ജീവിതത്തിന്റെ മാര്‍ഗദര്‍ശി

ഡോ. നാജിദ ഷറഫ്
august
നാഥനിലേക്ക് യാത്രയായ പണ്ഡിതനും ചിന്തകനുമായ മുസ്തഫ കമാല്‍ പാഷയെ കുറിച്ച ഓര്‍മകളിലൂടെ മകള്‍...

ഉപ്പയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ചെറുതല്ല. ഉപ്പ പകര്‍ന്നുതന്ന ചിന്തകളും കാഴ്ചപ്പാടുകളും തിരിച്ചറിവുകളും വളരെ വലുതായിരുന്നു. വായന ഹോബിയാക്കിയ വ്യക്തിയായിരുന്നു ഉപ്പ. 'അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെ'ന്ന ഹദീസിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഉപ്പയുടെ ജീവിതം. ഏത് കാര്യവും പഠിച്ചെടുക്കാനുള്ള ത്വര ഉപ്പാക്ക് ഉണ്ടായിരുന്നു. സ്വയം ബോധ്യമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തിയ ഉപ്പ എല്ലാം പ്രായോഗികമായി കാണിച്ചു തരികയായിരുന്നു. ലളിതമായി ജീവിക്കാനും ലളിതമായി പുസ്തകങ്ങള്‍ രചിക്കാനും ലളിതമായി  പ്രസംഗിക്കുവാനും, അങ്ങനെ  ജീവിതത്തിന്റെ എല്ലാ മേഖലകളിലും. ഭൗതിക  നേട്ടങ്ങളിലൊന്നും ഒരു പ്രത്യേകതയും ഉപ്പ കണ്ടിരുന്നില്ല. മതപരമായ അറിവും പ്രായോഗികമായ മത ജീവിതവും പുലര്‍ത്തുന്നവരായിരുന്നു ഉപ്പയുടെ മുന്നിലെ ഹീറോകള്‍.
ഞങ്ങള്‍ കാണുമ്പോഴൊക്കെ  കൈയിലും ബാഗിലും പുസ്തകങ്ങള്‍ ഉണ്ടായിരിക്കും. അധികവും യാത്രയിലാണ് വായിക്കാറ്: മതപരവും മതേതരവുമായവ. ജിജ്ഞാസയാല്‍  ഓരോ വിഷയത്തിന്റെയും ഏറ്റവും നല്ല പുസ്തകം തന്നെ തെരഞ്ഞെടുക്കും. ഉപ്പയുടെ വായനക്കൊപ്പം നടക്കാന്‍ ചെറുപ്പം മുതലേ ഭാഗ്യമുണ്ടായിട്ടുണ്ട്. ചെറുപ്പത്തില്‍ ഉപ്പാക്ക് വേണ്ടി ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു കൊടുത്തിട്ടുണ്ട്. വലിയ വലിയ ചരിത്ര ബുക്കുകളും ഇസ്്‌ലാമിക സാഹിത്യങ്ങളും ആനുകാലികങ്ങളും ഞങ്ങളെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു കേള്‍വിക്കാരനായി ഉപ്പ മാറും. വായിക്കാന്‍ മടിച്ചിരുന്ന ഞങ്ങളില്‍ വായനാ ശീലമുണ്ടാക്കാനുള്ള വിദ്യയായിരുന്നു അതെന്ന് മനസ്സിലായത് പില്‍ക്കാലത്താണ്. പുസ്തകങ്ങള്‍ എഴുതുമ്പോഴും  അങ്ങനെ തന്നെ. ഉപ്പ പറഞ്ഞു തരും. അത് കടലാസിലേക്ക് പകര്‍ത്തുന്നത് ഞങ്ങള്‍ മക്കളാരെങ്കിലുമായിരിക്കും. എഴുതിയവ എഡിറ്റു ചെയ്യാനും അതിന്റെ പ്രൂഫ് നോക്കാനും ഞങ്ങളെ ഏല്‍പിക്കും. മിക്ക ദിവസവും സ്‌കൂളിലേക്കുള്ള പഠനം കഴിഞ്ഞാല്‍ പിന്നെ ഉപ്പയുടെ കൂടെ എഴുത്തു തന്നെയായിരുന്നു. ചിലപ്പോഴൊക്കെ നേരം വെളുക്കുവോളം എഴുതിയിരിക്കും. ഉറക്കം വരാതിരിക്കാന്‍ ഉമ്മാന്റെ കട്ടനും കൂട്ടിനുണ്ടാവും. പഠിക്കാന്‍ ആരെയും കാത്തു നില്‍ക്കരുതെന്നാണ് നിലപാട്. റിട്ടയര്‍മെന്റിന് ശേഷമാണ് സൈക്കോളജിയില്‍ ഡിഗ്രി എടുത്തത്. ലളിതമായ ചികിത്സാ രീതി എന്ന നിലയില്‍ അക്യൂപങ്ചര്‍ ചികിത്സ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കാനും ഉപ്പയുടെ കൗണ്‍സലിംഗ് സഹായിച്ചതായി കണ്ടിട്ടുണ്ട്.
പ്രഭാത നമസ്‌കാരശേഷം അല്‍പമെങ്കിലും ഖുര്‍ആന്‍ അര്‍ഥ സഹിതം പഠിക്കണമെന്ന് ഉപ്പ ഞങ്ങളെ ഉപദേശിച്ചിരുന്നു. ചെറുപ്പത്തില്‍ ഒന്നിച്ചു സുബ്ഹ് നമസ്‌കരിച്ച ശേഷം ഒരാളെക്കൊണ്ട് ഓതിക്കും. അമാനി മൗലവിയുടെ തഫ്സീര്‍ ആയിരുന്നു അന്ന് വായിച്ചിരുന്നത്. ഓരോ ആയത്തിന്റെയും വാക്കര്‍ഥം സഹിതം ഓരോരുത്തരും പത്ത് പ്രാവശ്യമെങ്കിലും ഓതിപ്പഠിക്കണം. ഏത് പ്രൊഫഷണല്‍ കോഴ്സ് പഠിച്ചാലും ഖുര്‍ആന്‍ പഠനം നിര്‍ത്തരുതെന്നും വീട്ടിലെയും പറമ്പിലെയും ജോലികള്‍ ചെയ്യാന്‍ മടി കാണിക്കരുതെന്നും ഉപദേശിച്ചു. എത്തിപ്പെടുന്ന മേഖലകള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. കൃഷിയും ഗാര്‍ഡനിങ്ങും ഉപ്പാക്ക് നല്ല താല്‍പര്യമായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ തന്നെ കുറെ വിത്തുകളുമായി ഉമ്മയും ഉപ്പയും ഞങ്ങളും പറമ്പിലേക്ക് ഇറങ്ങും. കൃഷിക്കായി ഓരോ ഏരിയ ഓരോരുത്തര്‍ക്കും തിരിച്ചു തരും. കിളക്കാന്‍ പറ്റാത്തവര്‍ക്ക് ഉപ്പ തന്നെ തടമൊരുക്കിത്തരും; ഏറ്റവും നന്നായി കൃഷി നോക്കിയവര്‍ക്ക് സമ്മാനവും. നിലക്കടല, പയര്‍, കിഴങ്ങ്, കപ്പ, മുളക് ഒക്കെ  ഇങ്ങനെ കൃഷി ചെയ്തിരുന്നു. അലങ്കാരപ്പക്ഷികളും മുയല്‍, കാട, കോഴി, പശുവുമൊക്കെ  ഒരുകാലത്ത് വീട്ടിലെ അതിഥികളായിരുന്നു.
എപ്പോഴും നന്മ മാത്രം കാണുന്നതായിരുന്നു ഉപ്പയുടെ ശീലം. പോസിറ്റീവ് ആയി മാത്രമേ എല്ലാ കാര്യങ്ങളെയും കണ്ടിരുന്നുള്ളൂ. ഏത് പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവിനെ സ്തുതിക്കാന്‍ ഉപദേശിക്കും. നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങളില്‍ ചിലപ്പോള്‍, പടച്ചോന്റെ തീരുമാനങ്ങള്‍ നാളെ നമുക്ക് നല്ലതിനായിരിക്കുമെന്നു കരുതി സമാധാനിക്കാന്‍ പറയും. വിശ്രമമെന്നൊരു വാക്ക് ആ ജീവിതത്തില്‍ ഇല്ല. ശരീരികമായി അവശത വന്നപ്പോഴും കാഴ്ച മങ്ങിയപ്പോഴും ചിന്തകള്‍ പൂര്‍വാധികം സജീവമായിരുന്നു. പുതിയ ആശയങ്ങള്‍, ചര്‍ച്ചകള്‍, പുതിയ പുസ്തകങ്ങള്‍ എഴുതാനുള്ള ഉള്ളടക്കം ഇതൊക്കെ ആയിരുന്നു ഉപ്പയുടെ മനസ്സില്‍. ഈ അവസ്ഥയിലും സഹായിയെ വെച്ച് പറഞ്ഞുകൊടുത്ത് പുസ്തകങ്ങള്‍ എഴുതിക്കുമായിരുന്നു.
എല്ലാവരുടെയും നേട്ടങ്ങളില്‍ അതിയായി സന്തോഷിക്കുകയും വലിപ്പ ചെറുപ്പമില്ലാതെ നന്ദി പറയുകയും ചെയ്യുന്നത് ഉപ്പയുടെ ശീലമായിരുന്നു. സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചില്ല. കുടുംബ ബന്ധങ്ങളുടെ അടിത്തറ നിലനില്‍ക്കുന്നത് പരസ്പര പരിഗണനയിലും പ്രകടമായ സ്നേഹത്തിലുമാണെന്ന് കാണിച്ചു തന്നു. മക്കളുടെ മുമ്പില്‍വെച്ച് തന്നെ ഉമ്മയോട് പ്രണയപൂര്‍വം സംസാരിക്കുന്നതും പെരുമാറുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. പ്രണയം പഠിക്കേണ്ടത് സ്വന്തം മാതാപിതാക്കളില്‍ നിന്നാവണം എന്നാണ് ഉപ്പയുടെ കാഴ്ചപ്പാട്. സ്വന്തം ഇണകള്‍ക്ക് ഇഷ്ടപ്പെടുന്നതു പോലെ പെരുമാറണമെന്നും അവരെ നന്നായി പരിഗണിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചുകൊണ്ടേയിരുന്നു. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഉപ്പ അതീവ ശ്രദ്ധാലുവായിരുന്നു. എത്ര തിരക്കിനിടയിലും സമയം ഉണ്ടാക്കി ജന്മനാടായ ചേര്‍പുളശ്ശേരിയില്‍ പോവുകയും കഴിയുന്നത്ര കുടുംബങ്ങളെ സന്ദര്‍ശിക്കുകയും സഹായം ആവശ്യമുള്ളവരെ സഹായിക്കുകയോ അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കുകയോ ചെയ്യുമായിരുന്നു. വല്ലിപ്പ ഉള്ളപ്പോഴും കുടുംബത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാന്‍ 'മുസ്തഫ വരട്ടെ' എന്നൊരു പറച്ചില്‍ ആണ്. എന്റെ ഉമ്മ വളരെ ചെറുപ്പത്തില്‍ വിധവയായതായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ വന്ന് ആദ്യ ഭര്‍ത്താവ് മരണപ്പെട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് ഉപ്പ ഉമ്മയെ വിവാഹം കഴിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പ തന്നെ ഉമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാരുടെ അടുത്തേക്ക് ഉമ്മയെ കൊണ്ടുപോവുകയും ആ ബന്ധം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു.
പൂക്കള്‍ എന്നും ഉപ്പയുടെ ദൗര്‍ബല്യമായിരുന്നു. കാഴ്ച്ച ഇല്ലാതെ കിടക്കുമ്പോഴും വീട്ടില്‍ ഇല്ലാത്ത കളര്‍ റോസ്, ആമ്പല്‍, ചെമ്പകം, മുല്ലപ്പൂ തുടങ്ങിയ ചെടികള്‍ ഉപ്പ ഉമ്മയെ കൊണ്ട് നഴ്സറിയില്‍നിന്ന്  വരുത്തിച്ചു. മുല്ലപ്പൂക്കള്‍ എന്നും ഉപ്പയുടെ ബെഡില്‍ വിതറാന്‍ പറയുമായിരുന്നു. പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികള്‍ പൂവിട്ടിട്ടുണ്ട് എന്നൊക്കെ ഉമ്മ നോക്കി പറഞ്ഞുകൊടുക്കണം. അത് കേള്‍ക്കുമ്പോള്‍ പൂക്കളേക്കാള്‍ മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് കാണാം.
ബോധ്യമായ സത്യങ്ങള്‍ എന്തിന് നമ്മള്‍ മറച്ചുവെക്കണം; കൂടെ നടക്കുന്നവരോട് ചെയ്യുന്ന അനീതിയല്ലേ അത്. അതുകൊണ്ട് സത്യം ധൈര്യമായി, സൗമ്യമായി മറ്റുള്ളവര്‍ക്ക് കൂടി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഒരു മടിയും വിചാരിക്കേണ്ട എന്നതായിരുന്നു ഉപ്പയുടെ നിലപാട്. ഓരോ യാത്രകളിലും കൂടെ ഇരിക്കുന്നവരുമായി സൗഹൃദം പങ്കിടും. അവരുമായി ഏകദൈവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കും. അവര്‍ക്ക് ബോധ്യപ്പെടുന്ന, അവരുടെ ചിന്തയെ ഉണര്‍ത്തുന്ന ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഇട്ട് കൊടുക്കും. അതായിരുന്നു രീതി. പടച്ചോന്‍ നമുക്ക് എത്തിച്ചുതന്ന വെളിച്ചം അത് കിട്ടാത്തവര്‍ക്ക് എത്തിക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് ഉറച്ചു വിശ്വസിച്ചു. ഒരു ട്രെയിന്‍ യാത്രയില്‍ ഒരു സിസ്റ്റര്‍ അടുത്തിരുന്നു. അവരുമായി സംസാരിച്ചിരിക്കെ ഉപ്പ അവരോട് ചോദിച്ചു: നിങ്ങളുടെ ഇടയില്‍ ഏറ്റവും നല്ല ആളുകള്‍ സിസ്റ്റര്‍മാരും അച്ഛന്മാരും അല്ലേ? അവര്‍ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നിങ്ങളുടെ സമുദായം മുഴുവന്‍ ഇതേ പാത പിന്തുടര്‍ന്നാല്‍ ഈ മനുഷ്യ കുലം എത്ര കാലം നിലനില്‍ക്കും എന്ന ഉപ്പയുടെ ചോദ്യം ആ സഹോദരിയുടെ ചിന്തയെ ഉണര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ യാദൃച്ഛികമായി മറ്റൊരു സ്ഥലത്ത് വെച്ച് ഉപ്പാനെ കണ്ടുമുട്ടുകയും അവര്‍ ഇസ്്‌ലാം സ്വീകരിച്ച് നല്ലൊരു കുടുംബജീവിതം നയിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. എല്ലാ ആശയക്കാരും മതക്കാരും ഉപ്പാന്റെ ചുറ്റും ഉണ്ടായിരുന്നു. ഏത് മനുഷ്യരിലെയും നന്മ മാത്രമേ ഉപ്പ പരിഗണിച്ചിരുന്നുള്ളു. ഒരു കാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അത് പെട്ടെന്ന്് തന്നെ ചെയ്തു തീര്‍ക്കുക എന്നതാണ് രീതി. അതിന്റെ വരും വരായ്കകള്‍, ലാഭ-നഷ്ടങ്ങള്‍ ഒന്നും നോക്കാറില്ല. ഒരു സംഘടനയില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഒരു പ്രയാസം മുന്നില്‍ കണ്ടതുകൊണ്ടാവാം ഉപ്പ ഒരു ഒറ്റയാള്‍ പ്രസ്ഥാനമായി പ്രവര്‍ത്തിച്ചത്.
എല്ലാ മേഖലകളിലും റോള്‍ മോഡലായിരുന്നു ഉപ്പ. അവസാനമായി നല്ലൊരു കിടപ്പ് രോഗിയായി എങ്ങനെ ജീവിക്കാം എന്നുകൂടി കാണിച്ചുതന്നു. ഒരിക്കല്‍ പോലും രോഗത്തെ കുറിച്ച നിരാശയോ വേവലാതിയോ പറയുന്നത് കേട്ടിട്ടില്ല. കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതറിഞ്ഞ് ഞങ്ങളുടെ കണ്ണ് നിറഞ്ഞപ്പോഴും 'എനിക്ക് 73 വര്‍ഷം നല്ല കാഴ്ച തന്ന അല്ലാഹുവിനു സ്തുതി' എന്നാണ് പറഞ്ഞത്. കാണാന്‍ വരുന്നവരോട് അങ്ങോട്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തി അവരെ സമാധാനിപ്പിച്ച്, സന്തോഷിപ്പിച്ച് പറഞ്ഞയക്കുക എന്നതായിരുന്നു രീതി.
രണ്ടു ഭാര്യമാരും 13 മക്കളും അടങ്ങുന്നതാണ് പാഷ കുടുംബം. രണ്ടു കുടുംബത്തെയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് ഉപ്പയുടെ ഏറ്റവും വലിയ വിജയം. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഉപ്പയുടെ ജീവിതം പൂര്‍ണമായും വളാഞ്ചേരി വീട്ടിലായിരുന്നു. ഉമ്മയെക്കുറിച്ച് പറയാതെ ഉപ്പ എന്ന കഥ പൂര്‍ണമാവുകയില്ല. ഒരു കിടപ്പ്‌രോഗിയെ എങ്ങനെ പരിചരിക്കാമെന്നതിന് ഒരു നല്ല മാതൃകയായിരുന്നു ഉമ്മ. ആദ്യത്തെ ആറു മാസം വീല്‍ചെയറില്‍ വീടിനുള്ളില്‍ കൊണ്ടുനടന്നിരുന്നു. ഇടക്ക് ഉമ്മയും അനിയനും കൂടി പുറത്ത് പൂക്കള്‍ക്കും ചെടികള്‍ക്കും ഇടയിലൂടെയും കൊണ്ടുനടക്കും. കാഴ്ച ഇല്ലെങ്കിലും ഉള്‍ക്കണ്ണാലെ ഉപ്പ അതൊക്കെ ആസ്വദിക്കുമായിരുന്നു. പിന്നീടുള്ള ഒന്നര വര്‍ഷം പൂര്‍ണമായും കിടപ്പിലായപ്പോഴും എന്നും രാവിലെ വൃത്തിയാക്കി നല്ല ഭംഗിയുള്ള വസ്ത്രം ധരിപ്പിച്ച് ഊദ് പുരട്ടി സുന്ദരനായി കിടത്തുമായിരുന്നു ഉമ്മ. സുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ ക്ലാസ്സ് കേള്‍ക്കും. ശേഷം അന്നത്തെ പത്രം വായിച്ചു കൊടുക്കും. മീഡിയ വണ്‍ കേട്ടുകൊണ്ടിരിക്കും. ഇടക്ക് ചില ഇസ്്‌ലാമിക സാഹിത്യങ്ങളും പ്രബോധനം വാരികയും ഒക്കെ ഉമ്മ വായിച്ചു കൊടുക്കും. അങ്ങനെ ഒരു റൂമിനുള്ളില്‍ ഒട്ടും മുഷിയാതെ, മുഷിപ്പിക്കാതെ രാഷ്ട്രീയ ചര്‍ച്ചകളും കുടുംബ ചര്‍ച്ചകളുമായി അവര്‍ ആനന്ദിച്ചു ജീവിച്ചു. ഉപ്പയുടെ ഒരു കൂട്ടുകാരന്‍ ഒരിക്കല്‍ വന്നപ്പോള്‍ പറഞ്ഞത്, ഒരുപാട് പരിചാരകരുള്ള ഒരു രാജാവിനെപ്പോലെ ഉണ്ട് ആ കിടപ്പ് എന്നാണ്.
എന്നും ചുറ്റുമുള്ളവര്‍ക്ക് സമാധാനവും സന്തോഷവും നല്‍കാന്‍ മാത്രം ശ്രമിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഉപ്പാക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കണേ...

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media