തളരാത്ത മനസ്സിന് തിളക്കമാര്‍ന്ന പുരസ്കാരം
നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരപ്രഭ ചൊരിഞ്ഞ കെ.വി റാബിയ ഇനി പത്മശ്രീ കെ.വി റാബിയയാണ്.
നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരപ്രഭ ചൊരിഞ്ഞ കെ.വി റാബിയ ഇനി പത്മശ്രീ കെ.വി റാബിയയാണ്. 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ 128 പേരെ പത്മപുരസ്കാരങ്ങള്‍ നല്കി രാഷ്ട്രം ആദരിച്ചപ്പോള്‍ അവരിലൊരാളായി തിരൂരങ്ങാടിയിലെ കെ.വി റാബിയയുടെ പേരും ഉള്‍പ്പെട്ടത് അര്‍ഹതക്കുള്ള അംഗീകാരമാണ്. രോഗാവസ്ഥയുടെ എല്ലാ സങ്കല്പങ്ങളെയും മാറ്റിയെഴുതി പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞ മനസ്സിന്റെ ഉടമയായി മാറാന്‍ കഴിഞ്ഞ അതുല്യ വ്യക്തിത്വമാണ് റാബിയ. അന്പത്തിയാറാം വയസ്സില്‍ പത്മശ്രീ ജേതാവായി വിരാജിക്കുമ്പോള്‍ നല്ല ആരോഗ്യത്തെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ വീക്ഷണം സാര്‍ഥകമാക്കിയ അഭിമാനബോധവും റാബിയക്കുണ്ട്.
കടലുണ്ടി പുഴയുടെ തീരത്ത് വെള്ളിനിക്കാട് തറവാട്ടില്‍ പരേതരായ മൂസക്കുട്ടി - ബിയ്യാച്ചുമ്മാ ദമ്പതികളുടെ മകളായി ജനിച്ച റാബിയക്ക് ജീവിതത്തിന്റെ ഒഴുക്കിലും പരപ്പിലും അടിപതറാതെ മുന്നോട്ടു നീങ്ങിയ അത്ഭുതകഥകളാണ് പറയാനുള്ളത്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആറ് പെണ്മക്കളില് ഒരുവളായ റാബിയയെക്കുറിച്ച് വളരെയധികം സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ വെല്ലുവിളി. ശരീരത്തിന് തളര്‍ച്ച. തിരൂരങ്ങാടി ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. നടക്കാന്‍ കഴിയാതെ വന്നതോടെ റാബിയയെ പിതൃസഹോദരന് സൈക്കിളില്‍ സ്കൂളിലെത്തിച്ചു. കാലുകള്‍ നടക്കാന്‍ വിസമ്മതിച്ചെങ്കിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടര്‍പഠനത്തിനായി പ്രീഡിഗ്രിക്ക് ചേര്‍ന്നു. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രോഗാവസ്ഥ കൂടുതല്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. പരീക്ഷക്ക് ആറുമാസം മുമ്പ് ശരീരം വീണ്ടും തളര്‍ന്നു. ചലനശേഷി നഷ്ടപ്പെട്ടു ജീവിതം ഒരു ചോദ്യചിഹ്നമായി മാറി.
പക്ഷേ ഏത് കാലാവസ്ഥാവ്യതിയാനത്തിലും അന്തരീക്ഷത്തില്‍ കുളിരും തണുപ്പും ചൊരിഞ്ഞു ഒഴുകിക്കൊണ്ടിരുന്ന കടലുണ്ടിപ്പുഴ പോലെ റാബിയ നിരാശയായില്ല. ശരീരത്തിന്റെ തളര്‍ച്ച മനസ്സിനെ ബാധിക്കരുതെന്ന് അവര്ക്ക്് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അനൗപചാരികമായി ബിരുദവും ബിരുദാനന്തര ബിരുദവും അവരുടെ കൈകളിലെത്തിയത്. ശരീരം എത്ര തളര്‍ന്നാലും മനസ്സിനെ തളരാന്‍ ഒരിക്കലും അനുവദിക്കാത്ത റാബിയ വളരെ ബോധപൂര്‍വം തന്നെ വായനാ ലോകത്തേക്ക് തിരിഞ്ഞു. ഇഷ്ട പുസ്തകങ്ങള്‍ തേടിയുള്ള തീര്‍ഥയാത്രയായിരുന്നു അത്. സുഹൃത്തുക്കളും വീട്ടിലെത്തുന്ന സന്ദര്‍ശകരും നല്കുന്ന പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. പുസ്തകവായനയില്‍ സായൂജ്യം കണ്ടെത്താന്‍ സാധിച്ചത് മുന്നോട്ടുള്ള ജീവിതപാതയില് വലിയ ആശ്വാസമായി. പുസ്തകങ്ങളോടുള്ള കൂട്ട് അവര്‍ക്ക് അറിവും കരുത്തും നല്കി. അറിവിന്റെ പ്രകാശത്തെ ചുറ്റിലും പ്രസരിപ്പിക്കാനായിരുന്നു പിന്നീടുളള ശ്രമം. നിരക്ഷരരായവരെത്തേടി റാബിയയുടെ വീല്‍ചെയര്‍ ഉരുണ്ടുതുടങ്ങിയത് അങ്ങനെയാണ്.
സാക്ഷരതാ രംഗത്തെ അസൂയാര്‍ഹമായ പ്രവര്‍ത്തനശേഷിയാണ് റാബിയക്ക് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്താന്‍ വഴികാട്ടിയത്. സാക്ഷരതാ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതിനു മുമ്പ് തന്നെ അതിനു വേണ്ട പരിശീലനവും പരിചയവും റാബിയ നേടിയിരുന്നു. 1990-കളില്‍ സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനം വഴി നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം നല്കി തന്റെ കര്‍മകുശലത തെളിയിച്ചു.
അസുഖം ശരീരത്തെ തളര്‍ത്തിയപ്പോഴും 'ജീവിതം നല്കാന് മടിക്കുന്നതൊക്കെയും ജീവിതത്തോട് ഞാന്‍ ജീവിച്ചു വാങ്ങിടും' എന്ന കവിവാക്യം അന്വര്ഥമാക്കിക്കൊണ്ട് വിധിയോട് പൊരുതി ജീവിക്കാന്‍ തന്നെയായിരുന്നു തീരുമാനം. തനിക്ക് ചലിക്കാന്‍ കഴിയുന്നില്ലെങ്കിലും സമൂഹത്തിന്റെ ചലനം ഒരിക്കലും നിലച്ചു പോകരുതെന്ന തീരുമാനത്തില്‍ 1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. വനിതാ വികസനവും സാക്ഷരതാ പ്രവര്‍ത്തനവുമായിരുന്നു ലക്ഷ്യം. മികച്ച സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള യു.എന്‍ അവാര്‍ഡിന് അര്‍ഹയായി. ചക്രക്കസേരയില്‍ ഇരുന്ന് വലിയൊരു ലോകത്തെ സ്വപ്നം കണ്ട റാബിയയെ തേടി നിരവധി പുരസ്കാരങ്ങളും ബഹുമതികളുമെത്തി. 1993-ല്‍ സാമൂഹ്യ സേവനത്തിനുള്ള ദേശീയ അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ്, ഐ.എം.എ പുരസ്കാരം, മുരി മഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്കാരം.... എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍. 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം റാബിയയുടെ ആത്മകഥയാണ്. ജീവിതം ശരീരാവയവങ്ങള്‍ കൊണ്ടുള്ള ചലനം മാത്രമല്ല, നല്ല മനസ്സിന്റെ കൂടി ചലനം ആണെന്ന് റാബിയ തെളിയിച്ചു. അതിനുളള ദേശീയ അംഗീകാരവും സാക്ഷ്യപ്പെടുത്തലുമാണ് അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തിലെ പത്മശ്രീ അവാര്‍ഡ്. സേവനം ജീവിത മുദ്രാവാക്യമാക്കിയ തെരഞ്ഞെടുക്കുന്ന ഏതൊരാള്‍ക്കും പതറാത്ത പാദത്തോടും ചിതറാത്ത ചിത്തത്തോടും കൂടി മുന്നേറാന്‍ കഴിയും എന്ന് റാബിയയുടെ ജീവിതകഥ നമ്മെ ഓര്‍മിപ്പിക്കുന്നു.