ഹൃദയം തുറന്നുവെക്കൂ

നജീബ് കുറ്റിപ്പുറം
November 2022
ലഹരിയിൽ തെന്നിപ്പോയ ജീവിതവഴിയില്‍നിന്ന് മുസ്തഫയെന്ന മനുഷ്യനെ കൈപിടിച്ചുനടത്തിയ അനുഭവം പങ്കുവെക്കുന്നു.

മുസ്തഫ നന്നായി ചിരിച്ചു. വല്ലാത്ത ചിരി തന്നെയായിരുന്നു അത്.
'എനിക്ക് ഒരു നൂറ് രൂപ വേണം?'
മുസ്തഫയുടെ ഈ ആവശ്യം ഇത്തിരി ആശങ്ക ഉണ്ടാക്കാതിരുന്നില്ല. എങ്കിലും ഒന്നൂടെ ചോദിച്ചു:
'എന്തിനാ മുസ്തഫാ നിനക്ക് പൈസ?'
'നല്ല സന്തോഷമുള്ള ദിവസമല്ലേ...നമുക്കിവിടെയിരുന്ന് വര്‍ത്തമാനം പറയാം...ജീവിതം പറയാം.'
'അതല്ല...എനിക്കൊന്ന് വിരുന്ന് പോകണം... പെരുന്നാളല്ലേ.'
'പെരുന്നാളായാല്‍ വിരുന്ന് പോകല്‍ പതിവല്ലേ.'
'എന്റെ ഒരു പെങ്ങളുണ്ട്, അവള്‍ എന്നോട് എപ്പോഴും സ്‌നേഹം കാണിച്ചിട്ടുള്ളവളാണ്. കാല്‍ കിലോ ചിപ്‌സ് വാങ്ങിച്ചിട്ട് അവളുടെ വീട്ടിലേക്ക് വിരുന്ന് പോണം. ഇപ്പോ വേറെ ഒരാഗ്രഹവുമില്ല എനിക്ക്.'
പ്രതിസന്ധികളില്‍ ചേര്‍ത്തുനിര്‍ത്തിയ പെങ്ങളുടെ വീട്ടിലേക്ക് ഇത്തിരി പലഹാരം വാങ്ങി പോകാന്‍ മുസ്തഫ പണം ചോദിച്ചത് അയാളുടെ ഏറ്റവും ഉയര്‍ന്ന ബോധത്തിലാണ്. താടിയും മുടിയും വൃത്തിയില്‍ വെട്ടിയൊതുക്കി, മുണ്ട് ധരിച്ച് സുന്ദരനായ മനുഷ്യനായപ്പോള്‍ കുട്ടിക്കാലത്തെ ചേര്‍ത്തുപിടിച്ച സഹോദരിയെ കാണാന്‍ മുസ്തഫ ആഗ്രഹിക്കുന്നു. ഇന്നലെ വരെ ഒന്നിലും ശ്രദ്ധയില്ലാത്ത ബോധരഹിതനായി ജീവിച്ചിരുന്ന ഒരാളായിരുന്നു ഈ മനുഷ്യന്‍.

ഞാന്‍ കണ്ട മുസ്തഫ 
കുറ്റിപ്പുറം ബസ്സ്റ്റാന്റിലും പരിസരത്തും മദ്യപിച്ച് ലക്ക് കെട്ട് മനസ്സും ശരീരവും അഴിഞ്ഞുപോയ ഒരു രൂപം അലസമായി കിടക്കുന്നത്  കാണുക പതിവാണ്. ഒന്ന് ചിരിക്കാന്‍ ശ്രമിക്കുമ്പോഴൊന്നും അയാള്‍ അത് ശ്രദ്ധിക്കാറില്ല. എന്നോ ഒരിക്കല്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചത് അയാള്‍ കണ്ടു. അയാളുടെ കണ്ണുകളില്‍ എന്റെ ചിരി പതിഞ്ഞിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിന്റെ പ്രതിഫലനം അയാളുടെ ചുണ്ടുകളിലും മുഖത്തും വിരിഞ്ഞു നിന്നു. പിന്നീട് കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങള്‍ പരസ്പരം ചിരിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഞങ്ങളുടെ സൗഹൃദം വാക്കുകള്‍ക്കപ്പുറം ദൃഢമായ ഒരു ആത്മബന്ധത്തിലേക്ക് വഴിനടത്തിയിരിക്കുന്നു എന്ന് തോന്നി. കാരണം, വഴിയരികില്‍ മദ്യപിച്ച് കിടക്കുമ്പോഴും അതുവഴി പോകുന്ന എന്നെ കാണുമ്പോള്‍ എഴുന്നേറ്റിരിക്കാനുള്ള അയാളുടെ ശ്രമം തന്നെ.
ആ പകല്‍ നല്ല വെളിച്ചമുണ്ടായിരുന്നു. മുഷിഞ്ഞതാണെങ്കിലും അയാളന്ന് വിവസ്ത്രനല്ല. ബസ്റ്റാന്റിലേക്കുള്ള റോഡിന്റെ നടുവിലുള്ള ഡിവൈഡറിലാണ് അയാളിരിക്കുന്നത്. ഞാനടുത്തേക്ക് ചെന്നു. നിസ്സഹായമായ ഒരു നോട്ടം മുഖത്ത് മദ്യത്തിന്റെ ആലസ്യമുണ്ടായിരുന്നെങ്കിലും കണ്ണുകള്‍ തെളിഞ്ഞുകിടപ്പുണ്ട്. 
 കുറ്റിപ്പുറത്തും പരിസരത്തും നാട്ടുകാര്‍ക്കും പോലീസിനും മുസ്തഫ ആശ്വാസമാകുന്ന കാഴ്ച ഇതിനിടെ പലതവണ കണ്ടിട്ടുണ്ട്. ഒരിക്കല്‍ മൂന്നോ നാലോ ദിവസം പഴക്കമുള്ള മൃതദേഹം കാങ്കപ്പുഴ കടവത്ത് വന്നടിഞ്ഞിരുന്നു. അസഹനീയമായ മണം. പോലീസും നാട്ടുകാരും മൂക്ക് പൊത്തി നിന്നു. ആരോ പറഞ്ഞു, മുസ്തഫയെ വിളിക്കാമായിരുന്നു എന്ന്. അപ്പോഴാണ് ആ പേര് നന്നായി ശ്രദ്ധിച്ചത്. ചീഞ്ഞളിഞ്ഞ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം. ആരും അടുത്തേക്ക് ചെല്ലാത്ത ആ ശരീരത്തെ സമീപിക്കാന്‍ മുസ്തഫക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതായിരുന്നു മുസ്തഫ. ഒന്നിനും വേണ്ടിയല്ലാതെ ആര്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യും. അപകട മരണങ്ങള്‍ നടന്ന സ്ഥലത്ത് പോലീസിനെ സഹായിക്കാനും മുസ്തഫ മുന്നിലുണ്ടാകും. 
കൂടുതല്‍ അടുത്തിടപഴകാനുള്ള അവസരം വന്നപ്പോള്‍ മുസ്തഫയോട് ചോദിച്ചു:
''ഒരു ചായ കുടിച്ചാലോ?''
മുസ്തഫ വായ പൊത്തിപ്പിടിച്ച് ജാള്യതയോടെ ചിരിച്ചുകൊണ്ടു പറഞ്ഞു:
''ഞാനോ? എന്നെയാണോ ചായകുടിക്കാന്‍ വിളിക്കുന്നത്?''
നാക്ക് കുഴഞ്ഞിട്ടുണ്ടെങ്കിലും ചോദ്യം വ്യക്തമായിരുന്നു. ഞങ്ങളൊരുമിച്ച് ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരിക്കുന്നത് കാണുന്നവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്, അടക്കം പറയുന്നുണ്ട്. വളരെ സന്തോഷത്തോടെ ചായ കുടിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. മുസ്തഫയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഹൃദയം തണുത്തിട്ടുണ്ടാവണം. വലിയ പ്രതീക്ഷയുടെ ഒരു ദിനം കൂടിയായിരുന്നു, ഒരു വര്‍ഷക്കാലമായുള്ള പ്രയത്‌നമായിരുന്നു ഇങ്ങനെ ഒരു ദിവസത്തെ ചായകുടി.
എനിക്ക് മുസ്തഫയെ കാണുന്നത് ഇഷ്ടമായിരുന്നു. മുസ്തഫ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തതായിട്ടറിവില്ല. ആര്‍ക്കും പറ്റാത്ത കാര്യങ്ങള്‍ ചെയ്ത് ഈ മനുഷ്യന്‍ ജീവജാലങ്ങള്‍ക്ക് ആശ്വാസം പകരുന്നതേ കണ്ടിട്ടുള്ളൂ.
   രണ്ട് ദിവസം കഴിഞ്ഞാല്‍ പെരുന്നാളാണ്. വെറുതേ ഒരു തോന്നല്‍, മുസ്തഫയെ പെരുന്നാളുണ്ണാന്‍ വീട്ടിലേക്ക് കൂട്ടണം. പക്ഷേ, ഈ അവസ്ഥയില്‍ എന്ത് ചെയ്യും? കുറ്റിപ്പുറത്തെ പോലീസ് സ്‌റ്റേഷനില്‍ സന്മനസ്സുള്ള പോലീസുകാരുണ്ട്, അവരോടു പോയി സ്വകാര്യം പറഞ്ഞു. അവരെല്ലാവരും കൂട്ടമായി ചിരിച്ചു. പോലീസുകാര്‍ ജീപ്പുമായി വന്ന് ബോധരഹിതനായി കിടന്നിരുന്ന മുസ്തഫയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. കണ്ടു നിന്ന നാട്ടുകാരെല്ലാം അന്ധാളിച്ചു നിന്നു. കുറ്റകൃത്യം ചെയ്തതിന് മുസ്തഫയെ പോലീസിന് ഇതുവരെ കൊണ്ടുപോകേണ്ടി വന്നിട്ടില്ല. പോലീസ് സ്‌റ്റേഷനില്‍ മുസ്തഫ വിഷണ്ണനായി കഴിഞ്ഞ ആ രണ്ട് ദിവസം മദ്യമൊഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു. നേരത്തിന് ഭക്ഷണം, ചായ, പലഹാരങ്ങള്‍... മുസ്തഫക്കൊന്നും മനസ്സിലായില്ല. പോലീസുകാര്‍ക്കിതെന്തു പറ്റി! ഒന്നുമറിയാതെ മുസ്തഫയും അങ്കലാപ്പിലായി. ഇടക്കൊരു വിറയലുണ്ടെങ്കിലും സുഖപ്രദമായ രണ്ട് ദിവസം. ഒരു മുടിവെട്ടുകാരന്‍ സ്റ്റേഷനില്‍ വന്നു മുസ്തഫയുടെ മുടിമുറിച്ചു ഒതുക്കി നിര്‍ത്തി. താടിവടിച്ചു മുഖം തേച്ചുമിനുക്കിയത് പോലെയായി. പെരുന്നാള്‍ രാവാണ്.
 ലുഖ്മാന്‍ തങ്ങള്‍ വാങ്ങിത്തന്ന ഷര്‍ട്ടും മുണ്ടുമായി നേരെ സ്റ്റേഷനിലേക്ക് ചെന്നു. സുന്ദരനായി നില്‍ക്കുന്ന മുസ്തഫക്ക് ചുറ്റും പോലീസുകാര്‍.  എല്ലാവരും ഹൃദയം നിറഞ്ഞ് ചിരിച്ചു. നാളെ രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹിലേക്ക് പോകണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളായിരുന്നു പോലീസുകാരോട് പറഞ്ഞ സ്വകാര്യം എന്ന് എല്ലാവര്‍ക്കും പിടികിട്ടി. പെരുന്നാളിന് രാവിലെ ഏഴ് മണിക്ക് ഈദ് ഗാഹില്‍ പുതുവസ്ത്രമണിഞ്ഞ് മൊഞ്ചനായി എത്തിയ മുസ്തഫയായിരുന്നു അന്ന് താരം. ആര്‍ക്കും മുസ്തഫയെ തിരിച്ചറിയാനാവുന്നില്ല. പുതിയ മനുഷ്യന്‍, പൂര്‍ണ ബോധത്തിലുള്ള ഒരു മനുഷ്യനെ കണ്ട് മറ്റുള്ളവരുടെ ബോധം നഷ്ടപ്പെടുന്നത് കാണാമായിരുന്നു.
ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് മുസ്തഫ ചിരിച്ചുകൊണ്ടേയിരുന്നു. ഈദ് ഗാഹില്‍നിന്ന് മുസ്തഫയെ കൂട്ടി നേരെ വീട്ടിലേക്ക്. അയാളുടെ ഗുണകാംക്ഷികളായ പ്രകാശനും ലത്തീഫും ശശിയേട്ടനും ഞങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. മനസ്സും വയറും നിറഞ്ഞു. 'ദൈവമേ.... ' എന്തോ അങ്ങനെ ഉള്ളില്‍ നിന്നൊരു വിളിവന്നു. ജാള്യതയും സന്ദേഹവും മാറ്റി മുസ്തഫ തലകുനിച്ചിരിക്കുകയാണ്. 'മോനേ....' ഉമ്മയുടെ വിളിയില്‍ മുസ്തഫ തലയുയര്‍ത്തി. ഉമ്മ സ്‌നേഹത്തോടെ മൊഴിഞ്ഞു: ''മോനേ.. ഇനി നീ കള്ളുകുടിക്കരുത് കേട്ടോ.' മുഖമുയര്‍ത്തി ഉമ്മയെ നോക്കിയ മുസ്തഫയുടെ ഹൃദയം ഒന്ന് വിറച്ചു, മുസ്തഫ ചോദിച്ച പ്രകാരം സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ പണം ഏല്‍പിച്ചു. പെരുന്നാളിന് സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന് പോകാന്‍ മുസ്തഫ നടന്നു നീങ്ങി. നാഥാ.... ഈ മനുഷ്യനെ നീ വിശുദ്ധിയുടെ വഴി നടത്തണേ എന്ന് മാത്രം ഉരുവിട്ടു.
പിന്നീടുള്ള കാലം ചെറിയ ചെറിയ ജോലികള്‍ ചെയ്തും പള്ളിയില്‍ ബാങ്ക് വിളിച്ചും മനുഷ്യര്‍ക്കാവുന്ന സഹായങ്ങള്‍ ചെയ്തും മുസ്തഫ മുന്നോട്ട് പോകുന്നതിനിടയില്‍ ഒരു ദിവസം രാത്രി പത്ത് മണിയോടെ ഒരു വിളി വന്നു:
'എനിക്കൊന്ന് കാണണം''.
''ഇപ്പോഴോ? സമയം വൈകിയല്ലോ. നാളെ കണ്ടാല്‍ പോരേ?''
''ഇല്ല, ഇപ്പോ കാണണം.''
മുസ്തഫ ഒരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന ജോലിയിലായിരുന്നു ആ സമയത്ത്. 
കടയടച്ച് അസ്വസ്ഥനായി നില്‍ക്കുന്ന മുസ്തഫ ഒരു അപേക്ഷ പോലെ പറഞ്ഞു തുടങ്ങി.
''ഞാനുപേക്ഷിച്ച ഭാര്യയേയും മക്കളേയും കാണണം. അവരോട് മാപ്പ് പറയണം. എങ്കിലേ സ്വസ്ഥതയുണ്ടാകൂ...''
''വീണ്ടും ഞാനൊരു മദ്യപാനിയാകുമോ എന്ന് ഭയപ്പെടുന്നു.''
മനുഷ്യനെത്ര വിചിത്രമായ ജീവിയാണ് എന്ന് ചിന്തിച്ചുപോയി.
ഭാര്യയും മക്കളും കുടുംബവും ഒരു ലഹരിയായിരിക്കുന്നു. വീണ്ടുവിചാരത്തിന് സഹായിക്കുന്ന ലഹരി.
''നോക്കാം, നമുക്ക് ശ്രമിച്ചുനോക്കാം. ഇന്ന് സമാധാനത്തോടെ പോയി കിടന്നുറങ്ങ്.'
മുസ്തഫ ചിരിച്ചു. ആശ്വാസത്തിന്റെ ചിരി. മുസ്തഫയുടെ കൈവിട്ടുകളഞ്ഞ ഭാര്യയും മക്കളും ആരുടെയൊക്കെയോ കരുതലില്‍ സ്വസ്ഥമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ഉപേക്ഷിച്ചു പോയ രക്ഷിതാവിനെ കുറിച്ച് അവരോട് പറയാന്‍ ചെന്നത്. ഒരുപാട് അന്വേഷണത്തിന് ശേഷമാണ് അവരെ കണ്ടെത്താനായത്. ലക്ഷ്യമില്ലാത്ത അലച്ചിലില്‍നിന്ന് മോചിതരായി നങ്കൂരമിട്ട് അവരിന്ന് സ്വസ്ഥരാണ്. അതിനിടയിലേക്ക് വീണ്ടും കടന്നുവന്ന മനുഷ്യനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. എങ്കിലും പരിവര്‍ത്തനത്തിന്റെ വഴിയില്‍ അയാളെ കരുത്തുള്ള ഒരാളാക്കാന്‍ അവസാനം ആ ഉമ്മയും മക്കളും തയ്യാറായി.
''ഞങ്ങള്‍ ആ മനുഷ്യന് വേണ്ടപ്പെട്ടവരാണെന്ന് ഇപ്പോഴെങ്കിലും തോന്നിയല്ലോ?'' എന്ന് പരിഭവിച്ചെങ്കിലും ആ കൂടിക്കാഴ്ച മുസ്തഫയെ കൂടുതല്‍ ബോധത്തില്‍ വഴികാട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നു.
നമ്മുടെ കാഴ്ച ഇത്തരം മനുഷ്യരിലേക്ക് തിരിച്ചു വെക്കുക. ജീവിച്ചിരുന്നു എന്ന ആത്മസംതൃപ്തി അനുഭവിക്കാന്‍ ഇതു മതിയാകും.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media