പ്രാപ്തിയെത്താത്ത മക്കളെ പങ്കാളിയുടെ പിന്തുണയില്ലാതെ ഒറ്റക്ക് വളര്‍ത്തേണ്ടിവരുന്ന സാഹചര്യമാണ് സിംഗിള്‍ പാരന്റിംഗ്
പ്രണയവും കരുതലും പരസ്പര വിശ്വാസവും കാരുണ്യവുമെല്ലാം ഇഴചേര്‍ന്ന ദാമ്പത്യം ഭൂമിയിലെ ഏറ്റവും മനോഹരമായ ആവിഷ്‌കാരമാണ്. അത്തരമൊരു ജീവിതത്തെ ഉടയാതെ, ക്ഷതമേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ പലതരം വൈകാരിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് മക്കള്‍. കുഞ്ഞ് ജനിക്കുന്നതോടെ ദമ്പതികള്‍ക്കിടയിലെ വൈകാരിക പാരസ്പര്യം കൂടുതല്‍ ശക്തിയാര്‍ജിക്കും. അവര്‍ക്കിടയിലെ പലതരം അഭിപ്രായ ഭിന്നതകളും സംഘര്‍ഷങ്ങളും പിണക്കങ്ങളും പരസ്പര കുറ്റപ്പെടുത്തലുകളുമെല്ലാം മക്കള്‍ എന്ന വികാര വായ്പിലാണ് പലപ്പോഴും പരിഹരിക്കപ്പെടുകയും അലിഞ്ഞില്ലാതാവുകയും ചെയ്യുന്നത്.
എന്നാല്‍, മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ തന്നെ വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'അല്ലാഹു അനുവദിച്ചതില്‍ ഭൂമിയില്‍ അവന് ഏറ്റവും വെറുപ്പുള്ളത് വിവാഹ മോചനമാണെ'ന്ന പ്രവാചക വചനത്തിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്. ദാമ്പത്യം അവസാനിപ്പിക്കുന്നതിന് ഓരോരുത്തര്‍ക്കും അവരുടെതായ കാരണങ്ങളുണ്ടാകും. നരകതുല്യ ജീവിതം നയിക്കുന്നതിനേക്കാള്‍ നല്ലത് 'പിരിയലാ'ണ് എന്ന തീരുമാനം പലരും ഒരു പാട് ആലോചനകള്‍ക്ക് ശേഷമെടുത്തതുമായിരിക്കും. മക്കളുള്ള ദമ്പതികള്‍ പിരിയുന്നതോടെ പുതിയ വെല്ലുവിളികള്‍ അവരെ കാത്തിരിക്കുന്നുണ്ട്.
എന്താണ് സിംഗ്ള്‍ പാരന്റിംഗ്?
വിവാഹ മോചനത്തിലൂടെയോ, ഭര്‍ത്താവിന്റെ/ഭാര്യയുടെ പ്രവാസം കാരണമായോ മറ്റ് പലതരം സാമൂഹിക ഘടകങ്ങള്‍ കാരണമായോ, പ്രായപൂര്‍ത്തിയും പക്വതയും കാര്യശേഷിയുമെത്തിയിട്ടില്ലാത്ത പല പ്രായത്തിലുള്ള മക്കളെ പങ്കാളിയുടെ പിന്തുണയില്ലാതെ ഒറ്റക്ക് വളര്‍ത്തുകയും പരിചരിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് പൊതുവില്‍ സിംഗിള്‍ പാരന്റിംഗ്.
വിവാഹ മോചനത്തോടെ മാതാവോ പിതാവോ മക്കളുടെ കൂടെ കൂടുതല്‍ സമയം ഒറ്റക്കാവുന്ന സാഹചര്യമുണ്ടാകാറുണ്ട്. മക്കള്‍ പലപ്പോഴും കൂടുതല്‍ സമയവും വളരുന്നത് മാതാക്കളോടൊപ്പമായിരിക്കും. ഇണകളിലൊരാള്‍ പ്രവാസിയാവുമ്പോള്‍ മക്കള്‍ മറ്റെയാളോടൊപ്പം മാത്രമാവുന്നു.
മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍ പലതരം വെല്ലുവിളികളെ അതിജീവിക്കുന്നു. ബന്ധം വേര്‍പെട്ടതിനു ശേഷം സ്ത്രീകള്‍ മക്കളോടൊപ്പം ഒറ്റക്കായിപ്പോകുന്നത് അവരുടെ വൈകാരിക മാനസിക സംഘര്‍ഷങ്ങളെ തീവ്രമാക്കുന്നു. പലപ്പോഴും ശാരീരിക ആരോഗ്യത്തെപ്പോലും ബാധിക്കുന്നു. സ്വന്തമായി ജോലിയുള്ള സ്ത്രീകള്‍ക്കാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്. ദാമ്പത്യത്തില്‍ ഇണകള്‍ ഒന്നായി ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങള്‍ പങ്കുവെച്ച് കൈകാര്യം ചെയ്തിരുന്ന രക്ഷാകര്‍തൃത്വം, ഒന്നിലേക്കൊതുങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു.
എങ്ങിനെ പരിഹരിക്കാം?
സിംഗ്ള്‍ പാരന്റിംഗിന്റെ പ്രതിസന്ധിയുടെയും വെല്ലുവിളികളുടെയും ആഴം അതേപടി നിലനില്‍ക്കുമ്പോഴും അതിനെ മറികടക്കാനുള്ള പലതരം പദ്ധതികള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്.
വിവാഹ മോചനത്തെക്കുറിച്ചും തങ്ങള്‍ പിരിഞ്ഞതിനെക്കുറിച്ചും കൃത്യതയോടെയും വ്യക്തതയോടെയും സത്യസന്ധമായും ക്രമപ്രവൃദ്ധമായി കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. മാതാവിനെക്കുറിച്ച് പിതാവോ പിതാവിനെക്കുറിച്ച് മാതാവോ കുട്ടികളോട് ദുഷിച്ച് പറയരുത്. ഒരു മോശം ചിത്രം അവരുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കരുത്. അത് കുട്ടിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും.
പുതിയ വിവാഹത്തെക്കുറിച്ചാലോചിക്കുന്നവര്‍ തന്റെ കുഞ്ഞിനെ വേണ്ട വിധത്തില്‍ പരിഗണിക്കുന്ന ഒരാളെ വേണം തെരഞ്ഞെടുക്കാന്‍. പുതിയ ഇണയെക്കുറിച്ച് കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കണം.. അവര്‍ തമ്മില്‍ അടുക്കാന്‍ പലപ്പോഴും സമയമേറെയെടുത്തേക്കും.
പലതരം ജോലികള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കുമിടയില്‍ കുട്ടികളെ സവിശേഷ ശ്രദ്ധയും പരിചരണവും നല്‍കി വളര്‍ത്തുക എന്നത് അല്‍പം ശ്രമകരമാണ്. പ്രത്യേകിച്ച് സിംഗിള്‍ പാരന്റിംഗില്‍. ദാമ്പത്യ ബന്ധം തകരുന്നതോടെ കുട്ടികളെ പരിചരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കാനിടയുണ്ട്. ഇതിനെ മറികടക്കാന്‍ വിദഗ്ധര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്:
1. ദിവസവും കുറച്ച് നേരം കുട്ടിയുമൊത്ത് ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. അവരോട് ഉള്ളുതുറന്ന് സംസാരിക്കുക. അവരോടൊത്ത് ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളിലും അവര്‍ക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കും വിധം സ്റ്റേഹത്തിന്റെയും കരുതലിന്റെയും കവാടങ്ങള്‍ തുറന്നിടുക.
2. കുട്ടി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുക. കുട്ടിയിലുള്ള സര്‍ഗാത്മക, കായിക സിദ്ധികളും കഴിവുകളും കണ്ടെത്തി നിരന്തരം പ്രോത്സാഹിപ്പിക്കുക. ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുക.
3. കുട്ടിയുടെ ഉറക്കം, ഭക്ഷണം, വിനോദങ്ങള്‍, കൂട്ടുകെട്ടുകള്‍ തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും അത്തരം കാര്യങ്ങളില്‍ അവരെ വിശ്വാസത്തിലെടുത്ത് പോസിറ്റീവായി പെരുമാറുകയും ചെയ്യുക. മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിന് അവരുമായി യാത്ര പോവുകയോ വീട്ടിനകത്തും പുറത്തുമുള്ള ക്രിയാത്മക ജോലികളില്‍ അവരെ പങ്കാളികളാക്കുകയോ വേണം.
4. വിധിയെ മുന്‍നിര്‍ത്തി കുട്ടികളുടെ മുന്നില്‍വെച്ച് ആത്മനിന്ദാപരമായ വാക്കുകളുപയോഗിച്ച് സ്വയം കുറ്റപ്പെടുത്താതിരിക്കുക. അത്തരം പെരുമാറ്റങ്ങള്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ വിഷാദം വര്‍ധിപ്പിക്കാനിടയുണ്ട്. കുട്ടിയുടെ ആത്മവിശ്വാസത്തെയും അത് ബാധിക്കും.
5. ഒറ്റക്കാകുമ്പോള്‍ കുട്ടിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെങ്കില്‍ രക്ഷിതാവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടേണ്ടതുണ്ട്. അതിനാല്‍ വ്യായാമം, വിനോദം, ഉറക്കം തുടങ്ങിയ കാര്യങ്ങളില്‍ പാരന്റ് സവിശേഷ ശ്രദ്ധ ചെലുത്തണം. മാനസികമായും ശാരീരികമായും ആത്മീയമായും സ്വയം കരുത്താര്‍ജിക്കുമ്പോള്‍ മാത്രമേ കുട്ടികളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനും ആവശ്യമായ ഊര്‍ജം കരഗതമാകൂ.