പോരാട്ടത്തിന്റെ കനല്‍ വഴികളാണാവശ്യം
ജനാധിപത്യം തടവിലാകുന്ന കാലത്താണ് നാമുള്ളത്. സഞ്ജീവ് ഭട്ടും ശ്രീകുമാറും ടീസ്റ്റയും ഒരു ജനതയുടെ തന്നെ പ്രതീക്ഷയാവുകയാണ്.
നിര്‍ഭയത്വവും സ്ഥൈര്യവും കൈമുതലാക്കിയ സമരമനസ്‌കരുടെ മനോവീര്യം കെടുത്തിയാല്‍ ഒരു ജനതയെ തന്നെ കെടുത്തിക്കളയാമെന്ന് ഭരിക്കുന്നവര്‍ കണക്കുകൂട്ടുകയാണ്. മുത്തലാഖ് ബില്‍ നിയമമാക്കിയും വിവാഹപ്രായം ഉയര്‍ത്തിയും മുസ്്‌ലിം സ്ത്രീയുടെ സംരക്ഷണത്തിന് വെമ്പല്‍കൊണ്ട ബിജെപി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ഇന്ത്യയിലെ മുസ്്‌ലിംസ്ത്രീയെ നിശബ്ദയാക്കാനുള്ള ശ്രമത്തിലാണ്.
കാമ്പസുകളില്‍നിന്ന് ഹിജാബ് വലിച്ചുകീറുന്നത്, വിദ്യാസമ്പന്നയായ മുസ്‌ലിം സ്ത്രീയുടെ പ്രതിരോധത്തിന്റെ കവചമായി അവര്‍ അതിനെ മനസ്സിലാക്കിയതുകൊണ്ടാണ്. ഒരു വിഭാഗത്തിന്റെ മതചിഹ്നങ്ങളെയും നിലനില്‍പിനെയും നിരാകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സാമൂഹികാവസ്ഥയില്‍ ബുള്‍ഡോസര്‍ എന്നത് നശീകരണത്തിന്റെ ചിഹ്നമാവുകയാണ്. വംശഹത്യയും ബുള്‍ഡോസറും, വിധേയപ്പെടുന്ന ജുഡീഷ്യല്‍ സംവിധാനങ്ങളുമെല്ലാം വംശീയ രാഷ്ട്രത്തിന്റെ നിഴലുകളാണ്. അഫ്രീന്‍ ഫാത്തിമമാരുടെ വീട് പൊളിച്ചുകളയുന്ന, സകിയയുടെ നീതി പ്രതീക്ഷ പോലും പാപമാണെന്ന് വിധിക്കുന്ന, ഹിജാബ് നിരോധങ്ങളെ അലങ്കാരമാക്കുന്ന നിയമങ്ങളും വ്യവഹാരങ്ങളും... ഫാഷിസ്റ്റ് രാജ്യത്ത് ജുഡീഷ്യറിപോലും അസംബന്ധ വേഴ്ചകളുടെ വിളനിലമാകുന്ന കാഴ്ചകളാണ്. ജനാധിപത്യത്തിന്റെ തൂണുകളെല്ലാം ജീര്‍ണമാകുന്ന വേളകളില്‍ ജനാധിപത്യ മൂല്യങ്ങളുടെ സ്മൃതിശേഷിപ്പുകള്‍ മാത്രമാണ് ഏക പ്രതീക്ഷ. പാഠപുസ്തകങ്ങളില്‍ നിന്നുപോലും ഗുജറാത്ത് കലാപം മായ്ച്ചു കളഞ്ഞിരിക്കുന്നു. നര്‍മദ ബചാവോ ആന്ദോളന്‍, ദളിത്-കര്‍ഷക പ്രതിഷേധങ്ങള്‍, അടിയന്തരാവസ്ഥ തുടങ്ങി ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രസക്തങ്ങളായ സംഭവ പരമ്പരകളെയാണ് ആറു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തത്. സ്വാതന്ത്ര്യ സമരങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച ജനാധിപത്യ പാഠങ്ങളെ പേറുന്ന തലമുറകളെ നിശ്ശേഷം ഇല്ലാതാക്കിയാല്‍ പ്രതിഷേധങ്ങളെയും ഇല്ലാതാക്കാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ച്ചു കളഞ്ഞാലും ഓര്‍മ എന്ന ആയുധത്തെ തുടച്ചു നീക്കല്‍ ഫാഷിസത്തിന് എളുപ്പമല്ല. വംശഹത്യയുടെ ചരിത്രത്തെ ഇല്ലാതാക്കുക എന്നത് ആ നാടിന്റെ ചരിത്രത്തെ തന്നെ ഇല്ലാതാക്കലാണ്; ഇരവംശത്തെ അപ്രസക്തമാക്കലാണ്. ഒരു സംസ്ഥാനം അറിയപ്പെടുന്നത് കലാപത്തിന്റെ പേരിലാകുന്നതിനെ ഭയക്കുന്നത് അത് ആസൂത്രണം ചെയ്ത കുറ്റാരോപിതരാണ്. മാനഭംഗം ചെയ്യപ്പെടുകയും ഗര്‍ഭപാത്രം പിളര്‍ക്കപ്പെടുകയും ചെയ്ത ഗുജറാത്ത് മോഡല്‍ രാജ്യമൊട്ടാകെ അധികാരം വാഴുകയാണ്. പശുവിന്റെ പേരിലെ ആള്‍കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും ഹാഥറസ്, കത്‌വ പോലുള്ള ദലിത് -മുസ്്‌ലിം മാനഭംഗച്ചുട്ടെരിക്കലുകളും തിരോധാനങ്ങളും അനന്തമായ തടവറകളും... കൂപ്പിയ കൈകള്‍ക്കുപകരം ചൂണ്ടുവിരലുകള്‍ പ്രതീകമാക്കി മാറ്റിയ സ്ത്രീവിഭാഗത്തിന് താക്കീതുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഭരണകൂട മെഷിനറികള്‍. അനീതിക്കെതിരായ ശബ്ദമുയര്‍ത്തലുകളും ചുട്ടെരിക്കപ്പെട്ടവരുടെ ഉറ്റവരെ ചേര്‍ത്തുപിടിക്കലും നേര്‍ത്ത സാന്നിധ്യം പോലുമാകരുത് എന്ന നിര്‍ബന്ധബുദ്ധി രാജ്യം തങ്ങളുടേതാണെന്ന അധികാര ധാര്‍ഷ്ട്യത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്.
ജനാധിപത്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ സമാന്തര പാഠങ്ങളിലൂടെ ചരിത്രത്തെ നിര്‍മിക്കുന്നത് ഫാഷിസ്റ്റ് പ്രതിരോധമാണ്. ജനാധിപത്യം തടവിലാകുന്ന കാലത്താണ് നാമുള്ളത്. സഞ്ജീവ് ഭട്ടും ശ്രീകുമാറും ടീസ്റ്റയും ഒരു ജനതയുടെ തന്നെ പ്രതീക്ഷയാവുകയാണ്. അധികാരം തന്നെ ഉന്നതരെ കുറ്റ വിമുക്തരാക്കുന്നത് ഏകാധിപത്യത്തിന്റെ അടയാളമാണ്. തുല്യ നീതി പോലും ഗൂഢാലോചനയായി വിധിക്കപ്പെടുന്നു. സത്യസന്ധതയോടെ ജോലി ചെയ്ത പോലീസ് ഓഫീസര്‍മാരെയും നീതിക്കായി പൊരുതിയ വനിതാ ആക്റ്റിവിസ്റ്റിനെയും വേട്ടയാടുന്ന ഗുജറാത്ത് സര്‍ക്കാര്‍ നടപടികളിലൂടെയും കോടതി വിധിയിലൂടെയും ഗുജറാത്ത് വീണ്ടും വംശഹത്യക്കിരയാവുകയാണ്. ഭ്രൂണം പിഴുതെറിയപ്പെട്ട ഗര്‍ഭപാത്രങ്ങള്‍ക്ക് വീണ്ടും മുറിവേല്‍ക്കുകയാണ്. സ്വാതന്ത്ര്യവും പൗരത്വവും വെല്ലുവിളിക്കപ്പെടുന്ന ബുള്‍ഡോസര്‍ കാലത്ത് തെരുവുകളില്‍ അവര്‍ സമരഭവനങ്ങള്‍ തീര്‍ക്കും. അതിജീവനത്തിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യത്തെയാണ് മുസ്്‌ലിം വനിതകള്‍ പുനരാവിഷ്‌കരിക്കുന്നത്. ബലഹീനതയും ഭയവും സ്ത്രീ നിഘണ്ടുവില്‍നിന്ന് തിരുത്തിക്കുറിച്ച ചൂണ്ടുവിരലുകളാല്‍ ചരിത്രം രചിക്കുകയാണവര്‍. ഇന്ത്യയിലെ മുസ്്‌ലിം സ്ത്രീയുടെ അതിജീവന ചിത്രത്താല്‍ പുതിയ ഫെമിനിസ്റ്റ് വായനകള്‍ സാധ്യമാണ്. അപരവല്‍ക്കരണത്തിന്റെ കാലത്ത്, അലങ്കാര പദവികളോടല്ല, പോരാട്ടത്തിന്റെ കനല്‍വഴികളിലേക്കാണവര്‍ പാകപ്പെടുന്നത്.