1965-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ എറണാകുളം സ്വദേശിനി ഡോ. വി.കെ അമീന ബീവി അവരുടെ വേറിട്ട ജീവിതയാത്ര
പങ്കുവെക്കുന്നു.
ഡോക്ടറാകാനുള്ള
പ്രചോദനം?
എന്റെ കുട്ടിക്കാലത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മയുടെ ഉപ്പയെ പറ്റി പറയാതിരിക്കാനാവില്ല. കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണമെന്നത് ഉപ്പാപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീകള്‍ അക്ഷരാഭ്യാസം നേടുന്നതും ഭൗതിക വിദ്യാഭ്യാസം നേടുന്നതുമെല്ലാം അത്ഭുതകരവും അത്യപൂര്‍വവുമായിരുന്നു. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഉപ്പാപ്പ തന്റെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ് എന്റെ ഉമ്മ, ആയിശു.
ആലുവയിലെ ചെമ്പകശ്ശേരി കടവിനടുത്താണ് ഞങ്ങളുടെ അന്നത്തെ വീട്. അത് ഉമ്മയുടെ നാടാണ്. വെളിയത്തുനാട് ആണ് ഉപ്പയുടെ നാട്. ഉപ്പ കച്ചവടാവശ്യാര്‍ഥം ആലുവയില്‍ വന്നു സ്ഥിരതാമസമാക്കിയതാണ്. ഉപ്പാപ്പ അറിയപ്പെടുന്ന, സ്വീകാര്യനായ വ്യക്തിയായിരുന്നു. മാനാടത്ത് കുഞ്ഞുമക്കാറ് പിള്ള എന്നാണ് മുഴുവന്‍ പേര്. ഇന്ത്യയിലെ ആദ്യത്തെ നിയമനിര്‍മാണ സഭയായ ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അദ്ദേഹം.
സ്വത്ത് വിഹിതം നല്‍കുന്നതിലും വിദ്യാഭ്യാസം ചെയ്യിക്കുന്നതിലുമൊക്കെ നീതിപൂര്‍വമായ നിലപാടാണ് ഉപ്പാപ്പ പുലര്‍ത്തിയത്. കാലങ്ങള്‍ കടന്നുപോകാനുള്ള വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഞങ്ങളുടെ കൈകളില്‍ തന്നേല്‍പ്പിച്ചു എന്നതാണ് അദ്ദേഹത്തെ കുറിച്ച ഏറ്റവും വിലപ്പെട്ട ഓര്‍മ.
വിദ്യാഭ്യാസം
ഇപ്പോഴത്തെ ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് അഞ്ചാം ക്ലാസ്സുവരെ പഠിച്ചത്. തുടര്‍ പഠനം തോട്ടുമുഖത്തുള്ള ക്രൈസ്തവ മഹിളാലയം സ്‌കൂളിലും. അവിടെ വളരെക്കുറച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ. അവര്‍ ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ പെട്ടവരായിരുന്നു.
പൊതുവില്‍ നല്ല അന്തരീക്ഷമായിരുന്നു അവിടെ. അധ്യാപകരെല്ലാം ക്രൈസ്തവരായിരുന്നു. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു വന്ന ഒരു മദാമ്മയും അധ്യാപകരിലുണ്ടായിരുന്നു. സ്‌കൂളിന്റെ പ്രവൃത്തി ദിനം ആരംഭിക്കുന്നത് രാവിലെ ചാപ്പലില്‍ വെച്ചുള്ള പ്രാര്‍ഥനയോടെയാണ്. എല്ലാ ദിവസവും രാവിലെ ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് സ്പിരിച്വല്‍ ക്ലാസുകളും ഉണ്ടാകും. മറ്റു മത വിശ്വാസികള്‍ക്ക് ആ സമയം ഹാളിലിരുന്ന് വായിക്കുകയോ പഠിക്കുകയോ ചെയ്യാം. ഞാന്‍ ഈ വേദപഠന ക്ലാസ് ഇടക്കൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. രസകരമായ കഥകളും ഐതിഹ്യങ്ങളും കേള്‍ക്കാന്‍ ഇഷ്ടമായിത്തുടങ്ങിയത് അങ്ങനെയാണ്.
അക്കാലത്ത് വലിയ എതിര്‍പ്പുകളൊന്നും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, ഗൈഡ് ചെയ്യാന്‍ ആരുമില്ലാത്ത സാഹചര്യമാണല്ലോ. 1958-ലാണ് ഞാന്‍ ആലുവ യു.സി കോളേജില്‍ പ്രീ യൂനിവേഴ്‌സിറ്റിക്ക് ചേര്‍ന്നത്. പിന്നീട്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടി. കോഴിക്കോട്ട് കോഴ്‌സ് ആരംഭിച്ച്, നാലാമത്തെ ബാച്ച് ആയിരുന്നു അത്.
എം.ബി.ബി.എസ് പഠനവും കോഴിക്കോട്ടേക്കുള്ള യാത്രയും
ആലുവയില്‍ നിന്ന് ആകെ രണ്ട് ട്രെയിനാണ് അക്കാലത്ത് കോഴിക്കോട്ടേക്ക് ഉണ്ടായിരുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് അവധിയുണ്ടാവുക. പരീക്ഷ കഴിഞ്ഞ് ഡിസംബറിലും ഏപ്രിലിലും. അന്ന് ആകെ രണ്ട് ഹോട്ടലുകളാണ് കോഴിക്കോട് ഉണ്ടായിരുന്നത്. പാളയത്ത് ഹോട്ടല്‍ ഇംപീരിയല്‍, പിന്നെ ഒരു ലക്കി റസ്റ്റോറന്റ്. യാത്രയയപ്പോ മറ്റു വലിയ പരിപാടികളോ ഉണ്ടെങ്കില്‍ ബീച്ച് ഹോട്ടലില്‍ പോകും. ഇപ്പോഴത്തെ ബീച്ച് ഹോസ്പിറ്റലാണ് ഞങ്ങള്‍ പഠിച്ച സമയത്തെ മെഡിക്കല്‍ കോളേജ്. ഞങ്ങള്‍ പാസ്സായ ശേഷമാണ് ഇപ്പോഴുള്ള മെഡിക്കല്‍ കോളേജ് പണി തുടങ്ങിയത്. അന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടമൊന്നും ഇപ്പോഴില്ല.
ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെയും മലബാറുകാരായിരുന്നു. തലയില്‍ തട്ടമിട്ട്, ഫുള്‍ സ്ലീവ് ബ്ലൗസിട്ട്, സാരിയുടുത്ത് വരുന്നവര്‍. മലബാര്‍ കഴിഞ്ഞാല്‍ പിന്നെ തലയില്‍ തുണിയിടുന്നവര്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് കുറവായിരുന്നു. അന്നത്തെ ഫസ്റ്റ് ബാച്ചില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയാണ് ഉണ്ടായിരുന്നത്. മുബാറക ബീവി.
ഹജ്ജ് യാത്ര
പുനലൂര്‍ ഇ.എസ്.ഐയില്‍ ജോലി ചെയ്യുമ്പോഴാണ് ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്റിന് കീഴിലെ ഹജ്ജ് മെഡിക്കല്‍ സംഘത്തില്‍ ഡോക്ടറായി പോവാനാണ് അവസരം- അപ്പോഴേക്കും നിസ്‌കരിച്ചിട്ടും ഖുര്‍ആന്‍ പാരായണം ചെയ്തിട്ടും വര്‍ഷങ്ങളായിട്ടുണ്ട്. അറബി അക്ഷരങ്ങളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ ഓതാന്‍ കഴിയുന്നേയില്ല. അവസാനം, പണ്ട് മനപ്പാഠമാക്കിയ യാസീന്‍ തുറന്ന് അതില്‍ നിന്ന് അക്ഷരങ്ങള്‍ ഓര്‍ത്തെടുത്താണ് വീണ്ടും പാരായണം ആരംഭിക്കുന്നത്. ആ ഹജ്ജ് യാത്രക്ക് വേണ്ടി എല്ലാം പഠിക്കാന്‍ തുടങ്ങി.
ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭര്‍ത്താവ് ജമാല്‍ സിവില്‍ എഞ്ചിനീയറായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ഒന്നര വയസ്സുള്ള മകനുണ്ട്. എന്റെ വീട്ടിലാണെങ്കില്‍ ആരും ഹജ്ജ് ചെയ്തിട്ടില്ല, പാസ്‌പോര്‍ട്ട് പോലുമില്ല. എനിക്ക് വന്നുചേര്‍ന്ന ഭാഗ്യം കളയണ്ട എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. എനിക്ക് 25 വയസ്സാണ് പ്രായം. 1967-68 കാലഘട്ടത്തില്‍ കേരളത്തില്‍നിന്ന് ഹജ്ജിന് പോവുക ഇന്നത്തെപ്പോലെ വ്യാപകമല്ല. ഹാജിമാര്‍ പല കപ്പലുകളിലായാണ് യാത്ര. എംബസി സ്റ്റാഫിന്റെ കൂടെയാണ് ഞങ്ങള്‍ സ്ത്രീകള്‍ യാത്ര ചെയ്തിരുന്നത്. പോകുന്ന വഴി കപ്പലില്‍ വെച്ച് സി.എന്‍ അഹമ്മദ് മൗലവിയുടെ ഇസ്‌ലാം ഒരു സമഗ്ര പഠനം എന്ന പുസ്തകവും ഖുര്‍ആന്‍ വിവര്‍ത്തനവും വായിച്ചു. ഈ പുസ്തകങ്ങളെല്ലാം മുമ്പു തന്നെ മൂത്താപ്പ പറഞ്ഞ് ഞാന്‍ വാങ്ങിവെച്ചിരുന്നു.
ഇന്ത്യന്‍ എംബസിയുടെ ഒരു പഴയ നാല് നില കെട്ടിടത്തിലാണ് താമസം. 10-12 പുരുഷ ഡോക്ടര്‍മാരും അത്രയും തന്നെ ഫാര്‍മസിസ്റ്റുകളുമുണ്ട്. ലേഡി ഡോക്ടറായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ലേഡി ഫാര്‍മസിസ്റ്റും. ഞങ്ങള്‍ ഒരു റൂമിലായിരുന്നു.
അന്ന് ഹറമില്‍ നടക്കുന്ന വഴി ചരല്‍ നിറഞ്ഞതാണ്. തിരക്ക് കൂടുമ്പോള്‍ ചരലിന് മുകളില്‍ മുസ്വല്ല വിരിച്ച് നിസ്‌കരിക്കും. അത്ര ആളുകളേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഹറമില്‍ പോയി നിസ്‌കരിക്കാന്‍ നല്ല സുഖമായിരുന്നു. മനസ്സിന് എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കൈവരും. എംബസിയുടെ താമസ സ്ഥലത്ത് നിന്ന് മൂന്ന് നാല് മിനിട്ടേ നടക്കാനുള്ളൂ. പോകുന്ന വഴിയില്‍ പലതരത്തിലുള്ള കച്ചവടക്കാരുണ്ട്. അവര്‍ സ്വുബ്ഹ് നിസ്‌കരിക്കാന്‍ പോകുമ്പോള്‍ കടയുടെ മുന്നില്‍ ഒരു തുണി മാത്രം ഇട്ടാണ് പോവുക. ദൈവത്തിന്റെ കാവല്‍ അവര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു, സംസം വെള്ളം അന്ന് കൂജയിലാണ് കൊണ്ട് നടക്കുക. ചെറിയ കുട്ടികളാണ് വെള്ളം കൊണ്ടു നടക്കുന്നത്. ചെറിയ നാണയം കൊടുത്താല്‍ ഒരു പാത്രം വെള്ളം കിട്ടും. ചിരട്ട പോലെ ഒരു പാത്രമുണ്ട്, ക്രൂഷ് എന്നാണ് പേര് എന്ന് തോന്നുന്നു. അതുമായി അവര്‍ നമ്മള്‍ ഇരിക്കുന്ന സ്ഥലത്ത് വരും. അന്ന് സംസം കിണറും മറ്റും നന്നായി കാണാമായിരുന്നു. അവസാനത്തെ ഹാജിയും മദീന വിട്ട ശേഷമേ ആകെയുള്ള ലേഡി ഡോക്ടറായ എനിക്ക് തിരിച്ചു പോരാന്‍ പറ്റൂ, അതാണ് നിയമം. അങ്ങനെ അവസാനത്തെ കപ്പലിലാണ് ഞാന്‍ തിരിച്ച് നാട്ടിലെത്തുന്നത്.
ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരം ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍ പി.ജിക്ക് ചേര്‍ന്നു. ഇതിനിടെ അദ്ദേഹം രോഗബാധിതനായി, രോഗാവസ്ഥയിലും എന്റെ ഭാവിയിലായിരുന്നു അദ്ദേഹത്തിന് ശ്രദ്ധ. 1970 ആയപ്പോഴേക്കും അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയില്‍ ഡിപ്ലോമയും പി.ജിയും പൂര്‍ത്തിയാക്കി. എറണാകുളത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റായി ജോലിയാരംഭിച്ചു. 1973-ല്‍ അവിടെ നിന്നു മാറി ഡോ. കുഞ്ഞാലൂസ് നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്തു. അന്നത്തെ കാലത്ത് പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ക്വാളിഫൈഡ് ഡോക്ടര്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഗവണ്‍മെന്റ് ഡെപ്യൂട്ടേഷനില്‍ ഡോക്ടര്‍മാരെ നിയമിക്കുമായിരുന്നു. 1977-ല്‍ ഡെപ്യുട്ടേഷന്‍ കഴിഞ്ഞ് ജനറല്‍ ഹോസ്പിറ്റലില്‍ തിരികെ പ്രവേശിച്ചു. ആ വര്‍ഷം ഞാന്‍ പുനര്‍വിവാഹം ചെയ്തു. സുലൈമാന്‍ എന്നായിരുന്നു രണ്ടാമത്തെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹം വിഭാര്യനായിരുന്നു. അവര്‍ക്ക് രണ്ടു മക്കളുണ്ട്. കെ.എസ്.ഇ.ബിയിലായിരുന്നു ജോലി. 2016-ല്‍ അദ്ദേഹവും മരണപ്പെട്ടു.
ലിബിയയിലെ ജീവിതം
രണ്ടാമത്തെ വിവാഹത്തിന് ശേഷമാണ് ഞാന്‍ ലിബിയയില്‍ പോകുന്നത്. സര്‍വീസില്‍ നിന്ന് അഞ്ച് വര്‍ഷത്തെ ലീവെടുത്തു. ഞാന്‍ ഒറ്റക്കാണ് പോയത്. അവിടെ ചെന്ന് ഫാമിലി വിസക്ക് അപേക്ഷിച്ചു. ഭര്‍ത്താവിന് താല്‍പര്യമുണ്ടായിരുന്നതു കൊണ്ടാണ് ലിബിയന്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. അന്ന് ഖദ്ദാഫി അധികാരത്തിലേറിയ കാലമാണ്. ലിബിയ സോഷ്യലിസത്തിന്റെ പാതയിലേക്ക് വരുന്ന കാലം. പ്രൈവറ്റ് സ്ഥാപനങ്ങളൊന്നും തന്നെ നിലനിര്‍ത്തേണ്ടതില്ല എന്നായിരുന്നു ഗദ്ദാഫിയുടെ തീരുമാനം. നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ പാടില്ല. ക്ലിനിക്കുകളില്‍ നിന്ന് റഫര്‍ ചെയ്താല്‍ മാത്രമേ ഹോസ്പിറ്റലില്‍ പോകാവൂ തുടങ്ങിയ നിയമങ്ങള്‍.
ഗവണ്‍മെന്റ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ ഒരാള്‍ക്ക് ഒരു വീട് എന്ന നിയമവും ഉണ്ടായിരുന്നു. ഫ്‌ളാറ്റുകള്‍ക്കിടയിലെ മതിലുകള്‍ പൊളിച്ചുകളഞ്ഞ് ഒറ്റ ഫ്‌ളാറ്റാക്കി ജനങ്ങള്‍ സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിട്ടു. ചെറിയ കടകളെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളായി അപ്‌ഗ്രേഡ് ചെയ്തു. സാധനങ്ങള്‍ എല്ലായ്‌പ്പോഴും മാര്‍ക്കറ്റില്‍ വരില്ല. വന്നു കഴിഞ്ഞാല്‍ വലിയ ക്യൂ ആയിരിക്കും. ഞങ്ങളുടെ സാലറിയുടെ 40 ശതമാനം ആ രാജ്യത്തുതന്നെ ചെലവാക്കണമെന്ന നിയമമുണ്ട്. ഭര്‍ത്താവ് പ്രൈവറ്റ് സെക്ടറില്‍ ആയതുകൊണ്ട് അദ്ദേഹത്തിന് 10 ശതമാനം ചെലവാക്കിയാല്‍ മതി. പാകിസ്താനികള്‍ എന്നാണ് ഇന്ത്യക്കാരെയും അവര്‍ വിളിച്ചിരുന്നത്. ഞാന്‍ ചെന്ന സമയം ആരോഗ്യ മേഖലയും ദേശസാത്കരിച്ചിരുന്നു. നമ്മുടെ ഇ.എസ്.ഐ പോലെ ഒരു സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം തുടങ്ങിയിരുന്നു, പി.എസ്.എസ്.ഐ. ഇവിടെ ശമ്പളം കൂടുതല്‍ കിട്ടും. ഞങ്ങളെ റിക്രൂട്ട് ചെയ്ത് കൊണ്ടുപോയത് അതിലേക്കാണ്. ഇവിടെ നഴ്‌സിന് കിട്ടുന്ന അത്ര ശമ്പളം പോലും മിനിസ്ട്രിയില്‍ (ജനറല്‍ സര്‍വീസ്) ഉള്ള മുന്നേ വന്ന ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നില്ലായിരുന്നു. ജനങ്ങള്‍ക്ക് ചികിത്സയും മരുന്നും പൂര്‍ണമായും സൗജന്യമായിരുന്നു.
നാഷണലൈസേഷന്‍ ലിബിയയെ തകര്‍ത്തു എന്നു വേണം പറയാന്‍. പുറം രാജ്യക്കാരായ ഞങ്ങളുടെ കൈയില്‍ കാശുണ്ട്. ജനങ്ങളുടെ കൈയില്‍ കാശില്ല. ഞാന്‍ നാല് വര്‍ഷമാണ് അവിടെ ജോലി ചെയ്തത്. പിന്നീട് കോണ്‍ട്രാക്ട് പുതുക്കിയില്ല. ഞാന്‍ തിരിച്ച് പോരുമ്പോഴും അവിടെ ഖദ്ദാഫി ഭരണമായിരുന്നു. രാജ്യം കൂടുതല്‍ ദയനീയമായ പരിതസ്ഥിതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ദുബായിലെ ജോലി
ലിബിയയില്‍ നിന്ന് മടങ്ങി വന്ന ശേഷം എറണാകുളം ഇ.എസ്.ഐ ഹോസ്പിറ്റലിലാണ് ജോലിയില്‍ കയറിയത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇ.എസ്.ഐ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് വേര്‍പ്പെടുത്തി. അതോടെ ഞാന്‍ സീനിയര്‍ ഡോക്ടറായി. എനിക്ക് അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റാണ് ലഭിച്ചത്. അതിനോട് എനിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ അഞ്ചു വര്‍ഷത്തെ ലീവെടുത്ത് എറണാകുളത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലിക്ക് പോയി. അപ്പോഴാണ് എന്റെ സുഹൃത്ത് ദുബായില്‍ ഒരു ക്ലിനിക്കില്‍ ജോയിന്‍ ചെയ്യാന്‍ എന്നെ വിളിക്കുന്നത്.
അവധിക്ക് ശേഷം വീണ്ടും എറണാകുളത്തെ ജനറല്‍ ഹോസ്പിറ്റലില്‍ സൂപ്രണ്ടായി, കുറച്ചു നാളുകള്‍ക്കുള്ളില്‍ എറണാകുളത്ത് തന്നെ ഡെപ്യൂട്ടി ഡി.എം.ഒ ആയി. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും അഡീഷനല്‍ ഡയറക്ടറായി പ്രമോഷന്‍ ലഭിച്ചു. തിരുവനന്തപുരത്തെ ഡി.എ.ഒ ആയാണ് പോസ്റ്റ് ചെയ്തത്. അന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഡി.എം.ഒമാര്‍ക്ക് അഡീഷനല്‍ ഡയറക്ടറുടെ പോസ്റ്റാണ്. ബാക്കി ജില്ലയിലുള്ളവര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ പോസ്റ്റാണ് ലഭിക്കുക. 1997 മേയിലാണ് ഞാന്‍ റിട്ടയര്‍ ചെയ്യുന്നത്.
മുപ്പത് വര്‍ഷത്തിലേറെ ഡോക്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍
ഞാന്‍ ഗൈനക്കോളജിയിലാണ് പി.ജി ചെയ്തത്. മറ്റു സര്‍ജിക്കല്‍, മെഡിക്കല്‍ വാര്‍ഡുകളില്‍ സങ്കടവും വേദനയും മരണവുമൊക്കെ ഗൈനക്കോളജിയെ അപേക്ഷിച്ച് കൂടുതലായിരിക്കും. എന്നാല്‍, ഗൈനക്കോളജിയില്‍ മരണം താരതമ്യേന കുറവാണ്. അവസാന നിമിഷം വരെ ടെന്‍ഷനിലൂടെ കടന്നുപോയാലും കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എല്ലാവരുടെയും മുഖത്ത് വിരിയുന്ന സന്തോഷം വലുതാണ്. ഇത് നമുക്ക് സംതൃപ്തിയും ചാരിതാര്‍ഥ്യവും തരും.
മട്ടാഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു സ്ത്രീ സിസേറിയന്‍ കഴിഞ്ഞ് മടങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോള്‍ അവര്‍ക്ക് ഇന്‍ഫെക്ഷനുണ്ടായി. ഇത്തരം കേസുകളില്‍ രക്തം കട്ട പിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ ബ്ലഡ് ആവശ്യമാണെന്ന് പറഞ്ഞു. നിഷ്‌കളങ്കയായ ആ സ്ത്രീ ഒരു കുപ്പി രക്തവുമായാണ് ഡോക്ടറുടെ അടുത്തെത്തിയത്. ജനറല്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്താണ് എന്റെയടുത്ത് വരുന്നത്. അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അവരുടെ ആരോഗ്യ നില വളരെ മോശമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്തില്ലെങ്കില്‍ നമ്മുടെ കണ്‍മുമ്പില്‍ വെച്ച് തന്നെ അവര്‍ മരിക്കും. വല്ലാത്തൊരു പ്രതിസന്ധി! അവരുടെ ഭര്‍ത്താവിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. വളരെ ബുദ്ധിമുട്ടായിരുന്നു സര്‍ജറി പൂര്‍ത്തിയാക്കാന്‍. പടച്ചോന്‍ സഹായിച്ച് ആ സ്ത്രീ രക്ഷപ്പെട്ടു.
ചില സമയത്ത് നമ്മുടെ അടുത്ത് വരുന്ന സ്ത്രീകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് വല്ലാത്ത സഹതാപം തോന്നും. ഞാന്‍ മട്ടാഞ്ചേരിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു മുസ്‌ലിം സ്ത്രീയും അവരുടെ മകളും അബോര്‍ഷന്‍ ആവശ്യം പറഞ്ഞ് എന്നെ സമീപിച്ചു. ആ പെണ്‍കുട്ടി അവിവാഹിതയായിരുന്നു! ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് ആ ഉമ്മ എന്റെ മുന്നില്‍ തകര്‍ന്നു നിന്നു. ഇത്തരം സാഹചര്യങ്ങളിലൊന്നും നമുക്ക് അവരെ കൈയൊഴിയാനാവില്ലല്ലോ.
പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മരിക്കുന്നത് വലിയ വേദനയാണ്. ഒരിക്കല്‍ ട്വിന്‍ ഡെലിവറി സമയത്ത് ഇന്റര്‍ലോക്കിങ് ഓഫ് ട്വിന്‍സ്- അതായത് ഒരു കുഞ്ഞ് താഴേക്ക് വരുന്നത് മറ്റേ കുഞ്ഞ് തടയുന്ന അവസ്ഥയുണ്ടായി. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും അനുഭവമാണിത്. പ്രീമെച്വര്‍ ബെര്‍ത്തായിരുന്നു. ആദ്യത്തെ കുഞ്ഞ് പുറത്ത് വരുന്നു, ആദ്യം കാല് വന്നു. തല വരുന്നതേയുള്ളൂ. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞിന്റെ തല പുറത്ത് വന്നു. രണ്ടു പേരും ബ്ലോക്കായി. ഒരാളെയെങ്കിലും രക്ഷിക്കണം. അതിനുള്ള ഏക പ്രതിവിധി രണ്ടാമത്തെ കുഞ്ഞിന്റെ കഴുത്ത് മുറിക്കുക എന്നത് മാത്രമാണ്. ആ സമയത്ത് സിസേറിയന്‍ ചെയ്യാന്‍ സമയമെടുക്കും. എന്റെ ജീവിതത്തില്‍ വളരെ വിഷമം വന്ന സാഹചര്യങ്ങളിലൊന്നാണിത്. മെഡിക്കല്‍ ട്രീറ്റ്‌മെന്റില്‍ അത് മാത്രമേ വഴിയുള്ളൂ. ഇത് മെഡിക്കലി അംഗീകരിച്ചുള്ള രീതിയാണ്. രണ്ട് അപകടങ്ങള്‍ ഒഴിവാക്കി നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ അപകടം സ്വീകരിക്കുക; രണ്ടു കുട്ടികളും മരിക്കുന്നതിനെക്കാള്‍ നല്ലത്, ഒരു കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തുകയാണല്ലോ!
അതുപോലെ ആലുവയില്‍ ഒരു ട്വിന്‍ ഡെലിവറി സമയത്ത് ആദ്യത്തെ കുഞ്ഞ് പുറത്ത് വന്നു. രണ്ടാമത്തെ കുട്ടി വരുന്നില്ല. അപ്പോള്‍ സിസേറിയന്‍ ചെയ്ത് എടുക്കുകയാണ് വേണ്ടത്. പക്ഷേ, ആശുപത്രിക്കാര്‍ ആ സ്ത്രീയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് പറഞ്ഞു വിട്ടു. ഒരു കുഞ്ഞ് പുറത്ത് വന്ന് 15 മിനിറ്റിനകം അടുത്ത കുഞ്ഞ് വന്നില്ലെങ്കില്‍ അത് മരിക്കുമെന്നാണ് ശാസ്ത്രം. വെള്ളം പോവുകയും ഓക്‌സിജന്റെ അളവ് കുറയുകയുമൊക്കെ ചെയ്യും. നോര്‍മലായി കുഞ്ഞ് പുറത്ത് വരുമോയെന്ന് ഞാന്‍ നോക്കി. നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ ഉടന്‍ തന്നെ സിസേറിയന്‍ ചെയ്തു. ഭാഗ്യത്തിന് ആ കുഞ്ഞ് രക്ഷപ്പെട്ടു. പക്ഷേ, മറ്റൊരു അപകടം സംഭവിച്ചു. ആ വിഷമംപിടിച്ച വെപ്രാളത്തിനിടയില്‍ ആദ്യത്തെ കുഞ്ഞിന് വേണ്ടത്ര പരിഗണനയും ശ്രദ്ധയും ലഭിക്കാതെ പോയി, ആ കുഞ്ഞ് മരിച്ചു. ഇത്തരം ധാരാളം അനുഭവങ്ങള്‍ ഡോക്ടര്‍ എന്ന നിലക്ക് എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കൂടെ
1997-ലെ ഹജ്ജിന് പോയപ്പോള്‍ ഭര്‍ത്താവും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും കൂടെയുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഹജ്ജ് ഗ്രൂപ്പിലാണ് പോയത്. അന്നാണ് ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് കേള്‍ക്കുന്നത്. ഹജ്ജിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ ക്ലാസുകള്‍ക്ക് പോയിത്തുടങ്ങി.
1998-ല്‍ തന്നെ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹല്‍ഖയില്‍ മുത്തഫിഖായി. പിന്നീട് ഹല്‍ഖയുടെ നാസിമത്തായി. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ക്കുനായി. 2011-ല്‍ എനിക്ക് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം ലഭിച്ചു. പിന്നീട്, വനിതാ വിഭാഗം എറണാകുളം ഏരിയാ കണ്‍വീനറായി. 79 വയസ്സായി ഇപ്പോള്‍. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളുണ്ട്.