പുരുഷന് എന്താ കൊമ്പുണ്ടോ?
ഡോ. ജാസിം അല്‍ മുത്വവ്വ
March 2022
നമ്മുടെ ചിന്തകളും ചോദ്യങ്ങളുമെല്ലാം സ്ത്രീയുടെ നേരെ വിരല്‍ ചൂണ്ടിയാണ്. ആ വിരലെന്താണ് പുരുഷന് നേരെ തിരിയാത്തത്?
എന്തിനാണ് നാം പുരുഷനെ സ്ത്രീയില്‍നിന്ന് വേര്‍പെടുത്തിക്കാണുന്നത്? സ്ത്രീ മാനഹാനിക്കോ ബലാല്‍ക്കാരത്തിനോ വിധേയയാകുമ്പോള്‍ നാം ഉടനെ ചോദിക്കും: 'അവള് പുറത്ത് എന്ത് ചെയ്യുകയായിരുന്നു?' 'അവള് ധരിച്ചിരുന്ന വസ്ത്രം എങ്ങനെയുള്ളതായിരുന്നു?' 'അവര്‍ എങ്ങനെയാണ് മറ്റുള്ളവരുമായി ഇടപെട്ടിരുന്നത്?' ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളും അന്വേഷണങ്ങളും. അവളെ കഴിവതും വേഗം വിവാഹം കഴിച്ചുകൊടുക്കാനായി പിന്നെ വീട്ടുകാരുടെ ആധിയും അലോചനയും.
നമ്മുടെ ചിന്തകളും ചോദ്യങ്ങളുമെല്ലാം സ്ത്രീയുടെ നേരെ വിരല്‍ ചൂണ്ടിയാണ്. ആ വിരലെന്താണ് പുരുഷന് നേരെ തിരിയാത്തത്? പുരുഷനാണ് അവളെ ബലാല്‍ക്കാരത്തിന് ഇരയാക്കിയത്. അവനാണ് ചതിയനും വഞ്ചകനും പാപിയും. അതറിഞ്ഞിട്ടും എന്താണ് നാമാരും പറയാത്തത്? സംഭവം വിലയിരുത്തുമ്പോള്‍ അതാണല്ലോ നീതി?
ഇനി മറ്റൊരുദാഹരണം. പുരുഷന് സ്ത്രീയെ കൊന്നെന്നിരിക്കട്ടെ. അവള് അയാളുടെ ഭാര്യയാണെന്നും സങ്കല്പിക്കുക. ഉടനെ ഉയരും ചോദ്യം: 'അയാള്‍ അവളെ കൊല്ലാന്‍ മാത്രം അവള് എന്താണ് ചെയ്തിട്ടുണ്ടാവുക?' അവളുടെ 'അവിഹിതം' അയാള്‍ കൈയോടെ പിടിച്ചിട്ടുണ്ടാവും.' അയാള്‍ ആയിരിക്കാം വഞ്ചകനും ചതിയനുമെന്ന് നാമെന്താണ് വിചാരിക്കാത്ത്? അവളുടെ സ്വത്ത് കൈക്കലാക്കാനുള്ള മോഹമോ അവന്റെ ക്രൂരതയോ അവളെ അടിച്ചൊതുക്കാനുള്ള അയാളുടെ കണ്ണില്‍ ചോരയില്ലായ്മയോ ആവാം ഒരുവേള കൊലക്ക് പിന്നിലെന്ന് നാം എന്താണ് കരുതാത്തത്?
എന്താണ് അധികമാളുകളും കുറ്റങ്ങളെല്ലാം സ്ത്രീയില്‍ ആരോപിക്കുന്നത്? വ്യഭിചാരക്കുറ്റത്തിന് സമൂഹം സ്ത്രീയെയും പുരുഷനെയും ഒരേ കണ്ണ് കൊണ്ടാണോ നോക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈ കുറ്റത്തില്‍ ഇസ്ലാം സ്ത്രീക്കും പുരുഷനും ഇടയില്‍ വ്യത്യാസം കല്പിച്ചിട്ടില്ലെന്നറിയുക. പുരുഷനും സ്ത്രീക്കും ഒരേ ശിക്ഷയാണ്. സ്ത്രീയുടെ വിശുദ്ധിയിലും പാതിവ്രതത്തിലുമാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും കരുതലും മുഴുശ്രദ്ധയും. ആണ്‍കുട്ടികളുടെ വിശുദ്ധിയും സ്വഭാവ ഗുണവും അവരുടെ ശ്രദ്ധാവിഷയമേ അല്ല.
ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ സഹായിക്കുന്നുണ്ടെന്ന് കരുതുക. അയാള്‍ അത് വലിയ സേവനമായി എടുത്തു പറയും. യഥാര്‍ഥത്തില്‍ അത് അയാളുടെ കടമയല്ലേ? ഞാന്‍ വീട്ടില്‍ ചെയ്ത ജോലിക്കും സഹായത്തിനുമൊക്കെ ഭാര്യ നന്ദി പറയണമെന്നാണ് ഭര്‍ത്താവിന്റെ ശാഠ്യം. എന്നാല്‍ രാപകല്‍ ഭേദമില്ലാതെ അവള് വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ഒരു നന്ദിവാക്കെങ്കിലും അയാള്‍ പറയാറുണ്ടോ? 'വെറുതെ ഒരു ഭാര്യ' എന്നല്ലേ അയാളുടെ മനസ്സിലിരിപ്പ്?' ഗൃഹജോലികളില്‍ ഭര്‍ത്താവ് ഭാര്യയെ സഹായിക്കുന്നത് പുണ്യകര്‍മമാണെന്നും അതിന് അയാള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുമെന്നും എന്താണ് നാം കരുതാത്തത്? 'നിങ്ങള്‍ക്കിടയില്‍ സ്നേഹവും (മവദ്ദ) കാരുണ്യവും (റഹ്മത്ത്) ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നല്ലേ അല്ലാഹു പറഞ്ഞത്? ഭാര്യാഭര്ത്താക്കന്മാര് പരസ്പരം സഹകരിക്കുന്നത് സ്നേഹത്തിലും കാരുണ്യത്തിലും പെടില്ലേ? നമ്മുടെ പ്രിയപ്പെട്ട നബി(സ) തന്റെ വസ്ത്രം അലക്കുകയും തുന്നുകയും പാദരക്ഷ പോളിഷ് ചെയ്യുകയും തന്റെ കാര്യങ്ങള്‍ സ്വയം ചെയ്യുകയും കുടുംബത്തെ പരിചരിക്കുകയും ഗൃഹജോലികളില്‍ വീട്ടുകാരെ സഹായിക്കുകയും ചെയ്തിരുന്നില്ലേ?
അതുപോലെ തന്നെയാണ് സാമ്പത്തിക കാര്യങ്ങളും പണവും നാം പുരുഷനുമായി മാത്രം ബന്ധപ്പെടുത്തിക്കാണുന്നത്. ഭാര്യയും ഭര്‍ത്താവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് വെക്കുക. ബില്ല് കൊടുക്കാന്‍ അയാളുടെ കൈയില്‍ കാശില്ലെന്ന് വന്നാല്‍ ഭാര്യ തന്റെ ബാഗില്‍നിന്ന് കാശെടുത്ത് ആരും കാണാതെ ഭര്‍ത്താവിന്റെ കൈയില്‍ വെച്ചുകൊടുക്കുക. അയാളാണ് ബില്‍ തുക നല്‍കിയതെന്ന് വരുത്താനും അയാളാണ് ഭക്ഷണത്തിന് ക്ഷണിച്ചതെന്നും ബോധ്യപ്പെടുത്താനുള്ള മനസ്സാണ് ഇതിന് പിന്നില്‍. ഭാര്യ എന്ന സ്ത്രീ ബില്‍തുക നല്‍കുന്നത് തെറ്റും കുറ്റവുമാണോ? അല്ലെങ്കില്‍ അത് സമൂഹത്തിന്റെ പൊതുബോധത്തില്‍ അലിഞ്ഞ് ചേര്‍ന്ന ചീത്ത സംസ്കാരമാണോ? അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ ഭാര്യയും മറ്റൊരു അന്‍സാരി സ്ത്രീയും തങ്ങള്‍ തങ്ങളുടെ ഭര്ത്താക്കന്മാര്ക്ക് സദഖ നല്‍കുന്നത് സ്വീകാര്യമാകുമോ എന്ന് നബിയോട് ചോദിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ് ലജ്ജിക്കുകയുണ്ടായോ? അതിന് നബി (സ) നല്കിയ മറുപടിയെന്താണ്? 'അതെ അവര്‍ രണ്ട് പേര്‍ക്കും രണ്ട് പ്രതിഫലമുണ്ട്. കുടുംബബന്ധത്തിന്റെ പ്രതിഫലവും സദഖയുടെ പ്രതിഫലവും.'
തന്റെ ഭക്ഷണബില്ല് ഭാര്യയാണ് നല്‍കിയതെന്ന് ഭര്‍ത്താവ് നാലാളുകളുടെ മുമ്പില്‍ പരസ്യമായി പറയുന്നതില്‍ ഒരു കുറവുമില്ല, നാണിക്കാനും ഒന്നുമില്ല. ചില സന്ദര്‍ഭങ്ങളില്‍ പണം മുടക്കി ഭാര്യ നിങ്ങളുടെ ബിസിനസില്‍ പങ്കാളിയായെന്ന് വരാം. അല്ലെങ്കില്‍ നിങ്ങള്‍ നിര്‍മിക്കുന്ന വീടിന് അവരും പണം മുടക്കിയെന്ന് വരാം. അതിന് അവരോട് നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചു എന്നും വരാം. നമ്മുടെ മനോഭാവത്തിലും ചിന്താഘടനയിലും മാറ്റം വരണം. അതുപോലെ സ്ത്രീയെയും പുരുഷനെയും നോക്കിക്കാണുന്ന നമ്മുടെ കാഴ്ചപ്പാടിനും മാറ്റം വരണം.
സഹോദരന്മാരും സഹോദരികളും തമ്മിലെ ബന്ധം എടുക്കുക. തങ്ങളുടെ കൂടപ്പിറപ്പുകളായ സഹോദരിമാര്‍ തങ്ങളുടെ ഭൃത്യകള്‍ അല്ലെന്ന് ആണ്മക്കളെ പഠിപ്പിച്ചാല്‍ എന്താണ് സംഭവിക്കുക? വീട് ക്രമപ്പെടുത്തി ചിട്ടയോടെ സൂക്ഷിക്കുന്നതും വസ്ത്രം ഇസ്തിരിയിടുന്നതും തുണികളും വിരിപ്പുകളും മടക്കിവെക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തോന്നുമ്പോഴൊക്കെ ചായയുണ്ടാക്കി കൊടുക്കുന്നതും സഹോദരിമാരുടെ നിര്‍ബന്ധ കടമയാണെന്ന വിചാരം സഹോദരന്മാരായ ആണ്മക്കളുടെ മനസ്സില്‍ ഉണ്ടാക്കിക്കൊടുക്കരുത്. നബി (സ) എന്താണ് പറഞ്ഞത്? 'സ്ത്രീകള്‍ പുരുഷന്മാരെ പോലെത്തന്നെയാണ്' എന്നാണ്. സ്ത്രീകളുടെ പ്രകൃതിയും ശരീരഘടനയും പരിഗണിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ച വ്യത്യാസമല്ലാതെ തങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് അവര്‍ അറിയണം. 'പുരുഷന്മാരെ പോലെയാണ്' എന്ന വാക്ക് കൂടപിറപ്പുകളെക്കുറിച്ചാവുമ്പോള് എങ്ങനെയിരിക്കും! അപ്പോള്‍ ആങ്ങളമാരും പെങ്ങന്മാരും തമ്മിലെ ബന്ധം പരസ്പരം കരുണയുടെയും സ്നേഹത്തിന്റെയും ആദരവിന്റെയും ആര്‍ദ്രതയുടെയും ആദാന-പ്രദാനത്തിന്റെതും ആവണം. തന്റെ സഹോദരിയുടെ ആവശ്യങ്ങള്‍ സ്നേഹത്തോടെ നിറവേറ്റിക്കൊടുക്കാന്‍ സഹോദരന് സാധിക്കണം. അതുപോലെ സഹോദരന്റെ ആവശ്യങ്ങള്‍ സ്നേഹത്തോടെയും ആദരവോടെയും മാന്യമായും നിറവേറ്റിക്കൊടുക്കാന്‍ സഹോദരിക്കും സാധിക്കണം. പുരുഷനെ സ്ത്രീയില്‍നിന്ന് വേര്‍തിരിച്ചു കാണുന്ന സമൂഹത്തിന്റെ തെറ്റായ ചില വീക്ഷണങ്ങള്‍ ചൂണ്ടിക്കാണിച്ചെന്ന് മാത്രം.
വിവ: പി.കെ ജമാല്‍