പള്ളിതൊടിയില്‍ കുഞ്ഞിഖബറുകള്‍ പെരുകി.
ഖബറോളം എത്താത്തവ കൊടും വേദനയോടെ കാലിലൂടെ്... കല്ലും മണ്ണും ഇലകളും മൈലാഞ്ചിയണിഞ്ഞു..
ഉരലില്‍ അരിയിടിക്കുമ്പോള്‍ കുഞ്ഞീവിയുടെ കൈകള്‍ എന്തിനോ പാളി..
ഉലക്കച്ചുറ്റുകള് കൂട്ടിമുട്ടി തീ പാറി.. ഇരുമ്പിന്റെ മണം പരന്നു.. മനം പുരട്ടുന്നോ..? ഓക്കാനം..!
വീണ്ടും...?
അവളുടെ ഉള്ളില്‍ ഒരാന്തല്.. അല്ലാഹ്... ഇതെങ്കിലും തരണേ!
ഉരലില്‍നിന്നും പൊടി വാരി ചെല്ലടയിലിട്ടു അവള് തരിച്ചു.
കഴിഞ്ഞ തവണയും ഇത്താത്തയും ഞാനും ഒപ്പമായിരുന്നു.
ഇത്താത്ത അറയിലെ വിട്ടത്തില്‍ തുണിത്തൊട്ടില്‍ കെട്ടി.. ഞാനോ?
മതിലിനപ്പുറത്ത് ഒരു കുഞ്ഞിക്കബര്‍...
ഇത്താത്താന്റെ ആമിന മോളുടെ ഓമന മുഖം മുത്തംകൊണ്ട് മൂടിയപ്പോള്‍, ഇരുട്ടില്‍ മാനത്ത് ഒരു കുഞ്ഞു നക്ഷത്രം എന്തിനോ കണ്ണുചിമ്മി.
വലിയ വയറും താങ്ങി കുഞ്ഞീവി നടന്നു. വൈകുന്നേരങ്ങളില്‍ കൊട്ട നിറയെ നെയ്യപ്പം ചുട്ടുകൂട്ടി.
മഞ്ഞുമൂടിയ പുലരികളില്‍ വട്ടമൊത്ത ദോശകള്‍ മുറത്തില്‍ ചുട്ടു നിരത്തി.
പുരയില്‍ ഒരു പെരുന്നാളിന്റെ ആളുണ്ട്.
ഒരു മഗ്രിബിന് അവള്‍ക്ക് നോവ് തുടങ്ങി.
വയറ്റാട്ടി വന്നു. 'അങ്ങോട്ടൂല്ല, ഇങ്ങോട്ടൂല്ല. ആസ്പത്രീക്ക് എത്തിച്ചോളീ'
വയറ്റാട്ടി കൈയൊഴിഞ്ഞു.
കാറ് വിളിച്ചു. കസേരയില്‍ ഇരുത്തി കാറെത്താത്ത വഴിയിലൂടെ കുഞ്ഞീവിയെ വാല്യക്കാര് ചുമന്നു. കരിയിലകളും കല്ലുകളും വല്യക്കാരുടെ വെള്ളക്കുപ്പായങ്ങളും ചുവന്നു.
മാസങ്ങള്‍ കഴിഞ്ഞു.
വിളര്‍ത്ത കാലടികള്‍ മണ്ണിലേക്ക് വെച്ച് കുഞ്ഞീവി പായല്‍ നിറഞ്ഞ മതിലിനപ്പുറത്തേക്ക് എത്തിച്ചു നോക്കി..
പള്ളിതൊടിയില്‍ ഒരു കുഞ്ഞിഖബര് കൂടി..!
തലയില്‍ മൂടിയ മേഘങ്ങളില്‍ പള്ളിയും പള്ളിത്തൊടിയും മീസാന്‍ കല്ലുകളും മാഞ്ഞു മാഞ്ഞു പോയി.
ഒടുവിലെ ഒരു കീറാകാശവും മാഞ്ഞു.
അവള് മണ്ണിലേക്ക് കുഴഞ്ഞു.
പലപ്പോഴും ഇത്താത്തയും അവളുടെ കൂടെ വയറും താങ്ങി നടന്നു.
ഇത്താത്ത പക്ഷേ, അറയില്‍ പിന്നെയും തുണിത്തൊട്ടിലുകള്‍ കെട്ടി.
ഇവിടെ പള്ളിതൊടിയില്‍ കുഞ്ഞിഖബറുകള്‍ പെരുകി.
ഖബറോളം എത്താത്തവ കൊടും വേദനയോടെ കാലിലൂടെ്... കല്ലും മണ്ണും ഇലകളും മൈലാഞ്ചിയണിഞ്ഞു..
ഇത്താത്താന്റെ മക്കളെ കുളിപ്പിച്ചു. ചോറൂട്ടി. ഉറക്കി. ചിലപ്പോള്‍ ആരും കാണാതെ മുലയൂട്ടി!
മണ്ണാത്തി ചിന്നമ്മു വന്നു. അവളെ കുളിപ്പിച്ചു. പിന്നീട് പറയാന്‍ തുടങ്ങി: 'മണിക്യക്കല്ലേ, അന്നോട് പറയാ...'
ചിന്നമ്മുവിന്റെ വര്‍ത്തമാനത്തില്‍ മുത്തേ, പൊന്നാര കുഞ്ഞീവീ, പൊന്നു കൂടപ്പെറപ്പേ... തുടങ്ങി തേനൂറുന്ന സംബോധനകള്‍ വേണ്ടുവോളം കാണും.
അങ്ങനെ ചിന്നമ്മു പറഞ്ഞത്,
ഇന്നാട്ടില് ഈയിടെ പെറ്റുണ്ടായ പൂമ്പൈതലുകളെപ്പറ്റി, അവരുടെ മേനിമിനുപ്പ്, മുന്തിരിക്കണ്ണുകള്‍, പനിനീര്‍പ്പൂവിന്റെ നിറം...
കുഞ്ഞീവിക്ക് ശ്വാസം വിലങ്ങി.
ചോര നിറമുള്ള പൈതലുകള്‍ എത്രയെണ്ണം. മണ്ണില്‍ കവിള് ചേര്‍ത്ത്. ചുരുട്ടിപ്പിടിച്ച മൃദു കൈകള്‍ നനഞ്ഞ മണ്ണിനടിയില്‍... ഇലാഹീ...
ചൂടുവെള്ള ചരുവം തട്ടിമറിച്ചു കുഞ്ഞീവി കുളിപ്പുരയില്‍ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്കോടി..
എല്ലാമറിഞ്ഞ് മുറ്റത്തൊരു പുളിമരം നിന്നിരുന്നു.....!കുഞ്ഞിഖബറുകള്‍ പെരുകുമ്പോള്‍ പുളിചോട്ടിലിരുന്നു കണ്ണീര് വാര്‍ക്കുന്ന കുഞ്ഞീവിയെ പുളിമരം ഇലകള്‍ വീഴ്ത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
കുട്ടികളുടുപ്പാക്ക് വെള്ളം ചൂടാക്കാന്‍ വേണ്ടി അവള് പുളിേച്ചാട്ടില് നിന്നും എണീറ്റു.
ഇടക്കെപ്പോഴോ ഒന്നിനെ ജീവനോടെ കിട്ടി. ഇത്താത്തയും അന്ന് കൂട്ടുണ്ട്. അത്രയും പിരിശത്തില്‍ അവള്‍ക്കും കെട്ടി തൊട്ടില്.
ഉച്ച മയക്കത്തില്‍ നിശ്ശബ്ദമായിപ്പോയ വെട്ടു വഴിയിലേക്കും പുളിച്ചോട്ടിലേക്കും നോക്കിയിരുന്നു താരാട്ടുകള്‍ പാടി. കുഞ്ഞോള് ഉറങ്ങിയാലും നിര്‍ത്താതെ പാടി.. 'ഹസ്ബീ റബ്ബീ...'
അറയില്‍നിന്നും ഒഴുകി പരന്ന് ഉച്ചവെയില്‍ മയങ്ങിക്കിടക്കുന്ന തൊടിയിലും മൂച്ചിക്കൊമ്പത്തും നീല മേഘങ്ങളിലും അവളുടെ ഇടറുന്ന ഒച്ച ചുറ്റിത്തിരിഞ്ഞു...
ഇത്താത്തന്റെ കുട്ടി കമിഴ്ന്നു. കുഞ്ഞോള് കമിഴ്ന്നില്ല.
ഇത്താത്തന്റെ കുട്ടി മുട്ടുകുത്തി. പിച്ചവെച്ചു. മുറ്റത്ത് കുഞ്ഞിക്കാല് വെച്ച് ഓടിക്കളിച്ചു. ഓത്തുപള്ളിയില്‍ പോയി. കുഞ്ഞോള് ഒരു കസേരയില്‍ ഒടിഞ്ഞുകുത്തിക്കിടന്നു!
ഒരടി വെച്ചില്ല.
എട്ടാം വയസ്സില്‍ അപസ്മാരമിളകി കുഞ്ഞോള് പറന്നുപോയി. ഒരു ചിറകടിയൊച്ച പോലും ശേഷിപ്പിക്കാതെ.
കുട്ടികളുടുപ്പാക്ക് ചോറും കറിയും വെക്കാന്‍ പുളിച്ചോട്ടില്നിന്നും അവള് കണ്ണും മുഖവും തുടച്ചെണീറ്റു.
ആളുകളെല്ലാം പുതിയ താവളങ്ങള്‍ തേടി പിരിഞ്ഞു. ഏകാന്തമായ വീട്ടില്‍ കുഞ്ഞീവിയും കുട്ടികളുടുപ്പയും ശേഷിച്ചു.
കൊല്ലങ്ങള്‍ ഒരു തീവണ്ടി പോലെ കൂകിപ്പാഞ്ഞു.
കുഞ്ഞീവിയുടെ തലമുടി വെള്ളികെട്ടി. കണ്തടങ്ങള് കരുവാളിച്ചു.
പള്ളിത്തൊടിയില് ഇപ്പോള്‍ കബറുകള്‍ ആറോ ഏഴോ? കുഞ്ഞീവിക്ക് നിശ്ചയമില്ല.
ചിലതെല്ലാം കുഞ്ഞീവി മറന്നു പോവുന്നു. എന്താ ഇങ്ങനെ?
പുളിച്ചോട്ടില്നിന്നും എണീറ്റ് കുട്ടികളുടുപ്പാന്റെ മുഷിഞ്ഞ തുണികള്‍ വാരിക്കൂട്ടി അവള് കിണറ്റിന് കരയിലേക്ക് നടന്നു.
ആറേഴു തുമ്പികള്‍ അലക്കുകല്ലിലിരിക്കുന്ന കുഞ്ഞീവിയെ വട്ടം ചുറ്റി. ആ തുമ്പികള്‍ക്ക് മനുഷ്യക്കുഞ്ഞുങ്ങളുടെ മുഖം!
കുട്ടികളുടുപ്പനോട് പറയാന്‍ തുനിഞ്ഞപ്പോള്‍ തുമ്പിയുടെ പേര് അവള് മറന്നു പോയിരുന്നു.
ചൂടായ ദോശക്കല്ലിലേക്ക് മാവൊഴിച്ചു പരത്താന്‍ മറന്ന് അവള് അന്തം വിട്ടു നിന്നു.
ആകൃതി നഷ്ടപ്പെട്ട ദോശകള്‍ കുട്ടികളുടുപ്പ മിണ്ടാതെ കഴിച്ചു.
'കുഞ്ഞീവീ, ഇതാരെന്നറിയുവോ?'
സുഖാന്വേഷണത്തിന് വന്ന ബന്ധുക്കള്‍ ചോദിച്ചു.
കുഞ്ഞീവി ഞെട്ടി.
ഓര്‍മയുടെ അടരുകളില്‍ പരതി. വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞു.
കണ്ണില്‍ നീര് പൊടിഞ്ഞു.
ഏകാന്തമായ വീട്ടില്‍ മുറ്റമടിച്ചു, മുറ്റമടിച്ചു, മുറ്റമടിച്ചു... പിന്നെയും... നിര്‍ത്താതെ. നിര്‍ത്തിയാല്‍ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ
അവള് ചൂലും പിടിച്ച് പുളിച്ചോട്ടില്‍ പതറിനിന്നു.
പായല്‍ പിടിച്ചു കറുത്ത വെട്ടുകല്ലുകള്ക്കുമപ്പുറത്തു സുഖനിദ്രയില്‍ ആണ്ടുപോയ മാലാഖക്കുഞ്ഞുങ്ങളെ അവള് മറന്നുപോയിരുന്നു.
അവള്‍ക്ക് മുറ്റമടിക്കാന്‍ വേണ്ടി മാത്രം പുളി മരം കിലുകിലാരവത്തോടെ ഇലകള്‍ പൊഴിച്ചുകൊണ്ടിരുന്നു.
വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന കുഞ്ഞീവിക്ക് മുന്നിലൂടെ ആറേഴു കുഞ്ഞു മേഘക്കട്ടകള്‍ പാറിപറന്നു. അവക്ക് മനുഷ്യക്കുഞ്ഞുങ്ങളുടെ കണ്ണും ചുണ്ടും ഉണ്ടായിരുന്നു.
കുട്ടികളുടുപ്പയോട് പറയാന്‍ വാക്കുകള്‍ മാത്രമല്ല അക്ഷരങ്ങള്‍ തന്നെ അവള് മറന്നുപോയിരുന്നു.
ചിലപ്പോള്‍,
മുറ്റമടിക്കുന്ന ചൂല് തിരഞ്ഞ് അവള് ഉച്ചയാവോളം നടന്നു.
പുളി മരത്തിന്റെ മിനുങ്ങുന്ന പൊന്നിലകള് വീഴുന്ന നേരിയസ്വരം അവള് ചെവിടോര്‍ത്തു.
ഒറ്റ ചെരിപ്പുമിട്ടു മറ്റേ ചെരിപ്പിടാന്‍ മറന്നു നടന്നു.
അവള് കഞ്ഞിവെക്കുന്ന കലം അന്വേഷിച്ചു മൂവന്തിയാക്കി.
നേരം കെട്ട നേരത്ത് അവള് വുളു എടുക്കാതെ സുജൂദില്‍ വീണു. ശൂന്യമായ ഉരലില്‍ കുഞ്ഞീവി ഉലക്കയെടുത്തു വെറുതെ ഇടിച്ചു.
'ഇഷ്ഫൂ... ഇഷ്ഫൂ...'
ഒരു നാള് കുഞ്ഞീവിയുടെ കണ്ണിനു മുന്നിലൂടെ പുതിയൊരുത്തി വന്നു. അവള് ചോറും കറിയും വെച്ചു. കുട്ടികളുടുപ്പാന്റെ മുണ്ടും കുപ്പായോം അലക്കി വിരിച്ചു. രാത്രി കുട്ടികളുടുപ്പാന്റൊപ്പം മുറിയില്‍ കയറി വാതില്‍ ചാരി. കുഞ്ഞീവി ഒന്നും കണ്ടില്ല. അറിഞ്ഞില്ല.
കരഞ്ഞില്ല.
അവള് തുറന്നുപിടിച്ച കണ്ണുകളില്‍ ആരും കാണാത്ത ജാലക വിരികള്‍ തൂക്കി.
ഓര്‍മകള്‍ മയങ്ങുന്ന ഖല്ബിനെ അവള് താഴിട്ടു പൂട്ടിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
ഇരുട്ടില്‍ ഒറ്റക്കട്ടിലില്‍ കണ്ണുകള്‍ തുറന്നുകിടന്ന് അവള് അക്ഷരങ്ങള്‍ പെറുക്കിയെടുത്തു.
അവള് ചിലപ്പോള്‍ കുപ്പായമിടാന്‍ മറന്നു. ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ എന്തു ചെയ്യണം എന്നറിയാതെ അവള് നട്ടം തിരിഞ്ഞു.
'പുതിയൊരാള്'ക്ക് ഇതെല്ലാം ബുദ്ധിമുട്ടായി.
മുറ്റത്തെ പുളിമരം ഇല പൊഴിക്കാന്‍ മറന്നു.
'കുഞ്ഞീവി... ഇതാരാണെന്ന് അറിയുവോ?'
സുഖാന്വേഷികള്‍..വീണ്ടും..
ഇത്തവണ കുഞ്ഞീവി ഞെട്ടിയില്ല...
അവള് ഒരു ജ്ഞാനിയെപ്പോലെ ചക്രവാളത്തിലേക്ക് നോക്കിയിരുന്നു.
കാരണം...
കുഞ്ഞീവി ആരെന്ന് അവള് മറന്നുപോയിരുന്നു.
ഒരു നട്ടുച്ച വെയിലത്ത് കുഞ്ഞീവിയുടെ ആങ്ങള എത്തി. തോളിലെ തോര്‍ത്തെടുത്ത് അയാള്‍ തലയിലെ വിയര്‍പ്പ് തുടച്ചു. കൂടെ കണ്ണീരും.
പിന്നെ...
ആങ്ങളയുടെ കൈയും പിടിച്ചു നാല്പത്തഞ്ചു കൊല്ലം സുഖദുഃഖങ്ങള്‍ പങ്കിട്ട കുട്ടികളുടുപ്പാനെ വിട്ട് വീടുവിട്ട്, തൊടിയുടെ അപ്പുറത്ത് മണ്ണില്‍ മയങ്ങുന്ന കുഞ്ഞു പൂക്കളെ വിട്ട് കുഞ്ഞീവി കത്തിയെരിയുന്ന നിരത്തിലൂടെ ഒരു കുഞ്ഞിനെപ്പോലെ പിച്ചവെച്ചു ഇടറിയിടറി നടന്നു. തിരസ്്കൃതയായത് അറിയാതെ...