അടുത്തിടെ വിടപറഞ്ഞ, കൊണ്ടോട്ടി അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ പത്‌നി കെ.എന്‍ ഖദീജയെ മകള്‍ ഓര്‍ക്കുന്നു
എന്റെ ഉമ്മക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഉമ്മയുടെ ഉമ്മ മരണപ്പെട്ടത്. അതിനു ശേഷം കുടുംബവീടുകളിലാണ് ഉമ്മ വളര്‍ന്നത്. പഠനം ആറാം ക്ലാസ് വരെയാണ്. ചെറുപ്പം മുഴുവന്‍ പല കുടുംബങ്ങളിലായി ജീവിച്ചതിനാല്‍ തുടര്‍പഠനം സാധ്യമായില്ല.
പതിനാലാം വയസ്സില്‍ വിവാഹം നടന്നു. ഒഴുകൂര്‍ കുട്ടിരായിന്‍ കാക്ക (ഉമ്മയുടെ അമ്മായിയുടെ മരുമകന്‍)യാണ് ഉമ്മയുടെ വിവാഹം നടത്തിയത്. കല്യാണത്തിന് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മ സ്വന്തം ഉപ്പയെ ആദ്യമായി കാണുന്നത്. മൂത്തമകന്‍ റഷീദലിയെ ഗര്‍ഭം ധരിച്ച സമയത്ത് ഉപ്പയെ കാണാത്തതിലുള്ള ഉമ്മയുടെ വിഷമം കണ്ട് ഉപ്പയുടെ ഉമ്മ പറയുമായിരുന്നു: 'ഈ പെണ്‍കുട്ടിയുടെ ഉപ്പ എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്ക്, അല്ലെങ്കില്‍ ഇവള്‍ക്ക് ഭ്രാന്താവും.' അങ്ങനെയാണ് പാപ്പിനിശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ടേക്ക് പോയത്. വിവാഹസമ്മാനമായി കിട്ടിയ പാദസരം വിറ്റിട്ടാണ് ഉപ്പയെ കാണാന്‍ പോയത്. പിന്നീട് ഉപ്പയുമായി നല്ല ബന്ധം തുടരുകയും സഹോദരങ്ങളുടെ പഠനകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ വല്ലാത്ത മനോധൈര്യമായിരുന്നു ഉമ്മാക്ക്. അടിയന്തരാവസ്ഥക്കാലത്തെ ഉപ്പയുടെ അറസ്റ്റ് ഓര്‍മയിലുണ്ട്. ഞങ്ങള്‍ മൂന്ന് മക്കളും (റഷീദലി, മറിയം ജമീല, അബ്ദുല്‍ ഹമീദ്) ചെറിയ പ്രായമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ മദ്‌റസ വിട്ടു വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ കുറെ പോലീസുകാര്‍. 'ഇവര്‍ എങ്ങോട്ട് വന്നതായിരിക്കു'മെന്ന് അദ്ഭുതപ്പെട്ടു. വീടിനോട് അടുക്കുംതോറും വലിയൊരു ആള്‍ക്കൂട്ടം കണ്ടു. വീടിന്റെ പരിസരത്തും വീടിനുള്ളിലും പോലീസ്. വീടിന്റെ അട്ടത്ത് കയറി ഒരു പോലീസുകാരന്‍ ഞങ്ങളുടെ മദ്‌റസാ പുസ്തകങ്ങള്‍ വെച്ച മുരിക്കിന്‍ പെട്ടി തപ്പുന്നു. അതിലുണ്ടായിരുന്ന അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഫോട്ടോ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഉപ്പയെ അറസ്റ്റ് ചെയ്യാനാണ് പോലീസുകാര്‍ വന്നതെന്ന് ഉമ്മക്ക് അറിയാം. ഉപ്പയോട് വസ്ത്രം മാറാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ 'കുളിക്കുന്നതിനു കുഴപ്പമുണ്ടോ' എന്ന് ചോദിച്ച് വെള്ളവും സോപ്പുമെല്ലാം ഉമ്മ ശ്രദ്ധാപൂര്‍വം ഒരുക്കിക്കൊടുക്കുന്നത് ഞങ്ങള്‍ നോക്കി നിന്നു. കുളി കഴിഞ്ഞുവരുന്ന ഉപ്പാക്ക് സാധാരണ കൊടുക്കാറുള്ള പഴങ്കഞ്ഞി തയാറാക്കി വെച്ചു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും ഉമ്മ കഞ്ഞി കുടിക്കാന്‍ ക്ഷണിച്ചു. ഉമ്മച്ചിയുടെ ഇത്തരം പ്രവൃത്തികള്‍ അവരെ ആശ്ചര്യപ്പെടുത്തി. ഇതെല്ലാം കണ്ടുനിന്ന അയല്‍വാസികള്‍ പറഞ്ഞത്, 'കണ്ടോ, തള്ളേം മക്കളും ഒരു അനക്കവുമില്ലാതെ നോക്കി നില്‍ക്കുന്നത്' എന്നായിരുന്നു. പോലീസുകാരുടെ കൂടെ വീട്ടില്‍നിന്ന് യാത്ര ചോദിച്ചിറങ്ങുന്ന ഉപ്പയെ കണ്ടു കരയുന്ന വല്യുമ്മയെ തലോടിക്കൊണ്ട് ഉമ്മച്ചി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു: 'നിങ്ങളുടെ മകന്‍ ആരുടെയും പൈസ കട്ടിട്ടോ ആരെയെങ്കിലും വഞ്ചിച്ചിട്ടോ കൊല ചെയ്തിട്ടോ അല്ല കൊണ്ടുപോകുന്നത്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണിയെടുത്തതിന്റെ പേരിലാണ്. അതുകൊണ്ട് അല്ലാഹുവിന്റെ സഹായം തീര്‍ച്ചയായും ഉണ്ടാവും.'
ഉപ്പാക്ക് കിഡ്‌നി രോഗമായിരുന്നു. ഡയാലിസിസ് തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പ്രയാസം നേരിട്ടു. ഇതിനൊരു പരിഹാരമാണ് CAPD ചികിത്സ എന്നറിഞ്ഞു. Continuous ambulator peritoneal dialysis) വലിയ സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്. വീട്ടില്‍നിന്നു ചെയ്യാന്‍ പറ്റുമോ എന്ന് ഡോക്ടര്‍മാരോട് ആരാഞ്ഞപ്പോള്‍ 'വീട്ടില്‍നിന്ന് റിസ്‌ക് ആണ്. ഇന്‍ഫെക്ഷന്‍ ആവാന്‍ സാധ്യതയുണ്ട്' എന്നായിരുന്നു മറുപടി. എന്നാല്‍, ഉമ്മ ഏറെ താല്‍പര്യത്തോടെ, 'എനിക്കു പഠിപ്പിച്ചു തന്നാല്‍ മതി. ഞാന്‍ കൃത്യമായി ചെയ്‌തോളാം' എന്ന് പറയുകയും അത് നന്നായി പഠിച്ചെടുക്കുകയും ചെയ്തു. ഉപ്പാന്റെ മരണം വരെ ഒരു പ്രയാസവും കൂടാതെ ഏറെ വൃത്തിയായി അതു തുടര്‍ന്നു. വിദ്യാഭ്യാസവും സൗകര്യങ്ങളും തീരെ കുറഞ്ഞ അക്കാലത്തും സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപ്പയെ സംരക്ഷിച്ച ഉമ്മയുടെ ധൈര്യത്തെ ഡോക്ടര്‍മാര്‍ പ്രത്യേകം അനുമോദിച്ചു. ആ ഡോക്ടര്‍മാരുമായി നല്ല സുഹൃദ് ബന്ധം നിലനിര്‍ത്തി.
ഞങ്ങളുടെ അയല്‍വാസിയായ സഹോദര സമുദായത്തിലെ ഒരു സ്ത്രീയുടെ പ്രസവവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമുണ്ട്: ഒരു നോമ്പിനാണ്. ഇരുപത്തിയേഴാം രാവ്. അര്‍ധരാത്രി. നല്ല മഴയുണ്ട്. അവര്‍ക്ക് പ്രസവവേദന വന്നു. ചെറിയ കുടിലാണ് അവരുടേത്. അവരുടെ ഭര്‍ത്താവ് വന്ന് ഉമ്മയോട് 'പെട്ടെന്ന് വീട്ടിലേക്ക് ഒന്നു വരണം' എന്നാവശ്യപ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ അങ്ങോട്ട് ഓടിച്ചെന്നു. വേദന വന്ന് പുളയുന്ന സ്ത്രീയുടെ കൂടെനിന്ന് ആശ്വാസം നല്‍കുകയും പ്രസവശേഷം കുട്ടിയേയും അമ്മയെയും വേര്‍പെടുത്തുകയും ചെയ്തു. ഉപ്പ തഹജ്ജുദ് നമസ്‌കരിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. 'എന്താ പെമ്പറന്നോളേ, നിനക്ക് ഭ്രാന്താണോ? എന്തെങ്കിലും സംഭവിച്ചാല്‍ ആരാ മറുപടി പറയുക' എന്ന ഉപ്പയുടെ ചോദ്യത്തിന് 'ഒന്നും സംഭവിക്കില്ല, അല്ലാഹു നമ്മുടെ കൂടെയില്ലേ' എന്നായിരുന്നു ഉമ്മയുടെ മറുപടി.
സേവനം
ചെറുപ്പത്തിലേ ഞങ്ങള്‍ കാണുന്നത് ഉമ്മ സാമ്പത്തികമായും ശാരീരികമായും മാനസികമായും മറ്റുള്ളവരെ സഹായിക്കുന്നതാണ്. ജാതിയോ മതമോ നിറമോ ഒന്നും ഇക്കാര്യത്തില്‍ പരിഗണിച്ചില്ല. നുറുക്ക് കച്ചവടക്കാരന്‍ വീട്ടില്‍ വന്നാല്‍ ആവശ്യമില്ലെങ്കിലും വാങ്ങണം എന്നാണ്. ഉമ്മക്ക് സ്വയം സാമ്പത്തികമായി സഹായിക്കാന്‍ കഴിയാതെ വരുമ്പോള്‍ അറിയുന്ന കഴിവുള്ളവരോട് സഹായം തേടും. രോഗശയ്യയിലും അതു തുടര്‍ന്നു.
എട്ടര വര്‍ഷത്തോളം കിടപ്പിലായി. ആ സമയത്ത് ഉമ്മയെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് പലരുടെയും സഹായ ആവശ്യങ്ങള്‍ ഉന്നയിക്കും. 'കഴിയുന്ന രീതിയില്‍ നിങ്ങള്‍ സഹായിക്കണം' എന്ന് പറയും. സന്തോഷപൂര്‍വം ഈ ആവശ്യം സ്വീകരിക്കുന്നവരായിരുന്നു ഉമ്മയുടെ ഊര്‍ജം. പലപ്പോഴും ഉമ്മക്ക് അടുത്ത ബന്ധുക്കള്‍ ചികിത്സക്ക് വേണ്ടി കൊടുക്കുന്ന കാശുപോലും പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. 'നിങ്ങളിങ്ങനെ പണം ആവശ്യപ്പെടരുത്. അവര്‍ തെറ്റിദ്ധരിച്ചാലോ?' എന്ന് ഞങ്ങള്‍ പറയുമ്പോള്‍ 'എനിക്ക് അവരുടെ അടുത്തെത്താന്‍ കഴിയില്ല, പിന്നെ ചുറ്റുമുള്ളവര്‍ക്ക് സ്വര്‍ഗം കിട്ടാനുള്ള ഒരു വഴി ഞാന്‍ കാണിച്ചുകൊടുക്കുകയല്ലേ, അതിലെന്താണ് തെറ്റ്' എന്നാണ് ഉമ്മയുടെ മറുപടി.
ആരോഗ്യമുള്ള സമയത്ത് ഉമ്മ ഒരുപാടാളുകള്‍ക്ക് ആശുപത്രികളില്‍ കൂട്ടായിരുന്നിട്ടുണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബ് പ്രശാന്തി ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയപ്പോള്‍ 21 ദിവസവും സുബൈദത്താക്ക് കൂട്ടായിരുന്നു. ഹജ്ജ് ക്യാമ്പിലെ വളണ്ടിയറായും സേവനം ചെയ്തിട്ടുണ്ട്.
തയ്യല്‍, കടലാസ് പൂവ് നിര്‍മാണം, ചവിട്ടി തുന്നുക, പേപ്പര്‍ കവര്‍ നിര്‍മാണം, തലയണ തുന്നുക... തുടങ്ങി ഉമ്മ എപ്പോഴും തിരക്കിലായിരുന്നു.
ദഅ്വത്ത്
അയല്‍വീട്ടിലെ സഹോദര സമുദായത്തിലെ സ്ത്രീകള്‍ ഞങ്ങളുടെ വീട്ടില്‍ അന്തിയുറങ്ങുന്നത് ഞങ്ങള്‍ ചെറുപ്പത്തിലേ കണ്ടിട്ടുണ്ട്. തീണ്ടാരി സമയമെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെടുമ്പോഴായിരുന്നു ഉമ്മ അവരെ വിരുന്നുകാരായി സ്വീകരിച്ചിരുന്നത്. അവര്‍ക്ക് ഇസ്‌ലാമും പ്രസ്ഥാനവും ഉമ്മയില്‍നിന്ന് പരിചിതമായിരുന്നു. ഉമ്മയില്‍നിന്ന് സംസ്‌കാരം പകര്‍ന്നുകിട്ടിയ അയല്‍വാസിയായ അങ്ങനെയൊരാള്‍ ചേലാകര്‍മം നടത്തിയിട്ടുണ്ട്.
വൃത്തിയും ചിട്ടയും
ഉമ്മയുടെ വൃത്തിയും ചിട്ടയും ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ കുളിപ്പിച്ച് മുടി ചീകി ഹെയര്‍ ഓയില്‍ പുരട്ടി, ഉള്ള ഡ്രസ്സ് അലക്കി മിനുക്കിയാണ് ധരിപ്പിക്കാറ്. ഉപ്പയെ യാത്രയാക്കുന്നത് കാണാനും ഭംഗിയാണ്. വസ്ത്രങ്ങളെല്ലാം അലക്കി വൃത്തിയാക്കി വെക്കും. ഇസ്തിരിപ്പെട്ടി ഇല്ലാത്ത കാലമാണ്, ഉണങ്ങിയ ഡ്രസ്സെല്ലാം മടക്കി കടലാസില്‍ പൊതിഞ്ഞ് ഉമ്മ തലയണച്ചുവട്ടില്‍ വെക്കും. രാവിലെ എടുത്താല്‍ ഇസ്തിരിയിട്ടതു പോലെ ഉണ്ടാവും. എന്നിട്ട് അതില്‍ അത്തറും പുരട്ടും. സുഗന്ധദ്രവ്യങ്ങള്‍ ഉമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വീട്ടിലേക്ക് വരുന്ന അതിഥികള്‍ക്ക് ഒരു തരത്തിലും അലോസരം തോന്നാത്ത രീതിയില്‍ സുഗന്ധം പൂശിയിരുന്നു.
ദഅ്‌വത് നഗര്‍ സമ്മേളനത്തില്‍ ശുചീകരണ അധ്യക്ഷയായിരുന്നു ഉമ്മ.
സത്യസന്ധത
കുട്ടികളായിരിക്കുമ്പോള്‍ രാത്രി ഉറങ്ങിയതിനു ശേഷം ഞങ്ങളുടെ സ്‌കൂള്‍ സഞ്ചികള്‍ പരിശോധിച്ച് ഞങ്ങളുടേതല്ലാത്ത വല്ല പെന്‍സിലോ മറ്റ് സാധനങ്ങളോ ഇല്ല എന്ന് ഉമ്മ ഉറപ്പുവരുത്തും. മറ്റുള്ളവരുടെ സാധനങ്ങള്‍ സഞ്ചിയിലുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യും. കളവു പറയുകയാണെങ്കില്‍ തക്കതായ ശിക്ഷ നല്‍കും. അതുപോലെ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നതും ഉമ്മ ഏറെ വെറുത്തിരുന്നു. എന്റെ വിവാഹത്തിന് മുമ്പ് ഉമ്മ എനിക്ക് നല്‍കിയ ഉപദേശം: 'ഉമ്മാന്റെ കുട്ടി ആരെയും കുറ്റം പറയുകയോ ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാല്‍ അത് മറ്റുള്ളവരോട് പറയുകയോ ചെയ്യരുത്. ഭര്‍ത്താവിന്റെ കുടുംബത്തെ നല്ല രീതിയില്‍ നോക്കണം. അവരോട് നല്ല രീതിയില്‍ പെരുമാറണം'്.
പ്രസ്ഥാനം
പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ഉമ്മ ജീവന് തുല്യം സ്‌നേഹിച്ചു. ഉപ്പ ഉമ്മയെ എല്ലാ പ്രവര്‍ത്തകരുടെ വീട്ടിലും കൊണ്ടു പോകാറുണ്ടായിരുന്നു. പിന്നീട് അവരുമായി നിരന്തരം ബന്ധം പുലര്‍ത്തി. ഉമ്മ കിടപ്പിലായി വര്‍ഷങ്ങളായിട്ടും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞിരുന്നില്ല. ആ സംസാരത്തില്‍, പ്രസ്ഥാനത്തില്‍ ഉപ്പയും കെ.എന്‍, ടി.കെ, എ.കെ, കെ.സി അബ്ദുല്ലാ മൗലവിയും അവരുടെ പ്രവര്‍ത്തന രീതിയും, യാത്രകളും അനുഭവങ്ങളുമെല്ലാം കടന്നുവരും. സംസാരത്തിലൂടെ തന്നെ, ചില ആളുകളെ അന്ധവിശ്വാസത്തില്‍നിന്നും അനാചാരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതും ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കുന്നതും കണ്ടിട്ടുണ്ട്. കിടപ്പിലായപ്പോഴേക്കും പ്രസ്ഥാനത്തിലേക്ക് ആളുകളെ ക്ഷണിക്കാന്‍ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സങ്കടം പറഞ്ഞതിനാല്‍ വീട്ടിലേക്ക് ഹല്‍ഖാ യോഗങ്ങള്‍ മാറ്റുകയും അതില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യും. മരിക്കുന്നത് വരെ ബൈത്തുല്‍ മാല്‍ കൃത്യമായി കൊടുത്തിരുന്നു.
ഉമ്മക്ക് ശാരീരികമായി തളര്‍ച്ച വന്നു ഏതാണ്ട് ഒരു വര്‍ഷമായപ്പോള്‍ ആരിഫലി സാഹിബ് (മരുമകന്‍) അടുത്ത് വന്നിരുന്ന് തല തടവിക്കൊടുത്തുകൊണ്ട് ചോദിച്ചു: 'ഉമ്മാ, ഞാന്‍ കുഞ്ഞുമോളെ- എന്റെ കൂടെ ദല്‍ഹിയിലേക്കു കൊണ്ടു പോവട്ടെ.. ഇപ്പൊ എനിക്ക് ഭക്ഷണത്തിനും മറ്റും കുറച്ചു ബുദ്ധിമുട്ടുണ്ട്, ഇന്‍ശാഅല്ലാഹ്, എല്ലാം ഒന്ന് ശരിയായാല്‍ ഇങ്ങോട്ട് തന്നെ വിടാം.' പരസഹായം കൂടാതെ ബാത്റൂമില്‍ പോലും പോവാന്‍ കഴിയാത്ത ഉമ്മച്ചിയുടെ അടുത്തുനിന്ന് പോവാന്‍ ഞാന്‍ മടിച്ചു. എന്റെ മനഃപ്രയാസം കണ്ടു ഉമ്മ എന്നെ ആശ്വസിപ്പിച്ചു: 'ഭര്‍ത്താവ് വിളിച്ചാല്‍ പോകണം, പ്രസ്ഥാനത്തിന് വേണ്ടിയല്ലേ, ന്റെ കുട്ടി പൊയ്‌ക്കോ. എന്നെ സ്വന്തം ഉമ്മാനെപ്പോലെ നോക്കാന്‍ എനിക്ക് രണ്ടു പെണ്‍മക്കളും കൂടി ഉണ്ടല്ലോ (മരുമക്കളായ റസിയ, താഹിറ).
വായന
ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും വായന ശീലമാക്കിയിരുന്നു. ഐ.പി.എച്ച് സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാം വായിച്ചിട്ടുണ്ട്. വായനക്കായി പലരില്‍നിന്നും പുസ്തകം വാങ്ങുമായിരുന്നു. കടയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരാറുള്ള പേപ്പര്‍ വായിച്ചതിനു ശേഷമല്ലാതെ കളയാറില്ല. സുഖമില്ലാത്ത സമയത്ത് കുളിയെല്ലാം കഴിഞ്ഞു ഉമ്മയെ കിടത്തും. ശേഷം ഒരു ചോദ്യമാണ്: 'എനിക്കിപ്പോള്‍ കണ്ണു കാണാത്തതു കൊണ്ടല്ലേ, എന്റെ കുട്ടി ആ പ്രബോധനം ഒന്നെടുത്തു വായിച്ചു തന്നാളീ.' അതിലെ ഹദീസ് പംക്തിയാണ് ആദ്യം വായിക്കുക.
മര്‍ഹൂം ടി.കെ അബ്ദുല്ലാ സാഹിബിന്റെ ഭാര്യയുമായി നിരന്തരം ഫോണ്‍ ചെയ്യുമായിരുന്നു, അവര്‍ പ്രബോധനം വായിച്ച് അതിലുള്ള കാര്യങ്ങള്‍ ഉമ്മക്ക് ഫോണിലൂടെ പറഞ്ഞുകൊടുക്കും. ടി.കെ സാഹിബിന്റെ മരണം ഉമ്മയെ വല്ലാതെ പ്രയാസപ്പെടുത്തി. അതിനുശേഷമാണ് ഉമ്മ മൗനിയായത്. അതുപോലെ ടി.കെ ഹുസൈന്‍ സാഹിബ് ഉമ്മച്ചിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു. അവരുടെ കൂടെയായിരുന്നു ഉമ്മ ഹജ്ജിനു പോയത്.
കുടുംബ ബന്ധം
ചെറുപ്പത്തില്‍ തനിച്ചു വളര്‍ന്നതു കൊണ്ടായിരിക്കണം കുടുംബബന്ധം നന്നാക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. മക്കള്‍-മരുമക്കള്‍ എന്ന വ്യത്യാസമില്ലാതെ ഞങ്ങള്‍ ആറു മക്കളെയും ഒരുപോലെ സ്‌നേഹിച്ചു. കിടപ്പിലായ എട്ടര വര്‍ഷവും സന്ദര്‍ശകര്‍ വന്നുകൊണ്ടേയിരുന്നു. വന്ന ആളുകള്‍ക്ക് ഒരിക്കലും മടുപ്പ് തോന്നാത്ത വിധം അവരെ പ്രത്യേകമായി സ്വീകരിക്കുകയും അവര്‍ ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം വിശേഷം ചോദിക്കുകയും പ്രയാസങ്ങള്‍ മനസ്സിലാക്കി, സഹായം നല്‍കേണ്ടവരാണെങ്കില്‍ അവര്‍ക്ക് സ്വകാര്യമായി അത് ചെയ്തുകൊടുക്കുകയും ചെയ്യും. വരാന്‍ കഴിയാത്തവരെ ഫോണില്‍ വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചു. ഫോണ്‍ ബുക്കില്‍ കുടുംബത്തിന്റെയും അല്ലാത്തതുമായ ഒരുവിധം എല്ലാ സന്ദര്‍ശകരുടെയും നമ്പര്‍ ഉണ്ട്. കണ്ണിന്റെ കാഴ്ച കുറയും തോറും ബുക്കിലെ അക്ഷരങ്ങള്‍ വലുതാക്കാന്‍ തുടങ്ങി, അങ്ങനെ ഒരു പേജില്‍ ഒരു നമ്പര്‍ എന്ന രീതിയില്‍ വരെ എത്തി. പിന്നീട് വിരല്‍ത്തുമ്പു കൊണ്ട് ഫോണ്‍ നമ്പര്‍ ഞെക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് വിളിയും അന്വേഷണവും കുറഞ്ഞത്.
വളരെയധികം സല്‍ക്കാര പ്രിയയായിരുന്നു ഉമ്മ. കൊണ്ടോട്ടി പള്ളിയില്‍ ഖുത്ബ നടത്തുന്നവര്‍ മുതല്‍ പഴയതും പുതിയതുമായ ഒരുപാട് ആളുകളെ ഉമ്മ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിക്കൊടുത്തു. എല്ലാ പെരുന്നാളിനും കുടുംബാംഗങ്ങളും പ്രസ്ഥാന പ്രവര്‍ത്തകരും ഈദ്ഗാഹ് കഴിഞ്ഞ് വീട്ടില്‍ വന്ന് ഒരു ഗ്ലാസ് പായസം കുടിച്ചതിന് ശേഷമേ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ. സല്‍ക്കാരത്തില്‍ എന്ത് വിഭവം ഉണ്ട് എന്നതല്ല, ഏതു വലിയ ആള്‍ വന്നാലും എന്താണ് ഉള്ളത് അത് വെച്ച് സല്‍ക്കരിക്കുക എന്നുള്ളതാണ് ഉമ്മയുടെ രീതി. കപ്പ ആയാലും കഞ്ഞി ആയാലും ഉണക്കമീന്‍ ആയാലും. ഉമ്മയുടെ സ്വീകരണ ശൈലിയിലൂടെയും സംസാരത്തിലൂടെയും അതിന്റെ രുചി കൂട്ടും.
ഇസ്‌ലാം സ്വീകരിച്ച കുടുംബങ്ങളുടെ വിവാഹം ഞങ്ങളുടെ വീട്ടില്‍വെച്ച് നടത്തിയിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ താമസിച്ചുകൊണ്ട് കുറേ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി. ലക്ഷദ്വീപിലുള്ള കുടുംബത്തിലെ മകളുടെ പ്രസവസമയത്ത് താമസസൗകര്യത്തിന് ബുദ്ധിമുട്ട് വന്നപ്പോള്‍ സ്വയം അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും നല്ല രീതിയില്‍ അവര്‍ക്ക് പ്രസവശുശ്രൂഷ നല്‍കുകയും ചെയ്തു. ഒരു മകന്റെ സുന്നത്ത് കര്‍മവും പിന്നീട് ഇവിടെ വെച്ച് തന്നെ ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷവും ആ ബന്ധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിനെയും അവരുടെ കുടുംബത്തെയും എങ്ങനെ സ്‌നേഹിക്കണം, സഹായിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് മാതൃകയായിരുന്നു ഉമ്മ.
ഉപ്പാക്ക് കിട്ടുന്ന തുച്ഛമായ ശമ്പളം എങ്ങനെ ചെലവഴിക്കണം എന്ന കൃത്യമായ കണക്കുകൂട്ടലുകള്‍ ഉമ്മക്ക് ഉണ്ടായിരുന്നു. അത് പ്രത്യേകം എഴുതിവെക്കുകയും അതില്‍ മിച്ചം വെച്ച് പാവങ്ങളെ സഹായിക്കുകയും ചെയ്തു. സഹായങ്ങള്‍ നടത്തുന്നതിന് ആളുകള്‍ വലിയ സംഖ്യ ഉമ്മയെ ഏല്‍പിക്കാറുണ്ട്. അതിന്റെ കണക്കുകള്‍ കൃത്യമായി എഴുതിവെക്കുകയും മരുമക്കളായ റസിയെയും താഹിറയെയും കൃത്യമായി ബോധിപ്പിക്കുകയും ചെയ്യും.
കൊണ്ടോട്ടി പള്ളിയില്‍ സ്ത്രീകളുടെ ഇഅ്തികാഫിന് തുടക്കമിട്ടത് ഉമ്മയാണ്. ഉപ്പ നാട്ടിലില്ലാത്ത സമയത്തും മക്കളായ ഞങ്ങളുടെ തര്‍ബിയത്തിന്റെ കാര്യത്തില്‍ ഉമ്മ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കുട്ടികളായിരിക്കുമ്പോള്‍ നോമ്പ് നോറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി ഊഞ്ഞാല്‍ കെട്ടി തരിക, ചെറിയ കുറ്റിപ്പുര ഉണ്ടാക്കി തരിക അങ്ങനെ പല വിനോദങ്ങളും ഞങ്ങള്‍ക്കായി ഏര്‍പ്പെടുത്തി. എല്ലാ ദിവസവും മഗ്‌രിബിന് ശേഷം ഒരുമിച്ചിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ശീലിപ്പിച്ചു. ഒരിക്കല്‍ ഞങ്ങള്‍ മക്കളും പേരമക്കളും ഒരുമിച്ചിരുന്ന് മഗ്‌രിബിന് ശേഷം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ട്, ഇത് മരണ വീടാണോ എന്ന് കരുതി ഒരാള്‍ വീട്ടിലേക്ക് കയറിവന്ന രസകരമായ സംഭവവും ഉണ്ടായിട്ടുണ്ട്. മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ മുഖമക്കന ധരിക്കാന്‍ ശീലിപ്പിച്ചു.
ഏറെ സ്വഭാവ ഗുണങ്ങളാല്‍ സമ്പന്നയാണ് ഞങ്ങളുടെ ഉമ്മ. ഉമ്മയില്‍ ഉണ്ടായിരുന്ന എല്ലാ സല്‍ഗുണങ്ങളും മക്കളായ ഞങ്ങളില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സ്വര്‍ഗത്തില്‍ വച്ച് ഉമ്മയെയും ഉപ്പയെയും കണ്ടുമുട്ടാനുള്ള ഭാഗ്യവും മക്കളായ ഞങ്ങള്‍ക്ക് അല്ലാഹു നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.