നീന്തിക്കയറിയത് ചരിത്രത്തിലേക്ക്

വി. മൈമൂന മാവൂര്‍
March 2022
നീന്തല്‍ അറിയാത്തത് രക്ഷാപ്രവര്‍ത്തനത്തെകാര്യമായി ബാധിച്ചു.

നിരവധി കരുത്തര്‍ നീന്തിത്തെളിഞ്ഞ ആലുവാപുഴ പുതിയൊരു സാഹസിക വനിതയെ കരക്കടുപ്പിച്ച് വനിതാശാക്തീകരണത്തിന് പൊന്‍തൂവല്‍ ചാര്‍ത്തി 2022 ജനുവരി 22-ന്. ഇഛാശക്തിക്കു മുമ്പില്‍ പ്രായം വഴിമാറി നിന്ന കാഴ്ച. നീന്തലിന്റെ ബാലപാഠങ്ങളൊന്നും അഭ്യസിക്കാന്‍ അവസരം ലഭിക്കാത്ത 69 കാരിയായ ആരിഫ തായിക്കാട്ടുകര കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് പ്രായത്തെ അതിജീവിച്ച് നീന്തല്‍ പരിശീലനത്തിന് മുതിര്‍ന്നത്. ഇത് തന്റെ പരിശീലന കളരിയില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണെന്ന് പരിശീലകന്‍ സജി വാളാശ്ശേരി.
വൈക്കം തലയോലപ്പറമ്പില്‍ ജനിച്ചു വളര്‍ന്ന ആരിഫ ബാല്യത്തിലെന്നോ കുളിക്കാനിറങ്ങിയപ്പോള്‍ കാലിട്ടടിച്ചിരുന്നു എന്ന ചെറിയൊരോര്‍മയല്ലാതെ നീന്തലിനെക്കുറിച്ചൊന്നുമറിയാത്ത കുടുംബിനിയാണ്. 2018-ല്‍ കേരളത്തെ നടുക്കിയ പ്രളയത്തില്‍ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന എറണാകുളത്താണ് ആരിഫ കുടുംബ സമേതം താമസിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയം ജനങ്ങളെ വീടും നാടും വിടാന്‍ നിര്‍ബന്ധിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. നീന്തല്‍ അറിയാത്തവര്‍ അവര്‍ക്ക് വലിയ പ്രശ്‌നമായി മാറി. നീന്തല്‍ അറിയാത്തത് രക്ഷാപ്രവര്‍ത്തനത്തെകാര്യമായി ബാധിച്ചു. ഇത് ആരിഫയും തിരിച്ചറിഞ്ഞു. മക്കളും പേരക്കുട്ടികളും നീന്തല്‍ പരിശീലനത്തിന് ചേര്‍ന്നപ്പോള്‍ തന്റെ ആഗ്രഹവും അവര്‍ പരിശീലകനെ അറിയിക്കുകയായിരുന്നു. പ്രായം, പിന്നെ സ്ത്രീ എന്നൊക്കെ അദ്ദേഹം ആശങ്കപ്പെട്ടെങ്കിലും പിന്നീട് 'വന്നോട്ടെ' എന്ന് അര്‍ധ സമ്മതം മൂളി.  
2020-ല്‍ ലോക്ക്ഡൗണിന് മുമ്പ് പരിശീലനത്തിന് ചേര്‍ന്ന ആരിഫ നീന്തലിന്റെ പ്രാരംഭ ഘട്ടങ്ങള്‍ നിഷ്പ്രയാസം മറികടന്നു. ലോക്ക്ഡൗണില്‍ എല്ലാം അടച്ചു പൂട്ടുകയും കൊറോണ ബാധിക്കുകയും ചെയ്തതോടെ ആരിഫ ഉദ്യമം ഉപേക്ഷിച്ചു. വീണ്ടും പരിശീലകന്‍ ക്ഷണിച്ചപ്പോള്‍ ആവേശമായി. പ്രഭാത നമസ്‌കാരാനന്തരം ഒന്നര ആഴ്ച പരിശീലനം നടത്തി. ഒടുവില്‍ പെരിയാറിന്റെ ഏറ്റവും ആഴം കൂടിയ ആശ്രമം കടവ് മുതല്‍ ശിവരാത്രി മണപ്പുറം വരെ ആരിഫ നിഷ്പ്രയാസം നീന്തിക്കയറി. പര്‍ദയണിഞ്ഞാണ് 20 മിനിറ്റ് കൊണ്ട് ആരിഫ ഇതിഹാസം രചിച്ചത്.
പൊതുപ്രവര്‍ത്തനങ്ങളൊന്നും പരിചയിച്ചിട്ടില്ലാത്ത യാഥാസ്ഥിതിക കുടുംബാംഗമായ ആരിഫ മകന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്.
വീടുകള്‍ കയറിയിറങ്ങി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതകളെ നോക്കി 'ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ' എന്ന ചിന്തിച്ചിരുന്ന ഘട്ടത്തില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതിനുള്ള ക്ഷണമാണ് ആരിഫയെ ഈ നിലയിലേക്കുയര്‍ത്തിയത്.
പരിശുദ്ധ ഖുര്‍ആന്‍ അര്‍ഥ സഹിതം പഠിക്കുകയും കുടുംബ ജീവിതത്തെ അത് മാറ്റിപ്പണിയുകയും ചെയ്തപ്പോള്‍ എല്ലാവരേക്കാളും മുന്നില്‍ നടക്കാന്‍ ആരിഫ ഉണ്ടായിരുന്നു. തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റി അംഗം, പാലിയേറ്റീവ് വളണ്ടിയര്‍, ജമാഅത്തെ ഇസ്്‌ലാമി അംഗം, സേവന സംഘമായ ഐഡിയല്‍ റിലീഫ് വിംഗിന്റെ വനിതാ വളണ്ടിയര്‍ തുടങ്ങി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തന മേഖലകളിലും പുരുഷന്മാരെ വെല്ലുന്ന പ്രകടനമാണ് ആരിഫ കാഴ്ചവെക്കുന്നത്.
പ്രായം മറന്ന് പൊതുരംഗത്ത് സജീവമാകാന്‍ കൂട്ട് മൂന്നു മക്കളും ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് മനക്കാപറമ്പും നല്‍കുന്ന പിന്തുണയാണെന്ന് ആത്മസായൂജ്യത്തോടെ ആരിഫ തായിക്കാട്ടുകര പറയുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media