സെലിബ്രിറ്റികളുടെ കാണാപ്പുറങ്ങള്‍
ഡോ. ജാസിമുല്‍ മുത്വവ്വ
November 2022
ലഹരിപദാര്‍ഥങ്ങളിലേക്കും ലിബറലിസത്തിലേക്കും വരെ കൊണ്ടെത്തിക്കുന്ന
താരാരാധനയും അതിലേക്കെത്തിക്കുന്ന കുടംബാന്തരീക്ഷവും വിശകലനം ചെയ്യുന്നു.
നിരീശ്വര ചിന്തകളും സ്വവര്‍ഗാനുരാഗവും മയക്കുമരുന്ന് ലഹരി വസ്തുക്കളോടുള്ള ആസക്തിയും വ്യാപിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള എളുപ്പവഴി സെലിബ്രിറ്റികളുമായി ബന്ധപ്പെടുത്തലാണ്. ഇതൊരു പുതിയ പ്രവണതയാണ്.
ഒരു പ്രശസ്ത താരത്തെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്ത ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. താരത്തെ അതിരറ്റ് സ്നേഹിച്ചും ബന്ധപ്പെട്ടും ജീവിച്ച അവളില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ആഹാരരീതിയിലായിരുന്നു ആദ്യത്തെ കുഴമറിച്ചില്‍. കുടുംബം തനിക്ക് അന്യമാണെന്നും താന്‍ ഒറ്റപ്പെട്ടവളാണെന്നും അവള്‍ക്ക് തോന്നിത്തുടങ്ങി. സമൂഹത്തില്‍നിന്ന് അകലുകയും സാമൂഹിക ബന്ധങ്ങളൊക്കെ അവസാനിപ്പിക്കുകയും ചെയ്തു.
താന്‍ ആരാധിക്കുന്ന സെലിബ്രിറ്റി അവളില്‍ പരകായ പ്രവേശം നടത്തി. അവളുടെ നടത്തവും വേഷവും ചിരിയും ഹാവഭാവങ്ങളുമെല്ലാം അയാളുടേത് പോലെയായിത്തീര്‍ന്നു. അവള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അവളുടെ വ്യക്തിത്വത്തില്‍ ശൈഥില്യവും വൈകല്യവും സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് ബോധ്യമായി. അവളുടെ ചിന്തകളും അഭിരുചികളും മനോഭാവവും മാറി. എല്ലാം അവള്‍ ആരാധിക്കുന്ന താരത്തിന്റെ മാതിരിയായി മാറിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനായി ജീവിക്കേണ്ടവനാണെന്ന് അവള്‍ വാദിച്ചു. മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും യഥേഷ്ടം ഉപയോഗിക്കാനും സ്വവര്‍ഗാനുരാഗികളുമായി കൂട്ടുചേരാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ടെന്നും, മനുഷ്യന് ജീവിക്കാന്‍ മതത്തിന്റെയൊന്നും ആവശ്യമില്ലെന്നും അവള്‍ പറഞ്ഞുതുടങ്ങി. ഇങ്ങനെ സെലിബ്രിറ്റിയുടെ വാദമുഖങ്ങളെല്ലാം അവള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
'സെലിബ്രിറ്റി ഒബ്സെഷന്‍', 'സെലിബ്രിറ്റി മാനിയ' എന്നെല്ലാം വ്യവഹരിക്കാവുന്ന മാനസികാവസ്ഥയാണ് ഈ പെണ്‍കുട്ടിക്ക് വന്നുപെട്ടത്. കൗമാര പ്രായത്തിലുള്ള ഇത്തരം നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണാന്‍ ഇടവന്നിട്ടുണ്ട്. താരത്തിന്റെ സ്വഭാവത്തോടും ആകാരത്തോടുമുള്ള അതിശയത്തിലാണ് ഇതിന്റെ തുടക്കം. പിന്നെ നിരന്തര സമ്പര്‍ക്കം. ഇത് മനോരോഗമായി മാറിത്തുടങ്ങി എന്ന് കണ്ടാല്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഇടപെടല്‍ ആവശ്യമാവും. കാരണം, ഇത് പഠനത്തെ പ്രതികൂലമായി ബാധിക്കും. സോഷ്യല്‍ മീഡിയക്കും ഇലക്ട്രോണിക് ഗെയിമുകള്‍ക്കും അഡിക്റ്റായി മാറും. വിഷാദ രോഗിയാവും. താരവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നാല്‍ മാനസിക പിരിമുറുക്കവും അന്തഃസംഘര്‍ഷവുമായി. ഭാവനാ ലോകത്ത് താരങ്ങളെ കാമിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ചില കേസുകള്‍ പോലും എന്റെ അടുക്കലെത്തിയിട്ടുണ്ട്.
ഇത് രോഗമായിട്ടില്ലെങ്കില്‍ നിരവധി പ്രതിവിധികളുണ്ട്. കൗമാര പ്രായക്കാരനോ കൗമാര പ്രായക്കാരിയോ, ഏതെങ്കിലും വ്യക്തി അതിമാനുഷനാണെന്നും അതിശയിപ്പിക്കുന്ന കഴിവുകള്‍ക്കും സിദ്ധികള്‍ക്കും ഉടമയാണെന്നും ധരിക്കുന്നുവെങ്കില്‍ നാം അവരെ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. ഒരിക്കലും പരിഹസിക്കരുത്. ആ സമീപനം താരത്തോട് കൂടുതല്‍ അടുക്കാനുള്ള ധിക്കാരം വളര്‍ത്തും. നാം അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കണം. അവര്‍ മനസ്സില്‍ പ്രതിഷ്ഠിച്ച താരത്തെ പറ്റി പഠിക്കണം. തദടിസ്ഥാനത്തില്‍ താരത്തിന്റെ ദൗര്‍ബല്യം, വൈകല്യം, സ്വഭാവം തുടങ്ങി അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.
അവരുടെ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ വിഛേദിക്കുന്നതിന് മുമ്പ് ആലോചിക്കണം; ഈ നടപടി ഉപകാരമാവുമോ ഉപദ്രവമാകുമോ എന്ന്. ചിലപ്പോള്‍ അത് എതിര്‍ ഫലങ്ങള്‍ക്കും അനഭിലഷണീയമായ നീക്കങ്ങള്‍ക്കും താരത്തോടുള്ള ഒട്ടിപ്പിടിത്തത്തിനും കാരണമായേക്കും. ഒരു 'ബദല്‍ താര'ത്തെ നമുക്ക് നിര്‍ദേശിച്ചു കൊടുക്കാം. ഒരുവേള ഏറ്റവും ശ്രേഷ്ഠം ഈ 'ബദല്‍' ആണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങും. രോഗാവസ്ഥയിലേക്ക് കടന്നിട്ടുണ്ടെങ്കില്‍ മനോരോഗ വിദഗ്ധനെ സമീപിക്കുകയാണ് അഭികാമ്യം.
കൗമാരക്കാരെ താരാരാധനയിലേക്കും അവര്‍ക്ക് വീരപരിവേഷം നല്‍കി അവരെ റോള്‍ മോഡലുകളായി സ്വീകരിക്കുന്നതിലേക്കും നയിക്കുന്നത് വീട്ടിലെ സാഹചര്യങ്ങളാവാം; വീട്ടുകാരുടെ പെരുമാറ്റ വൈകല്യം, അനാരോഗ്യകരമായ സാഹചര്യങ്ങള്‍ തുടങ്ങിയവ. ഇത് നേരിടേണ്ടത് വീട്ടുകാരുടെ പെരുമാറ്റം നന്നാക്കിയാണ്. സംഭവലോകത്ത് നിന്ന് മാറിനില്‍ക്കാനുള്ള കൗമാരക്കാരുടെ ത്വരയാണ് സെലിബ്രിറ്റികളുടെ പിറകെ പോകാന്‍ ഹേതുവാകുന്നത്. കൗമാരക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഒരു പോംവഴി. അത് ഒരുവേള മാതാപിതാക്കളുടെ സ്വഭാവവും മനോഭാവവും മാറ്റിയാവാം, അവര്‍ പരിഗണിക്കപ്പെടുന്നുണ്ടെന്നും ആദരിക്കപ്പെടുന്നുണ്ടെന്നുമുള്ള തോന്നല്‍ ഉളവാക്കിയാവാം; താരങ്ങളെ തേടിപ്പോകുന്നത് സ്നേഹ ശൂന്യത അനുഭവപ്പെടുന്നതിനാലാണെന്ന് പല സംഭവങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസത്തിന്റെ വശത്തിന് ഊന്നല്‍ നല്‍കണം. സല്‍ക്കര്‍മങ്ങളോടുള്ള അഭിനിവേശവും വളര്‍ത്തണം. ഒഴിവു സമയം ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടണം. വ്യായാമം, ഹോബികള്‍ എന്നിവ മനസ്സിനെ സൃഷ്ടിപരമായ തലങ്ങളിലേക്ക് കൊണ്ടുപോകും. കൗമാരക്കാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വസ്തുതയുണ്ട്; മിന്നുന്നതെല്ലാം പൊന്നല്ല എന്ന സത്യം. ഭാവനാ ലോകത്ത് കാണുന്നതൊക്കെ വ്യാജവും വഞ്ചനയും കളവുമാണ്; പ്രത്യേകിച്ച് താരപരിവേഷമുള്ള വ്യക്തികളുടെ കാര്യത്തില്‍. സെലിബ്രിറ്റികള്‍ ചില നേരങ്ങളില്‍ സന്തോഷവാന്മാരായി തോന്നും. പക്ഷേ, അധിക സമയവും അവരില്‍ പലരും വിഷാദ രോഗികളാണ് എന്നതാണ് നേര്. അതുകൊണ്ടാവുമല്ലോ പലരും മയക്കുമരുന്നിന് അടിമകളായിത്തീരുന്നത്. അല്ലെങ്കില്‍ അവരുടെ മാനേജര്‍മാര്‍ അവരെ സന്തോഷവാന്മാരും ഭാഗ്യശാലികളുമായി സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുകയാണ്. പലപ്പോഴും, നിരീശ്വരത്വത്തിന്റെയും ദുഃസ്വാതന്ത്ര്യത്തിന്റെയും ലിബറലിസത്തിന്റെയും സ്വവര്‍ഗാനുരാഗത്തിന്റെയുമെല്ലാം സന്ദേശ വാഹകരാവുന്നുണ്ട് സെലിബ്രിറ്റികള്‍ എന്ന കാര്യം മറക്കരുത്.
വിവ: ജെ