ഇരുളിനും ഹിക്മത്തുകളുണ്ട്
എല്ലാത്തിനും അല്ലാഹുവിങ്കല്‍ ചില കണക്കുകളുണ്ട്. നമ്മള് ധൃതി
കാണിച്ചതുകൊണ്ടോ അസ്വസ്ഥപ്പെട്ടതുകൊണ്ടോ കാര്യമില്ല.
'മുന്കഴിഞ്ഞു പോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടി ക്രമത്തില്‍ ഒരു മാറ്റവും നീ കണ്ടെത്തുകയില്ല(33:62).'
സൂറത്തുല്‍ കഹ്ഫില്‍ വിവരിക്കുന്ന മൂസാ നബിയുടെയും ഖദിറിന്റെയും യാത്ര വിവരിക്കുന്നതിലൂടെ, നമുക്ക് ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളെ പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം നോക്കിക്കണ്ട് തീര്‍പ്പ് കല്പിക്കരുതെന്നും, അല്ലാഹുവിന്റെ തീരുമാനങ്ങളും നടപടിക്രമങ്ങളും നമ്മള് കണക്കാക്കുന്നതു പോലെയാവണമെന്നില്ലെന്നുമുള്ള വലിയ പാഠം പഠിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച്, മക്കയിലെ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ മര്‍ദനങ്ങളും പീഡനങ്ങളുമനുഭവിച്ചിരുന്ന വിശ്വാസികള്‍ സ്വാഭാവികമായും ചിന്തിച്ചിരുന്നു. 'എന്താണ് റബ്ബേ ഇങ്ങനെയൊക്കെ, നിന്റെ ഭൂമിയില്‍ നിന്നില്‍ വിശ്വസിച്ചവര്‍ക്ക് ദുരിതങ്ങള്‍ മാത്രം. നിന്നെ ധിക്കരിക്കുന്നവര്ക്കാകട്ടെ സകല സൗകര്യങ്ങളും അധികാരങ്ങളും?' അന്നേരം, ഈ ചരിത്ര വിവരണത്തിലൂടെ, നമുക്ക് മനസ്സിലാക്കാനാവാത്ത ദൈവിക പദ്ധതിയെ കുറിച്ച് ചിന്തിച്ച് അല്ലാഹുവിന്റെ ഹിക്മത്തില് പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടുപോകാനുള്ള ഉള്‍ക്കരുത്ത് നല്‍കുകയാണ്.
പ്രാപഞ്ചിക വ്യവഹാരങ്ങളിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തിലുമുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കുറിച്ച് ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നുണ്ട്: 'നിശ്ചയം അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാസ്ഥാനങ്ങളില്‍നിന്ന്) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവന് പുറമെ മറ്റൊരാള്‍ക്കും അവയെ പിടിച്ചുനിര്‍ത്താനാകില്ല. തീര്‍ച്ചയായും അവന് സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു(35:41).'
വ്യക്തികളുടെയും സമൂഹത്തിന്റെയും അവസ്ഥ എല്ലാ കാലത്തും ഒരുപോലെയാകില്ലെന്നും മാറ്റങ്ങള്‍ സംഭവിക്കുമെന്നും അത് അല്ലാഹുവിന്റെ സുന്നത്താണെന്നും പഠിപ്പിക്കുന്നത് കാണാം. സമ്പത്ത്, അധികാരം തുടങ്ങി ഭൗതിക വിഭവങ്ങളും സൗകര്യങ്ങളും അഹന്തയിലേക്കെത്തിക്കുന്ന ആളുകളെ കുറിച്ചും അവര്‍ക്ക് സംഭവിക്കുന്ന പരിണതികളെക്കുറിച്ചും ഓര്മപ്പെടുത്തുന്നിടത്ത് ഇക്കാര്യം ഉണര്‍ത്തുന്നതു കാണാം.
'പറയുക: 'ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപമേകുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയം, നീ എല്ലാത്തിനും കഴിവുള്ളവനാണ്' (3:26).
സൂറത്തുല്‍ കഹ്ഫിലെ തോട്ടക്കാരന്റെ കഥയിലെ പാഠവും ഇത് തന്നെയാണ്. ഒരൊറ്റ നാള്‍കൊണ്ട് കെട്ടിപ്പൊക്കിയതെല്ലാം നിലംപതിക്കുന്ന കാഴ്ചകളാണിവിടെ ഞൊടിയിടയില്‍ ഒന്നുമില്ലാതിരുന്നവര്‍ നേട്ടങ്ങളുടെ നെറുകയിലേക്കെത്തുന്നതും പടച്ചവന്റെ നടപടിക്രമങ്ങള്‍ തന്നെ.
യൂസുഫ് നബി(അ)യുടെ സംഭവ ബഹുലമായ ചരിത്രം വിവരിക്കുന്നിടത്ത് അല്ലാഹുവിന്റെ സൂക്ഷ്മമായ ഇടപെടലുകളും ആസൂത്രണവും കാണാനാവും. സഹോദരങ്ങളാല്‍ ചതിക്കപ്പെട്ട് കിണറ്റിലേക്കും പിന്നീടുള്ള യാത്രയില്‍ ജയിലിലേക്കും ഒടുവില്‍ അധികാരത്തിലേക്കും ഉയര്‍ത്തപ്പെടുന്നു. ശേഷം, തന്നെ പുറത്താക്കിയ സഹോദരങ്ങള്‍ സഹായാഭ്യര്‍ഥനയുമായി മുന്നിലേക്കെത്തുന്ന ചരിത്രം പറഞ്ഞുവെക്കുന്നത് അല്ലാഹുവിന്റെ ഇടപെടലുകള്‍ എങ്ങനെയാണ് ജീവിതത്തെയും അവസ്ഥകളെയും മാറ്റിമറിക്കുന്നതെന്നതാണ്.
അടിച്ചമര്‍ത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും എന്നും അതേ അവസ്ഥയില്‍ തന്നെയായിരിക്കില്ലെന്നതും അവര്‍ അതിജീവിക്കുകയും അതിജയിക്കുകയും ചെയ്യുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പുലര്‍ന്നതും അല്ലാഹുവിന്റെ മാറ്റമില്ലാത്ത സുന്നത്തിന്റെ ഭാഗമാണ്.
ഫറോവയുടെ ഏകാധിപത്യത്തെയും വംശീയതയെയും അധികാരത്തെയും പരാമര്‍ശിച്ച് അതെല്ലാം തകര്‍ക്കപ്പെട്ട് പീഡിതരായവര്‍ക്ക് ആധിപത്യം നല്‍കുകയാണ് അല്ലാഹുവിന്റെ ഇറാദത്ത് എന്ന് പറയുന്നിടത്ത് ജനതകളുടെ മുന്നോട്ട് പോക്കിനെക്കുറിച്ച അല്ലാഹുവിന്റെ സുന്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കാനും അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.' (28:05).
ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ നീങ്ങി നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും പുതുലോകം രൂപപ്പെടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്.
ചുറ്റിലും അനീതിയും അക്രമവും പടരുന്നത് കാണുമ്പോള്‍, നീതിയും നന്മയും മുറുകെപ്പിടിക്കുന്നവര്‍ നിരന്തരമായി വേട്ടയാടപ്പെടുകയും ജയിലിലടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ പടച്ചോനെന്താണ് ഇതിലൊന്നും ഇടപെടാത്തതെന്ന് ചിലപ്പോള്‍ ആലോചിച്ചു പോയേക്കാം. സ്വേഛാധിപതികള്‍ക്കും അനീതിയുടെ വക്താക്കള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനുളള സാഹചര്യങ്ങള്‍ ഒരുക്കപ്പെടുന്നത് കാണുമ്പോള്‍ വിശ്വാസികള്‍, ദൈവമെന്താണിങ്ങനെ എന്ന് ചോദിച്ചു പോകുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന് ചില നടപടിക്രമങ്ങളുണ്ടിവിടെ. അനീതി ചെയ്യുന്നവരെയും അക്രമികളെയും ഉടനടി ശിക്ഷിക്കുക എന്നതല്ല, അവര്‍ അവരുടെ അഹന്തയും ഗര്‍വും കൊണ്ട് എത്രദൂരം മുന്നോ'ട്ടു പോകുമെന്ന് നോക്കുകയാണവന്‍. അതിനായി വഴികള്‍ മുന്നില്‍ തുറന്നുകൊടുക്കും. ഒടുവില്‍ നന്മയുടെയും നീതിയുടെയും കണിക പോലും അവശേഷിക്കാത്ത വിധത്തില്‍ പലരുടെയും ഹൃദയങ്ങള്‍ മൂടിപ്പോകും. അവിടെ വെച്ച് അല്ലാഹു അവരെ പിടികൂടും. ആ പിടുത്തത്തില്‍നിന്ന് കുതറിമാറാനാകാത്ത വിധം അവര്‍ അകപ്പെടും.
അവരുടെ വിഹാരത്തിന് ഒരവധി നിശ്ചയിച്ചിട്ടുണ്ട് അല്ലാഹു. 'അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ചു പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു ദിവസം വരെ, അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.'
അത്തരത്തില്‍ ശിക്ഷിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത ജനതകളുടെ ചരിത്രം മനസ്സിലാക്കാന്‍ അല്ലാഹു പറയുന്നുണ്ട്. അവിടങ്ങളില്‍ പുലര്‍ന്നത് അല്ലാഹുവിന്റെ സുന്നത്താണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നത് കാണാം.
കെട്ടിപ്പൊക്കിയ നിര്‍മിതികളും ചമയിച്ചൊരുക്കിയ ആരാമങ്ങളും വിട്ടേച്ച് അവര്‍ പോയി. അവര്‍ക്കായി ഒരിറ്റ് കണ്ണീര്‍പോലും പൊഴിക്കപ്പെട്ടില്ല. 'എത്രയെത്ര തോട്ടങ്ങളും അരുവികളും മണിമേടകളുമാണവര് വിട്ടേച്ചു പോയത്, കൃഷികളും പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ ആകാശവും ഭൂമിയും അവരുടെ പേരില്‍ കരഞ്ഞില്ല' (44:25-29).
എല്ലാത്തിനും അല്ലാഹുവിങ്കല്‍ ചില കണക്കുകളുണ്ട്. നമ്മള് ധൃതി കാണിച്ചതു കൊണ്ടോ അസ്വസ്ഥപ്പെട്ടതുകൊണ്ടോ കാര്യമില്ല. അവന്റെ നടപടിക്രമങ്ങളിലടങ്ങിയ യുക്തി പലപ്പോഴും അവന് മാത്രമറിയുന്നതായിരിക്കും.
അതിനര്‍ഥം നമ്മളൊന്നും ചെയ്യേണ്ടതില്ലെന്നല്ല. നമുക്ക് സാധ്യമായ എല്ലാ പരിശ്രമങ്ങളും ദീനിയായ വഴിയില്‍ മികച്ച ആസൂത്രണത്തോടെ ചെയ്യണം. അവിടെ അല്ലാഹുവിന്റെ ഇടപെടല്‍ കൂടി സംഭവിക്കുമ്പോള്‍ അതിജീവനവും അതിജയവും സാധ്യമാകും. ഇബ്റാഹീം നബിയുടെ ത്യാഗത്തിന് മുന്നിലാണ് തീ തണുത്തു പോയത്. മൂസാ നബി(അ)യുടെ വിമോചന പോരാട്ടത്തിനൊടുവിലാണ് കടല്‍ പിളരുന്നത്. നബി(സ)യുടെയും സ്വഹാബത്തിന്റെയും സമര്‍പ്പണത്തിലൂടെയാണ് ബദ്റിന്റെ മൈതാനത്ത് മലക്കുകളിറങ്ങിയത്.
ചുറ്റിലും പടരുന്ന കൂരിരുട്ടിലും നമ്മള് കാണാത്ത അല്ലാഹുവിന്റെ ചില ഹിക്മത്തുകളുണ്ടാകും. അവന്റെ സുന്നത്തുകള്‍ പുലരുമ്പോള്‍ ഇരുട്ടിനെ ഭേദിച്ച് വെളിച്ചം പടരുക തന്നെ ചെയ്യും.