വിശ്വാസം ഡിഅഡിക് ഷന്റെ സുപ്രധാന ഘടകം
സി.ടി സുഹൈബ്
November 2022
ഭൗതിക ജീവിതത്തിന്റെ വഞ്ചനാത്മകമായ അലങ്കാരങ്ങളെയും ആസ്വാദനങ്ങളെയും കുറിച്ച ഉള്‍ക്കാഴ്ചയുള്ള, ദൈവബോധവും പരലോക ചിന്തയുമുള്ളവരായിരിക്കണം പുതു തലമുറ.
ഭക്ഷണം, സംഗീതം, ലൈംഗികത തുടങ്ങി മനുഷ്യന്റെ ആസ്വാദനങ്ങളെയെല്ലാം ചില പരിധികളും വ്യവസ്ഥകളും വെച്ച് ഇസ്ലാം അനുവദിച്ചപ്പോഴും, ഒരു നിലക്കും അനുവദിക്കാതിരുന്ന ആസ്വാദനം ലഹരിയാണ്. സ്വബോധം നഷ്ടപ്പെടുത്തുന്നു എന്നതുകൊണ്ടാവാം കുറച്ചായാലും കൂടുതലായാലും ലഹരി നിഷിദ്ധമാണെന്ന് പറഞ്ഞത്. താന്‍ ചെയ്യുന്നതിനെയും പറയുന്നതിനെയും കുറിച്ച് ബോധവും ബോധ്യവുമില്ലാതിരിക്കുമ്പോള്‍ ശരി-തെറ്റുകളെക്കുറിച്ച ആലോചനാ ശേഷി തന്നെ നഷ്ടപ്പെടുകയും സാമാന്യ ബോധങ്ങളില്ലാതാവുകയും ചെയ്യുന്നു. അസഭ്യത്തിലേക്കും അതിക്രമത്തിലേക്കും കൊലയിലേക്കും ബലാത്സംഗത്തിലേക്കുമൊക്കെ അത് പ്രചോദനമായിത്തീരുന്നു. അതിനാല്‍ തന്നെയാണ് ലഹരി എല്ലാ തിന്മകളുടെയും താക്കോലായി മാറുന്നത്.
ലഹരി ഒരു പുതിയ പ്രതിഭാസമല്ല. ലഭ്യതയും വൈവിധ്യവും നെറ്റ് വര്‍ക്കുകളും വര്‍ധിച്ചത് ഇന്ന് ലഹരി പടര്‍ന്നുവളരാന്‍ കാരണമായിട്ടുണ്ട്. നെറ്റ് റീചാര്‍ജിംഗിനും ടര്‍ഫിലെ കളിക്കും ഫാസ്റ്റ് ഫുഡിനും പെട്രോളടിക്കാനുമൊക്കെ കാശ് കണ്ടെത്തേണ്ടതുള്ളതിനാല്‍ കൗമാരക്കാര്‍ ലഹരി മാഫിയയുടെ കാരിയേഴ്സ് ആകാന്‍ തയാറാകുന്ന അപകടം കൂടി പുതിയ സാഹചര്യത്തിലുണ്ടായിട്ടുണ്ട്.
മദ്യലഹരിയില്‍ മാതാവിനെ തലക്കടിച്ച് കൊന്നെന്നും ലഹരിയുടെ ആലസ്യത്തില്‍ സഹോദരനെ കുത്തിക്കൊന്നെന്നും ലഹരിയുടെ മയക്കത്തില്‍ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തെന്നുമൊക്കെയുള്ള, ഉള്ളുലക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ നെഞ്ച് പിടക്കാറുണ്ട്. അപ്പോഴും നമ്മുടെ മക്കളും പ്രിയപ്പെട്ടവരുമൊന്നും അങ്ങനെയാകില്ലെന്ന് കരുതി ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കും.
എന്നാല്‍, അങ്ങനെ ആശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ചുറ്റുമുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്ക് വരെ വളരെ എളുപ്പത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ലഹരി ഉപയോഗിക്കുന്ന കൂട്ടുകെട്ടുകളും അതിന് പിന്നില്‍ സാമ്പത്തിക നേട്ടം കൊയ്യുന്ന മാഫിയകളുമെല്ലാം വല വിരിച്ചിരിപ്പുണ്ട് ചുറ്റിലും.
സാഹചര്യങ്ങളാണ് പലരുടെയും ജീവിതത്തില്‍ വില്ലനാകുന്നത്. അതിനാല്‍ തന്നെ കേവലമായ ബോധവത്കരണത്തിനപ്പുറം അതിലേക്കെത്തിച്ചേരുന്ന വഴികള്‍ തടയാനാകേണ്ടതുണ്ട്.
കോടികള്‍ കൊയ്യുന്ന ബിസിനസാണ് ലഹരി മാഫിയയുടേത്. നിയമപരമായി തടയിടേണ്ടവരില്‍ പലരും ഈ മാഫിയകളുടെ പങ്കു പറ്റുകാരായി മാറുമ്പോള്‍ ലഹരിവേട്ടകളൊന്നും പ്രധാന കണ്ണികളിലേക്കെത്താതെ പോവുകയാണ്. ഇക്കാര്യത്തില്‍ ഭരണകൂടത്തിനെതിരായ വലിയ സമ്മര്‍ദങ്ങളുണ്ടാവേണ്ടതുണ്ട്.
ചുറ്റിലും വളര്‍ന്നുവരുന്ന ആസ്വാദന ആഘോഷ സംസ്‌കാരങ്ങള്‍ ലഹരിയുടെ ഉപയോഗത്തിനും വ്യാപനത്തിനും കാരണമാകുന്നുണ്ട്. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലഹരിയും ലൈംഗികതയും അനിവാര്യമാണെന്ന കാഴ്ചപ്പാടുകള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അതിരുകളില്ലാത്ത ആസ്വാദനമാണ് ജീവിതത്തിന്റെ സ്വാതന്ത്ര്യമെന്ന് പ്രചരിപ്പിക്കുന്ന സംഘങ്ങളും ആശയങ്ങളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരം ആശയ പ്രചാരകരെ പ്രതിരോധിക്കാന്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ ലഹരിക്കെതിരായ പോരാട്ടങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. പ്രാദേശിക തലത്തിലും മറ്റും രൂപവത്കരിക്കപ്പെടുന്ന ജാഗ്രതാ സമിതികള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
ലഹരിക്കെതിരായ ബോധവത്കരണങ്ങള്‍ കാര്യമായി നടക്കാറുള്ളത് ലഹരി ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടാണ്. ആരോഗ്യബോധവത്കരണത്തിന് ഒരുപാട് പരിമിതികളുണ്ട്. അധികപേരും അതത്ര കാര്യമായെടുക്കില്ല. ഫാസ്റ്റ് ഫുഡ് കഴിച്ചാലും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിച്ചാലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് അറിയുന്നവരാണ് നമ്മള്‍. പക്ഷേ, അതുകൊണ്ടൊന്നും അത്തരം ഭക്ഷണങ്ങള്‍ നമ്മള്‍ ഒഴിവാക്കാറില്ലല്ലോ.
ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. ഡി അഡിക്ഷന്റെ പ്രധാന ഘടകമാണ് വിശ്വാസം. ലഹരിയില്‍ ആണ്ടുകിടന്നൊരു ജനതയെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും അതില്‍നിന്ന് വിമോചിപ്പിച്ച വിശ്വാസത്തിന്റെ സ്വാധീനം ചരിത്ര യാഥാര്‍ഥ്യമാണ്. വിശ്വാസപരമായി കരുത്തുള്ളവരാക്കി നമ്മുടെ മക്കളെ വളര്‍ത്തിയെടുക്കാനാവണം. ഈ ലോകത്തെ നൈമിഷിക ആനന്ദത്തിനായി നഷ്ടപ്പെടുത്തുന്നത് വലിയൊരു ലോകത്തെയും ജീവിതത്തെയുമായിരിക്കുമെന്ന ബോധം ഉള്ളിലുറപ്പിക്കണം. അല്ലാഹു കനിഞ്ഞരുളിയ ബുദ്ധിയും ആരോഗ്യവും അവന്‍ പാടില്ലെന്ന് വിലക്കിയ കാര്യങ്ങളിലേക്കിറങ്ങി നശിപ്പിച്ചു കളയുന്നത് അനുഗ്രഹങ്ങളേകിയ പടച്ചോനോടുള്ള നന്ദികേടാണെന്ന ചിന്തകള്‍ ഊട്ടിയുറപ്പിക്കണം. ദൈവബോധവും പരലോക ചിന്തയും തന്നെയാണ് ലഹരിക്കെതിരായ പ്രതിരോധത്തിലെ പ്രധാന ഘടകങ്ങള്‍.
കുടുംബത്തിനകത്തെ ബന്ധങ്ങള്‍ സുദൃഢവും ആരോഗ്യകരവുമാക്കുക എന്നതാണ് മറ്റൊരു പ്രതിരോധ മാര്‍ഗം. കുടുംബത്തിനകത്തെ ഊഷ്മളമായ ബന്ധങ്ങള്‍ കുറയുന്നതും മാതാപിതാക്കളും മക്കളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതും, പലതും ഷെയര്‍ ചെയ്യപ്പെടാതെ പോകുന്നതും മറ്റു പല വഴി തെറ്റിയ ബന്ധങ്ങളിലേക്കും പരിസരങ്ങളിലേക്കും മക്കളെ എത്തിക്കും. വീട്ടിനുള്ളില്‍ സ്നേഹവും സന്തോഷവും പരിഗണനയുമൊക്കെ ലഭിക്കുന്ന അന്തരീക്ഷങ്ങളുണ്ടാകുമ്പോള്‍ സ്വാഭാവികമായും വീട്ടിലെ സാന്നിധ്യങ്ങള്‍ വര്‍ധിക്കും. അതിലൂടെ രൂപപ്പെടുന്ന സുദൃഢമായ ബന്ധങ്ങള്‍ തെറ്റായ സ്വാധീനങ്ങളില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഏറെ സഹായകരമാകും.
നല്ല സൗഹൃദങ്ങളുണ്ടാവുകയെന്നതാണ് ലഹരിയുടെ മായിക വലയത്തില്‍ കുടുങ്ങാതിരിക്കാനുള്ള പ്രധാന വഴി. കൂട്ടുകെട്ടുകളാണ് പല ശീലങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്. ധാര്‍മിക ബോധമോ ദൈവചിന്തയോ പ്രാധാന്യത്തിലെടുക്കാത്ത സൗഹൃദങ്ങളില്‍നിന്ന് തെറ്റായ ജീവിത ശീലങ്ങള്‍ പകര്‍ന്നു കിട്ടാനുള്ള സാധ്യതകളുണ്ട്. റസൂലുല്ലാഹി(സ) പറഞ്ഞത് അതാണല്ലോ: 'ഒരാള്‍ അയാളുടെ സുഹൃത്തിന്റെ ജീവിത വഴിയിലായിരിക്കും. അതിനാല്‍, ഓരോരുത്തരും ആരെ സുഹൃത്താക്കണമെന്നത് ആലോചിച്ച് തീരുമാനിക്കട്ടെ.' നമുക്ക് ചുറ്റിലും ഒരുപാട് കൂട്ടായ്മകളുണ്ട്; വ്യത്യസ്ത ദീനീ സംഘടനകളുടെ വിദ്യാര്‍ഥി യുവജന കുട്ടായ്മകള്‍. അത്തരം ധാര്‍മിക സംഘങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തിപ്പെടണം. നമ്മുടെ മക്കളും യുവാക്കളുമൊക്കെ ഈ കൂട്ടായ്മകളുടെ ഭാഗമായി മാറണം. ഭൗതിക ജീവിതത്തിന്റെ വഞ്ചനാത്മകമായ അലങ്കാരങ്ങളെയും ആസ്വാദനങ്ങളെയും കുറിച്ച ഉള്‍ക്കാഴ്ചയുള്ള ദൈവബോധവും പരലോക ചിന്തയുമുള്ള തലമുറയായി അവര്‍ വളര്‍ന്നു വരട്ടെ. അത്തരക്കാര്‍ക്ക് മാത്രമേ ചുറ്റിലും നുരഞ്ഞ് പതഞ്ഞൊഴുകുന്ന ലഹരിയെയും ലിബറല്‍ സംസ്‌കാരത്തെയുമൊക്കെ ചിറകെട്ടി തടഞ്ഞു നിര്‍ത്താനാകൂ.