മതചിഹ്നങ്ങളണിഞ്ഞ് സാംസ്‌കാരിക ഫാസിസം തട്ടമഴിക്കാന്‍ ആക്രോശിക്കുമ്പോള്‍ അതിനെ തടയുക എന്നത് ഇന്നത്തെ ഇന്ത്യയില്‍ രാഷ്ടീയപ്രതിരോധം തന്നെയാണ്.
ഒരിക്കല്‍ സ്‌കോളര്‍ഷിപ്പിനായുള്ള അഭിമുഖത്തിന് പോകുമ്പോള്‍ ശിരോവസ്ത്രം ധരിക്കേണ്ട എന്നാണ് മാതാപിതാക്കള്‍ നിര്‍ദേശിച്ചത്. അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് അവരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നു അത്. ഞാന്‍ ഹിജാബ് ധരിക്കാന്‍ തന്നെ തീരുമാനിച്ചു. നിയമ സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. 17 വര്‍ഷത്തെ സര്‍വീസിനു ശേഷം യു.കെയില്‍ ഹിജാബ് ധരിക്കുന്ന ആദ്യ ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു.' ഹിജാബ് ധാരിണിയായ ജഡ്ജി റാഫിയ അര്‍ഷാദിന്റെതാണ് ഈ ട്വീറ്റ്. കര്‍ണാടകയിലെ ഉഡുപ്പി പി.യു കോളെജില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നമ്മുടെ നാട്ടില്‍ വിഷയം കോടതി കയറുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.
പാശ്ചാത്യ ജനാധിപത്യ ബോധ്യങ്ങളും സങ്കല്‍പങ്ങളും മതേതരത്വത്തെ നിര്‍വചിച്ചിരിക്കുന്നത് പൊതുവ്യവഹാരങ്ങള്‍ക്കിടയില്‍ ഇടപെടാനാവാത്തവിധം സ്വകാര്യതയില്‍ ഒതുക്കേണ്ട ഒന്നായാണ്. ഫ്രാന്‍സില്‍ ബുര്‍ഖക്കെതിരെയുള്ള പ്രതിഷേധം അരങ്ങേറിയത് ഇത്തരം മതത്തെയും മത ചിഹ്നങ്ങളെയും മുഖ്യധാരാ വ്യവഹാരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി സ്വകാര്യതയിലൊതുക്കേണ്ട ആശയ ചിന്താപദ്ധതികളായി മതേതര സങ്കല്‍പത്തെ വ്യാഖ്യാനിച്ചതിന്റെ ഫലമായിരുന്നു. എന്നിട്ടും റാഫിയ അര്‍ഷാദിന് തട്ടമിട്ട ജഡ്ജിയാകാന്‍ കഴിഞ്ഞത്് ആധുനിക ലോകം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലത്തിലായിരുന്നു.
ജനാധിപത്യ ഇന്ത്യയുടെ മതേതര സങ്കല്‍പം മറ്റേതൊരു രാജ്യത്തെക്കാളും മനോഹരമാകുന്നത് വിശ്വാസ ആരാധനാ- ആചാര അലങ്കാരങ്ങളെ സമൂഹത്തിനു മുന്നില്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ മഹത്വത്തിലായിരുന്നു. വൈജാത്യങ്ങളുടെയും വൈവിധ്യങ്ങളുടെയും ഇന്ത്യ. നൂറുകണക്കിന് ഭാഷകളുടെയും ആയിരക്കണക്കിന് ജാതികളുടെയും ഡസന്‍ കണക്കിന് മതങ്ങളുടെയും പ്രാതിനിധ്യത്തെ പൊതു ഇടങ്ങളില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുംവിധം സുതാര്യമായ മതേതര ബോധം. ആര്‍ക്കും വിവേചനം നല്‍കാത്ത ഇന്ത്യ. പൊട്ടും തട്ടവും കൃപാണും കുരിശുമാലയും തിരിച്ചറിവിന്റെ അടയാളമായി കൊണ്ടുനടക്കാന്‍ പാകത്തിലുളള പൊതു ഇടങ്ങള്‍ വികസിച്ച മതേതരത്വത്തിന്റെ ഇന്ത്യന്‍ മാതൃകയായിരുന്നു. ബഹുസ്വര സംസ്‌കാരം കൊണ്ട് കരുത്താര്‍ജിച്ച, സഹിഷ്ണുത ആധാര ശിലയായ ഇന്ത്യന്‍ ജീവിതാവസ്ഥയെ പരിഹസിച്ചുകൊണ്ടാണ് മഫ്ത വിവാദം ഉയര്‍ന്നുവരുന്നത്.
വൈവിധ്യങ്ങളായ സംസ്‌കാരങ്ങളില്‍ ഇഴുകിച്ചേര്‍ന്നവരുടെ ഇന്ത്യയില്‍ അധികാരം കൈയാളുന്ന വിഭാഗത്തിന്റെ സാംസ്‌കാരിക ജീവിതരീതികള്‍ അടിച്ചേല്‍പിക്കാനും അതുവഴി രാജ്യത്തെ സവര്‍ണതയിലൂന്നിയ ജീവിത കാഴ്ചപ്പാടുകള്‍ രാഷ്ടത്തിന്റെ ഭാഗധേയമാക്കാനും ശ്രമിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടയാണിത്. ഹൈന്ദവതയുടെ ശീലങ്ങള്‍ രാഷ്ടത്തിന്റെ അടയാളമായി കൊണ്ടു നടക്കാനുള്ള ഫാസിസ്റ്റ് വ്യഗ്രത അറിയാതെയെങ്കിലും മതേതര വാദികള്‍ ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്നതും പതിവാണ്. തട്ടമിട്ട് കോളെജ് ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത കാവി തലപ്പാവ് ധരിച്ച അക്രമിക്കൂട്ടത്തിനിടയിലൂടെ തക്ബീര്‍ വിളിച്ചുകൊണ്ട് നടന്നുനീങ്ങുന്ന പെണ്‍കുട്ടിയോട് അതുവേണ്ടായിരുന്നു എന്നുപദേശിക്കുന്ന മതേതര പൊതുബോധവും ഇതിനിടയിലുണ്ട്. മത നിരാസത്തിലൂന്നിയ പാശ്ചാത്യ മതേതര സങ്കല്‍പത്തില്‍നിന്നും നാനാത്വത്തില്‍ ഏകത്വം കണ്ടെത്തിയ ഇന്ത്യന്‍ മതേതര സങ്കല്‍പത്തെ വിവേചിച്ചറിയാന്‍ കഴിയാത്തത്ര വേഗത്തിലും ആഴത്തിലും ഹൈന്ദവതയുടെ സാംസ്‌കാരിക ശീലങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരം എന്നു ഇക്കൂട്ടരും ധരിച്ചുപോകുകയാണ്. മഫ്തയിട്ട് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ അങ്ങനെ ചെയ്യുന്നത് അവര്‍ വിശ്വസിക്കുന്ന മതം അങ്ങനെ അനുശാസിക്കുന്നതുകൊണ്ടാണ്. അതുപോലെ എന്റെ മതത്തില്‍ തലമറക്കേണ്ടതില്ല എന്ന് കരുതുന്നതുകൊണ്ടാണ് തലമറക്കാത്തവര്‍ അങ്ങനെ പ്രത്യക്ഷപ്പെടുന്നത്. അല്ലാതെ മതേതരമായതുകൊണ്ടല്ല. തല മറക്കേണ്ടതില്ലായെന്ന ഒരു കൂട്ടരുടെ വിശ്വാസത്തെപ്പോലെ തന്നെ പരിരക്ഷിക്കപ്പെടണം തലമറക്കുന്നവരുടെയും വിശ്വാസം. ഈ തിരിച്ചറിവില്ലായ്മ മതേതരത്വക്കാരെ പിടികൂടിയിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും അര്‍ഹിക്കുന്ന അവകാശങ്ങളെ തിരിച്ചറിവോടെ നേടിയെടുക്കാനും ഒരു സമൂഹത്തെ പ്രാപ്തമാക്കുന്ന അറിവിന്റെ ഈറ്റില്ലങ്ങളായ കാമ്പസുകളില്‍നിന്നും ആ ജനവിഭാഗത്തെ പുറത്താക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കാവല്‍നില്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസമുള്ളവരുടെ ബാധ്യതയാണ്. തട്ടവും സാരിയും ചൂരിദാറും ളോഹയും അണിഞ്ഞവരും ഖുര്‍ആനും ബൈബിളും ഗീതയും കൊണ്ട് പൊതു ഇടങ്ങളെ സജീവമാക്കിയവരുമായ മത വിശ്വാസിയല്ല ഇന്ത്യയെ കലുഷിതമാക്കുന്നത്്. കൈകോര്‍ത്ത് നീങ്ങുന്ന ഈ വിശ്വാസി സമൂഹത്തോട്് പരസ്പരം സംശയിക്കാന്‍ പഠിപ്പിക്കുന്ന അധികാര ഫാസിസമാണ്. മതചിഹ്നങ്ങളണിഞ്ഞ് സാംസ്‌കാരിക ഫാസിസം തട്ടമഴിക്കാന്‍ ആക്രോശിക്കുമ്പോള്‍ അതിനെ തടയുക എന്നത് ഇന്നത്തെ ഇന്ത്യയില്‍ രാഷ്ടീയപ്രതിരോധം തന്നെയാണ്.
ജെ.ദേവിക
എഴുത്തുകാരി, ആക്ടിവിസ്റ്റ്
'ഞാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീയെങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും ഞാനില്ല. ഞാന്‍ നടത്തുന്ന ഏതൊരു അപ്പോയിന്‍മെന്റിലും ഹിജാബി വനിതകളെ നിര്‍ബന്ധമായും പരിഗണിക്കും. ഹിജാബികളായ വിദ്യാര്‍ഥിനികളെ എന്നാലാകും വിധം പരമാവധി സഹായിക്കും. അവര്‍ നടത്തുന്ന സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കും.' ജെ. ദേവിക
ഷിദ ജഗത്
സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, മീഡിയ വണ്‍
എന്നാണ് ഒരാള്‍ ധരിക്കുന്ന വസ്ത്രം ചുറ്റുമുള്ളവര്‍ക്ക് പ്രശ്‌നമായി തോന്നാന്‍ തുടങ്ങിയത് എന്നിടത്ത് നിന്നാണ് ഞാനും നീയുമായി മാറിയത്. സ്‌കൂള്‍ പഠന കാലം മുതലേ കണ്ടുവരുന്നതാണ് സുഹൃത്തുക്കള്‍ തലയില്‍ തട്ടമിടുന്നത്. ഇടക്കത് ഹിജാബാകും. ഞാന്‍ ധരിക്കുന്ന വസ്ത്രത്തിനപ്പുറം എനിക്ക് എങ്ങനെയാണ് അതൊരു കുഴപ്പം പിടിച്ച വസ്ത്രമായി തോന്നുക. ഈ ചിന്തയേ തെറ്റാണ്. അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നിടത്താണ് നിങ്ങളും വര്‍ഗീയതയുടെ വിഷവിത്തുകള്‍ക്കുള്ളില്‍ പെട്ടു എന്ന് മനസ്സിലാവുക. ഏതൊരാള്‍ക്കും അവനവന്റ വേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. അഭിമാനത്തോടെ ആ വേഷമണിഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഭരണഘടനയുള്ള നാടാണിത്്. ഹിജാബ് ഒരു വ്യക്തിയുടെ, അത് ധരിക്കുന്നവരുടെ ചോയ്‌സ് ആണ്. അത് അവര്‍ ധരിക്കട്ടെ. അവിടെ ഇടപ്പെടാന്‍ നിങ്ങള്‍ക്കാരാണ് അവകാശം തരുന്നത്. അതിനെ തടയാന്‍ കാവി ഷാളും കാവി തൊപ്പിയും അണിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ആ ലക്ഷ്യത്തില്‍ വീണു പോകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. അതൊരിക്കലും ഹിജാബ് ധരിക്കാനുള്ള അവകാശത്തെ നിഷേധിച്ച് കൊണ്ടാകരുത്. ഞാനെന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന പോലെ ഞാനെന്ത് ധരിക്കണമെന്നതും എന്റെ മാത്രം തെരഞ്ഞെടുപ്പാണ്.
അഡ്വ: തമന്ന സുല്‍ത്താന
ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്
മുസ്ലിം സ്ത്രീകളുടെ സാമൂഹിക ഇടപെടല്‍ സാധ്യമാക്കുക എന്നതാണ് ഹിജാബിന്റെ ദൈവിക താല്‍പര്യം. വിശ്വാസിനികളെ സംബന്ധിച്ചിടത്തോളം അത് വിശ്വാസത്തിന്റെയും അസ്തിത്വത്തിന്റെയും പ്രകാശനമാണ്. ഹിജാബ് ധരിച്ചുകൊണ്ട് ചരിത്രത്തിലുടനീളം അവര്‍ നേടിയ നേട്ടങ്ങളെ കാണാം. ഇതിനെയെല്ലാം തമസ്‌കരിച്ചുകൊണ്ടും നിരാകരിച്ചുകൊണ്ടുമാണ് ഹിജാബിനെ, പര്‍ദ്ദയെ അടിച്ചമര്‍ത്തലിന്റെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍നിന്ന് മുസ്ലിം സ്ത്രീയെ 'മോചിപ്പിക്കുക' എന്നത് വലിയ ദൗത്യമായി ചിത്രീകരിക്കുന്ന, അങ്ങനെ മുസ്ലിം സ്ത്രീയുടെ കര്‍തൃത്വം ഏറ്റെടുക്കുന്നത് ഒരു പുതിയ കാര്യമല്ല. സമകാലിക ഇന്ത്യയില്‍ ഇത് ചെയ്യുന്നത് സംഘ്പരിവാറും ഇടത് - ലിബറല്‍ വക്താക്കളുമാണ്.
നിങ്ങളുടെ അസ്തിത്വവും വിശ്വാസവും ഉപേക്ഷിക്കാത്ത പക്ഷം നിങ്ങള്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടും എന്ന് നേര്‍ക്കുനേരെ പറയുകയാണ് കര്‍ണാടകയിലെ ഹിജാബ് നിരോധനം, കേരളത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിലെ ഹിജാബ് വിലക്ക് എന്നീ സംഭവങ്ങള്‍. മുസ്ലിം സ്ത്രീകള്‍ നേടിയ മുന്നേറ്റത്തില്‍നിന്നും അവരെ പുറകോട്ട് നടത്തിക്കുകയാണ്് വിശ്വാസപ്രകാരമുള്ള ജീവിതം നയിക്കാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പുറകിലുള്ള ഉദ്ദേശ്യം. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍, നാള്‍ക്കുനാള്‍ മുസ്ലിമിനെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുസ്ലിംവിരുദ്ധ പൊതുബോധം ഇവിടെ ശക്തിപ്പെട്ടുകഴിഞ്ഞു. ഈ ജനതയെ ലക്ഷ്യം വെച്ചുള്ള ഓരോ നീക്കവും ഒരു വംശഹത്യാപദ്ധതിയിലേക്കാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമില്‍നിന്നുള്ള പിന്മടക്കമാണ് ഉന്മൂലനം ചെയ്യപ്പെടാതിരിക്കാന്‍ വേട്ടക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രതിവിധി. എന്നാല്‍ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് നേടിയ വിജയങ്ങളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി ഈ പോരാട്ടത്തിലും ഈ ജനത വിജയിക്കുക തന്നെ ചെയ്യും.
ദില്‍രുബ ശബ്‌നം
വീട്ടമ്മ
മതം അനുശാസിക്കുന്ന വസ്ത്രധാരണം ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാക്കിയ ഭരണഘടന മുന്നിലിരിക്കെ ഇത്തരം തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന്് കൂടി വെളിപ്പെടേണ്ടതുണ്ട്. പ്രതിരോധ രാഷ്ട്രീയം ഇസ്്‌ലാമിക സംഘടനകള്‍ മുന്നോട്ടു വെക്കുന്ന ഈ കാലത്ത് ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന നിലപാട് ഈ കാലഘട്ടത്തില്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. ഇരകളായി ഒതുങ്ങിക്കൊടുക്കുന്ന ശൈലി മാറ്റി ഇരകളാക്കപ്പെടുന്നതിനെ പ്രതിരോധിക്കുക എന്നതാവണം പ്രധാന ലക്ഷ്യം.
പതിവായി കഴിഞ്ഞ മാസം വരെ ഹിജാബ് ധരിച്ച് കോളേജില്‍ വന്ന പെണ്‍കുട്ടികള്‍ പെട്ടെന്നൊരു ദിവസം കൊണ്ട് കോളെജില്‍ പ്രവേശിക്കാന്‍ പാടില്ലാത്തവരായി. കൃത്യമായ പ്ലാനിങ്ങോടു കൂടി മുസ്‌ലിം ഐഡന്റിറ്റി ഏത് വിധേനയും ഇല്ലാതാക്കുന്നത് ജീവിത ലക്ഷ്യമായെടുത്തവര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരുപാട് സൂത്രങ്ങളില്‍ ഒന്നാണ് ഇതും.
ഭരണഘടനാപരമായ മൗലിക അവകാശങ്ങള്‍ അനുഭവിക്കുന്നതില്‍നിന്ന് ഒരു സമുദായത്തിലെ ആളുകള്‍ക്ക് മാത്രം ഇടപെടലുകള്‍ വേണ്ടിവരുന്നത് ജാഗ്രതയോടെ കാണണം.
ലാലി പി.എം
ചലച്ചിത്ര താരം, ആക്ടിവിസ്റ്റ്
വസ്ത്രധാരണം ഒരാളുടെ മൗലികാവകാശമാണ്. ഇനിയിപ്പോ ഹിജാബ് നിരോധിക്കുന്നത് യൂണിഫോമിറ്റിക്ക് വേണ്ടിയാണെന്നൊക്കെ പറഞ്ഞാലും അത് ധരിക്കുന്ന വസ്ത്രത്തില്‍ മാത്രമേ ഒതുങ്ങി നില്‍ക്കേണ്ടതുള്ളു. തലയിലിടുന്ന തുണി മുസ്്‌ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പാണ്. സിക്കുകാര്‍ക്കിടയിലെ ടര്‍ബന്‍ പോലെ. അത് ഇന്നുവരെ ആര്‍ക്കും പ്രശ്‌നമുണ്ടായതായി അറിയില്ല. ഈ വിവാദം തന്നെ അനാവശ്യമാണ്. അന്യരുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളിലേക്കുള്ള കടന്നുകയറ്റമാണ്.
സംഘ് ഫസിസത്തിന്റെ മുസ്്‌ലിം ജീവിതങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ഭരണഘടനാപരമായി തന്നെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്.
ഫാത്തിമ തഹ്‌ലിയ
എം.എസ്.എഫ് ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍
കര്‍ണാടകയിലെ ഗവണ്‍മെന്റ് കോളെജുകളില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിജാബ് നിരോധന നിയമം യഥാര്‍ഥത്തില്‍ ഫാസിസ്റ്റ്‌വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഇടപെടലുകളാണ്. നിരന്തരമായി ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഓപ്ഷന്‍ മാത്രമാണിത്. ബിജെപി മുന്നോട്ടുവെക്കുന്നത് മുസ്്‌ലിം വേട്ടയാണ്. ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആശയങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇത് രാജ്യത്തിന്റെ അസ്ഥിത്വത്തെ ഇല്ലാതാക്കുന്ന കാര്യമാണ്. ധ്രുവീകരണ രാഷ്ട്രീയത്തിലേക്കാണ് ബി.ജെ.പി രാജ്യത്തെ കൊണ്ടുപോകുന്നത്.
കര്‍ണാടകയില്‍ അവര്‍ കാവിക്കൊടി ഉയര്‍ത്തിക്കൊണ്ടുവരുന്നു മുസ്്‌ലിം വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാമ്പസുകളില്‍ മുമ്പെയുള്ള നമസ്‌കാര മുറികള്‍ പോലും അടച്ചുപൂട്ടുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ്. ആദ്യം അവരുടെ തലയിലുള്ള ഹിജാബ് വലിച്ചൂരുന്നു. പിന്നീട് അവരെ സ്‌കൂളില്‍നിന്ന് പുറത്താക്കി. അവിടെയുള്ള ആളുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നു. ഇത്തരത്തിലുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അത് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ വോട്ട് ഏകീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്.
വൈവിധ്യങ്ങളുള്ള ഭരണഘടനയെ തച്ചുടച്ചാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇത് നാശത്തിലേക്ക് എത്തിക്കും. ഭരണഘടന മുന്നില്‍ നിര്‍ത്തി, മൗലിക അവകാശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സംസാരിക്കുക എന്നതാവണം പ്രതിസന്ധി ഘട്ടത്തിലെ ചെറുത്തു നില്‍പ്.