യൂസുഫുല്‍ ഖറദാവിയുടെ സ്ത്രീപക്ഷ വായനകള്‍
ഷംസീര്‍ എ.പി
November 2022
പുതുകാല സ്ത്രീ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി ആഴത്തില്‍ പഠനം നടത്തുകയും
പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മുസ്ലിം സ്ത്രീയുടെ സാമൂഹിക പദവി കൃത്യമായി
സ്ഥാപിച്ചെടുക്കുകയും ചെയ്ത ഡോ. യൂസുഫുല്‍ ഖറദാവിയെക്കുറിച്ച്...
'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പിന്‍മുറക്കാരാണ്' എന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിയില്‍ പ്രവാചകത്വ പരമ്പര അവസാനിച്ചു. അദ്ദേഹത്തിലൂടെ ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടു. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാലാതിവര്‍ത്തിയായ നിയമങ്ങളും അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പ്രവാചകന്‍ ജീവിതംകൊണ്ട് സമഗ്രതയോടെ സമ്പൂര്‍ണമായി വരച്ചുവെച്ചു. വഹ് യിന്റെ അടിത്തറയില്‍ പ്രവാചകന്‍ രൂപപ്പെടുത്തിയ അടിസ്ഥാന തത്ത്വങ്ങളും മൗലിക നിയമങ്ങളും കാല ദേശങ്ങള്‍ക്കതീതമായി തനിമ ചോരാതെ ഇന്നും നിലനില്‍ക്കുന്നു. പ്രൗഢവും അഭിമാനകരവുമായ ആ പ്രവാചക പാരമ്പര്യത്തെ നിലനിര്‍ത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നത് അതത് കാലഘട്ടത്തിലെ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളുമാണ്.
ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ പണ്ഡിതന്മാരായ പരിഷ്‌കര്‍ത്താക്കള്‍ (മുജദ്ദിദ്) ഉദയം ചെയ്യുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അത് ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സംഘങ്ങളോ ആകാം. പ്രവാചകന്‍ പരിചയപ്പെടുത്തിയ ഈ പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും അത്യധികം ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. അതത് കാലഘട്ടങ്ങളിലെ വെല്ലുവിളികളും സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളും ഖുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയും തീര്‍പ്പ് കല്‍പിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.
മദ്ഹബിന്റെ നാല് ഇമാമുമാര്‍, ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ, അബൂ ഹാമിദില്‍ ഗസാലി, ഇമാം ശാത്വിബി, ഇബ്‌നു ആശൂര്‍ മുതല്‍ ശാ വലിയ്യുല്ലാഹിദ്ദഹ് ലവി, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വരെയുള്ളവര്‍ പല കാലങ്ങളില്‍ ഇസ്ലാമിനു നേരെ വന്ന അതിശക്തമായ വെല്ലുവിളികളെ വൈജ്ഞാനികമായും ധൈഷണികമായും നേരിട്ടവരായിരുന്നു.
ആധുനികതക്ക് ശേഷം രൂപപ്പെട്ട യൂറോ കേന്ദ്രിത ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനം ക്രമേണ മുസ്ലിം സമൂഹങ്ങളെയും സ്വാധീനിച്ചു. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഡസന്‍ കണക്കിന് വരുന്ന മുസ്ലിം പരിഷ്‌കര്‍ത്താക്കളുടെയും പണ്ഡിതന്മാരുടെയും പ്രധാന ഊന്നലുകളിലൊന്ന് മുസ്ലിം സ്ത്രീ വിമോചനമായിരുന്നു. അവരില്‍ ഏതാണ്ടെല്ലാവരും ആ വിഷയത്തില്‍ കനപ്പെട്ട കൃതികളും രചിച്ചു. ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ ശക്തിയാര്‍ജിക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ വികസിക്കുകയും ചെയ്ത കാലത്താണ് അല്ലാമാ ഡോ. യൂസുഫുല്‍ ഖറദാവിയുടെ വൈജ്ഞാനിക ഇടപെടലുകള്‍ സജീവമാകുന്നത്. ആധുനികത രൂപപ്പെടുത്തിയ വെല്ലുവിളികളെ താത്ത്വികമായും പ്രായോഗികമായും മറികടന്ന ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഖറദാവി. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'വിധിവിലക്കുകള്‍' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം മുസ്ലിം സ്ത്രീയെക്കുറിച്ച വ്യവഹാരങ്ങളെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ഖറദാവിയുടെ ഫത് വകള്‍ എന്ന പല വാള്യങ്ങളിലിറങ്ങിയ പ്രൗഢമായ ഗ്രന്ഥത്തിലും മുസ്ലിം സ്ത്രീയെക്കുറിക്കുന്ന ചോദ്യങ്ങളേറെയാണ്. മര്‍കസുല്‍ മര്‍അ ഫില്‍ ഹയാത്തില്‍ ഇസ്ലാമിയ്യ (ഇസ്ലാമിക ജീവിതത്തില്‍ സ്ത്രീയുടെ സ്ഥാനം ) എന്ന സ്വതന്ത്രമായ ഗ്രന്ഥവും അദ്ദേഹത്തിന്റെതായുണ്ട്. അല്‍ ജസീറ ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ, ശൈഖ് ഖറദാവി നേതൃത്വം നല്‍കിയിരുന്ന ശരീഅത്തും ജീവിതവും (അശ്ശരീഅത്തു വല്‍ഹയാത്) എന്ന പരിപാടിയുടെ കുറെയധികം എപ്പിസോഡുകള്‍ മുസ്ലിം സ്ത്രീയെക്കുറിച്ച ആഴത്തിലുള്ള വൈജ്ഞാനിക ചര്‍ച്ചകളാണ്. മുസ്ലിം സ്ത്രീയെക്കുറിച്ച ആധുനിക വ്യവഹാരങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് ശൈഖ് റാശിദുല്‍ ഗന്നൂശിയുടെ പുസ്തകത്തിന് ശൈഖ് ഖറദാവി എഴുതിയ പ്രൗഢമായ അവതാരിക മുസ്ലിം സ്ത്രീയുടെ അന്തസ്സും അഭിമാനവും ആഴത്തില്‍ അടയാളപ്പെടുത്തുന്നതായിരുന്നു.
പ്രമുഖ കോളമിസ്റ്റ് മുഹമ്മദ് ഖൈര്‍ ഈസ അല്‍ ജസീറയില്‍ എഴുതിയ ലേഖനത്തില്‍ ഖറദാവി മുസ്ലിം സ്ത്രീയെ എങ്ങനെയാണ് അടയാളപ്പെടുത്തിയതെന്ന് നാല് പോയന്റുകളില്‍ വിശദീകരിക്കുന്നുണ്ട്:
ഒന്ന്, ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ പുതുകാല സ്ത്രീ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി ആഴത്തില്‍ പഠനം നടത്തുകയും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മുസ്ലിം സ്ത്രീയുടെ സാമൂഹിക പദവി കൃത്യമായി സ്ഥാപിച്ചെടുക്കുകയും ചെയ്തു.
രണ്ട്, ഇസ്ലാമിന്റെ പേരില്‍ മതാധ്യാപനങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ രൂപപ്പെടുത്തിയ പുരുഷാധിപത്യ ഹിംസകള്‍ക്കെതിരെ വൈജ്ഞാനികമായി പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ പോരാടി.
മൂന്ന്, സ്ത്രീവിമോചനത്തിന്റെ പേരില്‍ യൂറോപ്യന്‍ സെക്യുലര്‍ ലിബറല്‍ വ്യവഹാരങ്ങളില്‍നിന്ന് മുസ്ലിം സമൂഹം കടംകൊണ്ട ആശയങ്ങളെയും ഫെമിനിസ്റ്റ് തിയറികളെയും ഇസ്ലാമിക ഫെമിനിസമെന്ന പരികല്‍പനയെയും, ആശയപരമായി അവയിലടങ്ങിയിട്ടുള്ള അടിസ്ഥാന ദൗര്‍ബല്യങ്ങളെയും പിഴവുകളെയും കൃത്യമായി ചൂണ്ടിക്കാണിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു.
നാല്, മുസ്ലിം സ്ത്രീകള്‍ സമുദായത്തിനകത്ത് പ്രായോഗിക തലത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും വിവേചനങ്ങളെയും ദുരിതങ്ങളെയും അഭിസംബോധന ചെയ്യുകയും മുസ്ലിം സ്ത്രീകളുടെ വിമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയും സന്ദേഹങ്ങളെയും ശ്രദ്ധയോടെ കേള്‍ക്കുകയും അവക്ക് കൃത്യതയും വ്യക്തതയുമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ വീണ്ടും ഇരുട്ടറയിലേക്ക് തള്ളിവിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രമാണങ്ങളുടെ ആഖ്യാനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
അല്‍ ജസീറയിലെ അശ്ശരീഅത്തു വല്‍ ഹയാത്ത് എന്ന പരിപാടിയില്‍ മുസ്ലിം സ്ത്രീയുടെ പദവിയെക്കുറിച്ച് ഖറദാവി നടത്തിയ ചില നിരീക്ഷണങ്ങള്‍ കാണുക:
s അടിസ്ഥാനപരമായി ഖുര്‍ആന്‍ പുരുഷന്മാരെയും സ്ത്രീകളെയും തുല്യരായി കാണുന്നു. പെണ്ണിന്റെ ശാരീരികവും മാനസികവും വൈകാരികവുമായ വൈവിധ്യങ്ങളും സവിശേഷതകളും പരിഗണിച്ചു കൊണ്ടുള്ള അധ്യാപനങ്ങളും നിയമങ്ങളും സ്ത്രീകള്‍ക്ക് മാത്രമായി പുറപ്പെടുവിക്കുന്നത് അവളോടുള്ള വിവേചനമല്ല, പരിഗണനയാണ്.
s ഖുര്‍ആനിന്റെ പുരുഷ വായനയോ ഫെമിനിസ്റ്റ് വായനയോ അല്ല ഉണ്ടാകേണ്ടത്, മനുഷ്യ വായനയാണ്. മനുഷ്യന്‍ എന്നതാകണം കേന്ദ്ര ബിന്ദു. ഖുര്‍ആന്റെ അടിസ്ഥാന ദര്‍ശനമായ നീതി സ്ഥാപിക്കുക എന്നതാണ് പരിഹാരം. ഖുര്‍ആനും പ്രവാചകനും സ്ത്രീയോട് സമ്പൂര്‍ണ്ണമായി നീതി കാണിച്ചു. അവളുടെ പദവി ഉയര്‍ത്തി. നമ്മുടെ പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും നീതി പീഠവും സമൂഹവും കുടുംബാംഗങ്ങളും ആ നീതിയും തുല്യതയും വകവെച്ചു കൊടുക്കുന്നുണ്ടോയെന്ന് ആത്മ വിമര്‍ശനം നടത്തുകയും തിരുത്തുകയും ചെയ്യണം.
3. ഇസ്ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമങ്ങള്‍ അനുസരിച്ചും പാലിച്ചും സ്ത്രീകള്‍ക്ക് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇടപെടാം. ആവശ്യമാണെങ്കില്‍ തൊഴിലിടങ്ങള്‍ തെരഞ്ഞെടുക്കാം. സബഇലെ രാജ്ഞി സ്ത്രീയായിരുന്നു. അവര്‍ക്ക് സുലൈമാന്‍ നബിയോളം വിപുലമായ അധികാരമുണ്ടായിരുന്നു. ഖുര്‍ആന്‍ ഒരു കഥയും വെറുതെ പറയുന്നില്ല. ആ കഥകളിലെല്ലാം കൃത്യമായ സൂചനകളുണ്ട്. ഉമറി(റ)ന്റെ കാലത്ത് മാര്‍ക്കറ്റിന്റെ ചുമതല ഒരു സ്ത്രീയെയായിരുന്നു ഏല്‍പിച്ചത്. മുസ്ലീം സ്ത്രീയുടെ സാമൂഹികവ്യവഹാരങ്ങളില്‍ അല്ലാഹുവിന്റെ പരിധികള്‍ (ഹുദൂദ്) കര്‍ശനമായി പാലിക്കുക എന്നതാണ് അടിസ്ഥാനം. ആ പരിധികള്‍ പുരുഷനും ബാധകമാണ്.
s മാതൃത്വം, ഗര്‍ഭധാരണം, മുലയൂട്ടല്‍, ആര്‍ത്തവം തുടങ്ങി സ്ത്രീയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ഘടകങ്ങളെ ഖുര്‍ആന്‍ പലയിടങ്ങളില്‍ സവിശേഷമായി പരാമര്‍ശിക്കുകയും ആ ത്യാഗത്തെയും സഹനത്തെയും ആദരിക്കുകയും ചെയ്തു. തര്‍ക്കിച്ച പെണ്ണ് ഖൗല ബിന്‍ത് സഅലബിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ട് അല്ലാഹുവും റസൂലും അതംഗീകരിച്ചു. ഖുര്‍ആനും പ്രവാചകനും കേട്ട സ്ത്രീകളെ നമ്മുടെ പണ്ഡിതന്മാരും സമൂഹവും കേള്‍ക്കാന്‍ തയ്യാറാകണം.
s ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ മനുഷ്യനെന്ന ആദരണീയ പദവിയെ സമ്പൂര്‍ണ്ണമായി അംഗീകരിക്കുകയും വകവെച്ചു കൊടുക്കുകയും ചെയ്യുന്നതോടൊപ്പം ലിബറലിസത്തിന്റെയും മോഡേണ്‍ ഫെമിനിസത്തിന്റെയും സ്വാധീനഫലമായി രൂപപ്പെട്ട ജാഹിലിയ്യത്തിന്റെ ശരീര സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും (തബുര്‍ജുല്‍ ജാഹിലിയ്യത്ത്) പ്രദര്‍ശനപരതയുടെയും അപകടങ്ങളെയും ചതിക്കുഴികളെയും തിരിച്ചറിയുകയും വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അവയെ അതിജീവിക്കുകയും ചെയ്യുക.