സഞ്ചാര ചരിത്രകാരന്മാരുടെ കുറിപ്പുകളില്‍
കാസര്‍കോടിന്റെ ചരിത്രമുണ്ട്.
നാനാജാതി മതസ്ഥര്‍ മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ ഇടകലര്‍ന്നു ജീവിക്കുന്നതാണ് പുരാതന കാലം മുതല്‍ കേരളത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ബഹുഭാഷാ സംഗമ ഭൂമിയാണ് കാസര്‍കോട്. കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ഥം വരുന്ന കന്നഡ ഭാഷയിലെ 'കുസിര കൂട്' എന്ന പദം മലയാളീകരിച്ച് 'കാഞ്ഞിരോട്' ആയിത്തീരുകയും അത് ലോപിച്ച് 'കാസര്‍കോട്' ഉണ്ടായി എന്നുമാണ് വാമൊഴി.
മലയാളം, കന്നഡ, തുളു, മറാത്തി, ഉര്‍ദു, കൊരഗ, ഹിന്ദുസ്ഥാനി, കൊങ്കിണി, ബ്യാരി തുടങ്ങിയ ഭാഷകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. പല ഭാഷകളും സംഗമിക്കുന്ന ബ്യാരി ഭാഷയും ഉര്‍ദു ഭാഷയും മുസ്‌ലിംകളാണ് അധികവും ഉപയോഗിക്കാറുള്ളത്. 1342-ല്‍ ഇവിടം സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്തയടക്കമുള്ള സഞ്ചാര ചരിത്രകാരന്മാരുടെ കുറിപ്പുകളില്‍ കാസര്‍കോടിന്റെ ചരിത്രമുണ്ട്. ടിപ്പുവിന്റെ കാലത്താണ് കാസര്‍കോട് ഏറെ പുരോഗതി നേടിയത്. ഇവിടെ നിന്നു കണ്ടെടുത്ത മൈസൂര്‍ നാണയങ്ങളുടെ സമൃദ്ധി മൈസൂര്‍ സുല്‍ത്താന്മാരുടെ സ്വാധീനം തെളിയിക്കുന്നു. ഒമ്പത്, പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇവിടം സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്‌വില്ലിയ എന്ന പേരിലാണ് വിളിച്ചിരുന്നത്. മാലി ദ്വീപിലേക്ക് അരി കയറ്റി അയച്ചിരുന്നതായും കയറുല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതായും പോര്‍ച്ചുഗീസ് ചരിത്രകാരനായ ബര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയനഗര സാമ്രാജ്യം കാസര്‍കോടിനെ ആക്രമിച്ച സമയത്ത് ഈ പ്രദേശം നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി ഭരണത്തിന്‍ കീഴിലായിരുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായിക്കന്മാരായിരുന്നു ഭരണകാര്യങ്ങള്‍ കൈയാളിയിരുന്നത്. വെങ്കപ്പ നായിക്കിന്റെ കാലത്ത് ഇക്കേരി വിജയ നഗര സാമ്രാജ്യത്തില്‍നിന്ന് സ്വതന്ത്രമായി. 1763-ല്‍ നവാബ് ഹൈദരലിയും ഇക്കേരി നായിക്കന്മാരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ബിദന്നൂര്‍ ഹൈദരലിയുടെ അധീനത്തിലായി.
അറബിക്കടലിന്റെയും ചന്ദ്രഗിരി പുഴയുടെ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി സ്ഥിതിചെയ്യുന്ന കാസര്‍കോട് തളങ്കര മാലിക്ബ്‌നുദിനാര്‍ മസ്ജിദ് കേരളത്തിലെ പ്രഥമ ഇസ്‌ലാമിക പ്രബോധകനായ മാലിക്ബ്‌നു ദിനാര്‍ നിര്‍മിച്ച ആദ്യ പള്ളികളില്‍പ്പെടും.
ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനത്തെ തുടര്‍ന്ന് രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദീനാറും 22 അനുയായികളും ഇസ്‌ലാമിക പ്രബോധനത്തിന് കേരളത്തിലെത്തുന്നത്. അതിന് മുമ്പ് തന്നെ അറബികളുമായി ബന്ധം സ്ഥാപിച്ചിരുന്ന പ്രദേശമാണ് തളങ്കര. ഇത് കാരണമാവാം കൊടുങ്ങല്ലൂരില്‍ പായക്കപ്പലിറങ്ങിയ മാലിക് ദീനാറും അനുയായികളും അവിടെ പള്ളി നിര്‍മിച്ചതിന് ശേഷം തളങ്കരയിലെത്തിയതെന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം.
മാലിക്ബ്‌നു ദീനാറിനോടൊപ്പം ഹബീബുബ്‌നു മാലികാണ് ആദ്യകാല ഇസ്‌ലാംമത പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മാലിക്ബ്‌നു ഹബീബും ഭാര്യയും ചില സന്താനങ്ങളും തങ്ങളുടെ സമ്പാദ്യവുമായി കൊയിലാണ്ടി കൊല്ലത്തേക്ക് പോയി. ഹി. 21 റമദാന്‍ 27-ന് പള്ളി പണിത ശേഷം ഭാര്യയെയും മക്കളെയും അവിടെ പാര്‍പ്പിച്ച് തന്റെ ദൗത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട് അദ്ദേഹം കണ്ണൂരില്‍നിന്ന് 25 കിലോമീറ്റര്‍ വടക്ക് കിഴക്ക് തീര പ്രദേശമായ ഏഴിമലയിലേക്കു യാത്ര തിരിച്ചു. ഹി.21 ദുല്‍ഹജ്ജ് 10-ന് മാടായിയിലും, ഹി. 22 റബീഉല്‍ അവ്വല്‍ 10-ന് ബട്ക(ബര്‍ക്ക)ലും, ഹി. 22 ജമാദുല്‍ അവ്വല്‍ 27-ന് മംഗലാപുരത്തും, ഹി. 22 റജബ് 18-ന് കാസര്‍കോടും, ഹി. 22 ശഅ്ബാന്‍ ഒന്നിന് ശ്രീകണ്ഠപുരത്തും, ഹി. 22 ശഅ്ബാന്‍ 29ന് ധര്‍മടത്തും, ഹി. 22 ശവ്വാല്‍ 21-ന് ചാലിയത്തും, ഹി. 22 ശവ്വാല്‍ 29-ന് കൊയിലാണ്ടി പന്തലായനിയിലും പള്ളികള്‍ സ്ഥാപിച്ചു.
ഖാദി ഹസനുബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ കൊയിലാണ്ടി കൊല്ലത്തും, ഖാദി അബ്ദുറഹിമാനുബ്‌നു മാലിക് ബ്‌നു ഹബീബുല്‍ അന്‍സാരിയെ മാടായിയിലും, ഖാദി ഇബ്‌റാഹീമുബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ബട്കലും, ഖാദി മൂസബ്‌നുല്‍ മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ മംഗലാപുരത്തും, ഖാദി മാലിക്ബ്‌നു മുഹമ്മദ്ബ്‌നു മാലിക് ബ്‌നു ഹബീബിനെ കാസര്‍ക്കോടും, ഖാദി ശഹാബുദ്ദീന്‍ ഉമര്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ശ്രീകണ്ഠപുരത്തും, ഖാദി ഹുസൈന്‍ബ്‌നു മുഹമ്മദ്ബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ധര്‍മടത്തും, ഖാദി സൈനുദ്ദീനുബ്‌നു മുഹമ്മദ്ബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ ചാലിയത്തും, ഖാദി സഅ്ദുദ്ദീന്‍ ഇബ്‌നു മാലിക്ബ്‌നു ഹബീബുല്‍ അന്‍സാരിയെ കൊയിലാണ്ടി പന്തലായനിയിലും ഖാദിമാരായി നിയമിച്ചു. മാലിക്ബ്‌നു ഹബീബ് ഹി. 24 റജബ് 11-നും സഹധര്‍മിണി പിറ്റേ ദിവസവും ഇഹലോകവാസം വെടിഞ്ഞു. ഇരുവരും അന്ത്യവിശ്രമം കൊള്ളുന്നത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയിലാണ്.
പെരുമാളുടെ ഭരണപരിധി ഗോകര്‍ണം വരെ വ്യാപിച്ചിരുന്നതിനാല്‍ പെരുമാളുടെ അന്ത്യലിഖിതവുമായി വന്ന അറബികള്‍ക്കു മംഗലാപുരത്തും പരിസരപ്രദേശങ്ങളിലും അര്‍ഹമായ അംഗീകാരം ലഭിച്ചിരിക്കാം. കര്‍ണാടകയിലെ ബര്‍ക്കൂരും മംഗളൂരുവിലും അക്കാലത്ത് തന്നെ മാലിക് ദീനാറുടെ സംഘത്തില്‍പ്പെട്ടവരുടെ ശ്രമഫലമായി പള്ളികള്‍ സ്ഥാപിച്ചിരുന്നു.
വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ പള്ളി ടിപ്പുവിന്റെ കാലത്ത് പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായി. പുരാതന കാലം മുതല്‍ തന്നെ ഇവിടം പ്രധാന മുസ്‌ലിം കേന്ദ്രമായിരുന്നുവെന്ന് ഇബ്‌നു ബത്തൂത്ത പറയുന്നു. പൈതൃകത്തനിമയോടെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രമുഖ പള്ളികളിലൊന്നാണിത്.
പിന്നീട് 1809-ല്‍ പുതുക്കിപ്പണിതു. ഉത്തര മലബാറിലെ പ്രമുഖ മുസ്‌ലിം തീര്‍ഥാടനകേന്ദ്രമാണ് തളങ്കര മസ്ജിദ്. 1400 വര്‍ഷത്തിലേറെ പഴക്കം, കാലത്തെ വെല്ലുന്ന വാസ്തുശില്‍പ മികവ് തുടങ്ങി പല പ്രത്യേകതകളും ഈ പള്ളിക്കുണ്ട്. വിശ്വാസികളും ചരിത്രാന്വേഷകരും വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും ഇവിടെയെത്തുന്നു. അറേബ്യയില്‍നിന്നുള്ള വെണ്ണക്കല്ല് ഉപയോഗിച്ചാണ് ശിലാസ്ഥാപനം. ഇന്നു കാണുന്ന പള്ളി പല കാലങ്ങളിലായി പുനര്‍നിര്‍മിച്ചതാണ്. അകത്തെ ഭാഗത്താണ് മാലിക് ഇബ്‌നു ദീനാറും സംഘവും നിര്‍മിച്ച പള്ളിയുണ്ടായിരുന്നത്. മണ്ണും കല്ലും മരവും കൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ഓല മേഞ്ഞതായിരുന്നുവെന്ന് പഴയ രേഖകള്‍. 1845-ലാണ് പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത്. കറുപ്പഴകില്‍ തിളങ്ങുന്ന മരങ്ങളില്‍ കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്പങ്ങളും വള്ളികളും ഇലകളും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വാസ്തുശില്‍പ മികവിന് തെളിവാണ്. പള്ളിയുടെ അകത്തേക്കും പുറത്തേക്കും പോകാന്‍ ഒട്ടേറെ വാതിലുകളുണ്ട്. മരത്തില്‍ തീര്‍ത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും പഴയകാല വാസ്തുസൗന്ദര്യത്തിന്റെ അടയാളങ്ങളാണ്. പ്രധാന വാതില്‍പ്പടിയില്‍ കൊത്തിവച്ച അറബിലിഖിതം പള്ളിയുടെ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്നു. മാലിക് ഇബ്‌നു ദീനാറും സംഘവും പടുത്തുയര്‍ത്തിയ മസ്ജിദുകളില്‍ ഇന്നും മികവുറ്റ രീതിയില്‍ സംരക്ഷിക്കപ്പെടുന്ന നാമമാത്ര പള്ളികളില്‍ ഒന്നാണ് ഇത്.
ശൈഖ് ഇമാം സാഹിബ്, ഹുസൈന്‍ സാഹിബ് എന്നിവരുടെ ആത്മീയ സാന്നിധ്യത്തില്‍ ഹനഫീ മുസ്‌ലിംകള്‍ അവിടെ എത്തിച്ചേര്‍ന്നു. പടിഞ്ഞാറന്‍ കോളനി വാഴ്ചക്കെതിരെ പോരാടി രക്തസാക്ഷികളായ നിരവധി പേരുടെ മഖ്ബറകള്‍ കാസര്‍കോടുണ്ട്.
മാപ്പിളപ്പാട്ടിന്റെയും മുസ്‌ലിം എഴുത്തിന്റെയും കേന്ദ്രമായിരുന്നു എന്നും കാസര്‍കോട്. ഇവിടെ മുസ്‌ലിംകള്‍ക്കിടയില്‍ എല്ലാ ആഘോഷങ്ങള്‍ക്കും പാട്ടുകൊട്ടിപ്പാടുന്ന പതിവുണ്ട്. ഇശല്‍ ഗ്രാമമെന്നാണ് കാസര്‍കോട്ടെ മൊഗ്രാല്‍ അറിയപ്പെടുന്നത്.
ഇവിടത്തെ മുസ്‌ലിംകളെ പൊതുവെ ബ്യാരികള്‍ എന്ന് വിളിക്കാറുണ്ട്. ഇവര്‍ സംസാരിക്കുന്ന ഭാഷയാണ് ഒരര്‍ഥത്തില്‍ ബ്യാരി.
പള്ളിയും തൊട്ടടുത്ത ചിരുമ്പ ഭഗവതി ക്ഷേത്രവും മതമൈത്രിയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.
ഒരുകാലത്ത് മലബാറിലെ മാപ്പിളമാരുടെ തലയില്‍ കുലീനതയുടെയും അന്തസിന്റെയും അടയാളം കൂടിയായ തൊപ്പി നിര്‍മാണത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് തളങ്കര. ഏകദേശം 300-ല്‍പ്പരം കുടുംബങ്ങള്‍ ഈ തൊഴിലിലേര്‍പ്പെട്ട് ഉപജീവനം നടത്തുന്നുണ്ട.്
മതസൗഹാര്‍ദത്തിന്റെ കൂട്ടായ്മ
മതമൈത്രിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് കേളികേട്ട ഗ്രമമാണ് തേജസ്വിനി പുഴയോരത്ത് സ്ഥിതിചെയ്യുന്ന പെരുമ്പട്ട. നൂറ്റാണ്ടുകളുടെ മതസാഹോദര്യത്തിന്റെ മായാത്ത അടയാളങ്ങളാണ് ഇവിടത്തെ ജുമാമസ്ജിദും കാളിക്ഷേത്രവും.
ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെ ജീവിക്കുന്ന ഈ പ്രദേശത്ത് ഒരുമിച്ച് നായാട്ടിന് പോയി ലഭിക്കുന്ന മാംസമാണ് ഇരു വിഭാഗവും ദേവിക്ക് അര്‍ച്ചനക്കും പള്ളിയില്‍ നേര്‍ച്ചക്കും നല്‍കിയിരുന്നത്. പുലര്‍ച്ചെ പള്ളിയിലെത്തി പ്രാര്‍ഥിച്ച് ആചാരവെടി മുഴക്കിയാണ് നായാട്ടുസംഘം പുറപ്പെട്ടിരുന്നത്. കാസര്‍കോടിന് സമീപത്തെ മൊഗ്രാലില്‍ നിന്ന് കര്‍ണാടകയിലെ പുത്തൂരിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വീസ് നടത്തിയിരുന്ന ബസ്സിന്റെ പേര് ഹിന്ദു ഇസ്‌ലാം മോട്ടോര്‍ സര്‍വീസ് എന്നായിരുന്നു. ബംബ്രാന്ത ജുമാ മസ്ജിദിന്റെ നടത്തിപ്പുകാര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട അഡിഗരായിരുന്നു. അദ്ദേഹത്തിന്റെ തറവാട്ടില്‍ നിന്നാണ് പള്ളി ഖത്തീബിനും മുഅദ്ദിനും തണ്ണീര്‍ മുക്രിക്കും ശമ്പളം നല്‍കിയിരുന്നത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ്‌രണ്ട് ദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്ക് ഒരുമയുടെ ഒറ്റ പ്രവേശന കവാടമാണ്. കവാടത്തിലൂടെ സഞ്ചരിച്ചാല്‍ ബിലാല്‍ മസ്ജിദിലേക്കും തുടര്‍ന്ന് ക്ഷേത്രത്തിലേക്കുമാണ് എത്തുന്നത്. വലതുഭാഗത്തെ തൂണിന് മുകളില്‍ കേരളത്തനിമയോടെ ക്ഷേത്ര മാതൃകയും, ഇടതുഭാഗത്തെ തൂണിനു മുകളില്‍ മസ്ജിദ് മാതൃകയുമാണ് ഒരുക്കിയിട്ടുള്ളത്.
l