സ്ത്രീയുടെ ആര്‍ത്തവ പ്രക്രിയ നില്‍ക്കുന്നതാണ് ആര്‍ത്തവ വിരാമം (മെനോപോസ്). ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി ആര്‍ത്തവം ഇല്ലാതിരിക്കുന്നത് ആര്‍ത്തവ വിരാമത്തെ സൂചിപ്പിക്കുന്നു. 45 മുതല്‍ 55 വയസ്സിനുള്ളില്‍ ആര്‍ത്തവം നിലക്കാം. ചിലരില്‍ നേരത്തെയുമാവാം. ഈ കാലയളവില്‍ സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്റെ ഉല്‍പാദനം കുറയും. അതോടെ സ്ത്രീകളിലെ പ്രത്യുല്‍പാദനക്ഷമത ഇല്ലാതാകുന്നു. ആര്‍ത്തവ വിരാമത്തോടെ ധാരാളം ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. 'മേനോപോസല്‍ സിന്‍ഡ്രോം' എന്നറിയപ്പെടുന്ന ഈ കാലത്ത് സ്ത്രീകള്‍ക്ക് കുടുംബങ്ങളുടെയും പങ്കാളിയുടെയും പിന്തുണ ഏറെ ആവശ്യമാണ്.
പുരുഷന്മാരിലും പ്രായം കൂടുമ്പോള്‍ ആന്‍ഡ്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയാറുണ്ട്. എന്നാല്‍ പെട്ടെന്നുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ പുരുഷന്മാരില്‍ ഉണ്ടാകാറില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ സ്ത്രീകളെയും പുരുഷന്മാരെയും പല രീതിയിലും ബാധിക്കാറുണ്ട്.
ലക്ഷണങ്ങള്‍
മാസമുറ ക്രമമല്ലാതാകുന്നു.
പെട്ടെന്നുള്ള കോപം, സങ്കടം, നിരാശ, മാനസിക സംഘര്‍ഷങ്ങള്‍, ഓര്‍മക്കുറവ് എന്നിവയുമുണ്ടാകാം.
ദേഹം മുഴുവന്‍ ചൂട് അനുഭവപ്പെടുകയും പിന്നീട് സാധാരണപോലെ ആവുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാറുണ്ട്. ശീതീകരിച്ച മുറിയില്‍ കിടന്നാലും ചൂടനുഭവപ്പെടാം.
ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു.
അസ്ഥികളില്‍ വേദനയും നടുവേദനയും അനുഭവപ്പെടാം.
ഉറക്കം വരാതിരിക്കുകയോ വിയര്‍ത്തൊലിച്ച് ഉറക്കത്തില്‍ നിന്ന് ഉണരുകയോ ചെയ്യും.
മിക്ക സമയത്തും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
മൂത്രാശയ അണുബാധകള്‍ പതിവാകുന്നു.
ഈസ്ട്രജന്‍ കുറയുന്നതോടെ യോനിയിലെ ഉള്‍ത്തൊലി വരളുകയും കട്ടി കുറയുകയും ചെയ്യുന്നതുമൂലം ചൊറിച്ചിലും അണുബാധയും ഉണ്ടാവാം.
അറിയാതെ മൂത്രം പോകുന്ന അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാശയം പുറത്തേക്ക് തള്ളി വരാനുള്ള സാധ്യത വര്‍ധിക്കുന്നു.
അമിത വണ്ണത്തിന് കാരണമാകുന്നു.
സങ്കീര്‍ണതകള്‍ ഒഴിവാക്കാം
ആര്‍ത്തവ വിരാമം വാര്‍ധക്യത്തിന്റെ സൂചനയാണ് എന്ന ധാരണ ശരിയല്ല. സ്ത്രീ ജീവിതത്തിലെ സ്വാഭാവികഘട്ടം മാത്രമാണ്. ഇതിലൂടെ ഗര്‍ഭധാരണശേഷി മാത്രമേ ഇല്ലാതാകുന്നുള്ളു. ആര്‍ത്തവ വിരാമത്തിന്റെ സമയത്ത് അമിത വണ്ണം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും സാധാരണമാണ്. വയറിലെ വര്‍ധിത കൊഴുപ്പ്് ഹൃദ്രോഗം, പ്രമേഹം എന്നിവക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ധാരാളമായി പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മുട്ട തുടങ്ങി കാല്‍സ്യം, ജീവകം ഡി, സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. കൊഴുപ്പ് നീക്കം ചെയ്ത പാല്‍, തൈര്, യോഗര്‍ട്ട് തുടങ്ങിയവയും കാല്‍സ്യം ലഭ്യമാക്കാന്‍ സഹായിക്കും. അമിത ഉപ്പ്, മധുരം, കൊഴുപ്പ്, എണ്ണ അടങ്ങിയ ഭക്ഷണം, പുകയില, മദ്യം തുടങ്ങിയവ ഒഴിവാക്കണം. മാത്രമല്ല, സസ്യജന്യ സ്ത്രീ ഹോര്‍മോണുകള്‍ അടങ്ങിയ ശതാവരി, സോയാബീന്‍ ഉല്‍പന്നങ്ങള്‍, കാച്ചില്‍, ചേമ്പ്, ചണവിത്ത് (ഫഌക്‌സ് സീഡ്‌സ്), മാതളം, ബീന്‍സ്, ക്യാരറ്റ്, എള്ള്, ബദാം തുടങ്ങിയവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ഘട്ടത്തില്‍ ഏറെ ഗുണകരമാണ്.
ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക. വ്യായാമം വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങളുടെ സാധ്യത കുറച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം ഒഴിച്ചുപോവുക, ഗര്‍ഭാശയം താഴ്ന്നു വരിക എന്നിവക്ക് അനുയോജ്യമായ, ലളിതമായ വ്യായാമം, ശസ്ത്രക്രിയ, മറ്റ് നൂതന ചികിത്സാരീതികള്‍ എന്നിവ ലഭ്യമാണ്.
മെനോപോസിന് ശേഷം രക്തസ്രാവം ഉണ്ടായാല്‍ വൈദ്യപരിശോധനക്ക് വിധേയയാകേണ്ടതാണ്. ഇടക്കിടെയുണ്ടാകുന്ന വിട്ടുമാറാത്ത നടുവേദന, തുടര്‍ച്ചയായുള്ള വെള്ളപോക്ക് എന്നിവയും നിസ്സാരമാക്കരുത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ആര്‍ത്തവം ഇല്ലാതായാല്‍ ആര്‍ത്തവ വിരാമമായി എന്നു കണക്കാക്കാം.
ചില സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി, സാധാരണ പോലെ ആര്‍ത്തവം നടന്ന് പൊടുന്നനെ നിലക്കുന്നു. എന്നാല്‍ ചില സ്ത്രീകള്‍ക്ക് കൃത്യമായി ആര്‍ത്തവം ഉണ്ടാകുന്നു. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവില്‍ കുറവ് വന്ന് ഒടുവില്‍ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. ചിലര്‍ക്ക് കൃത്യമായി ആര്‍ത്തവമുണ്ടാവുകയും പിന്നീട് ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള കാലദൈര്‍ഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം രക്തത്തിന്റെ അളവ് കുറഞ്ഞ് ആര്‍ത്തവം നിലക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മൂന്നോ മാസം കഴിഞ്ഞതിനു ശേഷം വീണ്ടും അവര്‍ക്ക് ആര്‍ത്തവമുണ്ടാകുന്നു. എന്നാല്‍, വളരെ വലിയ അളവില്‍ രക്തസ്രാവവും അത് കുറെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം.
ആര്‍ത്തവവിരാമവും
ലൈംഗികതയും
ആര്‍ത്തവ വിരാമമോ ഗര്‍ഭപാത്രം നീക്കം ചെയ്യലോ സ്‌ത്രൈണ ലൈംഗികതയുടെ അവസാനമാണ് എന്ന ധാരണ ശരിയല്ല. ധാരാളം സ്ത്രീകള്‍ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗിക ജീവിതം നയിക്കാറുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലൈംഗികാരോഗ്യമുള്ള സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് ശേഷവും അത് നിലനിര്‍ത്തുന്നതിന് തടസ്സങ്ങള്‍ ഒന്നുമില്ല.